Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

കഴുത്തിലും കയ്യിലും കാലിലുമായി സ്വർണ്ണക്കട നടത്താൻ മാത്രം ആഭരണങ്ങൾ; മുഖത്തെ ഗാംഭീര്യം കൂട്ടാൻ സ്വർണ ഫ്രെയിമോടുകൂടിയ കണ്ണട; പതിനായിരം രൂപയിൽ കുറഞ്ഞ സാരി കൈകൊണ്ട് തൊടില്ല; വയസ് 61 കഴിഞ്ഞെങ്കിലും ബ്ലേഡ് ലിസിക്ക് യുവതികളെയും വെല്ലുന്ന ചുറുചുറുക്ക്; ചോദിക്കുന്ന പണം തിരികെ നൽകിയില്ലെങ്കിൽ ഗുണ്ടകളെ വിട്ട് ആക്രമിക്കും; 50,000 രൂപ വായ്പ എടുത്ത അമ്പിളി രണ്ട് ലക്ഷം രൂപ തിരികെ നൽകിയിട്ടും ആർത്തി തീർന്നില്ല; ഒടുവിൽ ലിസി ചേച്ചിയുടെ മൂർച്ഛയുള്ള ബ്ലേഡിനെ വിലങ്ങണിയിച്ച് പൊലീസ്

കഴുത്തിലും കയ്യിലും കാലിലുമായി സ്വർണ്ണക്കട നടത്താൻ മാത്രം ആഭരണങ്ങൾ; മുഖത്തെ ഗാംഭീര്യം കൂട്ടാൻ സ്വർണ ഫ്രെയിമോടുകൂടിയ കണ്ണട; പതിനായിരം രൂപയിൽ കുറഞ്ഞ സാരി കൈകൊണ്ട് തൊടില്ല; വയസ് 61 കഴിഞ്ഞെങ്കിലും ബ്ലേഡ് ലിസിക്ക് യുവതികളെയും വെല്ലുന്ന ചുറുചുറുക്ക്;  ചോദിക്കുന്ന പണം തിരികെ നൽകിയില്ലെങ്കിൽ ഗുണ്ടകളെ വിട്ട് ആക്രമിക്കും; 50,000 രൂപ വായ്പ എടുത്ത അമ്പിളി രണ്ട് ലക്ഷം രൂപ തിരികെ നൽകിയിട്ടും ആർത്തി തീർന്നില്ല;  ഒടുവിൽ ലിസി ചേച്ചിയുടെ മൂർച്ഛയുള്ള ബ്ലേഡിനെ വിലങ്ങണിയിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: ആരും അതിശയിക്കുന്ന തരത്തിലുള്ള ആഡംബര ജീവിതമാണ് ബ്ലേഡ് ലിസി ചേച്ചി നയിക്കുന്നത്. വയസ്സ് 61 ആയെങ്കിലും യുവതികളേക്കാളും ചുറു ചുറുക്കാണ് ലിസി ചേച്ചിക്ക്. പലിശക്ക് പണം ചോദിക്കുന്നവരോട് ചിരിച്ചു കൊണ്ടാണ് ലിസി ചേച്ചി സമീപിക്കുന്നതെങ്കിലും ഒരിക്കൽ ബ്ലേഡിന്റെ മൂർച്ചയറിഞ്ഞാൽ പിന്നെ തിരിച്ചിറങ്ങാൻ ആരും കുറച്ച് പാടുപെടും. അങ്ങനെ കറുകച്ചാൽ ചിറയ്ക്കൽ ചക്കുങ്കൽ വീട്ടിൽ ലിസി ജോർജ് നാട്ടിലെ അറിയപ്പെടുന്ന ബ്ലേഡുകാരിയായി.

വാർദ്ധക്യത്തിലേക്ക് കാലെടുത്ത് വെച്ചെങ്കിലും ലിസി ചേച്ചിയുടെ ഗാംഭീര്യം കണ്ടാൽ ആരും ഒന്നു ഞെട്ടും. ഒരു സ്വർണ കട നടത്താൻ മാത്രം ആഭരണങ്ങൾ ശരീരത്തിലണിഞ്ഞാണ് ലിസി ചേച്ചിയുടെ നടപ്പ്. ഒടുവിൽ 50,000 രൂപ വാങ്ങി രണ്ട് ലക്ഷം രൂപ നൽകിയിട്ടും ലിസി ചേച്ചി തീർത്ത ഊരാക്കുടുക്കിൽ നിന്നും പുറത്ത് കടക്കാൻ കഴിയാതായതോടെ അമ്പിളി എന്ന യുവതിയുടെ പരാതിയിലാണ് ലിസി ചേച്ചി കുടുങ്ങിയത്. കഴുത്തിൽ അഞ്ചു പവന്റെ മാല. ഇരുകൈകളിലുമായി ഒരു ഡസൻ വളകൾ. നാലു പവന്റെ പാദസരം. മുഖത്തെ ഗാംഭീര്യത്തിന് മാറ്റുകൂട്ടാൻ സ്വർണ ഫ്രെയിമോടുകൂടിയ വിലകൂടിയ കണ്ണട. പതിനായിരം രൂപയിൽ കുറഞ്ഞ സാരി കൈകൊണ്ട് തൊടില്ല. വീട്ടിലെ അലമാരയിൽ സാരികൾ ഡസൻ കണക്കിനുണ്ട്.

ബ്ലേഡിന് പണം നൽകി മുദ്ര പത്രങ്ങൾ ഒപ്പിട്ടു വാങ്ങി ലക്ഷക്കണക്കിന് രൂപയാണ് പലരിൽ നിന്നായി ലിസി തട്ടിയെടുത്തത്. ഇവരുടെ വീട്ടിൽ നിന്നും നിരവധി മുദ്രപത്രങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഈ മുദ്രപത്രങ്ങൾ കാട്ടിയാണ് പിന്നീടുള്ള വിലപേശൽ. പലിശ കൊടുക്കാൻ താമസം വരുത്തിയ ഒരു മാന്യനെ വീട്ടിൽ വിളിച്ചുവരുത്തി തല്ലിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഒടുവിൽ അയൽവാസിയായ ചിറയ്ക്കൽ അഹോരമനയ്ക്കൽ അമ്പിളി സുരേഷിന്റെ പരാതിയിലാണ് ലിസി ചേച്ചി കുടുങ്ങിയത്.

2015 ഫെബ്രുവരിയിൽ നടന്ന പണമിടപാടിലാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം ലിസി അറസ്റ്റിലാവുന്നത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നം മൂലം പണം അത്യാവശ്യമായതിനെ തുടർന്നാണ് അമ്പിളി ഭർത്താവിന്റെ സമ്മതത്തോടെ ലിസിയിൽ നിന്നും 50,000 രൂപ ബ്ലേഡിനെടുത്തത്. പണം ചോദിച്ചപ്പോൾ വളരെ സ്‌നേഹത്തോടെയായിരുന്നു ലിസിയുടെ പെരുമാറ്റം. അമ്പതിനായിരമല്ല അഞ്ച് ലക്ഷം കൊടുക്കാനും ലിസി തയ്യാർ. അത്രയ്ക്ക് പണം ലിസിയുടെ കൈയിലുണ്ട്. പത്തോ പതിനഞ്ചോ ലക്ഷം വേണമെങ്കിലും ഏതു സമയത്തും നൽകാൻ ലിസി റെഡിയാണ്.

പണം നൽകുന്ന സമയത്ത് നിരവധി മുദ്രപത്രങ്ങൾ ലിസി അമ്പിളിയിൽ നിന്നും ഒപ്പിട്ട് വാങ്ങുകുകയും ചെയ്തു. മുതലും പലിശയുമായി 7500 രൂപ പ്രതിമാസം നൽകണമെന്നായിരുന്നു ലിസിയുടെ വ്യവസ്ഥ. ആറു മാസത്തെ കാലാവധിയാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതൊന്നും മുദ്രപത്രത്തിൽ കാണിച്ചിട്ടുമില്ല. മുദ്രപത്രം ഒപ്പിട്ട് പണം കൈപ്പറ്റിയാൽ പിന്നെ കാര്യങ്ങൾ തീരുമാനിക്കുന്നത് ലിസിയാണ്. നാലു തവണ അമ്പിളി കൃത്യമായി പണം അടച്ചു. പിന്നെ മുടങ്ങി. ഇതോടെ അമ്പിളിയുടെ കഷ്ടകാലവും തുടങ്ങി.

തവണ മുടങ്ങിയതോടെ ലിസി വിവരം അമ്പിളിയെ അറിയിച്ചു. ഇതോടെ വീണ്ടും പണം പലപ്പോഴായി അടച്ചു. രണ്ടു ലക്ഷത്തോളം രൂപ ഇതിനോടകം അടച്ചുവെന്നാണ് അമ്പിളി പറയുന്നത്. എന്നിട്ടും മുതലും പലിശയും കുറഞ്ഞില്ല. ചോദിക്കുമ്പോഴെല്ലാം പലിശ മുതലിനേക്കാൾ ഇരട്ടിയായെന്ന് പറഞ്ഞ് ലിസി അമ്പിളിയിൽ നിന്നും പണം വാങ്ങിക്കൊണ്ടേയിരുന്നു. ഒരു ദിവസം ലിസി അമ്പിളിയെ വീട്ടിലേക്ക് വിളിപ്പിച്ചു. പലിശയും കൂട്ടുപലിശയും മുതലും ഉടൻ അടയ്ക്കണമെന്നും ഇല്ലെങ്കിൽ പ്രശ്‌നമാവുമെന്നും പറഞ്ഞ് മുദ്രപത്രം കാട്ടി വിരട്ടി. ഇത്രയും തുക അടച്ചിട്ടുണ്ടെന്ന് അമ്പിളി പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ ലിസി തയാറായില്ല.

അമ്പിളിയുടെ വാദങ്ങൾ കേട്ടതോടെ ലിസി രോഷാകുലയായി. പുലഭ്യം പറഞ്ഞു തുടങ്ങിയതോടെ അമ്പിളി വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ രണ്ടു ലക്ഷം രൂപ നൽകാനുണ്ടെന്ന വക്കീൽ നോട്ടീസാണ് അമ്പിളിക്ക് കിട്ടിയത്. ഇതോടെ അമ്പിളിയും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലായി. 50,000 രൂപയ്ക്ക് രണ്ട് ലക്ഷം തിരികെ നൽകിയിട്ടും കടം തീരാത്ത അവസ്ഥ. ഒടുവിൽ വക്കീൽ നോട്ടീസും. അതിന് പുറമേ ലിസിയുടെ ഗുണ്ടകളിൽ നിന്നുമുള്ള ആക്രമണ ഭീഷണിയും. ഒടുവിൽ അമ്പിളി ഭർത്താവ് സുരേഷുമായി ചേർന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി എസ്‌പി ഹരിശങ്കറിനെ നേരിൽ കണ്ട് പരാതി നൽകുക ആയിരുന്നു.

അമ്പിളിയുടെ പരാതിയിൽ ഹരിശങ്കർ ലിസിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നാണ് ചങ്ങനാശേരി ഡിവൈ.എസ്‌പി എസ്.സുരേഷ് കുമാർ ലിസി ജോർജിന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. ലിസിയുടെ വീട്ടിലും കടകളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നും ഒപ്പിട്ട നിരവധി ബ്ലാങ്ക് മുദ്രപത്രങ്ങളും ആർ.സി.ബുക്കുകളും മറ്റ് രേഖകളുമാണ് പിടിച്ചെടുത്തത്. ഒരാളിൽ നിന്ന് ഒരു പ്രാവശ്യം നല്കുന്ന പണത്തിന് രണ്ടും മൂന്നും മുദ്രപത്രങ്ങളാണ് ലിസി ഒപ്പിട്ടു വാങ്ങിയിരുന്നത്. അടവ് മുടങ്ങിയാലുടൻ അടുത്ത മുദ്രപത്രം വാങ്ങും. പക്ഷേ, ആദ്യത്തെ മുദ്രപത്രം തിരിച്ചു നല്കുകയില്ല. ഈ മുദ്രപത്രങ്ങൾ കാട്ടിയാണ് പിന്നീടുള്ള വിലപേശൽ. 70 തോളം പേർക്ക് ഇത്തരത്തിൽ കൊള്ളപ്പലിശയ്ക്ക് ലിസി പണം കടം കൊടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP