Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറളം ഫാമിൽ തമ്പടിച്ച് കടുവയും കാട്ടാനകളും; മട്ടന്നൂർ അയ്യല്ലൂരിൽ ഭീതി പടർത്തി പുലിയുടെ സാന്നിധ്യം; കണ്ണൂർ നഗരത്തിൽ പോത്ത് ശല്യത്താൽ ട്രെയിൻ ഗതാഗതം പോലും മുടങ്ങുന്നു; മറ്റിടങ്ങളിൽ ഭീതി പരത്തി തെരുവ് നായ്ക്കളും; ജില്ലയിൽ നാട്ടുകാരുടെ സമാധാനം കെടുത്തി മൃഗശല്യം

ആറളം ഫാമിൽ തമ്പടിച്ച് കടുവയും കാട്ടാനകളും; മട്ടന്നൂർ അയ്യല്ലൂരിൽ ഭീതി പടർത്തി പുലിയുടെ സാന്നിധ്യം; കണ്ണൂർ നഗരത്തിൽ പോത്ത് ശല്യത്താൽ ട്രെയിൻ ഗതാഗതം പോലും മുടങ്ങുന്നു; മറ്റിടങ്ങളിൽ ഭീതി പരത്തി തെരുവ് നായ്ക്കളും; ജില്ലയിൽ നാട്ടുകാരുടെ സമാധാനം കെടുത്തി മൃഗശല്യം

അനീഷ് കുമാർ

ഇരിട്ടി: ആറളത്ത് കാട്ടാനയും കടുവയും മട്ടന്നൂരിൽ പുലി, കണ്ണൂർ നഗരത്തിൽ പോത്ത് മറ്റിടങ്ങളിൽ തെരുവുനായകളും കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികൾ.
കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ വന്യജീവി ശല്യം കൊണ്ടു ജനങ്ങൾ പൊറുതിമുട്ടുന്നു. ആറളം ഫാമിൽ കടുവ തമ്പടിച്ചതിന് പുറമേ മട്ടന്നൂരിൽ പുലിയുമിറങ്ങിയതാണ് ജനങ്ങളിൽ ഭീതി പരത്തുന്നത് മട്ടന്നൂർ നഗരസഭയിലെ ശിവപുരത്തിനടുത്തെ അയ്യല്ലൂരിൽ കണ്ടെത്തിയ അജ്ഞാത ജീവി പുലിയാണെന്ന് സി.സി.ടി.വി ക്യാമറാ ദൃശ്യത്തിൽ വ്യക്തമാവുകയായിരുന്നു. ഇതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലായി.

അയ്യല്ലൂരിൽ കണ്ടെത്തിയ പുലി ഇപ്പോൾ എടത്തൊട്ടിയിലുണ്ടെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിൽ റബർ ടാപ്പിങ് നടത്തുകയായിരുന്ന തൊഴിലാളി ബേബിയാണ് റബ്ബർ തോട്ടത്തിൽ പതുങ്ങിയിരുന്ന പുലിയെ കണ്ടെത്തിയത്. ഇവിടെ വനംവകുപ്പും പൊലിസും തിരച്ചിൽ നടത്തിവരികയാണ്. എന്നാൽ പുലിയെ കണ്ടതിൽ ആശങ്കപെടേണ്ടതില്ലെന്നും രാത്രികാലങ്ങളിൽ വിജന പ്രദേശങ്ങളിൽ ഒറ്റയ്ക്കിറങ്ങാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡി.എഫ്.ഒ പി. കാർത്തിക്ക് അറിയിച്ചു.

അയ്യല്ലൂർ മേഖലയിൽ പുലിക്കായി വനം വകുപ്പ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. നാട്ടുകാരുടെയും പൊലിസിന്റെയും സഹകരണത്തോടെയാണ് കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയത്. അയ്യല്ലൂരിൽ പുലിയെ കണ്ട റബ്ബർ തോട്ടത്തിലാണ് തെരച്ചിൽ നടത്തുന്നത്. പുലി കടിച്ചു കൊന്ന കുറുനരിയുടെ ജഡമുള്ള അയ്യല്ലൂരിലെ റബ്ബർ തോട്ടത്തിന് സമിപമുള്ള വനത്തിൽ മൂന്ന് ക്യാമറകൾ ചൊവ്വാഴ്ച വനം വകുപ്പ് സ്ഥാപിച്ചിരുന്നു. കുറുനരിയുടെ ബാക്കി ഭാഗങ്ങൾ തിന്നാനായി പുലി വീണ്ടുമെത്തുമെന്ന നിഗമനത്തിലായിരുന്നു അത്. ഈ കണക്കുകൂട്ടൽ ശരിവെക്കും വിധം ബുധനാഴ്‌ച്ച പുലർച്ചെ കുറുനരി ഇവിടെ വീണ്ടുമെത്തി.

ഇതോടെയാണ് സ്ഥാപിച്ച മൂന്ന് ക്യാമറകളിൽ രണ്ടെണ്ണത്തിൽ പുലിയുടെ ദൃശ്യം കിട്ടിയത്. എന്നാൽ കുറുനരിയുടെ ജഡം അതിനു മുൻപെയെത്തിയ കുറുക്കൻ കടിച്ചു മറ്റൊരു സ്ഥലത്തേക്ക് കൊണ്ടിട്ടിരുന്നു. ഇതേ തുടർന്ന് കാട്ടിനുള്ളിൽ നടത്തിയ തെരച്ചിലിൽ പത്തു മീറ്റർ അകലെ തലയുടെ ഭാഗവും 100 മീറ്റർ അകലെ ഭക്ഷിച്ചതിന്റെ ബാക്കി ഭാഗവും കണ്ടെത്തി.

ചൊവ്വാഴ്‌ച്ച പുലർച്ചെ നാലു മണിയോടെയാണ് അയ്യല്ലൂരിൽ റബർ ടാപ്പിങ്ങിനെത്തിയ അശോകനെന്ന തൊഴിലാളി പുലിയെ വളരെ അടുത്തു നിന്നും കണ്ടത്. അവിടുന്ന് ജീവനും കൊണ്ടു ഓടി രക്ഷപ്പെട്ട ഇയാൾ വിവരം മട്ടന്നൂർ പൊലിസിലും വനം വകുപ്പിലും അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് മട്ടന്നൂർ സിഐ എ. കൃഷ്ണൻ എസ്‌ഐ കെ.വി ഉമേശൻ , കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ സുധീർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തി.
പ്രദേശത്ത് കണ്ടത് പുലിയാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടു വയ്ക്കണമെന്ന് പ്രദേശവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനു സമാനമായി ആറളം ഫാമിൽ രണ്ടാഴ്‌ച്ചയായി തമ്പടിക്കുന്ന കടുവയെ ഇനിയും വനം വകുപ്പിന് തുരത്താനായിട്ടില്ല. ഉളിക്കൽ, അയ്യൻകുന്ന്, മുണ്ടയാംപറമ്പ് മേഖലയിൽ നിന്നും ആറളത്തെത്തിയ കടുവയുടെ ചിത്രം അഞ്ചാം ബ്ളോക്കിൽ നിന്നും ഫാംതൊഴിലാളിയും കള്ളു ചെത്തുകാരനുമായ അനൂപ് ഗോപാലൻ പകർത്തിയതോടെയാണ് കടുവ ആറളം ഫാമിൽ തന്നെ തമ്പടിക്കുന്നതായി സ്ഥിരീകരിച്ചത്.കടുവാഭീഷണിയെ തുടർന്ന് ആറളം ഫാമിന്റെ പ്രവർത്തനങ്ങൾതാറുമാറായിരിക്കുകയാണ്. തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ജോലിക്കെത്താത്ത സാഹചര്യം ആറളം ഫാമിനെ സാമ്പത്തിക പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്.

ഇതിനിടെ കണ്ണൂർ നഗരത്തിൽ അലഞ്ഞുതിരിയുന്ന നാൽക്കാലി ശല്യം കാരണം വഴിയാത്രക്കാർക്ക് പൊറുതിമുട്ടുന്നു. പിൻതുടർന്ന് ഓടിയെത്തിയ ഹാലിളകിയ പോത്തിന്റെ പരാക്രമത്തിൽ കുത്തേൽക്കാതിരിക്കാൻ ഓടിയ വിദ്യാർത്ഥിക്ക് മതിൽ ചാടിക്കടക്കുന്നതിനിടെ ദേഹത്ത് കമ്പി കയറി ഗുരുതരമായി പരുക്കേറ്റു
പാലക്കാട് മണ്ണാർക്കാട് സ്വദേശി ഷാമിലിനാണ് (25) ഗുരുതര പരിക്കേറ്റത്.ചൊവ്വാഴ്‌ച്ച രാത്രി പത്തുമണിയോടെ കണ്ണൂർ നഗരത്തിലെ എം.എ റോഡിലേയിരുന്നു സംഭവം. ഷാമിലിനെ കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു കൈയിന്റെ തോൾ ഭാഗത്ത് കമ്പി കയറി ഞരമ്പ് മുറിഞ്ഞതിനാൽ ഷാമിലിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അറിയിച്ചു. കണ്ണൂരിൽ നടന്ന സംസ്ഥാന കേരളോൽസവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാമിൽ. എരുമക്കുട്ടം ഓടിച്ചാൾ രക്ഷപ്പെടുന്നതിനായി താമസ സ്ഥലത്തിന്റെ ഗേറ്റ് ചാടുന്നതിനിടെ ഇരുമ്പ് കമ്പി തോളത്ത് കയറുകയായിരുന്നു. പാലക്കാട് ടീം മത്സരിവട്ടപാട്ട് മൽസരത്തിൽ പങ്കെടുത്ത് എം.എ റോഡിലെ താമസ സ്ഥലമായ ലോഡ്ജിലേക്ക് ഇടവഴിയിലൂടെ ഭക്ഷണം കഴിച്ചതിനു ശേഷം നടന്നുവരുന്നതിനിടെയായിരുന്നു പോത്ത് ഷാമിലിനെ ഓടിച്ചത്. തലനാരിഴയ്ക്കാണ് ഇയാൾക്കു കുത്തേൽക്കാതിരുന്നത്.

കണ്ണൂർ നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ജനജീവിതത്തെ ബാധിക്കുന്നതായി ജനങ്ങൾക്ക് പരാതിയുണ്ട്.ചൊവ്വാഴ്‌ച്ച രാത്രി എട്ടുമണിയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് ചത്തിരുന്നു. ഇതേ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതവും മുടങ്ങി. കോഴിക്കോടു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിന്റെ ബോഗിയുടെ അടിയിലേക്കാണ് പോത്തുകൾ ഇടിച്ചുകയറിയത്. ഇതുകാരണം ട്രെയിൻ നിർത്തിയിട്ടു ഒന്നരമണിക്കൂറോളം പരിശ്രമിച്ചു ജഡങ്ങൾ മാറ്റിയതിനു ശേഷമാണ് ട്രെയിൻഗതാഗതം പുനഃസ്ഥാപിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരുന്നതിനാൽ ട്രെയിൻ വേഗത കുറച്ചു ഓടിയതിനാലാണ് വൻദുരന്തമൊഴിവായത്. ട്രെയിനിനു അടിയിൽ കുടുങ്ങിയ രണ്ടു പോത്തുകൾ ചാവുകയും ഒന്ന് ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കന്നുകാലി ശല്യം കൂടുതലായതിനാൽ യാത്രക്കാർക്കും ദുരിതമാവുകയാണ്. മാസങ്ങൾക്കു മുൻപ് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള രണ്ടു പശുക്കൾക്ക് പേയിളകിയിരുന്നു. ഇവയെ ദയാവധത്തിന് വിധേയമാക്കുകയാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP