Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാന്ദ്ര ദൗത്യത്തിൽ ലോകം മുഴുവൻ ഇന്ത്യയെ പുകഴ്‌ത്തുമ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് കട്ട കലിപ്പ്; അടിമ രാജ്യമായിരുന്നവർ ലോക നായക പദവിയിലേക്ക് കുതിക്കുമ്പോൾ ഇകഴ്‌ത്താൻ കൂട്ട് നിൽക്കുന്നത് ഇന്ത്യൻ `ബുജികളും`; ശാസ്ത്ര ലോകത്ത് വികസിത രാഷ്ട്രങ്ങൾ പോലും എത്താത്ത നേട്ടത്തിൽ ഇന്ത്യ എത്തുമ്പോൾ അസൂയ മൂത്ത് ചർച്ച ചെയ്യുന്നത് ഇന്ത്യയിലെ ദാരിദ്ര്യവും ചേരിക്കഥയും; ഇടയ്ക്ക് അഭിനന്ദനവും കൂടുതൽ കുശുമ്പുമായി `ചന്ദ്രയാൻ 2` പ്രസിദ്ധീകരിച്ച് ബ്രിട്ടീഷ് പത്രങ്ങൾ

ചാന്ദ്ര ദൗത്യത്തിൽ ലോകം മുഴുവൻ ഇന്ത്യയെ പുകഴ്‌ത്തുമ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് കട്ട കലിപ്പ്; അടിമ രാജ്യമായിരുന്നവർ ലോക നായക പദവിയിലേക്ക് കുതിക്കുമ്പോൾ ഇകഴ്‌ത്താൻ കൂട്ട് നിൽക്കുന്നത് ഇന്ത്യൻ `ബുജികളും`; ശാസ്ത്ര ലോകത്ത് വികസിത രാഷ്ട്രങ്ങൾ പോലും എത്താത്ത നേട്ടത്തിൽ ഇന്ത്യ എത്തുമ്പോൾ അസൂയ മൂത്ത് ചർച്ച ചെയ്യുന്നത് ഇന്ത്യയിലെ ദാരിദ്ര്യവും ചേരിക്കഥയും; ഇടയ്ക്ക് അഭിനന്ദനവും കൂടുതൽ കുശുമ്പുമായി `ചന്ദ്രയാൻ 2` പ്രസിദ്ധീകരിച്ച് ബ്രിട്ടീഷ് പത്രങ്ങൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

കവൻട്രി: രണ്ടു നൂറ്റാണ്ട് അടിമകളായി കഴിഞ്ഞവർ ലോകത്തിന്റെ നെറുകയിൽ എത്തിയതിന്റെ അസഹിഷ്ണുത മറച്ചു വയ്ക്കാതെ വീണ്ടും ബ്രിട്ടീഷ് മാധ്യമങ്ങൾ. ലോകം മുഴുവൻ ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് മുന്നിൽ കൈകൂപ്പുമ്പോഴാണ് മറ്റൊന്നും പറയാനില്ലാതെ പതിവ് പല്ലവി പാടി ബ്രിട്ടീഷ് മാധ്യമങ്ങൾ അപഹാസ്യരാകുന്നത്. പറഞ്ഞത് വീണ്ടും പറയുന്നതിലെ അഭംഗി ഒഴിവാക്കാൻ ഇന്ത്യ വിജയകരമായി ചന്ദ്രയാൻ രണ്ടാം ഘട്ടം പൂർത്തിയാക്കുമ്പോൾ പട്ടിണിയും ദാരിദ്ര്യവും പറഞ്ഞു കുശുമ്പ് വിളമ്പാൻ ഇത്തവണ ബ്രിട്ടീഷ് മാധ്യമങ്ങൾ കൂട്ട് പിടിച്ചത് ഇന്ത്യൻ ബുദ്ധിജീവികളെയാണെന്ന് മാത്രം.

ബ്രിട്ടന് സ്വന്തമായി ഉപഗ്രഹ വിക്ഷേപണം ചിലവേറിയതാണെന്നു തിരിച്ചറിഞ്ഞു ഗതിയില്ലാതെ ഇന്ത്യൻ റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപണം നടത്തി വിവരങ്ങൾ കൈക്കലാക്കുന്ന രാജ്യം ആയിരുന്നിട്ടു കൂടി ഇന്ത്യ ശാസ്ത്ര രംഗത്തും ലോക നേതൃ പദവി കൈയാളുന്നതിന്റെ മുഴുവൻ ചൊരുക്കും മാധ്യമ വാർത്തകളിൽ നിറഞ്ഞു നിൽപ്പുണ്ട്. മുൻപ് ഇന്ത്യക്കു നൽകുന്ന ഇന്റർനാഷണൽ ഫണ്ട് ഇനി നൽകേണ്ടതില്ലെന്ന് റിപ്പോർട്ടുകളും മുഖപ്രസംഗങ്ങളും എഴുതിക്കൂട്ടിയ മാധ്യമങ്ങൾ അതുകൊണ്ടൊന്നും ഇന്ത്യയുടെ മുന്നേറ്റം തടയാൻ ആകുന്നില്ലെന്നു കണ്ടപ്പോഴാണ് കുശുമ്പ് പറച്ചിലിന്റെ മാർഗത്തിലേക്ക് നീങ്ങുന്നത്.

ചാന്ദ്ര പഠനത്തിനായി സ്വന്തം ഉപഗ്രഹ വിക്ഷേപണം നടത്തിയ നാലു ലോക രാജ്യങ്ങളിൽ അമേരിക്കയ്ക്കും റഷ്യക്കും ചൈനക്കും ഒപ്പം ഇന്ത്യയും എത്തിയെന്നു പറയുമ്പോഴും ചന്ദ്രയാൻ രണ്ടാം ഘട്ടത്തിന്റെ വിശദംശങ്ങൾ റിപ്പോർട്ട് ചെയ്യന്നതിനു പകരം ഇന്ത്യയിലെ ദാരിദ്ര്യത്തെ കുറിച്ച് ഇതേ റിപ്പോർട്ടുകളിൽ പരാമർശം നടത്തുന്ന വിലകുറഞ്ഞ സമീപനമാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ സ്വീകരിച്ചത്.

ഒൻപതു വർഷം മുൻപ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസ് ആതിഥ്യം ഏറ്റെടുത്തപ്പോൾ റിപ്പോർട്ട് ചെയ്യാനെത്തിയ ബ്രിട്ടീഷ് മാധ്യമങ്ങൾ അന്നും കായിക വേദിയിലേക്ക് എത്തും മുന്നേ ഡൽഹിയിലെയും ഹരിയാനയിലെയും ചേരി പ്രദേശങ്ങൾ കണ്ടെത്തി ദാരിദ്ര്യത്തിന്റെ മുഖം ലോകത്തിനു കാട്ടി കൊടുക്കുക ആയിരുന്നു. സ്ലംഡോഗ് മില്ല്യണയർ എന്ന ലോക സിനിമ പിറന്ന നാട്ടിൽ ദാരിദ്ര്യം മാത്രമാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്ന നിലപാടാണ് ഇന്ത്യയുടെ ഓരോ നേട്ടവും ലോകം ചർച്ചയാക്കുമ്പോൾ ബ്രിട്ടനിലെ മാധ്യമങ്ങൾ സ്വീകരിക്കുന്നത്.

മുൻപ് കടുത്ത വലതു പക്ഷ പത്രമായ ദി സൺ അടക്കമുള്ളവയാണ് വിദ്വെഷ വാർത്തകൾ സൃഷ്ടിച്ചിരുന്നതെങ്കിൽ ഇപ്പോൾ കുറേക്കൂടി മാന്യത പുലർത്തി റിപ്പോർട്ട് ചെയ്തിരുന്ന ദി ടെലിഗ്രാഫ് അടക്കമുള്ളവ ആ നിരയിലേക്ക് മാറി എന്നതാണ് രസകരം. ഇന്ത്യയിൽ നിന്നുള്ള റിപ്പോർട്ടർമാരെ തന്നെ ഉപയോഗിച്ചാണ് നെഗറ്റീവ് വാർത്തകൾ സൃഷ്ടിക്കുന്നത് എന്നതും കാണാതിരിക്കാനാകില്ല.

ഇപ്പോൾ ചാന്ദ്ര പഠനത്തിന് യാത്രയായ ഉപഗ്രഹത്തിനായി 120 മില്യൺ ചെലവാക്കിയ ഇന്ത്യ രാജ്യത്തിന്റെ 75 സ്വാതന്ത്ര്യ പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായി മനുഷ്യരെ വഹിക്കുന്ന ഉപഗ്രഹം സൗരയൂഥത്തിൽ എത്തിക്കും എന്ന് മുൻപ് മോദി നടത്തിയ പ്രസംഗത്തിൽ നിന്നുള്ള വാക്കുകൾ കടമെടുത്തു ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി ഐഎസ്ആർഒ യുടെ ബഡ്ജറ്റ് 1.3 ബില്യണിൽ നിന്നും നാല് ബില്യൺ ആയി കുത്തനെ ഉയർത്തി എന്നും പത്രം സൂചിപ്പിക്കുന്നുണ്ട്.

ലോകത്തിനു മുന്നിൽ വീമ്പു കാട്ടാനുള്ള ഇത്തരം പദ്ധതികൾ ഏറ്റെടുത്തു വിജയിപ്പിക്കുന്ന ഇവന്റ് മാനേജർ ആയി മാറാൻ ഇന്ത്യക്കു സാധിക്കും. എന്നാൽ മനുഷ്യ നന്മക്കും സാമൂഹിക നേട്ടത്തിനും ആവശ്യമായ ദീർഘകാല പദ്ധതി ഏറ്റെടുത്തു വിജയിപ്പിക്കാൻ ഇന്ത്യക്കു ഇനിയും കഴിയില്ല എന്നാണ് ഡൽഹി ആസ്ഥാനമായി പവർത്തിക്കുന്ന സെന്റർ ഫോർ പോളിസി അനാലിസിസ് എന്ന സ്ഥാപനത്തിലെ സീമ മുസ്തഫയെ കൂട്ടുപിടിച്ചു ടെലിഗ്രാഫ് പറയുന്നത്.

ഭരണ നേട്ടം ഉയർത്തിക്കാട്ടാൻ ഇത്തരം വഴികൾ തേടുന്നവർ എല്ലാവർക്കും ഭക്ഷണം, നല്ല വായു, ജലം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, ജോലി എന്ന അടിസ്ഥാന ഘടകങ്ങൾ മനഃപൂർവം മറന്നു പോകുകയാണെന്നും സീമ ആരോപിക്കുന്നു. എന്നാൽ ജൂലൈ 15 നു റോക്കെറ്റിലെ തകരാർ കണ്ടെത്തി കൃത്യം ഒരാഴ്ചക്കകം വിക്ഷേപണം വിജയമാക്കാൻ കഴിഞ്ഞ സാങ്കേതിക മികവ് ചൂണ്ടിക്കാട്ടാൻ പത്രം മറക്കുന്നില്ല. വിക്ഷേപണത്തിന് വെറും 56 മിനിറ്റ് മുൻപ് കണ്ടെത്തിയ ഹീലിയം ഗ്യാസ് ബോട്ടിലിലെ തകരാർ വെറും 48 മണിക്കൂർ സമയത്തിലാണ് ശാസ്ത്രന്ജ്ഞാർ പരിഹാരം കണ്ടെത്തിയത്.

മുൻപ് 2008 ൽ ചന്ദ്രയാൻ ഒന്നാം ഘട്ടവും ആറു വർഷം കഴിഞ്ഞു ചൊവ്വ പര്യാവശേഷണ വാഹനവും വിക്ഷേപിച്ച ഇന്ത്യയുടെ മൂന്നാമത്തെ തന്ത്ര പ്രധാന വിക്ഷേപണമാണ് ഇന്നലെ നടന്നത്. മൂന്നു വർഷത്തിനുള്ളിൽ മനുഷ്യ വാഹക വാഹനം കൂടി ശൂന്യാകാശത്തു എത്തിക്കാൻ കഴിഞ്ഞാൽ സ്വന്തം നിലയിൽ ഈ നേട്ടം സാധിക്കുന്ന രാജ്യം എന്ന നിലയിൽ കൂടി ആയിരിക്കും ലോകം ഇന്ത്യയുടെ വിജയം ആഘോഷിക്കുക. ഇന്ത്യ ചന്ദ്രയാൻ ആദ്യ ഘട്ടം പൂർത്തിയാക്കിയപ്പോൾ ഏറ്റവും വിമർശവുമായി എത്തിയത് സർക്കാർ മാധ്യമം ആയ ബിബിസി തന്നെ ആയിരുന്നു.

എന്നാൽ ചന്ദ്രയാൻ പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിൽ ബിബിസി ഏറെക്കുറെ വിമർശക നിരയിൽ നിന്ന് പിൻവാങ്ങിയിരിക്കുകയാണ്, മാത്രമല്ല പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ച വനിതകൾ ഉൾപ്പെടെയുള്ളവരെ കുറിച്ച് പ്രത്യേക ഫീച്ചറുകളും നൽകാൻ തയ്യാറായിട്ടുണ്ട്. എന്നാൽ ചന്ദ്രയാൻ രണ്ടിന്റെ ആദ്യ വിക്ഷേപണം കഴിഞ്ഞ ആഴ്ച തടസപ്പെട്ടപ്പോൾ ആവേശത്തോടെ റിപ്പോർട്ട് ചെയ്ത ലോക മാധ്യമങ്ങൾ അതിവേഗത്തിൽ വിക്ഷേപണം പൂർത്തിയായപ്പോൾ അത്ര വലിയ ആവേശമല്ല നൽകിയത് എന്നതും പ്രത്യേകതയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP