Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്ത് ബിജെപി സംസ്ഥാന നേതാക്കളുടെ പിന്മാറ്റം വോട്ട് വിൽപ്പനയ്ക്ക് വഴിയൊരുക്കുമോ? കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം നേടാൻ ബിജെപി വോട്ടുകൾ പർച്ചേസ് ചെയ്തേക്കും; ഒത്താശ ചെയ്യാൻ ഉറപ്പിച്ച് വോട്ട് വിൽപ്പനയ്ക്ക് പേരുകേട്ട ജില്ലാ നേതാവ് തന്നെ ചുക്കാൻ പിടിക്കും; അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് ഒരു വിഭാഗം

മലപ്പുറത്ത് ബിജെപി സംസ്ഥാന നേതാക്കളുടെ പിന്മാറ്റം വോട്ട് വിൽപ്പനയ്ക്ക് വഴിയൊരുക്കുമോ? കുഞ്ഞാലിക്കുട്ടിക്ക് റെക്കോർഡ് ഭൂരിപക്ഷം നേടാൻ ബിജെപി വോട്ടുകൾ പർച്ചേസ് ചെയ്തേക്കും; ഒത്താശ ചെയ്യാൻ ഉറപ്പിച്ച് വോട്ട് വിൽപ്പനയ്ക്ക് പേരുകേട്ട ജില്ലാ നേതാവ് തന്നെ ചുക്കാൻ പിടിക്കും; അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് ഒരു വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലപ്പുറത്ത് പ്രമുഖരായ ബിജെപി നേതാക്കളൊന്നും മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പാർട്ടിക്കുള്ളിൽ വോട്ട് കച്ചവടത്തിന്റെ ചർച്ച സജീവമായി. പികെ കുഞ്ഞാലിക്കുട്ടിക്ക് പഴയ കോ-ലീ-ബി സഖ്യം പൊടിതട്ടിയെടുക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം. പണമില്ലെന്നും ആളില്ലെന്നും പറഞ്ഞ് ബിജെപിയുടെ സംസ്ഥാന നേതാക്കളെ അകറ്റാനുള്ള നീക്കത്തെ ഗൗരവത്തോടെയാണ് ബിജെപിയിലെ ഒരു വിഭാഗം കാണുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഉയർത്താനുള്ള ബോധപൂർവ്വമായ നീക്കമാണ് നടക്കുന്നതെന്നും ആരോപണം സജീവമാണ്. യുപിയിൽ മോദി തരംഗം ആഞ്ഞെടിച്ചിട്ടും അത് മനസ്സിലാക്കി വീറുള്ള പോരാട്ടം നടത്താൻ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാകാത്തത് മലപ്പുറത്തെ അണികളേയും ചിന്തിപ്പിക്കുന്നുണ്ട്. 1992ലെ കോ-ലീ-ബി സംഖ്യത്തിന് സമാനമായ രഹസ്യ ചർച്ചകൾ തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്നുവെന്നാണ് പ്രമുഖ ബിജെപി നേതാക്കൾ ആരോപിക്കുന്നത്.

1992ൽ ഉണ്ടാക്കിയ കോ-ലീ-ബി സഖ്യവും വോട്ട് കച്ചവട വിവാദവും ബിജെപിക്ക് ഇന്നും തലവേദനയാണ്. വി മുരളീധരൻ പ്രസിഡന്റായതോടെയാണ് ഇതിന് മാറ്റം വരുത്തിയത്. നെയ്യാറ്റിൻകരയിലും അരുവിക്കരയിലും അയ്യായിരം വോട്ടുണ്ടായിരുന്ന ബിജെപിയെ ഉപതെരഞ്ഞെടുപ്പിലൂടെ 30,000 വോട്ട് നേടുന്ന പാർട്ടിയാക്കി മാറ്റി. കേരളത്തിലെ മുഴുവൻ സംഘടനാ സംവിധാനത്തേയും മലപ്പുറത്ത് അണിനിരത്തിയായിരുന്നു ഇത്. ഇതിന് സമാനമായ പ്രവർത്തനം മലപ്പുറത്ത് നടത്തിയാൽ ബിജെപിക്ക് വോട്ട് കൂടുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വം എടുക്കുന്നത്. മലപ്പുറത്തെ പ്രാദേശിക നേതാവായി ശ്രീ പ്രകാശിന് കിട്ടിയതിന് അപ്പുറം വോട്ട് മറ്റാർക്കും കിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ശ്രീ പ്രകാശിന്റെ കുടുംബ പശ്ചാത്തലവും വോട്ട് കൂട്ടുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതെല്ലാം മുസ്ലിം ലീഗിന്റെ ഭൂരിപക്ഷം കൂട്ടാനുള്ള തന്ത്രമാണെന്ന് ബിജെപിയിലെ മറുവിഭാഗവും പറയുന്നു.

എന്തുകൊണ്ട് പ്രാദേശിക നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നുവെന്നതിന് സംസ്ഥാന നേതൃത്വം നൽകുന്ന വിശദീകരണവും വിവാദമുണ്ടാക്കുന്നുണ്ട്. കോടികൾ മുടക്കി പ്രചാരണം നടത്തിയാൽ കേന്ദ്ര നേതൃത്വത്തിന്റെ സാമ്പത്തിക സഹായം തേടേണ്ടി വരും. അങ്ങനെ സഹായം തേടി മത്സരിച്ചാൽ വോട്ട് ഇരട്ടിയാക്കണം. അല്ലാത്ത പക്ഷം സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രം ശക്തമായ നിലപാട് എടുക്കും. ഈ സാഹചര്യത്തിൽ മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറത്ത് പ്രാദേശിക നേതാവിനെ നിർത്തി പരമാവധി വോട്ട് നേടിയാൽ മതിയെന്നാണ് നിലപാട്. മലപ്പുറത്ത് ബിജെപിക്ക് സംഘടനാ സ്വാധീനവുമില്ല. അതുകൊണ്ട് സംസ്ഥാനത്തെ മറ്റ് പ്രവർത്തകരെ മലപ്പുറത്ത് എത്തിച്ച് പ്രവർത്തനം ഊർജ്ജിതമാക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണെന്നും പറയുന്നു.

ഈ വിശദീകരണത്തിൽ മറു വിഭാഗം തൃപ്തരല്ല. ബിജെപി നേതൃത്വത്തിൽ സ്വാധീനം ചെലുത്താൻ പറ്റുന്ന നേതാവാണ് മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി. ഭൂരിപക്ഷം രണ്ട് ലക്ഷത്തിനപ്പുറത്തേക്ക് ഉയർത്തുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം. ഇ അഹമ്മദിന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. ഇതിന് മുകളിലേക്ക് കാര്യങ്ങളെത്തിയാൽ മാത്രമേ ലീഗിന്റെ നമ്പർ വണ്ണെന്ന ്‌സഥാനം കുഞ്ഞാലിക്കുട്ടിക്ക് കിട്ടുകയുള്ളൂ. ബിജെപി ശക്തനായ സ്ഥാനാർത്ഥിയെ നിർത്തുകയും ത്രികോണ മത്സരം ഉണ്ടാവുകയും ചെയ്താൽ ഇത് നടക്കാതെ പോകും. ബിജെപിയുടെ കരുത്തൻ സ്ഥാനാർത്ഥിയായാൽ ഇടതുപക്ഷവും പ്രചരണം കടുപ്പിക്കും. ഇതും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തെ സ്വാധീനിക്കും. ഇതുണ്ടാകാതിരിക്കാൻ ചെറിയ സ്ഥാനാർത്ഥിയെ ബിജെപി പരീക്ഷിക്കുയാണെന്നാണ് ആരോപണം. ആരു മത്സരിച്ചാലും ബിജെപിക്ക് വോട്ട് കൂടും. എന്നാൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ശ്രമിക്കാതെ മാറി നൽകുന്നത് ബിജെപിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ഇവർ സജീവമാക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലും മലപ്പുറത്തെ പല മണ്ഡലങ്ങളിലും ബിജെപി കാര്യമായ ഇടപെടൽ നടത്തിയില്ല. സംസ്ഥാനത്തുടനീളം ഹൈന്ദവ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി. അത്തരത്തിലൊരു ശ്രമം മലപ്പുറത്ത് കണ്ടില്ല. ഇതിന് പിന്നിലും ചില സംശയങ്ങൾ ഉയർന്നിരുന്നു. ഇത് ചിലർക്കെതിരെ ആരോപണവുമായി ഉയരുകയും ചെയ്തു. ഈ നേതാക്കളാണ് ഈ തെരഞ്ഞെടുപ്പിലും മികച്ച സ്ഥാനാർത്ഥിയെ വേണ്ടെന്ന വാദമുയർത്തുന്നത്. ഇക്കാര്യമെല്ലാം ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് ഇവരുടെ നീക്കം. യുപി തെരഞ്ഞെടുപ്പിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പോലും ബിജെപി നേട്ടമുണ്ടാക്കി. ഹിന്ദു സ്ഥാനാർത്ഥികൾ തന്നെയാണ് ജയിച്ചു കയറിയത്. നരേന്ദ്ര മോദിയോട് മുസ്ലിം സമുദായത്തിനുള്ള അടുപ്പത്തിന്റെ സൂചകങ്ങളായി ഇതിനെ ദേശീയ തലത്തിൽ വിലയിരുത്തി. അതുകൊണ്ട് തന്നെ മലപ്പുറം പോലൊരു മണ്ഡലത്തിലെ നേട്ടം ബിജെപിക്ക് ദേശീയ തലത്തിൽ പോലും ഉയർത്തിക്കാട്ടാവുന്ന തെരഞ്ഞെടുപ്പാണ് ഇത്.

അതിനൊപ്പം തന്നെ ഇ അഹമ്മദിന്റെ മരണമാണ് ഉപതെരഞ്ഞെടുപ്പിന്റെ സാധ്യതയുണ്ടാക്കിയത്. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ നിരവധി ആരോപണങ്ങൾ ലീഗ് ഉന്നയിച്ചിരുന്നു. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് മരണം മറച്ചുവച്ചെന്ന ആക്ഷേപം ഉപതെഞ്ഞെടുപ്പിലും ലീഗ് ഉയർത്തും. ഇതിനെ പ്രതിരോധിക്കാൻ ബിജെപിക്ക് മികച്ച സ്ഥാനാർത്ഥിയെ ആവശ്യമാണ്. നോട്ട് നിരോധനം കേരളത്തെ തകർത്തുവെന്ന് സിപിഎമ്മും ധനമന്ത്രി തോമസ് ഐസക്കും ആരോപിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം കേരളത്തിലുണ്ടാകുന്ന പ്രധാന തെരഞ്ഞെടുപ്പാണ് മലപ്പുറത്തേത്. ഇവിടെ വോട്ട് ക്രമാതീതമായി കൂടിയാൽ നോട്ട് നിരോധനത്തിൽ മോദി സർക്കാരിനുള്ള പിന്തുണയുടെ സൂചനയായി വിലയിരുത്താൻ കഴിയും. ഇല്ലാത്തിനുമുപരി മലബാർ മേഖലയിൽ ചുവടുറപ്പിക്കാനും ബിജെപിക്ക് വോട്ടിലെ വർദ്ധന ചൂണ്ടിക്കാട്ടി കഴിയും. ഈ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള സാധ്യതയാണ് ബിജെപി കളഞ്ഞു കുളിക്കുന്നത്.

ഈ രാഷ്ട്രീയമെല്ലാം കേരളത്തിലെ എല്ലാ ബിജെപിക്കാർക്കും അറിയാം. എന്നിട്ടും പ്രമുഖരെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ഇവർ പറയുന്നു. ഇതിനെയാണ് സംശയത്തോടെ കാണേണ്ടത്. കോ-ലീ-ബി പോലുള്ള ഇടപാടുകൾ നടന്നിണ്ടോയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു- ബിജെപിയിലെ പ്രമുഖ നേതാവ് മറുനാടനോട് പറഞ്ഞു. കോർ കമ്മറ്റിയിൽ പിഎസ് ശ്രീധരൻപിള്ളയും കെ സുരേന്ദ്രനും എഎൻ രാധാകൃഷ്ണനും പങ്കെടുത്തില്ല. ഇതിന് കാരണവും കള്ളക്കളിയിൽ പങ്കാളിയായെന്ന പേരുദോഷം ഒഴിക്കാനാണെന്ന സംശയവും ഇവർക്കുണ്ട്. ഈ സാഹചര്യത്തിൽ അമിത് ഷായെ കാര്യങ്ങൾ ധരിപ്പിക്കാനാണ് നീക്കം. ഉത്തർ പ്രദേശിലെ തരംഗം മനസ്സിലാക്കിയുള്ള തീരുമാനം ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിരുത്തലുകൾക്ക് സാധ്യതയും കുറവാണ്. കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ മലപ്പുറത്ത് മത്സരിക്കുന്നതാണ് ഉചിതമെന്നും ഇവർ പറയുന്നു. ഒ രാജഗോപാലിനെ പോലൊരു മുതിർന്ന നേതാവിന്റെ വാക്കുകൾ അംഗീകരിച്ച് ഇവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കുമെന്നാണ് പ്രതീക്ഷയാണ് ഇപ്പോഴും ഇവർക്കുള്ളത്.

മലപ്പുറത്ത് സ്ഥാനാർത്ഥിയാകാൻ ജില്ല കമ്മറ്റി തയ്യാറാക്കിയ പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേരാണുള്ളത്. അതുകൊണ്ട് തന്നെ ഈ പേര് അംഗീകരിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാൽ പട്ടിക തിരിച്ചയച്ച് തീരുമാനമെടുക്കാൻ ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നിൽ ബിജെപി അധ്യക്ഷനാകാൻ ആഗ്രഹിക്കുന്ന ചിലരാണെന്നെന്നും ആരോപണം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP