Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് അമ്പലപറമ്പിൽ പ്രവേശനമില്ല; കുഞ്ഞിമംഗലത്ത് വീണ്ടും ബോർഡ് വിവാദം; കാഴ്ച കമ്മിറ്റി യോഗം തല്ലിപിരിഞ്ഞു; പാർട്ടി ഗ്രാമത്തിൽ നടക്കുന്ന ചേരിപ്പോരിൽ നട്ടംതിരിഞ്ഞു സി പി എം

'ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് അമ്പലപറമ്പിൽ പ്രവേശനമില്ല;  കുഞ്ഞിമംഗലത്ത് വീണ്ടും ബോർഡ് വിവാദം; കാഴ്ച കമ്മിറ്റി യോഗം തല്ലിപിരിഞ്ഞു; പാർട്ടി ഗ്രാമത്തിൽ നടക്കുന്ന ചേരിപ്പോരിൽ നട്ടംതിരിഞ്ഞു സി പി എം

അനീഷ് കുമാർ

പയ്യന്നൂർ: കുഞ്ഞിമംഗലം മല്ല്യോട്ട് ക്ഷേത്ര കമ്മിറ്റി യോഗത്തിനിടെ ചേരിതിരിഞ്ഞു കൂട്ടത്തല്ലും ബഹളവും നടന്നു. കുഞ്ഞിമംഗലം മല്യോട്ട് കാഴ്ചക്കമ്മിറ്റി യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്. വിവരമറിഞ്ഞ് വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തി. ഞായറാഴ്‌ച്ച വൈകുന്നേരം മൂന്ന് മണിക്കാണ് സംഭവം. കാഴ്ച കമ്മിറ്റിയുടെ യോഗത്തിൽ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അജൻഡയിൽ തിരുകികയറ്റാനുള്ള ശ്രമമാണ് വാക്കേറ്റത്തിലും കൈയാങ്കളിയിലും കലാശിച്ചതെന്നു പറയുന്നു.

മല്യോട്ടച്ചന്റെയും ക്ഷേത്രകമ്മിറ്റിയുടെയും ബോർഡ് സ്ഥാപിക്കേണ്ട ആവശ്യമില്ലെന്ന നിലപാടായിരുന്നു ഭാരവാഹികളുടെത്. എന്നാൽ ഈ നിലപാടിനെ ചിലർ എതിർത്തതാണ് സംഘർഷത്തിന് കാരണമായത്. സംഭവത്തിൽ ക്ഷേത്രസമുദായത്തിൽപ്പെട്ട ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. നേരത്തെ ക്ഷേത്രവളപ്പിൽ സ്ഥാപിച്ച ബോർഡ് ഏറെ വിവാദമായിരുന്നു. ഉത്സവകാലങ്ങളിൽ മുസ്ലിംങ്ങൾക്ക് അമ്പലപറമ്പിൽ പ്രവേശനമില്ലെന്നു എഴുതിവെച്ച ബോർഡാണ് സ്ഥാപിച്ചിരുന്നത്. സാമൂഹിക, രാഷ്ട്രീയ പ്രബുദ്ധമായ നാട്ടിൽ മുസ്ലിം സമുദായക്കാരെ മാത്രം പ്രവേശനം വിലക്കികൊണ്ടുള്ള ബോർഡ് സ്ഥാപിച്ചത് ശരിയായില്ലെന്ന വാദമാണ് കൂടുതൽ ഉയർന്നത്.

എന്നാൽ ഉത്സവം കഴിഞ്ഞതോടെ വിവാദവും കെട്ടടങ്ങിയിരുന്നു. ചില സങ്കുചിത താൽപര്യക്കാരുടെ ഇടപെടലാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു പിന്നിലെന്നാണ് ആരോപണം. കണ്ണൂരിലെ അറിയപ്പെടുന്ന പാർട്ടി ഗ്രാമങ്ങളിലൊന്നാണ് കുഞ്ഞിമംഗലം. ക്ഷേത്രകമ്മിറ്റിക്കാരായ തീയ്യസമുദായക്കാർ മുഴുവനായും പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ വിവാദമായ ബോർഡ് വെച്ചത് സി.പി. എമ്മിനെതിരെ പ്രചരണമായി രാഷ്ട്രീയ എതിരാളികൾ ഉയർത്തിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വീണ്ടും വിവാദമുണ്ടായത്.

വരുന്ന ഏപ്രിലോടെ നടക്കാനിരിക്കുന്ന ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കാഴ്ചക്കമ്മിറ്റിയുടെ യോഗം ഞായറാഴ്‌ച്ച വൈകിട്ടോടെയാണ് നടന്നത്. യോഗത്തിൽ പങ്കെടുത്ത സിപിഎം അനുഭാവികളായ കാഴ്ചകമ്മിറ്റി അംഗങ്ങളാണ് ബോർഡ് സ്ഥാപിക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയത്. എന്നാൽ ആചാരത്തിന്റെ ഭാഗമായിട്ടാണ് ബോർഡ് സ്ഥാപിക്കുന്നതെന്നും മാറ്റാൻ അനുവദിക്കില്ലെന്നും പറഞ്ഞ് തീയസഭ എന്ന പേരിൽ രൂപീകരിച്ച സംഘത്തിലുള്ളവരും രംഗത്തെത്തി. ബോർഡ് വിവാദത്തിന്റെ പേരിൽ ക്ഷേത്രത്തിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരുവർഷം മുമ്പാണ് തീയസഭ എന്ന പേരിൽ സംഘടന രൂപീകരിച്ചത്. സിപിഎമ്മിന്റെ ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് ക്ഷേത്രവും പരിസരപ്രദേശവും. അതുകൊണ്ടു തന്നെ ക്ഷേത്രത്തിലെ വിവാദ ബോർഡ് വന്നതുമുതൽ ഇരുകൂട്ടരും തമ്മിൽ അസ്വാരസ്യത്തിലായിരുന്നു.

എല്ലാ വർഷവും വിഷുക്കാലത്തോടനുബന്ധിച്ചാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്ഷേത്രോത്സവം നടക്കുക. വരുന്ന ഏപ്രിലിൽ വീണ്ടും ഉത്സവം നടത്താനുള്ള യോഗങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ബിജെപി അനുഭാവികളായ ചിലരും ക്ഷേത്ര ആചാരങ്ങളെ തീവ്രവിശ്വാസമായി കാണുന്നവരും ചേർന്നാണ് തീയസഭ രൂപീകരിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇവർക്കെതിരേ നാട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉത്സവത്തിനു ശേഷം ബോർഡ് സ്ഥാപിച്ചിരുന്നു. അന്നും സംഘർഷത്തിലാണ് കലാശിച്ചത്.

ബോർഡ് നീക്കം ചെയ്തില്ലെങ്കിൽ ഉത്സവത്തിന് അനുമതി നൽകില്ലെന്ന് ഇന്നലെ ഡിവൈ.എസ്‌പിയും നിലപാടെടുത്തെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലുള്ള യോഗത്തിലും കയ്യാങ്കളി സാധ്യതയുണ്ട്. കോവിഡ് കാലത്തിനു ശേഷം നടന്ന ഉത്സവത്തോടനുബന്ധിച്ചാണ് ബോർഡ് ഉയർത്തിയത്. പിന്നാലെ വന്ന അടുത്ത ഉത്സവത്തിലും ബോർഡ് മാറ്റിയില്ല. ഇതോടെ സാമൂഹ്യമാധ്യത്തിൽ ഉൾപ്പെടെ വലിയ വിമർശനമാണ് നേരിട്ടത്.

നാട്ടിലെ സിപിഎം നേതൃത്വത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഞായറാഴ്‌ച്ച നടന്ന കാഴ്ചക്കമ്മിറ്റി യോഗത്തിനിടെ പാർട്ടി അനുഭാവികളായവരെ തീയസഭയിലെ അംഗങ്ങൾ കയ്യേറ്റം ചെയ്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. വരാൻ പോകുന്ന ഉത്സവത്തിന് ബോർഡ് മാറ്റണമെന്ന കർശന സമ്മർദ്ദം ക്ഷേത്രക്കമ്മിറ്റിക്കുമേലുണ്ട്. തികഞ്ഞ മുസ്ലിം വിരോധം വരും തലമുറയിലേക്ക് കൂടി കുത്തിവെക്കുന്ന ഇത്തരം അറിയിപ്പുകൾ കേരളത്തിലെ മതേതര സമൂഹം തികഞ്ഞ അവഗണനയോടെ തള്ളിക്കളയണമെന്ന തരത്തിലുള്ള വിമർശനമാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP