Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീരിൽ മോദി ചെയ്ത പോലെ ബ്രിട്ടണിൽ ബോറിസ് ജോൺസണും ചെയ്തു; അവിശ്വാസ പ്രമേയത്തിലൂടെ അട്ടിമറിക്കാനുള്ള നീക്കം പൊളിച്ചത് അഞ്ചാഴ്‌ച്ചക്ക് പാർലമെന്റ് സസ്‌പെൻഡ് ചെയ്ത്; ലണ്ടനിൽ കനത്ത പ്രതിഷേധങ്ങൾ: എന്താണ് ഇന്നലെ ബ്രിട്ടണിൽ നടന്നത് എന്നറിയണോ?

കാശ്മീരിൽ മോദി ചെയ്ത പോലെ ബ്രിട്ടണിൽ ബോറിസ് ജോൺസണും ചെയ്തു; അവിശ്വാസ പ്രമേയത്തിലൂടെ അട്ടിമറിക്കാനുള്ള നീക്കം പൊളിച്ചത് അഞ്ചാഴ്‌ച്ചക്ക് പാർലമെന്റ് സസ്‌പെൻഡ് ചെയ്ത്; ലണ്ടനിൽ കനത്ത പ്രതിഷേധങ്ങൾ: എന്താണ് ഇന്നലെ ബ്രിട്ടണിൽ നടന്നത് എന്നറിയണോ?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അപ്രതീക്ഷിത നീക്കത്തിലൂടെ ബ്രിട്ടീഷ് പാർലമെന്റ് 5 ആഴ്ച സസ്‌പെൻഡ് ചെയ്യാനുള്ള ബോറിസ് ജോൺസന്റെ തീരുമാനം ബ്രിട്ടണിൽ ഉണ്ടാക്കിയിരിക്കുന്നത് വമ്പൻ കോളിളക്കമാണ്. ഭരണഘടന തകർത്തു എന്ന മുറവിളിയോടെ ആയിരങ്ങൾ ലണ്ടൻ പാർലമെന്റിന് മുൻപിലേക്ക് മാർച്ച് നടത്തി. ഭരണകക്ഷിയുടേതുൾപ്പെടെയുള്ള നേതാക്കൾ തീരുമാനത്തെ ചോദ്യം ചെയ്തു കോടതിയിലേക്ക് പോകുന്നു. ഏതു വിധേനയും ബ്രെക്‌സിറ്റ് നടപ്പിലാക്കാൻ വേണ്ടി രണ്ടും കൽപ്പിച്ചിറങ്ങിയ പുതിയ പ്രധാനമന്ത്രിയുടെ പൂഴിക്കടകനാണ് ഈ സസ്‌പെൻഷൻ. കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദാക്കിയതിന് സമാനമായ നീക്കമാണിത്. ഇതിലൂടെ തനിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അട്ടിമറിക്കാമെന്നും ബോറിസ് കണക്ക് കൂട്ടുന്നു.

എന്താണ് ഇന്നലെ ലണ്ടനിൽ നടന്നത് ?

സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 14 വരെയുള്ള ദിവസങ്ങൾ പാർലിമെന്റ് സസ്പെൻഡ് ചെയ്യാനുള്ള ആരെയും ഞെട്ടിപ്പിക്കുന്ന നീക്കമാണ് ഇന്നലെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. ബോറിസിന്റെ തീരുമാനത്തിന് രാജ്ഞി അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. താൻ നോ ഡീൽ നടപ്പിലാക്കുന്നതിന് തടയാൻ എംപിമാർക്ക് വേണ്ടത്ര സമയം ലഭ്യമല്ലാതാക്കുകയാണ് ബോറിസ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിമർശകർ ആരോപിക്കുന്നു. പാർലിമെന്റ് സസ്പെൻഡ് ചെയ്യണമെന്ന അപേക്ഷയുമായി രാജ്ഞിയുടെ പ്രിവി കൗൺസിലിലെ മൂന്ന് കൺസർവേറ്റീവ് അംഗങ്ങൾ ബാൽൊറാലിലെ രാജ്ഞിയുടെ സ്‌കോട്ടിഷ് റെസിഡൻസിലേക്ക് ഇന്നലെ പോവുകയായിരുന്നു.

തുടർന്ന് രാജ്ഞി അതിന് അംഗീകാരവും നൽകി.തുടർന്ന് ബോറിസ് തന്റെ പദ്ധതി വിശദീകരിച്ച് കൊണ്ട് എംപിമാർക്ക് എഴുതുകയും ചെയ്തിട്ടുണ്ട്. നിർണായകമായ ഒരു ബ്രെക്സിറ്റ് ലെജിസ്ലേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണീ നടപടിയെന്നാണ് ബോറിസ് പറയുന്നത്. ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനായി പാർലിമെന്റ് ഐക്യം പുലർത്തണമെന്നും ബ്രെക്സിറ്റ് യാഥാർത്ഥ്യമാക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യണമെന്നും ഈ വിശദീകരണ കുറിപ്പിലൂടെ ബോറിസ് എംപിമാരോട് ആവശ്യപ്പെടുന്നു.

യുകെ യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള ബ്രെക്സിറ്റ് കരാർ നടപ്പിലാകാൻ ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കവെയാണ് ബോറിസ് ആരും കണക്ക് കൂട്ടാത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട നിർണായകമായ ചർച്ചകൾ നടത്തേണ്ട സമയത്ത് അഞ്ചാഴ്ചത്തേക്ക് പാർലിമെന്റ് സസ്പെൻഡ് ചെയ്തിരിക്കുന്നത് അട്ടിമറിയാണെന്നാണ് പ്രതിപക്ഷം വിമർശിച്ചിരിക്കുന്നത്. സസ്പെൻഷനെ തുടർന്ന് ഒക്ടോബർ 14നായിരിക്കും പാർലിമെന്റ് സമ്മേളനം ആരംഭിക്കുന്നത്.തുടർന്ന് ബ്രെക്സിറ്റ് ചർച്ചകൾക്കായി എംപിമാർക്ക് രണ്ടാഴ്ച മാത്രമായിരിക്കും സമയം ലഭിക്കുന്നത്.

പ്രധാനമന്ത്രിയുടെ ജനാധിപത്യവിരുദ്ധമായ നീക്കത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നേതാവും ലേബർ തലവനുമായ ജെറമി കോർബിൻ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.ജനാധിപത്യത്തിന് മേൽ കൈയൂക്ക് പ്രയോഗിക്കാനാണ് ബോറിസ് നീക്കം നടത്തുന്നതെന്നും കോർബിൻ ആരോപിക്കുന്നു. ഡീലില്ലാതെ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതില് പാർലിമെന്റിലെ ഭൂരിഭാഗം എംപിമാർക്കും വിയോജിപ്പുള്ള സാഹചര്യത്തിലാണ് ബോറിസ് പാർലിമെന്റ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.നോ ഡീൽ ബ്രെക്സിറ്റിനുള്ള ഭേദഗതി നേരത്തെ എംപിമാർ ഇതിന് മുമ്പ് രണ്ട് പ്രാവശ്യം വോട്ട് ചെയ്ത് തോൽപിച്ചിരുന്നു.

പാർലിമെന്റ് സസ്പെൻഡ് ചെയ്തത് എന്തുകൊണ്ട്...?

യൂറോപ്യൻ യൂണിയനിൽ നിന്നും ഡീൽ ലഭിച്ചാലും ഇല്ലെങ്കിലും ഒക്ടോബർ 31നകം യുകെയെ യൂറോപ്യൻ യൂണിയന് പുറത്തെത്തിച്ച് താൻ വാഗ്ദാനം ചെയ്തത് പോലുള്ള ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിന് എംപിമാരിൽ നിന്നും യാതൊരു തടസവുമില്ലാതിരിക്കുന്നതിനാണ് ബോറിസ് പാർലിമെന്റിനെ ഇത്രയും ദിവസങ്ങൾ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തിരിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുകെ യഥാർത്ഥത്തിൽ ഈ വർഷം മാർച്ച് 29നായിരുന്നു യൂണിയനിൽ നിന്നും വിട്ട് പോകേണ്ടിയിരുന്നത്.

എന്നാൽ യൂറോപ്യൻ യൂണിയനുമായി വിലപേശി തയ്യാറാക്കിയിരുന്ന ബ്രെക്സിറ്റ് ഡീൽ മൂന്ന് പ്രാവശ്യം പാർലിമെന്റ് നിരസിച്ചതിനെ തുടർന്ന് ഈ തീതയി ഒക്ടോബർ 31ലേക്ക് നീട്ടുകയായിരുന്നു. മുൻ പ്രധാനമന്ത്രി തെരേസ ബ്രെക്സിറ്റിനായി തയ്യാറാക്കിയിരുന്ന ഡീൽ മൂന്ന് പ്രാവശ്യം പാർലിമെന്റ് തള്ളിയിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ബ്രെക്സിറ്റ് നടപ്പിലാക്കുന്ന വേളയിൽ പാർലിമെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവാതിരിക്കാനാണ് ബോറിസ് ഇപ്പോൾ പാർലിമെന്റിനെ തന്നെ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.

ഓട്ടം സീസണിൽ പാർലിമെന്റ് ഏതാനും ആഴ്ചകൾ സസ്പെൻഡ് ചെയ്യുക സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് ചെയ്തിരിക്കുന്നത് സാധാരണ സസ്പെൻഡ് ചെയ്യുന്നത് പോലെയല്ലെന്ന വിമർശനമാണ് ശക്തമാകുന്നത്. അതായത് രാജ്യത്തിന്റെ ഭാവിയെ തന്നെ നിർണയിക്കുന്ന ബ്രെക്സിറ്റ് പ്രക്രിയനടപ്പിലാക്കുന്ന ഈ നിർണായക സമയത്ത് പാർലിമെന്റിൽ ഇത് ധാരാളം സമയമെടുത്ത് ചർച്ച ചെയ്ത് നിർണായകമായ തീരുമാനങ്ങൾ എംപിമാർക്ക് കൈക്കൊള്ളേണ്ടുന്ന അവസരത്തിൽ പാർലിമെന്റ് സസ്പെൻഡ് ചെയ്തത് അനുചിതമാണെന്നാണ് വിമർശകർ അഭിപ്രായപ്പെടുന്നത്.

ഇനി എന്ത് സംഭവിക്കും?

നിർണായകമായ സമയത്ത് പാർലിമെന്റ് സസ്പെൻഡ് ചെയ്തതിനെ തുടർന്ന് എന്താണ് ഇനി സംഭവിക്കുകയെന്ന് ഏവരും ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്ന അവസരമാണിത്. ഇതിനെതിരെ കടുത്ത പ്രതിഷേധം പുകയുന്നുണ്ടെങ്കിലും ബോറിസിന്റെ നടപടിക്കെതിരെ നിയമനടപടിക്ക് പോകാൻ വകുപ്പില്ലെന്നതാണ് യാഥാർത്ഥ്യം. കാരണം തത്വത്തിൽ നിയമവിരുദ്ധമായ യാതൊന്നും ബോറിസ് ചെയ്തിട്ടില്ലെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

അതായത് ഓരോ സെഷന്റെ അവസാനത്തിലും പാർലിമെന്റ് ഇത്തരത്തിൽ കുറച്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാറുണ്ട്. എന്നാൽ നിലവിലെ അവസരം അസാധാരണമാണെന്നതാണ് വിമർശനങ്ങൾക്കും ആശങ്കകൾക്കും വഴിമരുന്നിട്ടിരിക്കുന്നത്. യുകെയെ യൂറോപ്യൻ യൂണിയന് പുറത്തെത്തിക്കുമെന്ന് തന്റെ കാംപയിൻ വാഗ്ദാനം ഏത് വിധേനയും നടപ്പിലാക്കാനാണ് ബോറിസ് കടുത്ത നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെ തുടർന്ന് എംപിമാർക്ക് നിലവിലെ സാഹചര്യത്തിൽ നോ ഡീൽ ബ്രെക്സിറ്റ് എന്ന റിസ്‌കിനൊപ്പം എംപിമാർക്ക് മുന്നോട്ട് നീങ്ങാം. ഇല്ലെങ്കിൽ ഗവൺമെന്റിനെ പുറത്താക്കാനുള്ള അവിശ്വാസ പ്രമേയം കൊണ്ടു വരുകയും ചെയ്യാം.

സമ്മർ വെക്കേഷൻ കഴിഞ്ഞ് എംപിമാർ സെപ്റ്റംബർ മൂന്നിനാണ് തിരിച്ചെത്തുന്നത്. തുടർന്ന് സെപ്റ്റംബർ പത്ത് മുതൽ സസ്പെൻഷൻ ആരംഭിക്കുകയും ചെയ്യും. എന്നാൽ സെപ്റ്റംബർ പത്തിന് മുമ്പ് ഒരു അവിശ്വാസ പ്രമേയം ബോറിസിനെതിരെ പാസാക്കാൻ എംപിമാർക്ക് സാധിച്ചാൽ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കും. ടോറികൾ ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുമോ എന്നതിനെ അടിസ്ഥാനമാക്കിയാണ് തുടർന്ന് ബ്രെക്സിറ്റ് നടപ്പിലാകുമോ എന്ന കാര്യം തീരുമാനിക്കപ്പെടുന്നത്.

എന്തുകൊണ്ടാണ് ഈ ബഹളങ്ങൾ?

ബോറിസ് നോ ഡീൽ ബ്രെക്സിറ്റ് നടപ്പിലാക്കുന്നത് തടയുന്നതിന് വേണ്ടത്ര സമയം പാർലിമെന്റിന് ലഭിക്കില്ലെന്നതിനാലാണ് പാർലിമെന്റ് സസ്പെൻഷനെതിരെ കടുത്ത പ്രതിഷേധം കനക്കുന്നത്.പാർലിമെന്റിലെ ഭൂരിഭാഗം എംപിമാരും നോ ഡീൽ ബ്രെക്സിറ്റിനെ എതിർക്കുന്ന സാഹചര്യത്തിലും പുതിയ നീക്കത്തിലൂടെ അവർക്ക് അതിന് കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ.എംപിമാർ ബ്രെക്സിറ്റിനെ കുറിച്ച് ചർച്ച ചെയ്യുന്നത് തടയുന്നതിനുള്ള കുതന്ത്രമാണിതെന്നാണ് കോമൺസ് സ്പീക്കറായ ജോൺ ബെർകൗ പ്രതികരിച്ചിരിക്കുന്നത്.

ബോറിസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ ലണ്ടനിൽ നൂറ് കണക്കിന് പേരാണ് തെരുവുകളിലിറങ്ങിയിരിക്കുന്നത്. ഈ നീക്കത്തിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മില്യൺ കണക്കിന് പേരാണ് ഒപ്പിട്ടിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ എംപിമാർക്ക് നോ ഡീലിനെ തടുക്കുന്നതിനായി വളരെ കുറച്ച് സമയം മാത്രമേ ലഭ്യമാവുകയുള്ളൂവെന്നാണ് വിമർശകർ ആരോപിക്കുന്നത്.

എന്നാൽ എംപിമാർ നോ ഡീലിനെ എതിർത്ത് തോൽപിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ നീക്കമല്ല ബോറിസ് നടത്തിയിരിക്കുന്നതെന്നാണ് കാബിനറ്റ് മിനിസ്റ്ററായ മൈക്കൽ ഗോവ് പറയുന്നത്. അതായത് ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിന് മുമ്പ് എംപിമാർക്ക് ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ധാരാളം സമയം ലഭിക്കുമെന്നും ഗോവ് പറയുന്നു. പാർലിമെന്റ് സസ്പെൻഷൻ കഴിഞ്ഞ് ഒക്ടോബർ15നായിരിക്കും രാജ്ഞിയുടെ പ്രസംഗം നടക്കുമെന്നും ഇതിലൂടെ ആകർഷകമായ തന്റെ ബ്രെക്സിറ്റ് അജണ്ട വിശദീകരിക്കപ്പെടുമെന്നും ബോറിസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP