Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രാവിവരണം എഴുതിയ ആരെയും വെറുതെ വിട്ടിട്ടില്ല! 'സോമനടി'ക്ക് ഇരയായ മൂന്നാമനെയും കണ്ടുകിട്ടി; കാരൂർ സോമന്റെ 'സ്പെയിൻ കാളപ്പോരിന്റെ നാട് 'എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ തന്റെ ബ്ലോഗിൽ നിന്ന് അടിച്ചുമാറ്റിയതാണെന്ന പരാതിയുമായി വിനീത് ഇടത്തിൽ; നിയമനടപടിയുമായി മുന്നോട്ട് പോകുന്ന നിരക്ഷരന് പിന്തുണയേറുന്നു

യാത്രാവിവരണം എഴുതിയ ആരെയും വെറുതെ വിട്ടിട്ടില്ല! 'സോമനടി'ക്ക് ഇരയായ മൂന്നാമനെയും കണ്ടുകിട്ടി; കാരൂർ സോമന്റെ 'സ്പെയിൻ കാളപ്പോരിന്റെ നാട് 'എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ തന്റെ ബ്ലോഗിൽ നിന്ന് അടിച്ചുമാറ്റിയതാണെന്ന പരാതിയുമായി വിനീത് ഇടത്തിൽ; നിയമനടപടിയുമായി മുന്നോട്ട് പോകുന്ന നിരക്ഷരന് പിന്തുണയേറുന്നു

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: മലയാളത്തിൽ ഇപ്പോൾ പുതിയ വാക്കുകളുടെ വിളവെടുപ്പ് കാലമാണ്.കസബ വിവാദം ചൂടുപിടച്ചതോടെ പിറന്നുവീണ വാക്കാണ് ഫെമിനിച്ചി. ഇപ്പോൾ പുതിയൊരു വാക്കുകൂടി സോഷ്യൽ മീഡിയ സംഭാവന ചെയ്തിരിക്കുന്നു. സോമനടി. സംഗതി രചനാമോഷണമാണ്. സ്‌പെയിൻ കാളപ്പോരിന്റെ നാട് എന്ന കാരൂർ സോമന്റെ പുസ്തകമാണ് കോപ്പിയടി വിവാദത്തിൽ പെട്ടത്. നേരത്തെ രണ്ടുപേർ തങ്ങളുടെ രചനകൾ സോമൻ മോഷ്ടിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.മനോജ് രവീന്ദ്രൻ നിരക്ഷരൻ, സജി തോമസ് എന്നിവരാണ് ആദ്യ രണ്ടുപേർ. ഇപ്പോൾ മൂന്നാമൻ കൂടി രംഗത്തെത്തിയതാണ് പുതിയ വാർത്ത.

ആരാണ് മൂന്നാമൻ?

ദുബായിൽ താമസിക്കുന്ന വിനീത് ഇടത്തിലാണ് ആ മൂന്നാമൻ. കാര്യങ്ങൾ വിനീത് തന്നെ പറയട്ടെ. വിനീതിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലേക്ക്:

സോമേട്ടാ ( കാരൂർ സോമൻ) നന്ദി...!

താനെഴുതിയ അക്ഷരങ്ങൾ അച്ചടി മഷിപുരണ്ട് കാണുക എന്നത് എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടിയ ആരുടെയും ചിരകാലാഭിലാഷമായിരിക്കും. എന്റെ കാര്യത്തിൽ അത് സാധ്യമാവാൻ കാരൂർ സോമൻ വേണ്ടിവന്നു. മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'സ്പെയിൻ കാളപ്പോരിന്റെ നാട്' എന്ന പുസ്തകത്തിലൂടെ യാണ് അത് സാധ്യമായത്. പക്ഷേ സോമേട്ടാ നിങ്ങളൊരു ചെറ്റത്തരം കാണിച്ചു , റോണ്ട മുഴുവൻ കറങ്ങിയതും ആ എഴുതിയതും നിങ്ങളാണെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച് കാശും വാങ്ങി പുട്ടടിച്ചു . നിരക്ഷരനും, സജിയും നിങ്ങളുടെ മോഷണം പിടിച്ചപ്പോൾ എന്റെ കുറിപ്പും നിങ്ങൾ അടിച്ച്മാറ്റിയിട്ടുണ്ടാവും എന്ന് സ്വപ്‌നേപി വിചാരിച്ചില്ല.
മോഷണം കണ്ടെത്താൻ സഹായിച്ച മനോജേട്ടന് (നിരക്ഷരന് ) പ്രത്യേക നന്ദി.
പുസ്തകത്തിലെ 121,122 ,123 ,124 ,125 ,127 പേജുകൾ പൂര്ണ്ണമായും തന്നെ എന്റെ ബ്ലോഗ് പോസ്റ്റ് അടിച്ച് മാറ്റിയതാണ്. ദോഷം പറയരുതല്ലോ പേജ് 128 തരക്കേടില്ലാതെ എഡിറ്റ് ചെയ്തിട്ടുണ്ട്. സാമ്പിളായി എന്റെ ബ്ലോഗ് പേജിന്റെയും, പുസ്തകത്തിലെ പേജിന്റെയും ചിത്രം ചേർക്കുന്നു. ചിത്രത്തിൽ ഇടത് ഭാഗത്തുള്ളത് എന്റെ ബ്ലോഗ് പേജ്, വലത്തുള്ളത് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നും.

അപ്പൊ ഇനി കാര്യത്തിലേക്ക്, ബഷീറിന്റെ ഭാഷയിൽ ഈ കള്ള ബടുക്കൂസ് സാഹിത്യകാരനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുന്ന നിരക്ഷരന്റെ കൂടെ ഞാനും ഉണ്ടാവും. ദയവായി പങ്ക് ചോദിച്ച് ആരും വരരുത്, ഒന്നിനും തെകയൂല അതോണ്ടാ..

ആദ്യ രണ്ടുപേരുടെ പരാതികൾ

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കാരൂർ സോമൻ ബ്‌ളോഗിൽ നിന്ന് യാത്രാവിവരണം അടിച്ചുമാറ്റി പുസ്തകത്തിൽ ചേർത്തുവെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബ്‌ളോഗർ മനോജ് രവീന്ദ്രൻ എന്ന നിരക്ഷരൻ രംഗത്ത് എത്തിയതോടെയാണ് സംഭവം ചർച്ചയായത്. ഇതിന് പിന്നാലെ നിരക്ഷരൻ കോപ്പിയടിച്ചുവെന്ന് വരുത്താൻ ശ്രമം നടന്നു. ഫലിക്കാതെ വന്നതോടെ ഒത്തുതീർപ്പു നീക്കങ്ങളുമുണ്ടായി.

അഞ്ചുലക്ഷം വരെ ഓഫർ വന്നതായി നിരക്ഷരൻ വ്യക്തമാക്കി. എന്നാൽ ഒരുകോടി തന്നാലും ഈ മോഷണം പുറത്തുകൊണ്ടുവരുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് നിരക്ഷരൻ നിലപാട് അറിയിച്ചതോടെ വിഷയം വലിയ ചർച്ചയായി. ലണ്ടനിലെ മലയാളി സമൂഹത്തിനിടയിൽ സാംസ്‌കാരിക നായകനെന്ന പരിവേഷത്തിൽ വിലസുന്ന ആൾകൂടിയാണ് കാരൂർ സോമൻ. നിരക്ഷരൻ എന്ന പേരിൽ നിരവധി ബ്ലോഗുകൾ എഴുതിയിട്ടുള്ള മനോജിന്റെ യാത്ര വിവരണങ്ങൾ ഏറെ ശ്രദ്ധേയമാണ്.

തന്റെ സ്പാനിഷ് യാത്രാനുഭവങ്ങൾ സോമൻ സ്വന്തമാക്കി മാറ്റി പുസ്തകം ആക്കി വിറ്റുവെന്നാണ് ആരോപണം ഉയർന്നത്. തന്റെ പുസ്തകം മോഷ്ടിച്ചതിന്റെ കഥയുമായി മനോജ് ഫേസ്‌ബുക്കിൽ ലൈവായി എത്തിയപ്പോൾ ആണ് പുറംലോകം ഈ തട്ടിപ്പിന്റെ വിവരം അറിയുന്നത്. ഇതോടെ നൂറ് കണക്കിന് വായനക്കാരാണ് മനോജിന് പിന്തുണയുമായി രംഗത്തിറങ്ങിയത്.

ഇതിന് പിന്നാലെ തന്റെ പതിനൊന്നു യാത്ര വിവരണങ്ങൾ കാരൂർ സോമൻ മോഷ്ടിച്ചെന്ന പരാതിയുമായി സജി തോമസ് എന്ന ബ്ലോഗറും രംഗത്തെത്തി. തന്റെ ഇുന്നൂറു പേജുള്ള സോമന്റെ പുസ്തകത്തിലെ നാല്പത്തി രണ്ടു പേജിലായി തന്റെ പതിനൊന്നു യാത്രാ വിവരണങ്ങൾ ( വീട്ടിൽ നിന്ന് പ്രഭാത സവാരി നടത്തിയതുൾപ്പെടെ ).മോഷ്ടിച്ചിരിക്കുന്നു .

മാതൃഭൂമിയുടെ നിലപാട്

മലയാളി എഴുത്തുകാരന്റെ യാത്രാവിവരണം കോപ്പിയടിച്ച് പ്രസിദ്ധീകരിച്ചു എന്ന ആക്ഷേപം ഉയർന്നതോടെ മാതൃഭൂമി പുസ്തകം പിൻവലിച്ചു. രചനാമോഷണം ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയ മനോജ് രവീന്ദ്രൻ നിരക്ഷരന് മാതൃഭൂമി കത്തയച്ചു.'മാത്രമല്ല, കാരൂർ സോമനുമായുള്ള എല്ലാ ഇടപാടും അവസാനിപ്പിക്കുന്നതായും പ്രസാധകരായ മാതൃഭൂമി ബുക്സ് വ്യക്തമാക്കുന്നു. മനോജ് രവീന്ദ്രന് നന്ദികൂടി അറിയിച്ചാണ് കത്ത്.

അതേസമയം, കോപ്പിയടി നടത്തിയ എഴുത്തുകാരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണെന്ന് മനോജ് രവീന്ദ്രൻ വ്യക്തമാക്കി. സജി തോമസ് ബ്ളോഗിൽ എഴുതിയ കുറിപ്പും കാരൂർ സോമന്റെ പുസ്തകത്തിൽ അടിച്ചുമാറ്റി ഉൾപ്പെടുത്തിയെന്ന ആക്ഷേപം ഉയർന്നു. ഇതോടെ താൻ എവിടെവച്ചാണ് കാളപ്പോര് കണ്ടതെന്ന് വ്യക്തമാക്കി അതേ സ്റ്റേഡിയത്തിൽ നിന്ന് ലൈവ് വീഡിയോയുമായി സജി തോമസും രംഗത്തെത്തി.

പുസ്തകം വാങ്ങിച്ചു ഉടൻ തന്നെ മാതൃഭൂമിയിലെ സുഹൃത്തുമായി ബന്ധപ്പെട്ട് മാതൃഭൂമിയുമായി സംസാരിച്ചു. അവർക്ക് വിവരങ്ങൾ ബോധ്യമായതിനെ തുടർന്ന് മാതൃഭൂമി കാരൂർ സോമനെതിരെ നിയമനപടികൾ ആരംഭിച്ചുവെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നതെന്നും മനോജ് പറയുന്നു. ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമന് എളുപ്പത്തിൽ സ്പെയിനിൽ പോവാനും യാത്രാവിവരണവും എല്ലാം തയ്യാറെക്കാൻ സാധിക്കുമെന്നിരിക്കെ, ഇതുപോലുള്ള കുറുക്കുവഴികൾ സ്വീകരിക്കുന്നത് വളരെ മോശമാണെന്നും മനോജ് പറയുന്നു.

കാരൂർ സോമന്റെ പുസ്തകത്തിലെ മൂന്ന് ചാപ്റ്ററുകൾ മാത്രമാണ് മനോജിന്റെതെങ്കിലും അതിൽ കാളപ്പോരിനെ കുറിച്ചുള്ള വിശദഭാഗങ്ങൾ തന്റെ തന്നെ സുഹൃത്തായ സ്പെയിനിലെ സജിയുടെയോ മറ്റാരുടേയോ ബ്ലോഗിൽ നിന്നും മോഷ്ടിച്ചവയാണോയെന്നു സംശയിക്കുന്നതായും മനോജ് പറയുന്നു.

ലണ്ടനിൽ ജീവിച്ചിട്ടും ഇത്തരം കോപ്പിയടികളുടെ ഭവിഷ്യത്തുകളെ കുറിച്ച് കാരൂർ സോമന് ഒരു ബോധ്യമില്ലെന്നും കോപ്പി ചെയ്ത് വരുന്ന ഇത്തരം എഴുത്തുകൾ മാതൃഭൂമി കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മനോജ് വ്യക്തമാക്കുന്നു. ഇതോടെ, നാല് ഫേസ്‌ബുക്ക് അക്കൗണ്ടുകളുള്ള കാരൂരിന്റെ 51 പുസ്തകങ്ങളും സംശയത്തിന്റെ നിഴലിലാണ്. എന്തായാലും കാരൂർ സോമനെതിരെ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ആക്ഷേപവുമായി രംഗത്തുണ്ട്.

കാരൂർ സോമനെതിരെ മുൻപും ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആലപ്പുഴ ചാരുമൂട് സ്വദേശിയായ സോമൻ ബ്രിട്ടനിലെ യുക്മയുടെ സാംസ്‌കാരിക വിഭാഗം പ്രസിദ്ധീകരിക്കുന്ന ജ്വാല മാസികയുടെ എഡിറ്റർ കൂടിയാണ്. ലണ്ടൻ ഒളിമ്പിക്സ് നടക്കുന്ന വേദിയിൽ ഒരിടത്തും വരാതെ മാധ്യമത്തിൽ ഒളിമ്പിക്സ് ഡയറി എഴുതുകയും അത് പുസ്തകം ആക്കുകയും ചെയ്തിരുന്നുവെന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. അന്നും ഇത് മോഷണമാണ് എന്ന ആരോപണം ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP