Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

നേപ്പാളിൽ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു; ആദ്യം എത്തിച്ചത് പ്രവീണിന്റെയും ഭാര്യയുടെയും മൂന്ന് കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ; ഉച്ചയോടെ രഞ്ജിത്തിന്റെയും ഭാര്യയുടെയും കുഞ്ഞിന്റെയും ജീവനറ്റ ശരീരങ്ങളും എത്തി; സംഭവത്തിൽ അന്വേഷണവുമായി നേപ്പാൾ പൊലീസും

നേപ്പാളിൽ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു; ആദ്യം എത്തിച്ചത് പ്രവീണിന്റെയും ഭാര്യയുടെയും മൂന്ന് കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ; ഉച്ചയോടെ രഞ്ജിത്തിന്റെയും ഭാര്യയുടെയും കുഞ്ഞിന്റെയും ജീവനറ്റ ശരീരങ്ങളും എത്തി; സംഭവത്തിൽ അന്വേഷണവുമായി നേപ്പാൾ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നേപ്പാളിൽ മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു. തിരുവനന്തപുരം സ്വദേശി പ്രവീണിന്റേയും ഭാര്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങളാണ് ആദ്യം എത്തിച്ചത്. ഉച്ചയോടെ കോഴിക്കോട് സ്വദേശി രഞ്ജിതിന്റെയും ഭാര്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളും ഡൽഹിയിൽ എത്തിച്ചു. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും ഇന്നലെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് പറഞ്ഞ് ഇന്ത്യൻ എംബസ്സി കയ്യൊഴിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് നോർക്ക വഴി പണം നൽകാമെന്ന ഉറപ്പ് നൽകിയത്.

പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ ഇന്ന് രാത്രി പത്തരയ്ക്കുള്ള വിമാനത്തിൽ തിരുവനന്തപുരത്തുകൊണ്ടു വരും. രാത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന അഞ്ച് പേരുടേയും മൃതദേഹങ്ങൾ നാളെ രാവിലെ ചെങ്ങോട്ടുകോണത്തെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിൽ സൂക്ഷിച്ച ശേഷം നാളെ ഉച്ചയോടെയാകും കോഴിക്കോടെത്തിക്കുക.

Stories you may Like

കാഠ്മണ്ഡുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കമുള്ള എട്ടുപേർ കഴിഞ്ഞ ദിവസം മരിച്ചത്. തണുപ്പകറ്റാൻ ഉപയോഗിച്ച ഹീറ്റർ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായർ, ഭാര്യ ശരണ്യ(34), മക്കളായ ആർച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദു, മകൻ രണ്ടുവയസ്സുകാരൻ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാർ-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാൽ രക്ഷപ്പെട്ടു. ദമാനിൽ ഇവർ താമസിച്ചിരുന്ന എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ഒമ്പതരക്കാണ് 15 മലയാളി വിനോദ സഞ്ചാരികൾ നേപ്പാളിലെ ദമാനിലെ റിസോർട്ടിൽ മുറിയെടുത്തത്. ഇതിൽ എട്ടുപേർ ഒരു സ്വീട്ട് റൂമിൽ തങ്ങി. കടുത്ത തണുപ്പായതിനാൽ ജനലുകളും വാതിലുകളും അടച്ചിട്ട് ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. രാവിലെ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. മുറികൾ തുറന്ന് നോക്കിയപ്പോഴാണ് എട്ടുപേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്. ഹെലികോപ്റ്റർ മാർഗം ഇവരെ കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിനുമുമ്പേ എട്ടുപേരും മരിച്ചിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസം മുട്ടിയാണ് എട്ടുപേരും മരിച്ചതെന്നാണ് പ്രാഥമിക വിവരം.

ദുരന്തം അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗസംഘത്തെ നിയോഗിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. മരണത്തിന് കാരണം റിസോർട്ടുകാരുടെ അനാസ്ഥയെന്നു കാട്ടി രഞ്ജിത്തിന്റെ ബന്ധു എൻ.പി.ശ്രീജിത്ത് നേപ്പാളിലെ ഇന്ത്യൻ കോൺസുലേറ്റിന് പരാതി നൽകി. മൈനസ് ഡിഗ്രിയായിരുന്നു താപനില. ബെഡ് ഹീറ്റർ പ്രവർത്തിക്കാത്തതിനാൽ മുറിയിൽ ടവർ ഹീറ്റർ വയ്ക്കാമെന്ന് മാനേജർ പറയുകയായിരുന്നു. ഹീറ്ററുള്ളതിനാലാണ് രണ്ടു കുടുംബങ്ങളും ഒരു മുറിയിൽ താമസിച്ചതെന്നും ചൂണ്ടിക്കാട്ടി. അന്വേഷണം കാര്യക്ഷമമാകാൻ ഇന്ത്യൻ എംബസി ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

എന്നാൽ തങ്ങൾ എതിർത്തിട്ടും നിർബന്ധിച്ച് ടവർ ഹീറ്റർ മുറിയിൽ വയ്‌പ്പിച്ചുവെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. ജനലോ വാതിലോ തുറന്നിട്ടിരുന്നെങ്കിൽ അപകടം ഒഴിവാകുമായിരുന്നെന്ന് പൊലീസ് പറയുന്നു. തണുപ്പ് കൂടുതലാണെന്നും കുട്ടികൾ ഉള്ളതിനാൽ ഹീറ്റർ ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എട്ട് അടിയുള്ള ഗ്യാസ് ഹീറ്റർ റസ്റ്റോറന്റിൽ നിന്ന് അർധരാത്രിയോടെ മുറിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. പുലർച്ചെ രണ്ടു മണിയോടെ പ്രൊപ്പൈറ്ററുടെ നിർദ്ദേശ പ്രകാരം ഹോട്ടൽ ജീവനക്കാർ ഇതെത്തിച്ചതെന്നും മക്വാൻപൂർ ജില്ലാ പൊലീസ് മേധാവ് സുശീൽ സിങ് റാത്തോർ പറഞ്ഞു.

തണുപ്പ് കടക്കാതിരിക്കാൻ മുഴുവൻ ജനലുകളും വാതിലുകളും കുടുംബം അടച്ചിരുന്നു. രാവിലെ ചായ നൽകാൻ ഹോട്ടൽ ജീവനക്കാർ എത്തിയപ്പോൾ മുറിയിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതോടെ ജീവനക്കാർ വാതിൽ കുത്തി തുറക്കുകയായിരുന്നു. അപ്പോഴാണ് എട്ട് പേരേയും അബോധാവസ്ഥയിൽ കണ്ടെത്തിയത്, പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP