Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖം നോക്കാതെ കർശന നടപടിയുമായി ടീക്കാറാം മീണ നീങ്ങിയതോടെ പേടിച്ചുവിറച്ച് കണ്ണൂരിലെ കള്ളവോട്ടുകാർ! രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കള്ളവോട്ട് ചെയ്ത സ്ത്രീകൾ അടക്കമുള്ളവർ ഭയപ്പാടിൽ; ഒന്നിലേറെ വോട്ടു ചെയ്ത് ഗമ പറഞ്ഞിരുന്നവർ ഇപ്പോൾ മിണ്ടാട്ടമില്ലാതെ മാളത്തിൽ ഒളിച്ചു; ജോലി തെറിക്കുമെന്ന പേടിയിൽ കള്ളവോട്ടിന് ഒത്താശ ചെയ്ത പ്രിസൈഡിങ് ഓഫീസർമാരും; സിസി ടിവിയിൽ കുടുങ്ങിയ കള്ളവോട്ടു ദൃശ്യങ്ങൾ പുറത്തുവരുന്ന ഭയപ്പാടിൽ നേതാക്കളും

മുഖം നോക്കാതെ കർശന നടപടിയുമായി ടീക്കാറാം മീണ നീങ്ങിയതോടെ പേടിച്ചുവിറച്ച് കണ്ണൂരിലെ കള്ളവോട്ടുകാർ! രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കള്ളവോട്ട് ചെയ്ത സ്ത്രീകൾ അടക്കമുള്ളവർ ഭയപ്പാടിൽ; ഒന്നിലേറെ വോട്ടു ചെയ്ത് ഗമ പറഞ്ഞിരുന്നവർ ഇപ്പോൾ മിണ്ടാട്ടമില്ലാതെ മാളത്തിൽ ഒളിച്ചു; ജോലി തെറിക്കുമെന്ന പേടിയിൽ കള്ളവോട്ടിന് ഒത്താശ ചെയ്ത പ്രിസൈഡിങ് ഓഫീസർമാരും; സിസി ടിവിയിൽ കുടുങ്ങിയ കള്ളവോട്ടു ദൃശ്യങ്ങൾ പുറത്തുവരുന്ന ഭയപ്പാടിൽ നേതാക്കളും

രഞ്ജിത്ത് ബാബു

കണ്ണൂർ: കള്ളവോട്ട് ചെയ്തവർ ഭീതിയിൽ. എൽ.ഡി.എഫും യു.ഡി.എഫും കള്ളവോട്ടുകാരുടെ ദൃശ്യങ്ങളും വിവരങ്ങളും പുറത്തിറക്കി മുഖാമുഖം നിൽക്കുമ്പോൾ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കള്ളവോട്ട് ചെയ്തവരും അവരുടെ കുടുംബങ്ങളും ഭീതിയിലായിരിക്കയാണ്. സഹകരണ സ്ഥാപനങ്ങളിൽ ജോലിനോക്കുന്നവർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ , വീട്ടമ്മമാർ, എന്നിവരടക്കമുള്ള കള്ളവോട്ട് സംഘങ്ങൾ കുടുങ്ങുന്ന അവസ്ഥയിലായിരിക്കയാണ്. കള്ളവോട്ട് ചെയ്തവരിൽ നല്ലൊരു പങ്കും സ്ത്രീകളാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും എണ്ണിപ്പറഞ്ഞി കള്ളവോട്ട് ചെയ്തവർ ഇപ്പോൾ അതേക്കുറിച്ച് മിണ്ടാത്ത അവസ്ഥയിലാണ്. കള്ളവോട്ട് വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉറച്ച നിലപാടെടുത്തതോടെ ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും കള്ളവോട്ട് ചെയ്തവർ ആശങ്കയിലായിരിക്കയാണ്. എന്ത് വന്നാലും കള്ളവോട്ട് വിഷയത്തിൽ അതാത് രാഷ്ട്രീയ പാർട്ടികൾ കള്ളവോട്ട് ചെയ്തവരെ രക്ഷിക്കുമെന്ന വിശ്വാസത്തിലാണ് ഇത്തരം അനീതി ചെയ്യാൻ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഇത്തവണ ഈ വിശ്വാസം താളം തെറ്റിയിരിക്കയാണ്.

എന്ത് വില കൊടുത്തും ജയിക്കാനായി മുന്നണികൾ ഏറെക്കാലമായി കള്ളവോട്ട് ചെയ്യുന്നത് തുടരുകയാണ്. അധാർമ്മികമായ ഈ ആചാരം അവസാനിപ്പിക്കാനുള്ള യജ്ഞത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കള്ളവോട്ട് ചെയ്തത് കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്. ഓരോ ബൂത്തിലും ടാർജറ്റ് നിശ്ചയിച്ച് വോട്ട് ചെയ്യുകയാണ് പതിവ്. ഓരോ രാഷ്ട്രീയ പാർട്ടികളുടേയും ഗ്രാമങ്ങളിൽ ഇതിന് വ്യക്തമായ പരിശീലനം സിദ്ധിച്ചവരുണ്ട്. ഇങ്ങിനെ കള്ളവോട്ട് ചെയ്തവർ പുറത്ത് വന്ന് താനിത്രയും വോട്ട് ചെയ്തെന്ന് അഭിമാനിക്കുന്നതും ഉത്തരകേരളത്തിൽ പതിവായിരുന്നു.

പ്രിസൈഡിങ് ഓഫീസർമാരിൽ നല്ലൊരു പങ്കും ഇത്തരക്കാർക്ക് ഒത്താശ ചെയ്യുന്നവരുമുണ്ട്. അവരും കള്ളവോട്ട് പ്രശ്നത്തിൽ കുടുങ്ങുമെന്നാണ് അറിയുന്നത്. സംശയമുള്ള പ്രിസൈഡിങ് ഓഫീസർമാരുടെ തെരഞ്ഞെടുപ്പ് ദിവസത്തെ പോളിങ് സംബന്ധിച്ച ഡയറിയും പരിശോധനക്ക് വിധേയമാക്കാനുള്ള നടപടികളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എടുക്കുമെന്നാണ് അറിയുന്നത്. ബൂത്തിനകത്ത് കള്ളവോട്ട് ചെയ്ത് പൊലീസ് പിടിയിലായവരെ രക്ഷപ്പെടുത്താൻ കണ്ണടച്ച പ്രിസൈഡിങ് ഓഫീസർമാരും തെരഞ്ഞെടുപ്പ് ഓഫീസറുടെ നിരീക്ഷണത്തിലുണ്ട്.

പിലാത്തറയൽ കള്ള വോട്ട് ചെയ്ത മൂന്ന് സിപിഎം. വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പുതിയങ്ങാടിയിൽ കള്ളവോട്ട് ചെയ്ത രണ്ട് ലീഗ് പ്രവർത്തകരേയും അറസ്റ്റ് ചെയ്തിട്ടില്ല. അവർ കള്ളവോട്ട് ചെയ്തതായി ലീഗ് നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്. മണ്ഡലം കമ്മിറ്റിയുടെ അന്വേഷണം ലഭിച്ചാലുടൻ ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം പറയുന്നു. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ സിപിഎം. പ്രവർത്തകനെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ണൂർ പാമ്പുരുത്തിയിലെ ലീഗ് പ്രവർത്തകരുടെ കള്ളവോട്ട് സംബന്ധിച്ച് ജില്ലാ കലക്ടറുടെ തെളിവെടുപ്പു കഴിഞ്ഞു. ഇതിന്റെ റിപ്പോർട്ട് കലക്ടർ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകും.

ഒരു വ്യക്തി ഇരട്ട വോട്ട് ചെയ്താലും മറ്റൊരാളുടെ വോട്ട് നിഷേധിക്കപ്പെട്ടാലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ശിക്ഷാർഹമാണ്. കള്ളവോട്ട് ചെയ്തവർക്ക് ഒരു വർഷത്തെ തടവും പിഴയും ലഭിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 സി.ഡി.എഫ് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ ചുമത്തുക. സ്വാധീനമുപയോഗിച്ച് മറ്റുള്ളവരുടെ വോട്ടവകാശം നിഷേധിക്കുക, ആൾമാറാട്ടം നടത്തി വോട്ടു ചെയ്യുക ഇവയെല്ലാം ഈ വകുപ്പു പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങളാണ്. കള്ളവോട്ടും ഇരട്ട വോട്ടും ചെയ്താലുള്ള നിയമപ്രശ്നങ്ങളെ പറ്റിയൊന്നും ഭൂരിഭാഗം പോളിങ് ഉദ്യോഗസ്ഥന്മാർക്കും വ്യക്തമായ ധാരണയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും അധികാരമുള്ള ബൂത്ത് ലവൽ ഉദ്യോഗസ്ഥനാണ് പ്രിസൈഡിങ് ഓഫീസർ. എന്നാൽ അധികാരം ഉപയോഗിക്കാൻ ഭയപ്പെടുന്നവരും രാഷ്ട്രീയ അനുഭാവം കൊണ്ട് കൃത്യമായി സേവനം ചെയ്യാത്തവരും പക്ഷപാതം കാട്ടുന്നവരുമായി പ്രിസൈഡിങ് ഓഫീസർമാരിൽ നല്ലൊരു ഭാഗം മാറിയിരിക്കയാണ്.

ഒരു വ്യക്തി ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ വന്നാൽ രാഷ്ട്രീയ പാർട്ടിയുടെ ബൂത്ത് ഏജന്റിന് ചാലഞ്ച് ചെയ്യാൻ വ്യവസ്ഥയുണ്ട്. രണ്ട് രൂപ അടച്ച് ഇങ്ങിനെ ചെയ്യാം. എന്നാൽ ബൂത്തുകളിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരാളെ മാത്രമേ പ്രതിനിധിയായി അനുവദിക്കപ്പെട്ടിട്ടുള്ളൂ. സ്വതന്ത്രന്മാരും കക്ഷിരഹിതരുമായ സ്ഥാനാർത്ഥികൾ ്അവരുടെ ബൂത്ത് തലം മുതൽ പോളിങ്, കൗണ്ടിങ് ഏജന്റ്മാർ വരെയുള്ള ആനുകൂല്യം സാമ്പത്തിക ലാഭം ഉദ്ദേശിച്ച് വിൽപ്പന നടത്താറാണ് പതിവ്. ഇത്തരം നേട്ടങ്ങൾ ലാക്കാക്കി തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുന്നവർ നിരവധിയാണ്.

ഇക്കാരണങ്ങളാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുകൂലികൾ തന്നെ ഒരു ബൂത്തിൽ നിരവധി പേരുണ്ടാകുന്നു. ബൂത്തുകളിലെ ഏജന്റുമാരുടെ അംഗസംഖ്യ എതിർസ്ഥാനാർത്ഥിയുടെ ഏജന്റിനെ നാവടപ്പിക്കാനും പ്രിസൈഡിങ് ഓഫീസറെ നിലക്കു നിർത്താനും ഉപയോഗിക്കപ്പെടുന്നു. ഈ അവസ്ഥ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കയാണ്.ഇക്കാര്യത്തിൽ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന്റ ശ്രദ്ധ പതിയേണ്ട കാലം അതിക്രമിച്ചിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP