Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗോവധ സംഘർഷം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമോ? വെടിയേറ്റ് മരിച്ചത് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ; എസ് ഐ സുബോദ് കുമാർ തലയ്ക്ക് വെടിയേറ്റ് മരിച്ചതെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ; 'മതത്തിന്റെ പേരിൽ സമൂഹത്തിൽ സംഘർഷത്തിന് പ്രോത്സാഹനം നൽകാത്ത ഒരു നല്ല പൗരനാകണമെന്നാണ് പിതാവ് എന്നോട് പറഞ്ഞത്; എന്നാൽ ആ മതം തന്നെ എന്റെ പിതാവിനെ കൊന്നു'വെന്ന് സുബോദിന്റെ മകൻ അഭിഷേക്

ഗോവധ സംഘർഷം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമോ? വെടിയേറ്റ് മരിച്ചത് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ; എസ് ഐ സുബോദ് കുമാർ തലയ്ക്ക് വെടിയേറ്റ് മരിച്ചതെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ; 'മതത്തിന്റെ പേരിൽ സമൂഹത്തിൽ സംഘർഷത്തിന് പ്രോത്സാഹനം നൽകാത്ത ഒരു നല്ല പൗരനാകണമെന്നാണ് പിതാവ് എന്നോട് പറഞ്ഞത്; എന്നാൽ ആ മതം തന്നെ എന്റെ പിതാവിനെ കൊന്നു'വെന്ന് സുബോദിന്റെ മകൻ അഭിഷേക്

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: : ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ സുബോധ്കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. സംഘർഷത്തിൽ പ്രതിഷേധക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പൊലീസ് ഇൻസ്‌പെക്ടർ 2015-ലെ അഖ്ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണെന്നതും സംഘർഷം മുൻക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന സാക്ഷിമൊഴികളുമാണ് സംഭവത്തിൽ ദുരൂഹതയേറ്റുന്നത്. മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.പി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാെലയാണ് കലാപകാരികളെ അറസ്റ്റ് ചെയ്തത്.

വർഗീയ സംഘർഷമുണ്ടാകുക എന്ന ലക്ഷ്യത്തിൽ തന്നെ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ബഹുലന്ദഷറിലെ ഗോവധാരോപണവും അക്രമവുമെന്നാണ് പൊലീസിന് ദൃക്സാക്ഷികളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്. അതിനിടെ, സംഘ്പരിവാർ പ്രവർത്തകർ നടത്തിയ കലാപത്തിനിടെ സുബോധ്കുമാർ സിങ് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. സുബോധ്കുമാർ സിങ്ങിനെ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്. പോസ്റ്റ്‌മോർട്ടം പുറത്തു വന്നതോടെ അനിശ്ചിതത്വം അവസാനിച്ചു.

സംഘർഷത്തിൽ കൊല്ലപ്പെട്ട സുഭോദ് കുമാർ സിങ് എന്ന പൊലീസുകാരൻ 2015-ൽ ദാദ്രിയിൽ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ്. ഈ കേസിൽ തെളിവുകൾ ശേഖരിക്കുന്നതിനും മറ്റും പ്രധാന പങ്കുവഹിച്ചയാളാണ് സുഭോദ് കുമാർ. അന്വേഷണത്തിന്റെ പാതിവഴിയിൽ ഇയാളെ വരാണസിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സുഭോദ്കുമാർ തലക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇയാൾ പൊലീസ് വാഹനത്തിൽ വീഴുന്ന മൊബൈൽ ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

'മതത്തിന്റെ പേരിൽ സമൂഹത്തിൽ സംഘർഷത്തിന് പ്രോത്സാഹനം നൽകാത്ത ഒരു നല്ല പൗരനാകണമെന്നാണ് എന്നോട് പിതാവ് ആവശ്യപ്പെട്ടിരുന്നത്. എന്നാലിപ്പോൾ എന്റെ മതത്തിന്റെ പേരിലുള്ള സംഘർഷത്തിൽ തന്നെ എന്റെ പിതാവിനെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും' സുഭോധ കുമാറിന്റെ മകൻ അഭിഷേക് പ്രതികരിച്ചു.

സയ്ന മേഖലയിലുണ്ടായ മഹാ ഗ്രാമത്തിലെ വനപ്രദേശത്ത് 25 ചത്ത പശുക്കളെ കണ്ടതിനെത്തുടർന്നാണ് ഹുലന്ദഷറിൽ അക്രമമാരംഭിച്ചത്. സംഭവമറിഞ്ഞ ഉടനെ സംഘടിച്ച് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നാനൂറോളം പേരാണ് അക്രമത്തിൽ പങ്കെടുത്തത്. ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണ് പശുക്കളെ കൊന്നതെന്നാണ് അക്രമികളുടെ ആരോപണം.

തിങ്കളാഴ്ച രാവിലെയാണ് പശുക്കളെ കണ്ടെത്തിയത്. പശുക്കളെ കൊന്ന ശേഷം ഇറച്ചി പ്രദർശിപ്പിക്കുംവിധം കെട്ടിതൂക്കിയ നിലയിലായിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികൾ അറിയുന്ന ആരും പശുക്കളെ കശാപ്പ് ചെയ്യാൻ സാധ്യതയില്ലെന്നാണ് സംഭവസ്ഥലം സന്ദർശിച്ച തഹസീൽദാർ രാജ്കുമാർ പറഞ്ഞത്.

ബുലന്ദ്ശഹർ ജില്ലയിലെ സയാന മേഖലയിലെ ചിങ്ക്‌രാവതിയിലാണ് തിങ്കളാഴ്ച പകൽ സംഘ്പരിവാർ പ്രവർത്തകർ അഴിഞ്ഞാടിയത്. തെരുവിലിറങ്ങിയ പ്രക്ഷോഭകർ പൊലീസിനുനേരെ കല്ലെറിയുകയും വാഹനങ്ങൾക്ക് വ്യാപകമായി തീവെക്കുകയുമായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സുമിത്(20) ആണ് വെടിയേറ്റ് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ. കല്ലേറിൽ സുബോധ് കുമാറിന് പരിക്കേറ്റിരുന്നു.

2015 സെപ്റ്റംബർ 28 മുതൽ നവംബർ ഒമ്പതുവരെ ദാദ്രി സംഭവം അന്വേഷിച്ച സുബോധ് കുമാർ നിരവധി പ്രതികളെ അറസ്റ്റു ചെയ്തിരുന്നു. ദാദ്രി അന്വേഷണത്തോടെ സംഘ്പരിവാറിന്റെ കണ്ണിലെ കരടായ സുബോധ് കുമാറിനെ കൊലപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്ന് വാർത്ത വന്നതോടെ ഈ നിലക്കുകൂടി അന്വേഷണം നടത്തുന്നുണ്ടെന്ന് ബുലന്ദ്ശഹർ ജില്ല മജിസ്‌ട്രേറ്റ് പറഞ്ഞു. ഇൻസ്‌പെക്ടർ സുബോധ് വർമയെ തനിച്ചാക്കി മറ്റ് പൊലീസുകാർ രക്ഷപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും മീററ്റ് എ.ഡി.ജി.പി. പ്രശാന്ത്കുമാർ പറഞ്ഞു.

മാഹൗ ഗ്രാമത്തിലെ വനത്തിൽ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സംഘ്പരിവാർ പ്രവർത്തകർ പശുവിന്റെ അവശിഷ്ടങ്ങൾ ട്രാക്ടറിൽ കയറ്റി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. ഒരു പ്രത്യേക സമുദായക്കാരാണ് ഇതിനു പിന്നിലെന്നും അവർക്കെതിരെ നടപടി വേണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം.

2015 സെപ്റ്റംബർ 28ന് രാത്രിയാണ് ബീഫിന്റെ പേരിൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ 20ഓളം പേരടങ്ങുന്ന സംഘം മുഹമ്മദ് അഖ്ലാഖിനെ (52) വീട്ടിൽനിന്ന് വലിച്ചിഴച്ച് അടിച്ചുകൊന്നത്. അദ്ദേഹത്തിന്റെ മകൻ ദനീഷിനെയും ആക്രമികൾ തല്ലിച്ചതച്ചിരുന്നു. ബിജെപി നേതാവ് സഞ്ജയ് റാണയുടെ അനുയായികളടക്കം 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP