Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗബാധിതന്റെ ഉമ്മ, ഭാര്യ, മകൾ, പിന്നെ കൂടെ പോയ ഒരാൾ; ആറു പേരിൽ നാലു പേർ സെക്കന്ററി ബാധിതർ; നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിലാണ്; കാസർകോടിന്റെ നന്മ നിങ്ങളുടെ കൈയിൽ; ആയിരം വട്ടം പറഞ്ഞിട്ടും കേട്ടില്ല; എല്ലാം മതമൗലിക വാദികളും പണ്ഡിതന്മാരും നേതാക്കളും തീരുമാനിക്കട്ടേ എന്ന് അന്ന് ആക്ഷേപം പറഞ്ഞവർ എവിടെ പോയി! കളനാടും മഥൂറും ചൂരിയിലും ഉള്ളവർ സഹകരിക്കണം; കാസർകോടിന്റെ ഭീതി ശരിക്കറിയിച്ച് വൈറൽ വീഡിയോ; മാധ്യമ പ്രവർത്തകന് ശബ്ദം ഉയർത്തേണ്ടി വരുമ്പോൾ

രോഗബാധിതന്റെ ഉമ്മ, ഭാര്യ, മകൾ, പിന്നെ കൂടെ പോയ ഒരാൾ; ആറു പേരിൽ നാലു പേർ സെക്കന്ററി ബാധിതർ; നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിലാണ്; കാസർകോടിന്റെ നന്മ നിങ്ങളുടെ കൈയിൽ; ആയിരം വട്ടം പറഞ്ഞിട്ടും കേട്ടില്ല; എല്ലാം മതമൗലിക വാദികളും പണ്ഡിതന്മാരും നേതാക്കളും തീരുമാനിക്കട്ടേ എന്ന് അന്ന് ആക്ഷേപം പറഞ്ഞവർ എവിടെ പോയി! കളനാടും മഥൂറും ചൂരിയിലും ഉള്ളവർ സഹകരിക്കണം; കാസർകോടിന്റെ ഭീതി ശരിക്കറിയിച്ച് വൈറൽ വീഡിയോ; മാധ്യമ പ്രവർത്തകന് ശബ്ദം ഉയർത്തേണ്ടി വരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: കാസർകോടിലെ ഒരു മാധ്യമ പ്രവർത്തകൻ കണ്ണീരോടെ ഈ പറയുന്ന വാക്കുകൾ കേൾക്കണം. ഇനിയെങ്കിലും അഹംഭാവവും അഹങ്കാരവും മാറ്റി വച്ച് വരുന്ന രണ്ടാഴ്ച സഹകരിക്കണം..-കാസർകോട്ടെ മാധ്യമ പ്രവർത്തകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കോവിഡ് 19ൽ കാസർകോട് അനുഭവിക്കുന്ന പ്രതിസന്ധിയാണ് മാധ്യമ പ്രവർത്തകൻ അക്കമിട്ട് നിരത്തുന്നത്. സ്വയം വരുത്തി വച്ച വിനയായാണ് ഇതിനെ മാധ്യമ പ്രവർത്തകൻ വിലയിരുത്തുന്നത്. പ്രാദേശിക ചാനലിലൂടേയും മറ്റും എത്രപറഞ്ഞിട്ടും അനുസരിക്കാത്തവരാണ് കാസർകോടിനെ പ്രതിസന്ധിയിലാക്കുന്നതെന്ന് കുറ്റപ്പെടുത്തുകായണ് ഈ മാധ്യമ പ്രവർത്തകൻ. വികാരത്തോടെ ശബ്ദമുയർത്തി അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത് കാസർകോടിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനുള്ള സിമ്പിൾ മാർഗ്ഗമാണ്-എല്ലാവരും വീട്ടിൽ ഇരിക്കുക.

വളരെ ഖേദത്തോടെ.. വല്ലാത്ത പ്രയാസം.. ഞാനും എന്റെ ചാനലുമെല്ലാം ആഘോഷം ഒഴിവാക്കാനും കൂട്ടു കൂട്ടരുത്. എന്ന് വാർത്ത നൽകിയതയാണ്. ആരും അനുസരിച്ചില്ല. ആറു പേരിൽ നാലു പേർ സെക്കന്ററി കൊറോണ ബാധിതരാണ്. കളനാട്ടെ രോഗബാധിതന്റെ ഉമ്മ, ഭാര്യ, മകൾ, കൂടെ പോയ ഒരാൾ. പിന്നെ രണ്ടു പേരും. നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിലാണ്. കാസർഗോഡിന്റെ നന്മ നിങ്ങളുടെ കൈയിലാണെന്നും മാധ്യമ പ്രവർത്തകൻ ലൈവിൽ പറയുന്നു. ആരാണ് ഇതിന് ഉത്തരവാദിയെന്ന് ചിന്തിപ്പിക്കുന്ന തരത്തിലാണ് ലൈവ്.

സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് വിദേശത്ത് നിന്ന് എത്തിയവർ പുറത്തിറങ്ങി നടന്നതാണ് കാസർകോട് ജില്ലയിൽ കൂടുതൽ പേരിലേക്ക് രോഗം പടരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജില്ലയിൽ ആറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം നിയമ നടപടികൾ കൈക്കൊള്ളാൻ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കാസർകോട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്. കാസർകോട് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് തന്നെയാണ് ഫേസ്‌ബുക്ക് ലൈവിൽ മാധ്യമ പ്രവർത്തകൻ വിവരിക്കുന്നതും. ഇനി എടുക്കേണ്ട മുൻകരുതലും അദ്ദേഹം വിശദീകരിക്കുന്നു. ബുർഹാൻ തളങ്കരിയാണ് ഈ വീഡിയോയുമായി കാസർകോടിനെ രക്ഷിക്കാൻ എത്തുന്നത്.

ആയിരം വട്ടം പറഞ്ഞു. മതമൗലിക വാദികൾ പറഞ്ഞു നേതാക്കൾ തിരുമാനിക്കട്ടേ എന്നും പണ്ഡിതന്മാർ തീരുമാനിക്കട്ടേ എന്നും. അന്ന് ആക്ഷേപം പറഞ്ഞവർ എവിടെ പോയി. കല്യാണം ഒഴിവാക്കണമെന്ന് ആയിരം വട്ടം പറഞ്ഞതാണ്. കല്യാണ ആഘോഷം ഒഴിവാക്കണമെന്നും പറഞ്ഞു. പള്ളികളിൽ ഒരുമിച്ചുള്ള നമസ്‌കാരം ഒഴിവാക്കണമെന്നും ആയിരവട്ടം പറഞ്ഞു. ആരും കേട്ടില്ല. ഞങ്ങൾക്ക് ഒരുപാട് വിവരങ്ങൾ കിട്ടും. അതൊന്നും നിയമപരമായി പറയാൻ കഴിയില്ല. പലതും മനസ്സിലാക്കുന്നുണ്ട്. എന്നിട്ടും പറഞ്ഞാൽ കേൾക്കുന്നില്ല-ഇതാണ് അദ്ദേഹം പങ്കുവയ്ക്കുന്ന വികാരം,

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങളോട് ആയിരം വട്ടം പറയുകയാണ്. നിങ്ങളുടെ തലച്ചോറ് ഉപയോഗിക്കുക. നിങ്ങൾ വീട്ടിന്റെ അകത്ത് ഇരിക്കുക. നിങ്ങൾ സെക്കന്ററി കോൺടാക്ട് ആണോ നിങ്ങൾ ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ നിങ്ങൾ വീട്ടിൽ ഇരിക്കുക. പല ഉമ്മമാരും കടുപ്പിച്ച് എന്റെ മക്കളുടെ നിക്കാഹ് നടത്തണം എന്ന് പറഞ്ഞു. എന്നിട്ട് ഇപ്പോൾ കാസർഗോഡ് ഏറ്റവും രോഗബാധിതമായ ജില്ലയായി മാറി. പല നിയന്ത്രണങ്ങൾ ഉണ്ട്. കടകൾ രാവിലെ മാത്രം-അദ്ദേഹം പറയുന്നു.

കളനാട് ഏര്യയിൽ, ചൂരി, മഥൂർ എന്നിവടങ്ങളിലും നഗര പരിസരത്തുള്ളവരും നിയന്ത്രണം പാലിക്കുക. നിങ്ങൾ നിയന്ത്രണം പാലിച്ചാൽ കാസർകോട്ടെ ജനത ജീവിച്ച് പോകും. സങ്കടം കൊണ്ടാണ് ശബ്ദം ഉയർത്തി പറയുന്നത്. നിങ്ങൾ ബാർബർഷാപ്പിൽ പോകരുത്.. കല്യാണ വീട്ടിൽ പോകരുത്... ക്ലബ്ബിൽ പോകരുത്.. ദയവായി സഹകരിക്കുക-ഇതാണ് പങ്കുവയ്ക്കുന്ന വികാരം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കണമെന്നും മാധ്യമ പ്രവർത്തകൻ ആവശ്യപ്പെടുന്നു.

അതിനിടെ ംഗളൂരു - കാസർകോട് ദേശീയപാത ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ അടച്ചിടും. കാസർകോട് ഇന്നലെ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണാടക ഇത്തരമൊരു തീരുമാനമെടുത്തത്. കാസർകോട് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ജില്ലയിലെ സർക്കാർ ഓഫീസുകൾ ഒരാഴ്ചയും ആരാധനാലയങ്ങൾ അടക്കമുള്ളവ രണ്ടാഴ്ചയും അടച്ചിടും. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 11 മണി മുതൽ അഞ്ച് വരെ മാത്രമേ തുറക്കാവൂവെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് കാസർകോടേക്കുള്ള ബസ് സർവ്വീസുകളിൽ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് വയസ്സുള്ള കുഞ്ഞും രണ്ട് സ്ത്രീകളും ഉൾപ്പെടെ എട്ട് പേരാണ് ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്തി കേസെടുക്കും.

 

കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർകോട് അതിർത്തിയിൽ പരിശോധന കർശനമാക്കി. കേരള-കർണാടക സംസ്ഥാന അതിർത്തിയായ ജാൽസൂർ, ദക്ഷിണ കന്നഡ-കുടക് ജില്ലകളുടെ അതിർത്തിയായ സംപാജെ എന്നിവിടങ്ങളിലാണ് വാഹന പരിശോധന നടക്കുന്നത്. സുള്ള്യ ആരോഗ്യ വകുപ്പ് അധികൃതരും, മറ്റു സർക്കാർ വകുപ്പുകളുടെ ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് ക്യാംപ് ചെയ്ത് അതിർത്തിയിലൂടെ കടന്നു പോകുന്ന എല്ലാ വാഹനങ്ങളിലെ യാത്രക്കാരെ പരിശോധിക്കുന്നത്. വാഹനത്തിലെ യാത്രക്കാരുടെ യാത്രാ വിവരങ്ങളും, ആരോഗ്യ വിവരങ്ങളും ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തുനിന്നും മറ്റും എത്തിയവർ ഉണ്ടോ, അവർ വൈദ്യ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കുന്നു. കാസർകോട്, കുടക് ജില്ലകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന കർശനമാക്കിയത് എന്ന് സുള്ള്യ താലൂക്ക് ഹെൽത്ത് ഓഫിസർ ഡോ.സുബ്രഹ്മണ്യ പറഞ്ഞു.

യാത്രക്കാർക്ക് കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്ത് രോഗ ബാധ തടയുന്നതിന് ബോധവൽക്കരണ പരിപാടിയും നടത്തുന്നു. പുത്തൂർ അസിസ്റ്റന്റ് കമ്മിഷണർ ഡോ.യതീഷ് ഉള്ളാൾ, സുള്ള്യ തഹസിൽദാർ അനന്ത ശങ്കർ തുടങ്ങിയവർ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. ഇപ്പോൾ സംസ്ഥാനാന്തര പാതയിലും അതിർത്തിയിലും സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതായി അധികൃതർ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP