Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പകർപ്പവകാശ ലംഘനം നടത്തി; ഇ മൊയ്തു മൗലവിയെ വർഗ്ഗീയവാദിയായി ചിത്രീകരിക്കും വിധം കവറിൽ പുസ്തകത്തെക്കുറിച്ച് രേഖപ്പെടുത്തി; അനുവാദമില്ലാതെ മൗലവിയുടെ ചരിത്ര ചിന്തകൾ എന്ന പുസ്തകം പുനപ്രസിധീകരിച്ച ചെമ്മാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ബുക് പ്ലസിനെതിരെ പരാതിയുമായി മൗലവി ഫൗണ്ടേഷനും ബന്ധുക്കളും

പകർപ്പവകാശ ലംഘനം നടത്തി; ഇ മൊയ്തു മൗലവിയെ വർഗ്ഗീയവാദിയായി ചിത്രീകരിക്കും വിധം കവറിൽ പുസ്തകത്തെക്കുറിച്ച് രേഖപ്പെടുത്തി; അനുവാദമില്ലാതെ മൗലവിയുടെ ചരിത്ര ചിന്തകൾ എന്ന പുസ്തകം പുനപ്രസിധീകരിച്ച ചെമ്മാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ബുക് പ്ലസിനെതിരെ പരാതിയുമായി മൗലവി ഫൗണ്ടേഷനും ബന്ധുക്കളും

കെ വി നിരഞ്ജൻ

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായ പരേതനായ ഇ മൊയ്തു മൗലവി 1981 ൽ പ്രസിദ്ധീകരിച്ച ചരിത്ര ചിന്തകൾ എന്ന ഗ്രന്ഥം പകർപ്പാവകാശ ലംഘനം നടത്തി പുനപ്രസിദ്ധീകരിച്ചതായി പരാതി. 1981 ൽ കോഴിക്കോട്ടെ അൽ -അമീൻ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് തിരൂരങ്ങാടി ചെമ്മാട് ഹിദായത്ത് നഗർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബുക് പ്ലസ് അനുവാദമില്ലാതെ പുനപ്രസിദ്ധീകരിച്ചത്.

കോപ്പിറൈറ്റ് ഉള്ള ഇ മൊയ്തു മൗലവിയുടെ മകൻ പരേതനായ വി സുബൈറിന്റെ ഭാര്യ ബെൻഷ സുബൈറിൽ നിന്നോ മൗലവി ഫൗണ്ടേഷൻ ഭാരവാഹികളിൽ നിന്നോ അനുവാദം വാങ്ങിയല്ല ഗ്രന്ഥ ം പ്രസിദ്ധീകരിച്ചതെന്ന് ഇ മൊയ്തു മൗലവി ഫൗണ്ടേഷൻ സെക്രട്ടറി എൻ പി ഹാഫിസ് മുഹമ്മദും ഇ മൊയ്തു മൗലവി കുടുംബാംഗമായ ഇ കെ ഫാറൂഖും ആരോപിച്ചു. ഇ മൊയ്തു മൗലവിയെ ഒരു വർഗ്ഗീയവാദിയായി ചിത്രീകരിക്കും വിധം കെ മാധവൻ നായർക്കും മഹാകവി കുമാരനാശാനും എതിരായി എഴുതിയ ഗ്രന്ഥമാണ് ചരിത്ര ചിന്തകൾ എന്ന് തെറ്റിദ്ധരിപ്പിക്കും വിധം കവറിലും പിൻകവറിലും പുസ്തകത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

1921 ലെ മലബാർ സമരത്തെക്കുറിച്ച് കെ മാധവൻ നായരുടെ മലബാർ കലാപവും കുമാരനാശാന്റെ ദുരവസ്ഥയും നിർമ്മിച്ചുവിട്ട തെറ്റിദ്ധാരണകളുടെ പൊളിച്ചെഴുത്താണ് ചരിത്ര ചിന്തകൾ എന്നാണ് പുസ്തകത്തിന്റെ കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിം പണ്ഡിതരുടെ നിർണ്ണായക പങ്ക് അടയാളപ്പെടുത്തുന്ന അമൂല്യ രചനയാണ് പുസ്തകമെന്നും കവറിൽ വ്യക്തമാക്കുന്നു. ദുരവസ്ഥയിൽ കുമാരനാശാനും മലബാർ കലാപത്തിൽ കെ മാധവൻ നായരും അന്യായമായി ഉയർത്തിയ മുസ്ലിം വിരുദ്ധതയും പരിഹാസങ്ങളും തുറന്നുകാട്ടുന്ന അപൂർവ്വ കൃതിയാണ് ഇതെന്നും പുറം ചട്ടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സമുദായ മൈത്രിക്ക് വേണ്ടി ജീവിതാവസാനം വരെ നിലകൊണ്ട ഇ മൊയ്തു മൗലവിയെ അപമാനിക്കുന്ന പ്രസ്താവനയാണതെന്ന് മൗലവി ഫൗണ്ടേഷൻ ഭാരവാഹികൾ വ്യക്തമാക്കി. മൗലവിയെ തീവ്ര മുസ്ലിം പക്ഷത്ത് നിർത്താനുള്ള നീക്കമാണിത്. മതസാഹോദര്യത്ിതന് വേണ്ടി നിലകൊണ്ട മൗലവിയെ അവഹേളിക്കുന്നതാണ് ഈ വാചകങ്ങൾ. പുസ്തകത്തിലെ ലേഖനങ്ങൾ തിരുത്തിയിട്ടില്ലെങ്കിലും ഇത്തരത്തിൽ പുറം ചട്ടയിൽ എഴുതിപ്പിടിപ്പിച്ചത് മറ്റെന്തോ ലക്ഷ്യത്തോടെയാണ്. മലബാർ കലാപത്തെ വർഗീയവത്ക്കരിക്കാൻ ബ്രിട്ടീഷുകാർ നടത്തിയതുപോലുള്ള നീക്കമാണ് പ്രസാധകരും നടത്തിയിട്ടുള്ളത്.

കുമാരനാശാന്റെയും മാധവൻ നായരുടെയും നിലപാടുകളെ പുസ്തകം തിരുത്തുന്നുണ്ട്. എന്നാൽ പുസ്തകത്തിന്റെ ലക്ഷ്യമെല്ലാം വിസ്മരിച്ച് ആശാനും മാധവൻനായർക്കുമെതിരെയുള്ള പുസ്തകമെന്ന തരത്തിലാണ് പ്രസാധകർ അവതരിപ്പിക്കുന്നതെന്നും ഇവർ വ്യക്തമാക്കി. കോപ്പി റൈറ്റ് ആക്ട് 51-ാം സെക്ഷൻ ലംഘനം നടത്തിയാണ് ബുക് പ്ലസ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇ മൊയ്തു മൗലവിയുടെ കുടുംബവും ഫൗണ്ടേഷനും പ്രസാധകർക്കെതിരെ നിയമ നടപടികളെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രസാധകർക്ക് വക്കീൽ നോട്ടീസ് അയച്ചു. മൂന്നു ദിവസങ്ങൾക്കകം അച്ചടിച്ച് വിതരണം ചെയ്ത പുസ്തകങ്ങൽ പിൻവലിക്കാനും തെറ്റുതിരുത്താൻ തയ്യാറാവണമെന്നും ഹാഫിസ് മുഹമ്മദും ഇ കെ ഫാറൂഖും ആവശ്യപ്പെട്ടു.

ഇതേ സമയം അനുമതിയില്ലാതെ പുസ്തകം പുനപ്രസിദ്ധീകരിച്ചത് തെറ്റാണെങ്കിലും പുസ്തകത്തിന്റെ കവർ ചട്ടയിൽ എഴുതിച്ചേർത്ത കാര്യങ്ങളിൽ തെറ്റില്ലെന്നുമുള്ള വാദങ്ങളും ഉയരുന്നുണ്ട്. കെ മാധവൻ നായരുടെ മലബാർ കലാപം എന്ന കൃതിയെ കീറിമുറിച്ച് പരിശോധിക്കാനാണ് ചരിത്ര ചിന്തകൾ എന്ന പുസ്തകത്തിൽ മൗലവി ശ്രമിച്ചിട്ടുള്ളത്. ഏതർത്ഥത്തിലും മലബാർ കലാപം എന്ന കൃതിയുടെ ഖണ്ഡന വിമർശനമാണ് ചരിത്ര ചിന്തകൾ.

ആ സംഭവത്തെ കാർഷിക കലാപമായോ മാപ്പിള ലഹളയായോ വിലയിരുത്തുന്നതിനെ തിരുത്തി അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം മാത്രമാണ് എന്ന് തറപ്പിച്ച് പറയുകയാണ് മൗലവി ചെയ്തതെന്നും വാദം ഉയരുന്നുണ്ട്. ഖിലാഫത്ത് ലഹളയെ സംബന്ധിച്ച ചരിത്രം മാധവൻ നായർ മാതൃഭൂമിയിൽ എഴുതിത്ത്തുടങ്ങിയപ്പോൾ അതിലെ അബദ്ധങ്ങൾ മൗലവി ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിരുന്നു. അൽ അമീന്റെ എതിർപ്പിന്റെ ഫലമായി കെ മാധവൻ നായർ ലേഖന പരമ്പര നിർത്തുകയും ചെയ്തുവെന്നും പലരും വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP