Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവോണത്തിന് ബിവറേജസ് പൂട്ടി ബാറുടമകൾക്ക് ഓണസമ്മാനമായി കോടികൾ നൽകി; തൊഴിലില്ലായ്മ പരിഹരിക്കാനെന്ന പേരിൽ ബ്രൂവറി തുടങ്ങാൻ കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ അനുവദിച്ച് പുതിയ മാതൃകയും സൃഷ്ടിച്ചു; അലക്‌സ് മാളിയേക്കലിന് ഭൂമി ദാനം ചെയ്യുന്നത് പുറത്തറിയാതിരിക്കാൻ ഉത്തരവ് വെബ്‌സൈറ്റിൽ പോലും ഇട്ടില്ല; കാശ് വാങ്ങി പോക്കറ്റിലിടുന്ന ശീലം ഞങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും സംശയങ്ങൾ തീരുന്നില്ല; ബ്രൂവറി ചലഞ്ചിൽ ഉത്തരം നൽകാനില്ലാതെ പിണറായി സർക്കാർ

തിരുവോണത്തിന് ബിവറേജസ് പൂട്ടി ബാറുടമകൾക്ക് ഓണസമ്മാനമായി കോടികൾ നൽകി; തൊഴിലില്ലായ്മ പരിഹരിക്കാനെന്ന പേരിൽ ബ്രൂവറി തുടങ്ങാൻ കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ അനുവദിച്ച് പുതിയ മാതൃകയും സൃഷ്ടിച്ചു; അലക്‌സ് മാളിയേക്കലിന് ഭൂമി ദാനം ചെയ്യുന്നത് പുറത്തറിയാതിരിക്കാൻ ഉത്തരവ് വെബ്‌സൈറ്റിൽ പോലും ഇട്ടില്ല; കാശ് വാങ്ങി പോക്കറ്റിലിടുന്ന ശീലം ഞങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും സംശയങ്ങൾ തീരുന്നില്ല; ബ്രൂവറി ചലഞ്ചിൽ ഉത്തരം നൽകാനില്ലാതെ പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാർ മദ്യ ലോബിയെ കൈയയച്ചു സഹായിക്കുന്നതിന് മറ്റൊരു തെളിവ് കൂടി. തിരുവോണത്തിനു സർക്കാരിന്റെ ചില്ലറ മദ്യവിൽപനശാലകൾ അടച്ചിട്ടതുവഴി ബാർ ഉടമകൾക്കു ലഭിച്ചത് 60 കോടിയിലേറെ രൂപയാണ്. സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചത് അതീവ രഹസ്യമായാണെന്ന ആരോപണങ്ങൾക്ക് ബലംപകർന്ന് പുതിയ തെളിവുകൾ പുറത്തു വന്നിരുന്നു. ബ്രൂവറിക്ക് വേണ്ടി ഇറക്കിയ ഒരു ഉത്തരവ് വെബ്‌സൈറ്റിൽ ഇല്ല. പവർ ഇൻഫ്രാടെക് കമ്പനിക്ക് ബ്രൂവറി അനുവദിച്ച ഉത്തരവാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത്. ഇതിനൊപ്പമാണ് മദ്യ ലോബിയെ സഹായിക്കുന്ന തിരുവോണ ദിനത്തിലെ കണക്കും പുറത്ത് വരുന്നത്.

കേരളത്തിൽ ആദ്യമായാണ് മദ്യ നിർമ്മാണശാല തുടങ്ങാൻ സ്ഥലവും സൗകര്യവും സർക്കാർ നൽകുന്നത്. അലക്‌സ് മാളിയേക്കലിന് ബ്രൂവറി തുടങ്ങാൻ കൊച്ചി കിൻഫ്രാ പാർക്കിൽ പത്ത് ഏക്കറാണ് നൽകിയത്. കിൻഫ്രാപാർക്കിന്റെ ഉദ്ദേശം പോലും തകർക്കുന്നതാണ് ഇത്. തൊഴിലവസരങ്ങൾ ഉണ്ടാക്കാനാണ് ബ്രൂവറി അനുവദിച്ചതെന്നാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ അവകാശ വാദം. ഇതിന് വേണ്ടിയാണ് കിൻഫ്രയിലെ സ്ഥലം കൊടുത്തതെന്നാണ് ഭരണപക്ഷം ഉയർത്തുന്ന വാദം. എന്നാൽ തൊഴിലവസം ഉണ്ടാക്കാൻ സാമൂഹിക തിന്മയെ പുണരേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഇപ്പോൾ സർക്കാർ അനുവദിച്ച ബ്രൂവറികളിലും ഡിസ്റ്റലറിളിലുമായി 1000 തൊഴിലവസരങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. കിൻഫ്രയിലെ സ്ഥലം വല്ല ഐടി കമ്പനികൾക്കും കൊടുത്തിരുന്നെങ്കിൽ ആയിരക്കണക്കിന് യുവാക്കൾക്ക് അത് പുതിയ അവസരമൊരുക്കുമായിരുന്നു. ഇതോടെ മദ്യലോബിയ്‌ക്കൊപ്പമാണ് സർക്കാരെന്ന വാദം സജീവമാക്കുകയാണ് പ്രതിപക്ഷം.

ബവ്‌റിജസ് കോർപറേഷനിലെ തൊഴിലാളികൾ തിരുവോണത്തിന് അവധി ആവശ്യപ്പെടാറുണ്ട്. വർഷങ്ങളായുള്ള ആവശ്യമെന്ന നിലയിൽ അതു ഇത്തവണ നടപ്പാക്കി. പ്രളയം കാരണം കേരളം തകർന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ ബാറുകളോട് പൂട്ടാൻ നിർദ്ദേശിച്ചതുമില്ല. കഴിഞ്ഞ തിരുവോണത്തിനു ബവ്‌റിജസ് കോർപറേഷൻ മാത്രം 49 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. കൺസ്യൂമർഫെഡിന്റെ വിൽപന 12 കോടി രൂപ. ബവ്‌റിജസ് കോർപറേഷൻ ഇത്തവണ ഉത്രാടത്തിനു 45.78 കോടി രൂപയുടെ മദ്യമാണു വിറ്റത്. കഴിഞ്ഞ ഉത്രാടദിനത്തിലെ വിൽപന 44 കോടിയും. ഈ വർഷം തിരുവോണത്തിന് അവധിയായിരുന്നതിനാൽ ഉത്രാടത്തിനു വലിയ വിൽപന കണക്കു കൂട്ടിയിരുന്നു.

തിരുവോണത്തിനു ബാറുകൾ തുറക്കുന്നതിനാൽ ഉപയോക്താക്കൾ തലേന്നു ചില്ലറ വിൽപനശാലകളിൽ തിരക്കു കൂട്ടിയില്ല. തിരുവോണ ദിവസം ബാറുകളിൽ നല്ല തിരക്കായിരുന്നു. ബവ്‌റിജസ് കോർപറേഷനെക്കാൾ മൂന്നിരട്ടി വിലയ്ക്കാണു ബാറുകളിൽ മദ്യം വിൽക്കുന്നത്. ഇതോടെ ബാറുടമകൾക്ക് കോളടിച്ചു. ബാറുകളും പൂട്ടിച്ചിരുന്നുവെങ്കിൽ ഉത്രാട ദിനത്തിൽ ബെവ്‌കോ ഔട്ട് ലെറ്റുകളിൽ കച്ചവടം പൊടി പൊടിക്കുമായിരുന്നു. സാധാരണ സർക്കാർ മദ്യവിൽപനയ്ക്ക് അവധി പ്രഖ്യാപിച്ചാൽ എല്ലാ സ്ഥാപനങ്ങൾക്കും അതു ബാധകമായിരിക്കും. ഇത്തവണ മാത്രമാണു ബാറുകൾക്കു മാത്രം പ്രവർത്തനാനുമതി നൽകിയത്. സംസ്ഥാനത്തു നിലവിൽ 429 ബാറുകളുണ്ട്. ഇവർക്കെല്ലാം നേട്ടമിരട്ടിച്ചു. ഇത്തരം കള്ളക്കളികൾക്കിടെയാണ് ബ്രൂവറി ചലഞ്ചുമായി പ്രതിപക്ഷ നേതാവ് എത്തിയത്.

അതിനിടെ സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചത് അതീവ രഹസ്യമായാണെന്ന ആരോപണങ്ങൾക്ക് ബലംപകർന്ന് പുതിയ തെളിവുകൾ പുറത്തുവന്നു. ബ്രൂവറിക്ക് വേണ്ടി ഇറക്കിയ ഒരു ഉത്തരവ് വെബ്‌സൈറ്റിൽ ഇല്ല. പവർ ഇൻഫ്രാടെക് കമ്പനിക്ക് ബ്രൂവറി അനുവദിച്ച ഉത്തരവാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത്. ആരോപണങ്ങളിൽ ഏറ്റവും വിവാദമായ ഉത്തരവാണിത്. കൊച്ചി കിൻഫ്രയിലെ സ്ഥലം അനുവദിച്ച ബ്രൂവറിയുടെ ഉത്തരവാണ് രഹസ്യമാക്കി വച്ചത്. സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചതിൽ വൻ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപച്ചിരുന്നു. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി അതീവ രഹസ്യമായാണ് ഉത്തരവിറക്കിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സിപിഐയും പാർട്ടിമന്ത്രിമാരും അറിഞ്ഞില്ലെന്ന് കാനം രാജേന്ദ്രൻ പ്രതികരിക്കുകയും ചെയ്തു.

പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിൻഫ്ര പാർക്കിൽ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിൽ ശ്രീധരൻ ബ്രൂവറീസ് എന്നിവയ്ക്കാണ് ബിയർ നിർമ്മാണത്തിന് അനുമതി നൽകിയത്. തൃശൂരിൽ ശ്രീചക്രാ ഡിസ്റ്റിലറിക്ക് വിദേശമദ്യ നിർമ്മാണത്തിനും സർക്കാർ അനുമതി നൽകിയിരുന്നു. കൂടാതെ കണ്ണൂരിലെ കെഎസ് ഡിസ്റ്റിലറിയുടേയും തൃശൂരിലെ എലൈറ്റ് ഡിസ്റ്റിലറിയുടെയും ശേഷി കൂട്ടാനും അനുവാദം നൽകിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതിൽ കിൻഫ്രയിൽ സ്ഥലം അനുവദിച്ച് ബ്രൂവറി തുടങ്ങാൻ കരുക്കൾ നീക്കയത് വ്യവസായ വകുപ്പാണെന്ന ആരോപണം ശക്തമാണം. 1999ൽ നികുതി സെക്രട്ടറിയായിരുന്ന വിനോദ് റായ് പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കരുതെന്ന് കാണിച്ച് ഇറക്കിയ ഉത്തരവ് മറികടന്നായിരുന്നു നടപടി. മദ്യനയത്തിൽ സൂചിപ്പിക്കാതെ അപേക്ഷ ക്ഷണിക്കാതെ ഇഷ്ടക്കാരിൽ നിന്ന് മാത്രം അപേക്ഷ വാങ്ങി അനുമതി നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

നേരത്തെ തന്നെ അപേക്ഷകളിലാണ് തീരുമാനമെടുത്തതെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം. അപേക്ഷ പരിശോധന എക്‌സൈസ് കമ്മീഷണറുടെ ശുപാർശ പ്രകാരം തത്വത്തിൽ അംഗീകരമാണ് ഇപ്പോൾ നൽകിയത്. ലൈസൻസ് അനുവദിച്ചിട്ടില്ല. മന്ത്രിസഭ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും വകുപ്പ് അധികൃതർ വിശദീകരിച്ചു. അതേസമയം കാശ് വാങ്ങി പോക്കറ്റിലിടുന്ന ശീലം ഞങ്ങൾക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്തുകൊണ്ട് ബ്രൂവറി അനുവദിക്കൽ രഹസ്യമാക്കിയെന്ന ചോദ്യത്തിന് പിണറായിക്കും ഉത്തരമില്ല. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. വിഷയം സജീവമായി നിലനിർത്താനാണ് യുഡിഎഫിന്റേയും തീരുമാനം. ബാർ കോഴയിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയ തന്ത്രത്തിന് തിരിച്ചടി കൊടുക്കാനാണ് ഇതിലൂടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP