Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ചാക്ക് മൂടി മുകളിൽ മണൽ വിരിച്ച മരണക്കുഴി! എട്ട് വർഷം മുമ്പ് കുഴിച്ച കിണറിൽ വെള്ളം വറ്റിയതോടെ ഉപയോഗ ശ്യൂന്യമായി; അശാസ്ത്രീയമായി വിരിച്ച ചാക്ക് മാറിപോയപ്പോൾ സഹോദരനൊപ്പം കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ വീണത് കാണാക്കയത്തിൽ; കണ്ണീരുമായി രാജ്യം മുഴുവൻ പ്രാർത്ഥിച്ചിട്ടും സുജിത് വിൽസണെ രക്ഷിക്കാനായില്ല; എല്ലാത്തിനും കാരണം സുപ്രീംകോടതി വിധി പോലും മറികടന്നുള്ള കുഴൽ കിണർ നിർമ്മാണം; ഓർമ്മകളിലേക്ക് ഓടിയെത്തുന്നത് ഭരതൻ ചിത്രമായ മാളൂട്ടിയുടെ സങ്കടക്കാഴ്ചകൾ

ചാക്ക് മൂടി മുകളിൽ മണൽ വിരിച്ച മരണക്കുഴി! എട്ട് വർഷം മുമ്പ് കുഴിച്ച കിണറിൽ വെള്ളം വറ്റിയതോടെ ഉപയോഗ ശ്യൂന്യമായി; അശാസ്ത്രീയമായി വിരിച്ച ചാക്ക് മാറിപോയപ്പോൾ സഹോദരനൊപ്പം കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ വീണത് കാണാക്കയത്തിൽ; കണ്ണീരുമായി രാജ്യം മുഴുവൻ പ്രാർത്ഥിച്ചിട്ടും സുജിത് വിൽസണെ രക്ഷിക്കാനായില്ല; എല്ലാത്തിനും കാരണം സുപ്രീംകോടതി വിധി പോലും മറികടന്നുള്ള കുഴൽ കിണർ നിർമ്മാണം; ഓർമ്മകളിലേക്ക് ഓടിയെത്തുന്നത് ഭരതൻ ചിത്രമായ മാളൂട്ടിയുടെ സങ്കടക്കാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുച്ചിറപ്പള്ളി: കളിക്കുന്നതിനിടെയാണ് സുജിത് വിൽസൺ കുഴൽകിണറിലേക്ക് വീണത്. വീടിന് അടുത്തുള്ള കുഴൽകിണർ ചാക്കിട്ടുമൂടി മുകളിൽ മണൽ വിരിച്ചിരുന്നു. എന്നാൽ ചാക്ക് മാറിപ്പോയതോടെയാണ് സഹോദരനൊപ്പം കളിക്കുന്നതിനെ രണ്ടരവയസുകാരൻ വീണത്. പിന്നെ രക്ഷാ സേനയുടെ വരവ്. എങ്ങനേയും സുജിത്തിനെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമം. ഒടുവിൽ എല്ലാം വിഫലം. എട്ട് കൊല്ലം മുമ്പുണ്ടാക്കിയ കുഴൽകിണറിലാണ് സുജിത് വീണത്. വെള്ളം കിട്ടതോടെ ഉപയോഗ ശൂന്യമായി. എന്നിട്ടും അത് വേണ്ടവിധം അത് മൂടിയില്ല. ഇതാണ് ദുരന്തമുണ്ടാക്കിയത്.

ഭരതന്റെ സംവിധാനത്തിൽ ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ മാളൂട്ടി. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മലയാളിയെ കരയിച്ച ഈ ചിത്രത്തിന് സമാനമായ രംഗങ്ങളാണ് നാല് ദിവസമായി തിരുച്ചിറപ്പള്ളിയിലും കണ്ടത്. കുഴൽ കിണറുകൾ കൃത്യമായി മൂടിയില്ലെങ്കിലുള്ള ദുരന്ത സാധ്യതയാണ് മാളൂട്ടിയിലൂടെ മലയാളി അന്ന് അറിഞ്ഞത്. ഈ വേദനയിലേക്ക് വീണ്ടും ഏവരേയും കൂട്ടിക്കൊണ്ട് പോകുന്നതാണ് തിരുച്ചിറപ്പള്ളിയിലെ സുജിത് വിൽസണിന്റെ വിയോഗവും.

രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പല കാലങ്ങളായി കുട്ടികൾ കുഴൽ കിണറുകളിലും കിണറുകളിലും വീഴുന്നുവെന്ന വാർത്തകൾ ഉണ്ടാകാറുണ്ട്. ഈ വാർത്തകൾ കേൾക്കുമ്പോൾ മലയാളികൾ ആദ്യം ഓർക്കുന്നത് പക്ഷേ ഒരു സിനിമയാണ്. 1990ൽ ജോൺപോൾ രചിച്ച് ഭരതന്റെ സംവിധാനത്തിൽ എത്തിയ ചിത്രം 'മാളൂട്ടി'. സിനിമ കണ്ട ആർക്കും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ അതിലെ രംഗങ്ങൾ മനസ്സിലേക്ക് വരാതിരിക്കില്ല. ജയറാം, ഉർവശി, ബേബി ശ്യാമിലി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. കുടുംബത്തിൽ നിന്നും അകന്ന് മറ്റൊരു സ്ഥലത്ത് അവധി ആഘോഷിക്കാനെത്തുന്ന കുടുംബം. അച്ഛന്റെയും അമ്മയുടെയും ശ്രദ്ധ തെറ്റിയപ്പോൾ കളിച്ചുകൊണ്ടിരുന്ന കുട്ടി ആഴമുള്ള കിണറിലേക്ക് വീഴുന്നു. പിന്നീടുള്ള രക്ഷാപ്രവർത്തനങ്ങളും കുഞ്ഞിനെ പുറത്തെടുക്കലുമാണ് മാളൂട്ടി പറയുന്നത്. 2017ൽ പുറത്തിറങ്ങിയ നയൻതാര പ്രധാന വേഷത്തിലെത്തിയ 'അറം' എന്ന ചിത്രവും സമാനമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ 'മാളൂട്ടി' പുറത്തിറങ്ങി 30 വർഷത്തോളം ആകുമ്പോഴും സ്ഥിതിഗതികൾക്ക് മാറ്റമില്ല. മൂടാത്ത കിണറുകളും കുഴികളും കുഴൽകിണറുകളും ഇന്നും നിലനിൽക്കുന്നു.

കഴിഞ്ഞ ജൂണിൽ പഞ്ചാബിലെ ഭഗ്വൻപുര ഗ്രാമത്തിലും സമാനസംഭവമുണ്ടായിട്ടുണ്ട്. ആറ് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമായിരുന്നു രണ്ട് വയസുകാരനായ കുട്ടിയെ പുറത്തെത്തിച്ചത്. എന്നാൽ പുറത്തെടുക്കുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്നും രണ്ട് വയസ്സുകാരനെ ഓർത്ത് രാജ്യം വേദനിച്ചു. ഇനിയെങ്കിലും കുഴൽകിണർ ദുരന്തങ്ങൾ ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചു. മുൻകരുതൽ എടുക്കുമെന്ന് ഏവരും ശപഥം ചെയ്തു. എന്നാൽ അതൊന്നും ലക്ഷ്യത്തിലേക്ക് നയിച്ചില്ലെന്ന് തെളിയിക്കുന്നതാണ് സുജിത്തിന്റെ മരണവും.

ഉപയോഗശൂന്യമായതും അശ്രദ്ധമായി തുറന്ന് കിടക്കുന്നതുമായ കുഴൽക്കിണറുകൾ മൂടാത്ത പക്ഷം കടുത്ത ശിക്ഷ കൊടുക്കണമെന്ന പൊതു വികാരമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. 2019 ൽ മാത്രം നിരവധി സംഭവമുണ്ടായെന്ന് കണക്കുകളുമായി സോഷ്യൽ മീഡിയ വിശദീകരിക്കുന്നു. പഞ്ചാബിൽ ഒക്ടോബർ മാസം കുഴൽ കിണറിൽ വീണ ഒരു രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി. മെയ് 2019 ജോധ്പൂരിൽ 4 വയസ്സുകാരി 440 അടി താഴ്‌ച്ചയിലുള്ള കുഴൽക്കിണറിൽ വീണു മരണപ്പെട്ടതും ഇതിൽ ചിലതാണ്. മാർച്ച് 2019 മധ്യപ്രദേശിൽ ദേവസിൽ 4 വയസ്സുകാരനെ കുഴൽക്കിണറിൽ നിന്നും രക്ഷപ്പെടുത്തി. ഏപ്രിൽ 2019 ഫറുക്കബാദിൽ 4 വയസ്സുകാരിയെ നഷ്ട്ടപ്പെട്ടു. ജനുവരിയിൽ ഭോപ്പാലിൽ 2 വയസ്സുകാരനെ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തി. ഡൽഹിയിൽ മാത്രം കുഴികളിലും മാൻഹോളുകളിലും കുഴൽക്കിണറുകളിലുമൊക്കെയായി 175 കുട്ടികൾ 2010 അപാകത്തിൽപെട്ടു. അത് 192 എന്നായി 2011ൽ, 194 കുട്ടികൾ 2012 അപകടത്തിൽ പെട്ടു.

ഇത്തരം അപകടങ്ങൾ കൂടിയത് മൂലം 2010 ൽ സുപ്രീം കോടതി തക്കതായ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇതൊക്കെ കാറ്റിൽ പറത്തിയുള്ള കുഴൽക്കിണർ നിർമ്മാണം നിർത്തുവാനും അത്തരം ഏജൻസികൾ നിർത്തലാക്കുവാനുംസർക്കാർ തലത്തിൽ ഇടപെടൽ വരണം. പൊതു കുഴൽക്കിണറുകളുടെ വ്യക്തമായ കണക്കുകൾ ഓരോ സംസ്ഥാനവും സൂക്ഷിക്കണം. ഉപയോഗിക്കാത്തവ മൂടണം എന്ന സുപ്രീംകോടതി നിയമം നടപ്പിലാക്കുന്നുണ്ടോയെന്ന് അടിയന്തിരമായി അന്വേഷിക്കുവാൻ എല്ലാ സംസ്ഥാന സർക്കാരും അടിയന്തര നടപടികൾ എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഭരതന്റെ മാളൂട്ടിയെന്ന സിനിമ പകർന്ന് നൽകിയ വേദന ഇന്നും മാറാത്തതിന് കാരണം ഭരണകൂടത്തിന്റെ ഇടപെടലുകളുടെ പോരായ്മയാണ്. ആർക്കും വേണ്ടാത്ത കുഴൽ കിണറുകൾ മൂടേണ്ടതിന്റെ ആവശ്യകതയാണ് തിരുച്ചിറപ്പള്ളിയിലെ ദുരന്തവും ഓർമിപ്പിക്കുന്നത്.

പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വൻപുര ഗ്രാമത്തിലും രണ്ടു വയസുകാരൻ ഫത്തേവർ സിങ് എന്ന ബാലൻ ഉപയോഗ ശൂന്യമായ 150 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണത് ഏറെ പ്രതിഷേധങ്ങൾക്കിട നൽകിയിരുന്നു. കൂട്ടുകാരുടെ കൂടെ കളിക്കുന്നതിനിടയാണ് ബാലൻ കാലുവഴുതി കിണറിലേക്ക് വീണത്. മാതാപിതാക്കളുടെ ഏകമകനാണ് കുഴൽക്കിണറിൽ വീണ ഫത്തേവീർ. കുട്ടിയുടെ രണ്ടാം പിറന്നാൾ ആഘോഷിച്ച് ദിവസങ്ങൾക്കകം ഉള്ള മരണം. ഹരിയാനയിലെ ഹിസാറിൽ 60 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ ഒന്നര വയസ്സുകാരനെ രക്ഷപ്പെടുത്തിയതും രാജ്യം ശ്വാസമടക്കിയാണ് കേട്ടിരുന്നത്.. 48 മണിക്കൂർ മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഒന്നര വയസ്സുകാരൻ നദീം ഖാനെ പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സൈന്യത്തിലെ വിദഗ്ധരും ചേർന്ന് രക്ഷപ്പെടുത്തിയത്.

കുഴൽക്കിണറിൽ നിന്ന് 20 അടി മാറി മറ്റൊരു കിണർ ആദ്യം കുഴിച്ചു. ഇതിൽ നിന്ന് നദീം വീണുകിടക്കുന്ന ഭാഗത്തേക്ക് തുരങ്കവും. ഇരുട്ടിലും പ്രത്യേക ക്യാമറ ഉപയോഗിച്ച് കുഴൽകിണറിനുള്ളിൽ കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിക്കാനായി ബിസ്‌ക്കറ്റും, ജ്യൂസും നൽകി. ശ്വാസംമുട്ടാതിരിക്കാൻ ഓക്‌സിജൻ ട്യൂബും കിണറ്റിലേക്ക് ഇറക്കി. കുട്ടിയുടെ അടുത്തെത്താറായപ്പോൾ യന്ത്രങ്ങൾ ഒഴിവാക്കി കൈകൊണ്ടാണ് തുരങ്കത്തിലെ മണ്ണു നീക്കിയത്. ഇവിടേയും മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് നദീം ഖാൻ കുഴൽ കിണറിൽ വീണത്. അങ്ങനെ കുട്ടികളെ ചതിച്ചു വീഴ്‌ത്തുന്ന ഗർത്തങ്ങളായി ഉപയോഗ ശൂന്യമായ കുഴൽ കിണറുകൾ മാറുകയാണ്.

തിരുച്ചിറപ്പള്ളിയിൽ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാജ പ്രചരണവും എത്തി. കുഞ്ഞിനെ കുഴിയിൽ നിന്ന് രക്ഷപ്പെടുത്തി എന്ന പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആന്ധ്ര പ്രദേശിൽ രണ്ട് വർഷം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗുണ്ടൂർ എന്ന സ്ഥലത്ത് 2017 ഓഗസ്റ്റ് 16നാണ് അപകടമുണ്ടായത്. ഉമ്മഡിവരം എന്ന ആന്ധ്ര ഗ്രാമത്തിൽ വീടിന് സമീപം കളിച്ച് കൊണ്ടിരുന്ന ചന്ദ്രശേഖർ എന്ന രണ്ട് വയസ്സുകാർ കുഴൽ കിണറിനുള്ളിൽ വീഴുകയായിരുന്നു. 15 അടിയോളം താഴ്ചയിലേക്കാണ് കുഞ്ഞ് പതിച്ചത്. തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിൽ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. 12 മണിക്കൂർ നീണ്ടതായിരുന്നു രക്ഷാ പ്രവർത്തനം.

ഈ വീഡിയോ തിരുച്ചിറപ്പള്ളിയിലെ കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെതാണ് എന്ന പേരിലാണ് പ്രചരിപ്പിച്ചത്. കുഞ്ഞിനെ രക്ഷാ പ്രവർത്തകർ കുഴിയിൽ നിന്ന് പുറത്തേക്ക് എടുക്കുന്നതും ആളുകൾ ആർപ്പ് വിളിക്കുന്നതും കുഞ്ഞിന് അടിയന്തര ചികിത്സ നൽകുന്നതും വീഡിയോയിൽ കാണാമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP