Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈ ബെഡ്ഡിൽക്കിടന്നാൽ ഒരാൾ ഉറങ്ങുന്നത് ഫ്രാൻസിലെങ്കിൽ മറ്റേയാൾ ഉറങ്ങുന്നത് സ്വിറ്റ്‌സർലൻഡിൽ; ഈ നഗരത്തിന്റെ ഒരു ഭാഗം കാനഡയിലെങ്കിൽ മറുഭാഗം അമേരിക്കയിൽ; അതിർത്തിയുടെ പേരിൽ രാജ്യങ്ങൾ യുദ്ധത്തിനൊരുങ്ങുമ്പോൾ രസകരമായ ചില അതിർത്തി വിശേഷങ്ങളിതാ

ഈ ബെഡ്ഡിൽക്കിടന്നാൽ ഒരാൾ ഉറങ്ങുന്നത് ഫ്രാൻസിലെങ്കിൽ മറ്റേയാൾ ഉറങ്ങുന്നത് സ്വിറ്റ്‌സർലൻഡിൽ; ഈ നഗരത്തിന്റെ ഒരു ഭാഗം കാനഡയിലെങ്കിൽ മറുഭാഗം അമേരിക്കയിൽ; അതിർത്തിയുടെ പേരിൽ രാജ്യങ്ങൾ യുദ്ധത്തിനൊരുങ്ങുമ്പോൾ രസകരമായ ചില അതിർത്തി വിശേഷങ്ങളിതാ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: അതിർ്ത്തിത്തർക്കങ്ങളുടെ പേരിലാണ് ലോകത്തേറ്റവും കൂടുതൽ യുദ്ധങ്ങളുണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതൽ ജീവൻ പൊലിഞ്ഞിട്ടുള്ളത്. അതിർത്തികൾ സംരക്ഷിക്കാൻ വേണ്ടിയാണ് ലോകത്തിന്റെ സമ്പത്തിൽ പാതിയിലേറെയും ചെലവഴിക്കപ്പെടുന്നത്. രാവും പകലും കണ്ണിമ ചിമ്മാതെ സൈന്യം കാവൽ നിൽക്കുന്നത്. അതിർത്തികൾക്കുവേണ്ടിയുള്ള സംഘർഷം മനുഷ്യനുണ്ടായ കാലം മുതൽക്കേയുള്ളതാണ്. അതിർത്തികൾ ചില കൗതുകവും പങ്കുവെക്കുന്നതുണ്ട്. ആ കഥകളാണ് അസാധാരണ അതിർത്തികളുടെ അറ്റ്‌ലസ് എന്ന പുസ്തകത്തിൽ സെർബിയക്കാരനായ സോറാൻ നിക്കോലിക് പറയുന്നത്.

യൂറോപ്യൻ യൂണിയനിലല്ലാത്ത ജർമൻ പട്ടണം, ഫ്രാൻസിലും സ്വിറ്റ്‌സർലൻഡിലുമായി പകത്തുകിടക്കുന്ന ഹണിമൂൺ കോട്ടേജ് തുടങ്ങി കൗതുകകരമായ വിശേഷങ്ങളാണ് ഈ ഭൂപടത്തിൽനിറയെ. അമേരിക്കയിലും കാനഡയിലുമായി കിടക്കുന്ന കനേഡിയൻ പട്ടണത്തെക്കുറിച്ചുള്ള വിവരങ്ങളും അതിലുണ്ട്. അത്തരം ചില വിശേഷങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. 270 താമസക്കാർ മാത്രമുള്ള മെദുർജെജെ സെർബിയയിലെ ചെറിയൊരു ഗ്രാമമാണ്. 400 ഹെക്ടർമാത്രമുള്ള ഈ ഗ്രാമം സെർബിയയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അത് യഥാർഥത്തിൽ ബോസ്‌നിസ ഹെർസഗോവിനയുടെ ഭാഗമാണ്. മുക്കാൽ കിലോമീറ്റർ അകലെയാണ് ബോസ്‌നിയൻ അതിർത്തി. ഒട്ടോമൻ ഭരണകകാലത്ത്, ബോസ്്‌നിയൻ നാട്ടുരാജാവ് തന്റെ ഭാര്യമാരിലൊരാൾക്ക് സമ്മാനമായി നൽകിയതാണ് ഈ 400 ഹെക്ടറെന്നാണ് കരുതുന്നത്. ബോസ്‌നിയൻ പട്ടണമായ റൂഡോയുടെ ഭാഗമായാണ് ഈ കഷ്ണം ഭുമി കരുതുന്നത്.

ബോസ്‌നിയയടെ ഭാഗമാണെങ്കിലും, തങ്ങളുടെ രാജ്യത്തിനകത്തുള്ള ഈ പ്രദേശത്തുള്ളവർക്ക് വൈദ്യുതിയും മറ്റ് സൗകര്യങ്ങളുമൊരുക്കുന്നത് സെർബിയയാണ്. സെർബിയൻ സിലബസാണ് ഇവിടുത്തെ കുട്ടികൾ പഠിക്കുന്നതം. ഫലത്തിൽ, സെർബിയയ്ക്കകത്ത് സെർബിയക്കാരായി ജീവിക്കുകയാണ് ഈ ബോസ്‌നിയക്കാർ!

ഫ്രാൻസിലുമുണ്ട് ഇത്തരത്തിലൊരു അന്യദേശം. ലിവിയയെന്നാണ് അതിന്റെ പേര്. അൻഡോറയ്ക്ക് കിഴക്കായി ഫ്രാൻസിന്റെയും സ്‌പെയിനിന്റെയും അതിർത്തിയിൽനിന്ന് അരക്കിലോമീറ്റർ മാത്രം ഉള്ളിലാണ് ലിവിയ. ഫ്രാൻസിലാണ് കിടപ്പെങ്കിലും സ്‌പെയിന്റെ ഭാഗമാണ് ലിവി. പഴയ കാലറ്റലൻ രാജ്യമായിരുന്ന സെർഡാന്യയുടെ തലസ്ഥാനമായിരുന്നു ലിവിയ. 17-ാം നൂറ്റാണ്ടിൽ അതിർത്തികൾ നിശ്ചയിച്ചപ്പോൾ വടക്കൻ സെർഡാന്യയിലെ ഗ്രാമങ്ങളെല്ലാം സ്‌പെയിൻ ഫ്രാൻസിന് വിട്ടുകൊടുത്തു. എന്നാൽ, ലിവിയയെ നിലനിർത്തി. കാറ്റലോണിയയുടെ ജന്മദേശമെന്ന് കരുതപ്പെടുന്നതുകൊണ്ടാണ് സ്‌പെയിൻ ലിവിയയെ വിട്ടുകൊടുക്കാതിരുന്നത്. 1500-ഓളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.

ജർമനി യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്. എന്നാൽ, ബസിങ്കൻ ആം ഹെച്ചെറിൻ എന്ന ജർമൻ പട്ടണം യൂറോപ്യൻ യൂണിയനിലല്ല. സ്വിറ്റ്‌സർലൻഡിന്റെ ഭൂപരിധിക്കുള്ളിലാണ് ബസിങ്കൻ. സ്വിറ്റ്‌സർലൻഡ് വ്യാപാര നിയമങ്ങളും സ്വിസ് ഫ്രാങ്കുമാണ് ഇവിടെ പ്രയോഗത്തിലുള്ളത്. യൂറോയിലും ഇടപാടുകൾ നടക്കുമെങ്കിലും, സ്വിറ്റ്‌സർലൻഡിന്റെ ഭാഗമായാണ് ഈ ജർമൻ പട്ടണം പരിഗണിച്ചുപോരുന്നത്. ഒന്നാം ലോകയുദ്ധത്തിനുശേഷം സ്വിറ്റ്‌സർലൻഡിൽ ചേരുന്നതിനായി പല തവണ ഇവിടെ ഹിതപരിശോധനകൾ നടന്നിട്ടുമുണ്ട്. എന്നാൽ, ജർമനിക്ക് പകരംകൊടുക്കാൻ ഭൂമിയില്ലാത്തതിനാൽ, സ്വിറ്റ്‌സർലൻഡ് ഇവരുടെ ആവശ്യം പരിഗണിക്കുന്നില്ല.

നെതതർലൻഡ്‌സിന്റെ തെക്കൻ പ്രദേശത്ത് ബെൽജിയത്തിന്റെ അതിർത്തിയിലാണ് ബാർലെ. പാതി ഡച്ചും പാതി ബെൽജിയനുമാണ് ഈ പട്ടണം. ഡച്ച് ബാർലെ നാസുവും ബെൽജിയൻ ബാർലെ ഹെർറ്റോഗും ഇവിടെയുണ്ട്. ഡച്ച് ഭാഗത്തേക്ക് തുറക്കുന്ന ഇരുപതോളം കെട്ടിടങ്ങൾ ബെൽജിയൻ ഭാഗത്തുണ്ട്. തിരിച്ച് പത്തോളം കെട്ടിടങ്ങൾ ഡച്ച് ഭാഗത്തുണ്ട്. കെട്ടിടത്തിന്റെ മുൻവാതിൽ എങ്ങോട്ടാണോ അത് പരിഗണിച്ചാണ് അതിർത്തിക്ക് കുറുകെയുള്ള ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ പൗരത്വം പോലും നിർണയിക്കുന്നത്.

ലോകത്തേറ്റവും ദൈർഘ്യമേറിയ അതിർത്തിയാണ് അമേരിക്കയും കാനഡയ്ക്കുമിടയിലുള്ളത്. 5524 കിലോമീറ്ററാണ് ദൈർഘ്യം. നോർത്ത്‌വെസ്റ്റ് ആംഗിൾ എന്ന അമേരിക്കൻ ടെറിട്ടറിയാണ് കാനഡയ്ക്കും അമേരിക്കയ്ക്കുമിടയിൽ ആശയക്കുഴപ്പമുണ്ടാക്കി സ്ഥിതി ചെയ്യുന്നത്. കാനഡയുടെ ഭാഗത്തുനിന്ന് ആരെങ്കിൽ അതിർത്തികടക്കേണ്ടിവന്നാൽ അവർ യു.എസ്. അധികൃതരിൽനിന്ന് അനുനതി തേടേണ്ടിവരും. മേഖലയിലാകെ ഇത്തരം ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന പ്രദേശങ്ങളുണ്ട്.

പസഫിക് സമുദ്രത്തിലെ ഡിയോമീഡ് ദ്വീപിന്റെ അവസ്ഥയും വിചിത്രമാണ്. റഷ്യയുടെ ഉടമസ്ഥതയിലുള്ള ബിഡ് ഡിയോമൈഡും അമേരിക്കയുടെ ഭാഗമായ ലിറ്റിൽ ഡിയോമൈഡും തമ്മിൽ രണ്ടരക്കിലോമീറ്റർ സമുദ്രത്തിന്റെ വ്യത്യാസമേയുള്ളൂ. എന്നാൽ, ഇവയ്ക്കിടയിലൂടെയാണ് ഇന്റർനാഷണൽ ഡേറ്റ് ലൈൻ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ, ലിറ്റിൽ ഡിയോമൈഡ് യെസ്റ്റർഡേ ഐലൻഡെന്നും ബിഗ് ഡിയോമൈഡ് ടുമോറോ ഐലൻഡെന്നുമാണ് അറിയപ്പെടുന്നത്. സൗദി അറേബ്യക്കും ബഹ്‌റൈനും മധ്യേയുള്ള പാസ്‌പോർട്ട് ദ്വീപും ഇത്തരത്തിലൊരു വിചിത്ര ലോകമാണ്. രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 15 മൈൽ നീളമുള്ള കിങ് ഫഹദ് കോസ്‌വോയിലാണ് ഈ കൃത്രിമ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇരുരാജ്യങ്ങളുടെയും അതിർത്തി സ്റ്റേഷനുകൾ ഇവിടെയാണ്. രണ്ട് പള്ളികളും കോസ്റ്റ് ഗാർഡ് ടവറുകളും രണ്ട് റസ്റ്ററന്റുകളും ഇവിടെയുണ്ട്. '8'-ന്റെ ആകൃതിയാണ് ഈ ദ്വീപിനുള്ളത്. ഒരുഭാഗം സൗദിയിലും മറുഭാഗം ബഹ്‌റൈനിലും.

ഫ്രാൻസിന്റെയും സ്വിറ്റ്‌സർലൻഡിന്റെയും അതിർത്തിയിലുള്ള ചെറുഗ്രാമമാണ് ലാ കൂർ. ജെനീവയിൽനിന്് 30 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ഗ്രാമത്തിന്റെ ഒരുഭാഗം സ്വിറ്റ്‌സർലൻഡിലും ഒരു ഭാഗം ഫ്രാൻസിലുമാണ്. ഇവിടുത്തെ ഹോട്ടൽ അർബെസിലുള്ള ഹണിമൂൺ കോട്ടേജിന്റെ കാര്യമാണ് കൂടുതൽ രസകരം. കോട്ടേജിലെ ഡബിൾബെഡ് രണ്ടു രാജ്യങ്ങളിലായാണ്. ഒരാളുറങ്ങുന്നത് സ്വിറ്റ്‌സർലൻഡിലാണെങ്കിൽ, മറ്റേയാൾ ഫ്രാൻസിലും!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP