Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

നീതി ആയോഗ് യോഗം 'ബഹിഷ്‌കരിച്ചത്' പിണറായി വിജയൻ അടക്കം പത്ത് മുഖ്യമന്ത്രിമാർ; മോദിക്കെതിരായ പ്രതിഷേധമോ? പ്രധാനമന്ത്രിയെ എതിർക്കുന്നതിൽ ഏതറ്റംവരെ പോകുമെന്ന് രവി ശങ്കർ പ്രസാദ്; നഷ്ടപ്പെടുത്തിയത് സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള അവസരം; തുടർ ബഹിഷ്‌കരണങ്ങളിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ബിജെപി

നീതി ആയോഗ് യോഗം 'ബഹിഷ്‌കരിച്ചത്' പിണറായി വിജയൻ അടക്കം പത്ത് മുഖ്യമന്ത്രിമാർ; മോദിക്കെതിരായ പ്രതിഷേധമോ? പ്രധാനമന്ത്രിയെ എതിർക്കുന്നതിൽ ഏതറ്റംവരെ പോകുമെന്ന് രവി ശങ്കർ പ്രസാദ്; നഷ്ടപ്പെടുത്തിയത് സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള അവസരം; തുടർ ബഹിഷ്‌കരണങ്ങളിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന നിതി ആയോഗ് കൗൺസിൽ യോഗത്തിൽ നിന്ന് പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രിമാർ വിട്ടുനിന്നതിൽ കടുത്ത വിമർശനവുമായി ബിജെപി. നിതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ നടപടി ജനവിരുദ്ധവും നിരുത്തരവാദപരവുമാണെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. യോഗത്തിൽ പങ്കെടുക്കേണ്ടതില്ല എന്ന മുഖ്യമന്ത്രിമാരുടെ തീരുമാനത്തിലൂടെ അവരുടെ സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങളുന്നയിക്കാനുള്ള അവസരമാണ് നഷ്ടമായതെന്നും മുതിർന്ന ബിജെപി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവി ശങ്കർ പ്രസാദ് പറഞ്ഞു.

'രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്ന നിരവധി സാധ്യതകൾ ചർച്ചചെയ്യുന്ന വേദിയാണ് നിതി ആയോഗ്. നൂറോളം വിഷയങ്ങളാണ് എട്ടാമത് നിതി ആയോഗ് യോഗത്തിൽ ഉന്നയിച്ചത്. എന്നാൽ പത്തു സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. അവരുടെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാനുള്ള അവസരമാണ് അതിലൂടെ നഷ്ടമായത്', വാർത്താ സമ്മേളനത്തിൽ രവി ശങ്കർ പ്രസാദ് വ്യക്തമാക്കി.

'പ്രധാനമന്ത്രിയെ എതിർക്കുന്നതിൽ ഏതറ്റംവരെ പോകാനാണ് നിങ്ങളുടെ ഉദ്ദേശ്യം? പ്രധാനമന്ത്രിയെ എതിർക്കാൻ ഇനിയും ധാരാളം അവസരങ്ങൾ നിങ്ങൾക്കു ലഭിക്കും. പക്ഷേ, നിതി ആയോഗിൽ നിന്ന് വിട്ടുനിന്നത് നിങ്ങൾ നിങ്ങളുടെ ജനങ്ങളോട് തന്നെ ചെയ്ത ദ്രോഹമായിരുന്നു', രവി ശങ്കർ പ്രസാദ് പറഞ്ഞു. യോഗത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള മുഖ്യമന്ത്രിമാരുടെ തീരുമാനം പൊതുതാത്പര്യത്തിന് എതിരായിരുന്നെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.



വികസിത് ഭാരത് @ 2047 എന്ന പ്രമേയത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ എട്ടാമത് നിതി ആയോഗ് യോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രതിപക്ഷത്തു നിന്നുള്ള പത്തോളം മുഖ്യമന്ത്രിമാർ യോഗത്തിൽ നിന്നു വിട്ടുനിന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോത്ത്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ യോഗത്തിൽനിന്ന് വിട്ടുനിന്നത്. ഇവരിൽ ചിലർ കാരണം കേന്ദ്രത്തോട് പറഞ്ഞപ്പോൾ ചിലർ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രത്യേക കാരണങ്ങൾ ഒന്നും അറിയിക്കാതെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽനിന്ന് വിട്ടുനിന്നത്. ആരോഗ്യകാരണങ്ങളാലാണ് വിട്ടുനിൽക്കുന്നതെന്ന് അശോക് ഗഹലോത്ത് അറിയിച്ചു. സിങ്കപ്പൂർ, ജപ്പാൻ രാജ്യങ്ങളിൽ സന്ദർശനത്തിലായതിനാലാണ് സ്റ്റാലിൻ യോഗത്തിൽ പങ്കെടുക്കാത്തത്.

പഞ്ചാബിന്റെ താൽപ്പര്യങ്ങൾ കേന്ദ്രം ശ്രദ്ധിക്കുന്നില്ലെന്നും അതിനാൽ യോഗം ബഹിഷ്‌കരിക്കുന്നതെന്നുമാണ് ഭഗവന്ത് മാൻ വ്യക്തമാക്കിയത്. ഇക്കാര്യം വിശദമാക്കി അദ്ദേഹം കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന യോഗത്തിൽ പഞ്ചാബിന്റെ പല പ്രശ്‌നങ്ങളും കേന്ദ്രം ശ്രദ്ധിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നീതി ആയോഗ് യോഗം ഒരു 'ഫോട്ടോ സെഷൻ' മാത്രമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രാൻഡുകളും ഫണ്ടുകളും അനുവദിക്കുന്നതിൽ കേന്ദ്രത്തിന് സംസ്ഥാനത്തോട് വിവേചനമെന്ന് ആരോപിച്ചിരുന്നു.

കെജ്രിവാളുമായുള്ള കൂട്ടിക്കാഴ്ച ചൂണ്ടിക്കാട്ടിയാണ് കെ. ചന്ദ്രശേഖർ റാവു വിട്ടുനിൽക്കുന്നത്. നേരത്തേ തീരുമാനിച്ച പരിപാടികൾ ഉള്ളതിനാലാണ് വിട്ടുനിൽക്കുന്നതെന്നാണ് നിതിഷ് കുമാറിനോടടുത്ത വൃത്തങ്ങൾ അറിയിച്ചത്. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാന ധനകാര്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും യോഗത്തിനയക്കാൻ ബംഗാൾ സർക്കാർ അനുമതി തേടിയിരുന്നെങ്കിലും നിഷേധിച്ചിരുന്നു. ലഫ്റ്റനന്റ് ഗവർണറുടെ അധികാരം പുനഃസ്ഥാപിക്കാനുള്ള മെയ്‌ 19-ലെ ഓർഡിനൻസ് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ യോഗത്തിൽനിന്ന് വിട്ടുനിന്നത്.

നവീൻ പട്‌നായിക്കിന് മുൻകൂർ പരിപാടിയുള്ളതിനാൽ യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് ഒഡീഷ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് നാളായി എൻ ഡി എയിൽ നിന്ന് അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഒഡീഷ മുഖ്യമന്ത്രി യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് വിലയിരുത്തലുകൾ.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷത്തിന്റെ വലിയൊരു മുന്നണിയുണ്ടാക്കാൻ ശ്രമിക്കുന്ന തിരക്കിലാണ് തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവുവും ബിഹാറിലെ നിതീഷ് കുമാറും പശ്ചിമ ബംഗാളിലെ മമത ബാനർജിയും. കേരളത്തിന്റെ കടപരിധി വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്നാണ് വിലയിരുത്തലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP