Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിലയൻസ് ജിയോയുടെ വരവോടെ സ്വന്തം ജീവനക്കാരെ കരാർ തൊഴിലാളികളാക്കി മാറ്റി; കരാർ കമ്പനികളോട് ശമ്പളം ചോദിച്ചാൽ ബിഎസ്എൻഎല്ലിൽ ചോദിക്കാൻ പറയും; ബിഎസ്എൻഎല്ലിൽ അന്വേഷിച്ചാൽ കരാർ കമ്പനികളോട് വാങ്ങാനും; ഫണ്ട് നൽകേണ്ടത് ബിഎസ്എൻഎല്ലെന്ന് കരാർ കമ്പനികൾ പറയുമ്പോൾ എവിടുന്നെടുത്ത് തരാനെന്ന് ഉദ്യോഗസ്ഥർ; കേന്ദ്രസർക്കാർ ചിറ്റമമനയം തുടരുമ്പോൾ ശമ്പളമില്ലാതായിട്ട് അഞ്ചുമാസം; നിവൃത്തിയില്ലാതെ സിജിഎം ഓഫീസിനു മുന്നിൽ കൊടിപിടിച്ച് ജീവനക്കാർ

റിലയൻസ് ജിയോയുടെ വരവോടെ സ്വന്തം ജീവനക്കാരെ കരാർ തൊഴിലാളികളാക്കി മാറ്റി; കരാർ കമ്പനികളോട് ശമ്പളം ചോദിച്ചാൽ ബിഎസ്എൻഎല്ലിൽ ചോദിക്കാൻ പറയും; ബിഎസ്എൻഎല്ലിൽ അന്വേഷിച്ചാൽ കരാർ കമ്പനികളോട് വാങ്ങാനും; ഫണ്ട് നൽകേണ്ടത് ബിഎസ്എൻഎല്ലെന്ന് കരാർ കമ്പനികൾ പറയുമ്പോൾ എവിടുന്നെടുത്ത് തരാനെന്ന് ഉദ്യോഗസ്ഥർ; കേന്ദ്രസർക്കാർ ചിറ്റമമനയം തുടരുമ്പോൾ ശമ്പളമില്ലാതായിട്ട് അഞ്ചുമാസം; നിവൃത്തിയില്ലാതെ സിജിഎം ഓഫീസിനു മുന്നിൽ കൊടിപിടിച്ച് ജീവനക്കാർ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് ശമ്പളമില്ലാതായിട്ട് അഞ്ചു മാസം. സ്വന്തം ജീവനക്കാർ ആയിരുന്നവരെ കരാർ തൊഴിലാളികൾ എന്ന ബാനറിലേക്ക് വർഷങ്ങൾക്ക് മുൻപ് മാറ്റിയശേഷം ഇപ്പോൾ ഈ കരാർ തൊഴിലാളികളെ മുഴുവൻ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ. കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് 54,000ത്തിനടുത്ത് ജീവനക്കാരെ ബിഎസ്എൻഎൽ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. റിലയൻസ് ജിയോയുടെ വരവിന് ശേഷം ബിഎസ്എൻഎല്ലിന്റെ തകർച്ച പഠിച്ച മൂന്നംഗ സമിതിയുടെ ഉപദേശ പ്രകാരമായിരുന്നു ഈ തീരുമാനം. ഈ തീരുമാനം നിലനിൽക്കെയാണ് കേരളത്തിലെ കരാർ ജീവനക്കാരെ പിരിച്ചുവിടാൻ കേരളാ സർക്കിളും ഒരുങ്ങുന്നത്. ഫെബ്രുവരിമുതൽ ശമ്പളത്തിനായി ആവശ്യപ്പെടുന്ന കേരളാ സർക്കിളിലെ 6778 തൊഴിലാളികൾ ചീഫ് ജനറൽ മാനേജർക്ക് കത്ത് നൽകിയപ്പോൾ പിരിച്ചുവിടൽ നോട്ടീസ് നൽകിയാണ് പ്രതികരണം വന്നത്. ഇതോടെ ഇന്നലെ മുതൽ തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജർ ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരിക്കുകയാണ് തൊഴിലാളികൾ. ശമ്പളം നൽകാൻ ഫണ്ടില്ലെന്ന പതിവ് പല്ലവി പാടുന്ന ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകാനുള്ള ഒരു നീക്കത്തിനും ഇതേവരെ തയ്യാറായിട്ടില്ല.

കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകേണ്ടത് ബിഎസ്എൻഎല്ലിൽ നിന്നും കരാർ എടുത്ത കമ്പനികൾ ആണെങ്കിലും ഫണ്ട് നൽകേണ്ടത് ബിഎസ്എൻഎൽ ആണ്. ബിഎസ്എൻഎൽ ഫണ്ട് നൽകുന്നില്ല. അതിനാൽ കമ്പനികൾ ശമ്പളവും നൽകുന്നില്ല. കരാർ കമ്പനികളോട് ശമ്പള കാര്യം പറഞ്ഞാൽ ബിഎസ്എൻഎല്ലിൽ ചോദിക്കാൻ പറയും. ബിഎസ്എൻഎല്ലിൽ അന്വേഷിച്ചാൽ കരാർ കമ്പനികളോട് തന്നെ അന്വേഷിക്കാൻ പറയും. അഞ്ചു മാസമായി തൊഴിലാളികൾ ശമ്പളത്തിന്റെ പേരിൽ തട്ടിക്കളിക്കപ്പെടുകയാണ്. കുറ്റം ബിഎസ്എൽഎല്ലിന്റെ കയ്യിലാണ് എന്ന് അറിയാമായിരുന്നതിനാൽ കുറ്റം ജീവനക്കാർ ബിഎസ്എൻഎല്ലിന് മേലെ തന്നെയാണ് ചുമത്തുന്നത്.

കരാർ കമ്പനികൾ ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ അത് നൽകാനുള്ള ഉത്തരവാദിത്തം ബിഎസ്എൻഎല്ലിനാണ്. ബിഎസ്എൻഎൻ വിളിച്ചെടുത്ത ജീവനക്കാരെയാണ് 2014-ൽ കരാർ കമ്പനികൾക്ക് കൈമാറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കരാർ കമ്പനികൾ ശമ്പളം നൽകിയില്ലെങ്കിൽ നൽകേണ്ട ബാധ്യത ബിഎസ്എൻഎല്ലിനാണ്. ഇത് അറിയാമായിരുന്നിട്ടു തന്നെയാണ് ശമ്പളക്കാര്യത്തിലുള്ള ഈ ബിഎസ്എൻഎല്ലിന്റെ കണ്ണടയ്ക്കൽ. അതുകൊണ്ട് തന്നെയാണ് ശമ്പള പ്രശ്‌നത്തിന്റെ പേരിൽ ജീവനക്കാർ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സമരവുമായി ഇരിക്കുന്നത്. കരാർ തൊഴിലാളികൾ രേഖകൾ പ്രകാരം കരാർ കമ്പനിയുടെ സ്റ്റാഫ് ആണെങ്കിലും യഥാർത്ഥത്തിൽ ബിഎസ്എൻഎൽ ജീവനക്കാരാണ്. കരാർ കമ്പനികൾ മാറിയാലും ജീവനക്കാർ മാറാത്തത് ഇതിനുള്ള ഒന്നാംതരം ഉദാഹരണമാണ്. 2000 മുതൽ പുതിയ നിയമനങ്ങളോ തസ്തികകളോ സൃഷ്ടിക്കാത്ത ബിഎസ്എൻഎല്ലിൽ കരാർ തൊഴിലാളികളാണ് കൂടുതലും സേവനമനുഷ്ഠിക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് ബിഎസ്എൻഎല്ലിന്റെ തൊഴിലാളിദ്രോഹ സമീപനങ്ങൾക്കെതിരെ ജീവനക്കാരുടെ രോഷം ഇരമ്പുന്നത്.

ജീവിതം മുഴുവൻ ബിഎസ്എൻഎല്ലിന് വേണ്ടി ജോലി ചെയ്ത ബിഎസ്എൻഎൽ കരാർ തൊഴിലാളികളുടെ ജീവിതം ഇപ്പോൾ നരകതുല്യമാക്കി മാറിയിരിക്കുകയാണ്. 2014 വരെ കരാർ തൊഴിലാളികൾ നേരിട്ട് ബിഎസ്എല്ലിന്റെ കീഴിലായിരുന്നു. ഒരു ആനുകൂല്യവും ഇവർക്ക് ആ ഘട്ടത്തിൽ ലഭിച്ചില്ലെങ്കിലും ശമ്പളം കൃത്യമായി ലഭിച്ചിരുന്നു. 2014 മുതൽ ടെൻഡർ വ്യവസ്ഥ നടപ്പിലായി. ഇതോടെ കരാർ ജീവനക്കാർ വിവിധ സോണുകളിലേക്ക് മാറി. ഇൻഫ്രാ സ്ട്രക്ച്ചർ, ഹൗസ് കീപ്പിങ്, എക്‌സ്റ്റേണൽ പ്ലാന്റ് എന്നിങ്ങനെ തൊഴിലാളികൾ വിഭജിക്കപ്പെട്ടു. ഇവരുടെ മേൽനോട്ടം വിവിധ കരാർ കമ്പനികൾക്ക് നൽകി. എങ്ങിനെയെങ്കിലും ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു ടെൻഡർ വ്യവസ്ഥ. ടെക്‌നിക്കൽ ജീവനക്കാർ വരെ ഹൗസ് കീപ്പിംഗിൽ വന്നത് ഉദാഹരണം.

ജീവനക്കാരെ ഘട്ടം ഘട്ടമായി ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് ബിഎസ്എൻഎൽ. അതിനു ബിഎസ്എൻഎൽ നടപടിക്രമങ്ങൾ തന്നെ ഉദാഹരണമാണ്. ടെൻഡർ സിസ്റ്റം വന്നു ബിഎസ്എൻഎൻ തൊഴിലാളികൾ കരാർ കമ്പനിക്ക് കീഴിൽ വന്നപ്പോൾ മുതൽ ബിഎസ്എൻഎല്ലും കരാർ കമ്പനികളും യോജിച്ച് പണി തുടങ്ങി. ആദ്യം 60 വയസുള്ളവരെ ഒഴിവാക്കി. പ്രായപരിധി പ്രശ്‌നം എന്ന പേരിലാണ് ഈ തീരുമാനം വന്നത്. പിന്നെ 58 കഴിഞ്ഞവരെ ഒഴിവാക്കി. ഈ ഏപ്രിൽ മാസം മുതൽ 56 വയസ് കഴിഞ്ഞവരെ ഒഴിവാക്കിയിട്ടുണ്ട്. 56 വയസ്സ് തികഞ്ഞവരെല്ലാം പണി മതിയാക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ പെൻഷൻ പ്രായം 60 ആയിരിക്കെയാണ് ബിഎസ്എല്ലിന്റെ ഈ തലതിരിഞ്ഞ തീരുമാനം വരുന്നത്. ഇപ്പോൾ തുടരുന്ന ജീവനക്കാർക്ക് അഞ്ച് മാസവുമായി ശമ്പളവുമില്ല. ഇപ്പോൾ കസ്റ്റമർ സർവീസിൽ ജോലി തുടരുന്ന കരാർ ജീവനക്കാരോട് ഈ മാസം 30 വരെ നിന്നാൽ മതിയെന്ന് ബി എസ്എൻഎൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജീവിതം മുഴുവൻ ബിഎസ്എല്ലിന് വേണ്ടി ജോലി ചെയ്ത തൊഴിലാളികൾ ആണിവർ. ജീവിതത്തിന്റെ ഒരു വസന്തകാലം മുഴുവൻ ജോലി ചെയ്യുമ്പോഴും എപ്പോഴെങ്കിലും സർവീസിൽ സ്ഥിരപ്പെടും എന്ന സ്വപ്നവും പേറി ബിഎസ്എൻഎല്ലിൽ തുടരുന്നവർ ആണ് ഇപ്പോൾ ഒഴിവാക്കപ്പെടുന്നത്. രാജ്യത്ത് ആകെയുള്ള ഒരുലക്ഷം തൊഴിലാളികളിൽ 30 ശതമാനം കരാർ തൊഴിലാളികളെ ഒഴിവാക്കാനാണ് മാനേജ്‌മെന്റ് തലത്തിൽ ബിഎസ്എൻഎല്ലിൽ വന്ന നിർദ്ദേശം. ഇങ്ങിനെ വരുമ്പോൾ തന്നെ കേരളത്തിൽ ആയിരത്തോളംപേർ പിരിച്ചുവിടപ്പെടും. നിയമപ്രകാരമുള്ള ആനുകൂല്യമൊന്നും ലഭിക്കില്ല എന്ന് വരുമ്പോൾ ഒപ്പം ശമ്പള കുടിശ്ശികയോ പെൻഷൻ ആനുകൂല്യങ്ങളോ നൽകാതിരിക്കാനാണ് നീക്കം.

കേരളത്തിൽ മാത്രമല്ല ഉത്തർപ്രദേശിൽ പത്തുമാസവും കർണാടകത്തിൽ എട്ടുമാസവും തമിഴ്‌നാട്ടിൽ അഞ്ചുമാസവും ശമ്പളം കുടിശ്ശിക നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ നിഴലിലാണ് ബിഎസ്എൻഎൽ. നഷ്ടം നികത്താനെന്ന പേരിൽ സംസ്ഥാന വ്യാപകമായി രണ്ട് ലക്ഷത്തിന് താഴെ മാസ വരുമാനമുള്ള കസ്റ്റമർ കെയർ സർവ്വീസ് സെന്ററുകൾ ഈയിടെ ബിഎസ്എൻഎൽ അടച്ചുപൂട്ടിയിരുന്നു. ഇക്കൂട്ടത്തിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സെന്ററുകളും ഉൾപ്പെടുന്നു. കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിട്ടാൽ മൊബൈൽ, ബ്രോഡ്ബാൻഡ് സർവ്വീസുകളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നേരത്തെ 15 ദിവസത്തോളം ജീവനക്കാർ സമരം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP