Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓക്‌സിജൻ എത്തിക്കുന്നതു കൊണ്ടു മരണത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ ബാക്കി; നൂറടി താഴ്ചയിൽ കഴിയുന്ന അബോധാവസ്ഥയിൽ; ചുറ്റിനും ഡ്രിൽ ചെയ്തിറക്കാനുള്ള ശ്രമത്തിന് തടസങ്ങൾ ഏറെ; കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി ലോകം പ്രാർത്ഥന തുടരുന്നു; രണ്ടുവർഷം മുൻപത്തെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വ്യാജ രക്ഷപ്പെടൽ വാർത്തയുമായി സോഷ്യൽ മീഡിയ

ഓക്‌സിജൻ എത്തിക്കുന്നതു കൊണ്ടു മരണത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ ബാക്കി; നൂറടി താഴ്ചയിൽ കഴിയുന്ന അബോധാവസ്ഥയിൽ; ചുറ്റിനും ഡ്രിൽ ചെയ്തിറക്കാനുള്ള ശ്രമത്തിന് തടസങ്ങൾ ഏറെ; കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി ലോകം പ്രാർത്ഥന തുടരുന്നു; രണ്ടുവർഷം മുൻപത്തെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വ്യാജ രക്ഷപ്പെടൽ വാർത്തയുമായി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടുവയസ്സുകാരനായ സുജിത്ത് വിൽസൺ കളിക്കുന്നതിനിടെ ഉപയോഗശൂന്യമായികിടന്നിരുന്ന കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 26 അടിയോളം താഴ്ചയിലായിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് പോയിരുന്നു. കുഴൽക്കിണറിന് അടുത്തായി ആദ്യം കുഴിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി കൂടുതൽ താഴേക്ക് പോയത്. മൂന്നു ദിവസത്തോളമായിട്ടും കുട്ടിയെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമങ്ങൾക്ക് ഇതുവരെ ഫലം കണ്ടിട്ടില്ല. ഓരോ നിമിഷവും ആ രണ്ടു വയസുകാരനായി ലോകം പ്രാർത്ഥനയിലാണ്.

 അതേസമയം ൃകുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയതായി പ്രചരിക്കുന്ന വീഡിയോകൾ മറ്റൊരു അപകടത്തിന്റേത്. രണ്ടുവർഷം മുമ്പ് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോകളാണ് തിരുച്ചിറപ്പള്ളിയിലെ സംഭവമാണെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ നിരവധിപേരാണ് ഈ പഴയ വീഡിയോ തിരുച്ചിറപ്പള്ളിയിലെ കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പറഞ്ഞ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

2017 ഓഗസ്റ്റ് 16-നാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ സംഭവമുണ്ടായത്. രണ്ടുവയസ്സുകാരനായ ചന്ദ്രശേഖറാണ് കളിക്കുന്നതിനിടെ ഗുണ്ടൂരിലെ വിനുകോണ്ട ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴൽക്കിണറിൽ വീണത്. 15 അടിയോളം താഴ്ചയിൽ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ 12 മണിക്കൂറിനുശേഷം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. എന്നാൽ ഈ സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ സുജിത് വിൽസൺ എന്ന കുട്ടിയുടേത് എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിലവിൽ കുഴൽക്കിണറിന് സമീപത്തായി കൂടുതൽ വ്യാസമുള്ള മറ്റൊരു കുഴി നിർമ്മിച്ച് അതിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് രക്ഷാപ്രവർത്തകരുടെ ശ്രമം.അതേസമയം, പാറ നിറഞ്ഞ പ്രദേശമായതിനാൽ അത്യാധുനിക ഡ്രില്ലിങ് റിഗ് ഉപയോഗിച്ചിട്ടും പുതിയ കുഴിയെടുക്കൽ ഏറെ ദുർഘടമാണെന്നാണ് റിപ്പോർട്ട്. താത്ക്കാലികമായി കുഴിയെടുക്കൽ നിർത്തിവച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഏഴുമണി മുതൽ കുഴിയെടുക്കാൻ തുടങ്ങിയിട്ടും ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ മുപ്പതടിയോളം താഴ്ചയിൽ മാത്രമേ കുഴിക്കാൻ കഴിഞ്ഞിട്ടുള്ളുവെന്ന് അധികൃതർ പറഞ്ഞു. മണിക്കൂറിൽ മൂന്നടി മാത്രമാണ് കുഴിക്കാൻ സാധിക്കുന്നത്. ഈ രീതിയിൽ മുന്നോട്ടുപോയാൽത്തന്നെ ഏറെ വൈകുമെന്നാണ് റിപ്പോർട്ട്.

കട്ടിയേറിയ പാറ കുഴിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും ഇവർ പറയുന്നു. ഇതിനിടെ ശക്തമായ പാറക്കല്ലുകൾ കാരണം ഒരു ഡ്രില്ലിങ് മെഷീൻ തകരാറിലാവുകയും ചെയ്തു.നിലവിൽ നൂറടി താഴ്ചയിലുള്ള കുട്ടി കൂടുതൽ താഴ്ചയിലേക്ക് പോകാതിരിക്കാനാണ് വളരെ പതുക്കെ കുഴിയെടുക്കുന്നതെന്നായിരുന്നു മന്ത്രി വിജയഭാസ്‌കറിന്റെ പ്രതികരണം.സമാന്തരമായി കുഴിയെടുക്കുമ്പോൾ അത് കുട്ടിയെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ടെന്നും ചെറിയ വിറയലുകൾപോലും കുട്ടിയെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടുമെന്നും അതിനാലാണ് കുഴിയെടുക്കുന്നത് വൈകുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ച് സമാന്തരമായി കുഴിയെടുക്കുന്നത് വലിയ പാറകൾ നിറഞ്ഞതായതിനാൽ ഉപേക്ഷിച്ചെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച വിഷയത്തിൽ അടിയന്തര യോഗം ചേരുന്നുണ്ട്.

ഒരു മീറ്റർ വ്യാസമുള്ള കുഴിയാണ് സമാന്തരമായി നിർമ്മിച്ചിരുന്നത്. ഇതിലൂടെ ഇറങ്ങി കുട്ടി കുടുങ്ങിയിരിക്കുന്ന ചെറിയ കുഴിയിലേയ്ക്ക് തിരശ്ചീനമായി പാതയുണ്ടാക്കി, അതിലൂടെ കുട്ടിയെ രക്ഷിക്കാനാണ് ശ്രമം. കണ്ണദാസൻ, ദിലീപ് കുമാർ, മണികണ്ഠൻ എന്നീ അഗ്‌നിശമന സേനാംഗങ്ങൾ കുട്ടിയെ രക്ഷിക്കാനായി കുഴിയിൽ ഇറങ്ങാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.

കുഴൽക്കിണറിൽ കുടുങ്ങി മൂന്നു ദിവസം പിന്നിടുമ്പോൾ കുട്ടി അബോധാവസ്ഥയിലായെന്നാണ് സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മന്ത്രി വിജയഭാസ്‌കർ വ്യക്തമാക്കി. ശനിയാഴ്ച രാത്രി അണ്ണാ സർവകലാശാല സംഘം കുട്ടിയുടെ ശരീര താപനില പരിശോധിച്ചിരുന്നു. കുഴിയിലേയ്ക്ക് കുഴൽ വഴി ഓക്‌സിജൻ എത്തിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രിയോടെയാണ് കുട്ടി കൂടുതൽ താഴ്ചയിലേക്ക് പോയത്. തുടർന്ന് വിദഗ്ധസംഘങ്ങൾ അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരുന്നു. ഒ.എൻ.ജി.സി, എൽ ആൻഡ് ടി, നെയ്വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്ധരും ദേശീയ ദുരന്തനിവാരണസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.മന്ത്രിമാരായ വിജയഭാസ്‌കർ, വി.നടരാജൻ,എസ്.വലർമതി, സംസ്ഥാന പൊലീസ്, അഗ്‌നിരക്ഷാസേന മേധാവികളും മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP