Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രീയക്കാരുടെ വിരട്ടലുകളെയും ഭൂമാഫിയക്കാരുടെ ഭീഷണികളെയും കൂസാതെ രേണു രാജ് ഐഎഎസ്; മൂന്നാറിൽ പട്ടാപകൽ കോടികൾ വിലമതിക്കുന്ന സർക്കാർ സ്ഥലം കയ്യേറാനുള്ള ശ്രമം ചെറുത്തു തോൽപ്പിച്ചു ദേവികുളം സബ് കലക്ടർ; കാട് വെട്ടിത്തെളിച്ചുള്ള കയ്യേറ്റം അറിഞ്ഞെത്തിയ റവന്യൂ സംഘത്തെ കണ്ട് കയ്യേറ്റക്കാർ ഓടി രക്ഷപ്പെട്ടു; കോടികളുടെ സ്ഥലം ചുളുവിൽ അടിച്ചെടുക്കാനുള്ള കയ്യേറ്റക്കാരുടെ ശ്രമം രേണു രാജിന്റെ മിടുക്കിൽ തട്ടിത്തകർന്നു; മൂന്നാർ പെൺപുലിക്ക് കൈയടിച്ച് സൈബർ ലോകം

രാഷ്ട്രീയക്കാരുടെ വിരട്ടലുകളെയും ഭൂമാഫിയക്കാരുടെ ഭീഷണികളെയും കൂസാതെ രേണു രാജ് ഐഎഎസ്; മൂന്നാറിൽ പട്ടാപകൽ കോടികൾ വിലമതിക്കുന്ന സർക്കാർ സ്ഥലം കയ്യേറാനുള്ള ശ്രമം ചെറുത്തു തോൽപ്പിച്ചു ദേവികുളം സബ് കലക്ടർ; കാട് വെട്ടിത്തെളിച്ചുള്ള കയ്യേറ്റം അറിഞ്ഞെത്തിയ റവന്യൂ സംഘത്തെ കണ്ട് കയ്യേറ്റക്കാർ ഓടി രക്ഷപ്പെട്ടു; കോടികളുടെ സ്ഥലം ചുളുവിൽ അടിച്ചെടുക്കാനുള്ള കയ്യേറ്റക്കാരുടെ ശ്രമം രേണു രാജിന്റെ മിടുക്കിൽ തട്ടിത്തകർന്നു; മൂന്നാർ പെൺപുലിക്ക് കൈയടിച്ച് സൈബർ ലോകം

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: മൂന്നാറിന്റെ പെൺപുലിയുടെ ശൗര്യത്തിൽ കയ്യേറ്റക്കാർ ഓടി രക്ഷപെട്ടു! മുന്നാറിലെ കയ്യേറ്റക്കാരുടെയും നിയമലംഘകരുടെയും കണ്ണിൽ കരടായ സബ് കലക്ടർ രേണു രാജ് ഐഎഎസാണ് കയ്യേറ്റക്കാരെ തുരത്തി വീണ്ടും വാർത്തകളിൽ നിറയുന്നത്. ദേശീയപാതയോടു ചേർന്ന് കോടികൾ വിലമതിക്കുന്ന സ്ഥലത്തെ കാടുവെട്ടിത്തെളിച്ച് കയ്യേറാനുള്ള ശ്രമമാണ് രേണുവിന്റെ ഉചിതമായ ഇടപെടലിൽ തകർന്നത്. കാടുവെട്ടിത്തെളിച്ചുള്ള കയ്യേറ്റമറിഞ്ഞെത്തിയ സബ് കലക്ടർ അടങ്ങുന്ന റവന്യൂ സംഘത്തെ കണ്ട് കയ്യേറ്റക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.

കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടറുടെ ഇടപെടലിലൂടെ സർക്കാറിന് അന്യാധീനമാകുമായിരുന്ന കോടികളുടെ സ്ഥലമാണ് തിരിച്ചു പിടിച്ചത്. ഞായറാഴ്ച പത്തു പേർവരുന്ന സംഘം പട്ടാപകൽ കയ്യേറി തുടങ്ങിയത്. കാടു വെട്ടിതെളിച്ച് ഭൂമി കയ്യേറുന്നതായുള്ള വിവരം കിട്ടിയ ഉടനെ ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. റവന്യൂ സംഘത്തെ കണ്ടതും കൈയേറ്റ ജോലികളിൽ മുഴുകിയിരുന്നവർ ഓടി രക്ഷപ്പെട്ടു.

മൂന്നാർ മേഖലയിലെങ്ങും ഏക്കറ് കണക്കിന് സർക്കാർ ഭൂമിയാണ് ശേഷിക്കുന്നത്. ഇവയിൽ പലതും നിയമക്കുരുക്കിലും തർക്കങ്ങളിലും പെട്ട് കിടക്കുന്നതാണ്. ഈ സാഹചര്യം മുതലെടുത്ത് ഭൂമാഫിയയാണ് പട്ടാപകൽ സർക്കാർ സ്ഥലം കയ്യേറുന്നതാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കൈയേറ്റ മാഫിയക്ക് മുന്നണി ഭേദമെന്യെ പിന്തുണയുള്ളതായും ആരോപണമുണ്ട്. കോടികൾ വിലമതിക്കുന്ന സ്ഥലം കയ്യേറിയതിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് സബ് കലക്ടർ അറിയിച്ചു. മൂന്നാർ മേഖലയിൽ ഏക്കർ കണക്കിന് സർക്കാർ ഭൂമിയാണ് ഭൂമാഫിയ കൈക്കലാക്കുന്നത്. ഉചിതമായ നടപടിയുണ്ടാകുമെന്നും പരിശോധന ഊർജിതമാക്കുമെന്നും സബ് കലക്ടർ പറഞ്ഞു.

പട്ടാപ്പകൽ ഭൂമി കൈയേറാൻ ശ്രമിച്ച സംഘത്തിന് പിന്നിൽ ഉന്നതർ ഉണ്ടെന്നാണ് അറിയുന്നത്. അതേസമയം രേണു രാജിന്റെ പ്രവർത്തിക്ക് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്. ആത്മാർത്ഥയുള്ള ഉദ്യോഗസ്ഥർ ഇങ്ങനെ വേണമെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. നേരത്തെ വൻകിട കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് അധികാരികളുടെ കണ്ണിലെ കരടായിരുന്നു രേണു രാജ്. രേണു രാജിന്റെ നടപടിക്കെതിരെ രാജേന്ദ്രൻ അടക്കമുള്ളവർ രംഗത്തെത്തിയെങ്കിലും വിട്ടുവീഴ്‌ച്ചക്ക് അവർ തയ്യാരായിരുന്നില്ല.

സബ് കലക്ടറായി ദേവികുളത്ത് എത്തിയ ശേഷം ശക്തമായ നടപടികളാണ് രേണു കൈക്കൊള്ളുന്നത്. അടുത്തിടെ പത്ത് ബഹുനില കെട്ടിടങ്ങൾക്കാണ് സബ് കലക്ടർ സ്റ്റോപ്പ് മെമോ നൽകിയത്. മൂന്നാർ ടൗൺ കേന്ദ്രീകരിച്ച് അനധിക്യതമായി പണിയുന്ന കെട്ടിടങ്ങൾക്കായിരുന്നു സ്റ്റോപ്പ് മെമോ നൽകിയത്. നിയമപരമല്ലെന്ന് കണ്ടാണ് ഇവർ നടപടി സ്വീകരിച്ചതും. ദേവികുളത്ത് എത്തിയതു മുതൽ 30 കെട്ടിടങ്ങൾക്കാണ് ഇതിനകം സ്റ്റോപ്പ് മെമോ നൽകി. പല കെട്ടിടങ്ങളുടെയും തുടർ നിർമ്മാണം തടയുന്നതിനായി നിരീക്ഷ സംഘത്തിനും രൂപം നൽകിയുന്നു അവർ. മൂന്നാർ കോളനി കേന്ദ്രീകരിച്ച് ഗോകുലം ഗോപാലന്റെ മകൻ അനധിക്യതമായി നിർമ്മിക്കുന്ന കെട്ടിടത്തിന് കെ.ഡി.എച്ച് വില്ലേജ് ഓഫീസർ ആയൂബ് ഖാൻ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഇതും സബ് കലക്ടർക്ക് ലഭിച്ച പരായുടെ അടിസ്ഥാനത്തിലായിരുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചതിനാണ് സബ് കളക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ നിർത്തിവെയ്ക്കൽ നോട്ടീസ് നൽകിയത്. ഇത്തരത്തിൽ ശക്തമായ നടപടികളാണ് ആർ.ഡി.ഒയുടെ നേത്യത്വത്തിൽ സ്വീകരിച്ചുവരന്നത്. തുടർന്നും വൻകിടക്കാർക്കെതിരെ അവർ രംഗത്തുവരുമെന്ന സൂചന ലഭിച്ചതോടെയാണ് രേണു രാജിനെ അധിക്ഷേപിച്ച് പിന്തിരിപ്പിക്കാൻ സിപിഎം എംഎൽഎ അടക്കം രംഗത്തുവന്നത്. എന്നാൽ, ഭീഷണികൾക്ക് വഴങ്ങില്ലെന്ന സൂചനയാണ് സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്കോടെ പാസായ മിടുക്കിക്ക് പറയാനുള്ളത്.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 14 സബ്കളക്ടർമാരാണ് ദേവികുളത്ത് വന്നുപോയത്. രാഷ്ട്രീയ ഇടപെടൽ തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. വിആർ പ്രേംകുമാറിന്റെ നടപടികൾക്കെതിരെ ആക്ഷേപം ഉയർന്നതോടെ അദ്ദേഹത്തെ ശബരിമലയിലെ സ്പെഷ്യൽ ഓഫീസറാക്കി മാറ്റിയ ശേഷമാണ് ഡോ. രേണുരാജിനെ ഇവിടെ നിയമിച്ചത്. ദേവികുളത്തേക്ക് ഒരു വനിതാ ഉദ്യോഗസ്ഥ എത്തി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇതോടെ അധികം നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് ഇവർ പ്രതീക്ഷിച്ചത്. എന്നാൽ, കാര്യങ്ങൾ മറിച്ചായി അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്തു രേണു രാജ്.

ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകമായ ദേവികുളത്ത് ഔദ്യോഗിക കൃത്യനിർവ്വഹണം ഏറെ കഠിനം തന്നെയാണ്. ഇതിനെ രേണു മറികടക്കാൻ തന്നാൽ ആവും വിധ അവർ പ്രയത്നിച്ചു. രാഷ്ട്രീയ വമ്പന്മാരോട് കൊമ്പു കോർക്കുന്ന മുൻഗാമികളുടെ പാതയാണ് ഇപ്പോൾ രേണു രാജും.

രാഷ്ട്രീയക്കാരോട് കൊമ്പു കോർക്കേണ്ടി വന്നതിന്റെ പേരിൽ വെറും മൂന്നു മാസം ജോലി ചെയ്യാനേ 2010 ജൂൺ 23നു ചുമതലയേറ്റ എ ഷിബുവിനായുള്ളൂ. തുടർന്ന് എം ജി രാജമാണിക്യത്തിന് ചാർജ് ഏറ്റെടുക്കേണ്ടി വന്നു. രാജമാണിക്യം ഒന്നര വർഷം സബ് കളക്ടറായി ജോലി നോക്കി. എന്നാൽ 2012 ഏപ്രിൽ 25ന് രാജമാണിക്യം സ്ഥാനം ഒഴിഞ്ഞപ്പോൾ താത്ക്കാലിക ചുമതലയുമായി കൊച്ചുറാണി സേവ്യർ എത്തി. തുടർന്ന് എസ് വെങ്കിടേശപതി, കെഎൻ രവീന്ദ്രൻ, മധു ഗംഗാധർ, ഇസി സ്‌കറിയ, ഡി രാജൻ സഹായ്, ജിആർ ഗോകുൽ, എസ് രാജീവ്, സാബിൻ സമീദ്, എൻടിഎൽ റെഡ്ഡി, ശ്രീറാം വെങ്കട്ടരാമൻ, വിആർ പ്രേംകുമാർ എന്നിവരാണു പിന്നാലെ സബ് കളക്ടർമാരായി ചുമതലയേറ്റത്.

വെറും അഞ്ചു ദിവസം മാത്രം ദേവികുളം സബ് കളക്ടർ പദവിയിരുന്നത് ഇസി സ്‌കറിയ ആണ്. ഒരു വർഷവും രണ്ടു മാസവും സബ് കളക്ടറായി ജിആർ ഗോകുൽ സേവനമനുഷ്ഠിച്ചു. ഗോകുൾ പിന്നീട് ഇടുക്കി ജില്ലാ കളക്ടറായി ചാർജെടുത്തു. എസ് രാജീവ് രണ്ടു മാസവും, കെഎൻ രവീന്ദ്രൻ, എൻടിഎൽ. റെഡ്ഡി എന്നിവർ ഒരു മാസം വീതവും സബ് കളക്ടറായിരുന്നു.

എന്നാൽ പിന്നീട് വന്ന ശ്രീറാം വെങ്കട്ടരാമൻ ശക്തമായ നടപടികളെടുത്ത് വാർത്തകളിൽ നിറഞ്ഞതോടെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ ശ്രീറാമിനെതിരേ തിരിയുകയും വൈകാതെ സ്ഥാനം തെറിക്കുകയുമായിരുന്നു. എംപ്ലോയ്‌മെന്റ് ഡയറക്ടറായി ശ്രീറാം സ്ഥലം മാറിപ്പോയപ്പോൾ 2017 ജൂലൈയിൽ പ്രേം കുമാർ സബ് കളക്ടറായി ചുമതലയേറ്റു. ശ്രീറാം പോയതിന്റെ ആശ്വസത്തിൽ നിന്ന രാഷ്ട്രീയക്കാർക്ക് മേൽ പതിച്ച വെള്ളിടിയായിരുന്നു പ്രേംകുമാർ. ജോയ്‌സ് ജോർജ് എംപി ഉൾപ്പെട്ട കൊട്ടക്കമ്പൂർ ഭൂമി വിവാദത്തിൽ ഇദ്ദേഹം ശക്തമായ നടപടിയാണ് സ്വീകരിച്ചത്. തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങാതിരുന്നതിനെത്തുടർന്ന് പ്രേംകുമാറിനെ ഒടുവിൽ ദേവികുളം സബ് കളക്ടർ പദവിയിൽ നിന്ന് ഇപ്പോൾ മാറ്റുകയും ചെയ്തു. ഈ സ്ഥാനത്തേക്കാണ് രേണു രാജ് എത്തിയത്.

കോട്ടയം സ്വദേശിനിയായ രേണു 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു ആദ്യചാൻസിൽ തന്നെ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായി. തൃശൂരിൽ ക്വാറി മാഫിയയോട് പൊരുതി കൈയടിനേടിയ ശേഷമാണ് ഡോ. രേണു ദേവികുളത്തേക്ക് എത്തിയത്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ച ശേഷമാണ് ഡോ.രേണു ദേവികുളത്ത് എത്തിയത്. ഇവിടെയും മികച്ച പ്രവർത്തനം നടത്താൻ സാധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP