Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ദിവസം കടകൾ തുറന്നപ്പോൾ ആളുകൾ വളഞ്ഞു; അപ്പോൾ ഫോട്ടോയെടുക്കുന്നത് കണ്ടു; പിന്നീട് അടച്ച കടകൾ മുമ്പിൽ കാത്തിരിപ്പായി; ഒരുഊണെങ്കിലും കിട്ടാൻ ദ്വീപ് മുഴുവൻ അലഞ്ഞു; പണമുണ്ടെങ്കിലും വാങ്ങാൻ ഒരുബിസ്‌കറ്റോ പഴമോ പോലും കിട്ടാനില്ല; നാലുദിവസമായി പൂർണ പട്ടിണിയിൽ; ബിഎസ്എൻഎല്ലിന്റെ ചെന്നൈ-ആൻഡമാൻ ഫൈബർ കേബിൾ സ്വപ്ന പദ്ധതിക്കായി ആൻഡമാനിൽ എത്തിയ മലയാളികൾ അടങ്ങിയ നാലംഗ സംഘം ലോക്ഡൗണിൽ കുടുങ്ങിയത് ഇങ്ങനെ

ഒരു ദിവസം കടകൾ തുറന്നപ്പോൾ ആളുകൾ വളഞ്ഞു; അപ്പോൾ ഫോട്ടോയെടുക്കുന്നത് കണ്ടു; പിന്നീട് അടച്ച കടകൾ മുമ്പിൽ കാത്തിരിപ്പായി; ഒരുഊണെങ്കിലും കിട്ടാൻ ദ്വീപ് മുഴുവൻ അലഞ്ഞു; പണമുണ്ടെങ്കിലും വാങ്ങാൻ ഒരുബിസ്‌കറ്റോ പഴമോ പോലും കിട്ടാനില്ല; നാലുദിവസമായി പൂർണ പട്ടിണിയിൽ; ബിഎസ്എൻഎല്ലിന്റെ ചെന്നൈ-ആൻഡമാൻ ഫൈബർ കേബിൾ സ്വപ്ന പദ്ധതിക്കായി ആൻഡമാനിൽ എത്തിയ മലയാളികൾ അടങ്ങിയ നാലംഗ സംഘം ലോക്ഡൗണിൽ കുടുങ്ങിയത് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: ബിഎസ്എൻഎല്ലിന്റെ ചെന്നൈ-ആൻഡമാൻ ഫൈബർ കേബിൾ പ്രൊജക്റ്റ് എന്ന സ്വപ്ന പദ്ധതിക്കായി ആൻഡമാൻസിൽ എത്തിയ മലയാളികൾ അടങ്ങിയ നാലംഗ സംഘം ഭക്ഷണമില്ലാതെ കുടുങ്ങിക്കിടക്കുന്നു. നാല് ദിവസമായി ഇവർ പട്ടിണിയിലാണ്. രണ്ടു മലയാളികളും രണ്ടു ഉത്തരേന്ത്യക്കാരും അടങ്ങിയ സംഘമാണ് ഭക്ഷണമില്ലാതെ ആൻഡമാനിൽ കഷ്ടതയനുഭവിക്കുന്നത്. ലോക്ക് ഡൗൺ കാരണം കപ്പലും വിമാനങ്ങളും ഇല്ലാതിരിക്കുന്നതും കടകൾ അടഞ്ഞു കിടക്കുന്നതുമാണ് ഇവരെ കുടുക്കിയിരിക്കുന്നത്. സംഘത്തിലെ മലയാളികളായ രാജേഷ് പി.എന്നും ശ്രീജിത്തും ഏറ്റുമാനൂർകാരാണ്. ഒമർകുമാർ ഷാ ബീഹാറുകാരനും ചന്ദ്രശേഖർ യുപി സ്വദേശിയുമാണ്. മറ്റു രണ്ടു പേർ കൂടിയുണ്ടായിരുന്നു. അവർ പക്ഷെ വിമാനത്തിൽ മടങ്ങി. ആ ദിവസങ്ങളിൽ ആഭ്യന്തര വിമാന സർവീസുകൾ റദ്ദ് ചെയ്തിരുന്നില്ല. അതിനാൽ മറ്റു രണ്ടു പേർ വിമാനമാർഗം ആൻഡമാനിൽ നിന്നും മടങ്ങി. പക്ഷെ കപ്പലിനെ ആശ്രയിച്ച് നിന്നതു കാരണം മലയാളികൾ അടങ്ങിയ നാലംഗ സംഘം താമസസ്ഥലത്ത് തന്നെ കുടുങ്ങി. കഴിഞ്ഞ നാല് ദിവസമായി ഇവർ പട്ടിണിയിലാണ്. എല്ലാ കടകളും അടഞ്ഞുകിടക്കുന്നതാണ് ഇവർക്ക് മുന്നിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ബിഎസ്എൻഎൽ പ്രോജക്റ്റ് വർക്കിന്റെ ഭാഗമായാണ് ഇവർ എത്തിയതെങ്കിലും ഇവരെ സഹായിക്കുന്ന നടപടികൾ ആൻഡമാൻസ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വന്നിട്ടില്ല.

ഇപ്പോൾ സമ്പൂർണ്ണ ലോക്ക് ഡൗൺ ആണ് ആൻഡമാൻസിൽ നിലനിൽക്കുന്നത്. പേരിനു പോലും ഒരു കടയും തുറക്കുന്നില്ല. ഇവർ കപ്പലിൽ നിന്നും ഇറങ്ങുമ്പോൾ കരുതിയ വളരെ കുറച്ച് ഭക്ഷണ സാധനങ്ങൾ മാത്രമാണ് കയ്യിലുള്ളത്. അതുകൊണ്ടാണ് ഇതുവരെ പൂർണ പട്ടിണിയില്ലാതെ കഴിഞ്ഞു പോയത്. ഈ ഭക്ഷണ സാധനവും നിലവിൽ അവസാനിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇനി എന്ത് ചെയ്യും എന്ന ചോദ്യമാണ് ഇവരുടെ മുന്നിലുള്ളത്. മുനിസിപ്പൽ കോർപറേഷന് കീഴിലുള്ള ഓരോ കടകൾ തുറക്കും എന്നാണ് ആൻഡമാൻ ഭരണകൂടം പൊതുവിൽ അറിയിച്ചത്. ഈ കടകൾ തുറക്കാനുള്ള ഉത്തരവാദിത്തം അവർ അതാത് മുനിസിപ്പൽ കൗൺസിലർമാർക്കാണ് ഏൽപ്പിച്ചത്. പക്ഷെ കടകൾ തുറന്നിട്ടില്ല. അത് തുറക്കാൻ കൗൺസിലർമാരും വരുന്നില്ല.

ഒരു ദിവസം ഇങ്ങനെ കടകൾ തുറന്നപ്പോൾ ആളുകൾ വളഞ്ഞു. അപ്പോൾ ഫോട്ടോയെടുക്കുന്നത് കണ്ടു. പിന്നീട് കട അടയ്ക്കുന്നതും കണ്ടു. പലർക്കും സാധനങ്ങൾ ലഭിച്ചില്ല. ഒരു ഊണ് എങ്കിലും ലഭിക്കുമോ എന്നറിയാൻ ദ്വീപ് മുഴുവൻ ഇവർ ചുറ്റി നടന്നു. തുറന്ന ഒരു കട പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഭക്ഷണത്തിനുള്ള ഒരു സംവിധാനവും നിലവിലില്ല. പിന്നെ എന്ത് ചെയ്യും എന്ന ചോദ്യമാണ് ഇവർക്ക് മുന്നിൽ ഉയരുന്നത്. കഴിഞ്ഞ നാല് ദിവസമായി പട്ടിണിയിലാണ്-സംഘത്തിലെ മലയാളിയായ ഏറ്റുമാനൂർക്കാരൻ രാജേഷ് മറുനാടനോട് പറഞ്ഞു. കപ്പലിൽ വന്നിറങ്ങുമ്പോൾ ഒരു കരുതൽ എന്ന നിലയിൽ കപ്പലിൽ നിന്നും എടുത്ത ഭക്ഷണമാണ് ജീവൻ നിലനിർത്തുന്നത്. ഇനി മുന്നോട്ടുള്ള പോക്ക് പ്രയാസമാണ്. ഊണ് കഴിക്കാനുള്ള പണം പോക്കറ്റിൽ കിടപ്പുണ്ട്. പക്ഷെ ഊണിനു ഒരു കടയും തുറന്നിട്ടില്ല. പഴങ്ങൾ കഴിക്കാം എന്ന് കരുതിയാലും ഒരു കടയുമില്ല. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്-രാജേഷ് പറയുന്നു.

കഴിഞ്ഞ ഒക്ടോബർ മുതൽ രാജ്യത്തിന് അഭിമാനമായി മാറുന്ന പ്രോജക്റ്റുമായി ബന്ധപ്പെട്ട ജോലികൾക്കായി ഇവർ ആൻഡമാൻസ് ദ്വീപ് സമൂഹത്തിലുണ്ട്. കഴിഞ്ഞ ചൊവാഴ്ചയാണ് കാനി പ്രോജക്റ്റ് എന്ന് പറയുന്ന ചെന്നൈ-ആൻഡമാൻ കേബിൾ പ്രോജ്കറ്റ് ജോലികൾക്കായി ആൻഡമാൻസിൽ എത്തുന്നത്. ചെന്നൈയിൽ നിന്നും കടല്ലിന്നനടിയിലൂടെ ആൻഡമാൻസിൽ ഫൈബർ ഓപ്റ്റിക്കൽ കേബിൾ എത്തിച്ച് ആൻഡമാൻസ് അടക്കമുള്ള ഏഴു ദ്വീപുകളിൽ അനായാസം ഇന്റർനെറ്റ് എത്തിക്കുന്ന സ്വപ്ന പദ്ധതിയാണിത്. 1400 കോടി രൂപയുടെ പ്രോജക്റ്റ് ആണിത്. ആൻഡമാൻ ദ്വീപ് നിവാസികൾക്ക് ഇന്റർനെറ്റ് സൗകര്യങ്ങൾ തുലോം കുറവാണ്. ഈ പ്രശ്‌നം പരിഹരിക്കാനാണ് പുതിയ പ്രോജക്റ്റ് നടപ്പിലാകുന്നത്.

ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാ പോയിന്റ് മുതൽ വടക്കേ അറ്റമായ രംഗത്ത് ദ്വീപിനെയും ബന്ധിപ്പിക്കുന്ന വൻ പ്രോജ്കറ്റ് ആണിത്. ഇതിന്നപ്പുറത്തേക്ക് ഇന്ത്യാ മഹാരാജ്യമില്ല. തെക്ക് മുതൽ വടക്ക് വരെ ഫൈബർ ഒപ്റ്റിക്കൽ കേബിളുകൾ എത്തിച്ചിട്ടുണ്ട്. എൻഇസി ടെക്‌നോളജിസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ആണ് ബിഎസ്എല്ലിനായി ഈ ജോലി ഏറ്റെടുത്തിരിക്കുന്നത്. ഈ കമ്പനിയുടെ ജീവനക്കാരാണ് മലയാളികൾ അടങ്ങുന്ന ഈ സംഘം. ജോലിയുടെ തൊണ്ണൂറു ശതമാനവും പൂർത്തിയാവുകയും രാഷ്ട്രപതി ഉദ്ഘാടനത്തിനു ഈ മാസം തന്നെ എത്താനുള്ള വഴി തെളിയുകയും ചെയ്ത സമയത്താണ് എല്ലാം മുടക്കി കൊറോണ പടരുന്നത്. കൊറോണ എത്തിയ കാര്യം ഇവർ അറിഞ്ഞിരുന്നില്ല. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളും അറിഞ്ഞിരുന്നില്ല.

ഇന്റർനെറ്റും പത്രങ്ങളും ഇല്ലാതിരുന്നത് കാരണമാണ് കാര്യങ്ങൾ അറിയാതിരുന്നത്. ദ്വീപിൽ കട തുറക്കാത്തത് എന്താണ് എന്ന് തിരക്കിയപ്പോഴാണ് ജനതാ കർഫ്യൂ പ്രഖ്യാപിച്ചതും രാജ്യം കൊറോണയ്ക്ക് എതിരെ പടപൊരുതാൻ തുടങ്ങുകയാണ് എന്നും ഇവർ അറിഞ്ഞത്. വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോൾ നാട്ടിലെ കടകൾ രാവിലെ ഏഴു മുതൽ അഞ്ചു വരെ തുറന്നിരിക്കുന്ന കാര്യങ്ങൾ പറഞ്ഞു. അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിട്ടിട്ടില്ല എന്നും ഏറ്റുമാനൂരിലെ വീട്ടിൽ നിന്നും പറഞ്ഞു, ഇതോടെ ആൻഡമാനിലും സമാന അവസ്ഥയാകും എന്ന് ഇവർ കരുതി. കഴിഞ്ഞ ഇരുപത്തിനാലിന് മറ്റൊരു ദ്വീപിൽ നിന്നും ഇവർ ആൻഡമാനിലേക്ക് വന്നിറങ്ങുമ്പോൾ ഏതാനും കടകൾ തുറന്നിരുന്നു. പക്ഷെ പിറ്റേന്ന് കടകൾ പകുതിയായി കുറഞ്ഞു. പിന്നീട് എല്ലാ കടയും അടഞ്ഞു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ജീവനക്കാരുടെ കഷ്ടത മനസിലാക്കി ഇവരുടെ കാര്യത്തിൽ എന്ത് ചെയ്യാനും ഇവർ ജോലി ചെയ്യുന്ന എൻഇസി ടെക്‌നോളജിസും ബിഎസ്എൻഎല്ലും തയ്യാറാണ്. പക്ഷെ കപ്പലുമില്ല, ഫ്‌ളൈറ്റുമില്ല. എല്ലാം റദ്ദ് ചെയ്തിരിക്കുകയാണ്. ഇനി സമ്പൂർണ്ണ ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 നു മുൻപ് ഇവിടുന്ന് മടങ്ങാൻ കഴിയുമോ എന്ന് ഇവർക്ക് തീർച്ചയില്ല. പക്ഷെ പട്ടിണി കിടക്കാതെ എന്തെങ്കിലും ഭക്ഷണം ലഭിക്കുമോ എന്നാണ് ഇവർ ആരായുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP