Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലകൾക്ക് ഇടയിലൂടേയും ചെങ്കുത്തായ പ്രദേശങ്ങളിലൂടേയും ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങൾ പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടന്നും തകർക്കും; ലക്ഷ്യസ്ഥാനം വരെ നിയന്ത്രിക്കാവുന്ന ബ്രഹ്മോസ് ഇന്ത്യയുടെ ബ്രഹ്മാസ്ത്രം; ശബ്ദാതിവേഗ മിസൈൽ ഇനി ദീർഘദൂര പോർവിമാനത്തിലും; സുഖോയും ബ്രഹ്മോസും ഒരുമിക്കുമ്പോൾ ചങ്കിടിക്കുന്നത് പാക്കിസ്ഥാന്; ഭീകരതയുടെ വിളനിലങ്ങളെ തകർക്കാനുള്ള ശക്തിയാർജ്ജിച്ച് ഇന്ത്യൻ വ്യോമസേന; ശത്രുവിന്റെ ഉറക്കം കെടുത്തുന്ന സൂപ്പർസോണിക് മിസൈലിന്റെ കഥ

മലകൾക്ക് ഇടയിലൂടേയും ചെങ്കുത്തായ പ്രദേശങ്ങളിലൂടേയും ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങൾ പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടന്നും തകർക്കും; ലക്ഷ്യസ്ഥാനം വരെ നിയന്ത്രിക്കാവുന്ന ബ്രഹ്മോസ് ഇന്ത്യയുടെ ബ്രഹ്മാസ്ത്രം; ശബ്ദാതിവേഗ മിസൈൽ ഇനി ദീർഘദൂര പോർവിമാനത്തിലും; സുഖോയും ബ്രഹ്മോസും ഒരുമിക്കുമ്പോൾ ചങ്കിടിക്കുന്നത് പാക്കിസ്ഥാന്; ഭീകരതയുടെ വിളനിലങ്ങളെ തകർക്കാനുള്ള ശക്തിയാർജ്ജിച്ച് ഇന്ത്യൻ വ്യോമസേന; ശത്രുവിന്റെ ഉറക്കം കെടുത്തുന്ന സൂപ്പർസോണിക് മിസൈലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധസേനകളുടെ കൈവശം ഇന്നുള്ള ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, തൊടുത്തതിന് ശേഷവും നിയന്ത്രിക്കാവുന്നതുമായ മിസൈൽ സംവിധാനമാണ് 'ബ്രഹ്മോസ് മിസൈൽ സിസ്റ്റം'. ലോകത്തിലെ ആദ്യ സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ഇത്. ബ്രഹ്മോസിന്റെ അവസാന ഘട്ട നിർണായ പരീക്ഷണം ഈ വർഷം നടക്കും. ഇന്ത്യയുടെ അത്യാധുനിക പോർവിമാനം സുഖോയ്30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസിന്റെ അവസാന പരീക്ഷണം നടക്കുക. ഇതോടെ വ്യോമയുദ്ധ മേഖലയിൽ ആർക്കും ചോദ്യം ചെയ്യാനാകാത്ത ശക്തിയായി ഇന്ത്യമാറും. ഇന്ത്യയുടെ മുൻനിര പോർവിമാനമാണ് സുഖോയ്-30എംകെഐ. ഇതിലേക്ക് ബ്രഹ്മോസ് എത്തുമ്പോൾ ഇന്ത്യൻ വ്യോമസേനയുടെ ശക്തി ഇരട്ടിയാകും.

ഇന്ത്യൻ പ്രതിരോധസേനകളുടെ കൈവശം ഇന്നുള്ള ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, തൊടുത്തതിന് ശേഷവും നിയന്ത്രിക്കാവുന്നതുമായ മിസൈൽ സംവിധാനമാണ് 'ബ്രഹ്മോസ് മിസൈൽ സിസ്റ്റം'. ശബ്ദത്തേക്കാൾ 2 മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക്ക് മിസൈൽ. ഇന്ത്യയുടെ 'ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ' റഷ്യയുടെ 'എൻ.പി.ഒ.മഷിനോസ്റ്റോയേനി' മിസൈൽ ശാസ്ത്ര കമ്പനികളുടെ സംയുക്ത സംരംഭമാണ് 'ബ്രഹ്മോസ് മിസൈൽ സിസ്റ്റം' രൂപകൽപ്പന ചെയ്ത് നിർമ്മാണം പൂർത്തിയാക്കി ഇന്ത്യയുടെ മൂന്ന് പ്രതിരോധസേനകൾക്കും നൽകിയത്.

ബ്രഹ്മോസിന് വേണ്ടി സുഖോയ് വിമാനം പരിഷ്‌കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്എഎൽ) പരിക്ഷ്‌കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വർഷത്തെ പരീക്ഷണങ്ങൾക്കും ജോലികൾക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂർത്തിയായത്. ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നത് ആദ്യമായാണ്. ലോകത്ത് ഈ സാങ്കേതിക വിദ്യയുള്ള ഏക രാജ്യവും ഇന്ത്യതന്നെ. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസിനെ വഹിക്കാൻ അത്രതന്നെ കരുത്തുള്ള സൂപ്പർ സോണിക് ഫൈറ്റർ ജറ്റ് ആവശ്യമാണ്. മിസൈൽ കൃത്യമായി വിക്ഷേപിച്ച ശേഷം പറന്നകലാൻ സാധിച്ചില്ലെങ്കിൽ അപകടത്തിനു കാരണമാകാം. അതിനാൽ തന്നെ പരീക്ഷണവും ഏറെ പ്രധാനപ്പെട്ടതാണ്.

ഇന്ത്യയിലെ 'ബ്രഹ്മപുത്രാ' നദിയുടേയും റഷ്യയിലെ 'മോസ്‌കോ' നദിയുടേയും പേരുകളിൽ നിന്നാണ് 'ബ്രഹ്മോസ്' എന്ന പേര് ഈ സംയുക്ത പ്രതിരോധസംരംഭത്തിന് ലഭിച്ചത്. ഇന്ന് ഇന്ത്യയുടെ ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ആയുധമായി 'ബ്രഹ്മോസ് മിസൈൽ സിസ്റ്റം' മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സംയുക്തസംരംഭത്തിൽ 'റാംജെറ്റ് എൻജിനും', 'മിസൈൽ സീക്കറും' അടക്കം 65% ഭാഗങ്ങളും റഷ്യൻ സംഭാവനയാണ്. അടുത്ത ഘട്ടമായ ശബ്ദത്തേക്കാൾ 7 മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന 'ബ്രഹ്മോസ്-2' 'ഹൈപ്പർസോണിക്ക് മിസൈലി'ന്റെ പണിപ്പുരയിലാണ് 'ബ്രഹ്മോസ് എയറോസ്‌പേസ് ലിമിറ്റഡിലെ' ശാസ്ത്രജ്ഞന്മാർ. ഇതിനിടെയാണ് ബ്രഹ്മോസ്-1 പൂർണ്ണ സജ്ജമാകുന്നത്.

ബ്രഹ്മോസ് മിസൈൽ ടൗ30ങഗക പോർവിമാനത്തിൽ ഘടിപ്പിച്ചുള്ള പരീക്ഷണം നേരത്തെ തന്നെ നടന്നിട്ടുണ്ട്. അടുത്ത ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായാൽ ബ്രഹ്മോസ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറും. സുഖോയ് പോർവിമാനത്തിൽ നിന്നും വിവിധ ഉയരങ്ങളിൽ വെച്ച് വായുവിൽ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കുന്ന പരീക്ഷണമായിരിക്കും നടക്കുക. കരയിൽ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലിന് 3.6 ടണ്ണാണ് ഭാരം. വായുവിൽ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് എ മിസൈലിന് 2.5 ടൺ ഭാരമുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ വലിയ പോർവിമാനമായ സുഖോയ്-30എംകെഐയിൽ നിന്നു മാത്രമേ ഈ മിസൈൽ തൊടുക്കാനാകൂ. ശബ്ദത്തിന്റെ 2.8 ഇരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ബ്രഹ്മോസിനാകും.

ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകൾ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. ക്രൂസ് മിസൈലുകൾ തുടക്കം മുതൽ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന് മലകൾക്ക് ഇടയിലേയും ചെങ്കുത്തായ പ്രദേശങ്ങളിലേയും മറ്റും ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങൾ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടന്ന് ബ്രഹ്മോസ് കൃത്യമായി തകർക്കും. ഇത് ഏറ്റവും ഭയപ്പെടുത്തുന്നത് പാക്കിസ്ഥാനെയാകും. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഞൊടിയിടയിൽ തകർക്കാൻ ബ്രഹ്മോസിലൂടെ കഴിയും.

ബ്രഹ്മോസിന്റെ 300 കിലോമീറ്ററായിരുന്ന പരിധി 400 കിലോമീറ്ററാക്കി ഉയർത്താനും ഇപ്പോൾ ഇന്ത്യക്കാകും. 2017 ജൂണിൽ ഇന്ത്യക്ക് മിസൈൽ ടെക്നോളജി കൺട്രോൾ റെയ്ഷിമിൽ (എംടിസിആർ) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വർധിപ്പിക്കുന്നത് സാധ്യമായത്. റഷ്യ അംഗമായ എംടിസിആറിൽ അംഗമല്ലാത്ത മറ്റു രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററിൽ കൂടുതൽ പരിധിയുള്ള മിസൈലുകൾ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. ഇതാണ് അംഗത്വം നേടിക്കൊണ്ട് ഇന്ത്യ മറികടന്നത്.

2003ൽ ബംഗാൾതീരത്ത് പടക്കപ്പലിൽനിന്ന് ഇന്ത്യൻ നാവികസേനക്കായി നിർമ്മിച്ച 'ബ്രഹ്മോസ് മിസൈൽ' ആദ്യമായി പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. തുടർന്ന് 2004, 2006, 2009 വർഷങ്ങളിൽ ഇന്ത്യയുടെ കരസേനക്കായി നിർമ്മിച്ച 'ബ്രഹ്മോസ് മിസൈലുകൾ' പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. 2008-ൽ 'ബ്രഹ്മോസ് മിസൈൽ' ആദ്യമായി ഇന്ത്യൻ നാവികസേനയുടെ രജപുത് ക്ലാസ്സ് 'ഡിസ്‌ട്രോയറായ' 'ഐ.എൻ.എസ്സ് റൺവീറിൽ' നിന്നും ലംബമാനമായി വിക്ഷേപിക്കുകയും വിജയിക്കുകയും ചെയ്തു.

2013-ൽ ബംഗാൾ ഉൾക്കടലിൽ വെച്ച് അന്തർവാഹിനിയിൽ നിന്ന് 'ബ്രഹ്മോസ് മിസൈൽ' വിക്ഷേപിക്കുകയും വിജയിക്കുകയും ചെയ്തു.ഏറ്റവും അവസാനമായി 2017 നവംബർ 22-ന് ബംഗാൾ ഉൾക്കടലിന് മുകളിൽ വെച്ച് ഇന്ത്യയുടെ അത്യാധുനിക മൾട്ടിറോൾ യുദ്ധവിമാനമായ 'സുഖോയ്-30 എം.കെ.ഐയ്യിൽ' നിന്ന് 2.5 ടൺ 'ബ്രഹ്മോസ് മിസൈൽ' വിജയകരമായി വിക്ഷേപിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. വായുവിൽ നിന്നും കരയിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ഏക ക്രൂയിസ് മിസൈലാണ് നമ്മുടെ 'ബ്രഹ്മോസ് മിസൈൽ'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP