Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി

'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരങ്ങേറുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനും, ജനങ്ങളെ ബോധവത്കരിക്കാനും ബിജെപി രാജ്യവ്യാപകമായി പ്രചാരണം നടത്തി വരുകയാണ്. വീടുവീടാന്തരം നേതാക്കൾ കയറിയുള്ള ബോധവത്കരണവും, പൊതുയോഗങ്ങളും റാലികളുമൊക്കെ സംഘടിപ്പിച്ചുവരികയാണ്. ഇതിനിടെയാണ് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വളഞ്ഞവഴിയിൽ തുടങ്ങി കാസർകോഡ് ബോവിക്കാനം വരെ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് പല മാധ്യമങ്ങളും വലിയ വാർത്തയാക്കുകയും, ശൂന്യമായ കസേരകളെയാണ് ബിജെപി നേതാക്കൾ അഭിമുഖീകരിച്ചതെന്നും മറ്റും റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. കാസർകോട്ടെ ബോവിക്കാനത്ത് കൂടി നാട്ടുകാരുടെ ബഹിഷ്‌കരണം വന്നത് പാർട്ടി നേതാക്കളെ ഇരുത്തി ചിന്തിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു പ്രദേശത്ത് ബിജെപിയുടെ പൊതു സമ്മേളനം. എന്നാൽ ഉച്ചയോടെ തന്നെ വ്യാപാരികൾ കടകളച്ച് പോയിരുന്നു. ബിജെപി ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയായിരുന്നു മുഖ്യാതിഥി. ഏകദേശം 150ഓളം കടകളാണ് ബോവിക്കാനത്ത് ഉള്ളത്. ഇവയിൽ അഞ്ചോ ആറോ എണ്ണം മാത്രമാണ് തുറന്നത്. പരിപാടിക്കായി വരുന്നതിനു മുമ്പ് പൊവ്വലിൽ വച്ച് നാട്ടുകാർ അബ്ദുള്ളക്കുട്ടിക്ക് നേരെ കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു. തുടർന്ന് മറ്റൊരു വഴിയിലൂടെയാണ് അബ്ദുള്ളക്കുട്ടി പരിപാടിക്കു ശേഷം മടങ്ങിയത്. ഏതായാലും ഇതങ്ങനെ വിട്ടാൽ പറ്റില്ല എന്ന തീരുമാനത്തിലാണ് ബിജെപിയും, ആർഎസ്എസും.

വ്യാപാരികളുടെ ഈ കടകൾ അടച്ചുള്ള പ്രതിഷേധത്തെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗ്ഗം സ്വന്തമായി ഒരുസംഘടന ഉണ്ടാക്കുക എന്നതാണ സംഘപരിവാർ തീരുമാനം. വ്യാപാരികൾ പൂർണമായി സംഘവിരുദ്ധരാണെന്ന വ്യാഖ്യാനത്തിൽ കഴമ്പില്ലെന്നാണ് വിലയിരുത്തൽ. സംഘപരിവാർ പ്രത്യയശാസ്ത്രത്തോട് കൂറുള്ള വ്യാപാരികൾ ഏറെയുണ്ടെങ്കിലും അവരെ ഇണക്കിക്കൊണ്ടുപോകാൻ ക്യത്യമായ പ്ലാറ്റ്‌ഫോമില്ല. ഇതാണ് ഏറ്റവും വലി പ്രശ്‌നം. ഈ സാഹചര്യത്തിൽ വ്യാപാരികൾക്കായി സംഘടന രൂപീകരിച്ചാൽ തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കാമെന്നും കണക്കുകൂട്ടുന്നു. ഇതിനായി ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്ന സംഘടന രജിസ്റ്റർ ചെയ്തു.

സംസ്ഥാനത്തെ വ്യാപാര മേഖലയിൽ കുത്തകയായിട്ടുള്ളത് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയുമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി സ്വതന്ത്ര സംഘടനയാണെങ്കിൽ, വ്യാപാര വ്യവസായ സമിതി സിപിഎമ്മിന്റെ പോഷക സംഘടനയാണ് താനും. ഓരോ പ്രദേശത്തെയും തങ്ങളുമായി ഇണക്കമുള്ള വ്യാപാരികളെ കണ്ടെത്തി സംഘടപ്പിക്കുകയാണ് ആദ്യപടി. വൈകാതെ തന്നെ സംസ്ഥാന തലത്തിൽ സംഘടന രൂപീകരിക്കും. ബിജെപി നേതാക്കളാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. തൊഴിലാളി സംഘടനയായ ബിഎംഎസും എല്ലാവിധ പിന്തുണയുമായുണ്ട്. തുടർച്ചയായി ഹർത്താലുകൾ വന്നപ്പോൾ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞത് സംഘപരിവാർ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാൻ വിളിച്ച യോഗങ്ങൾ കടകൾ അടച്ച് ബഹിഷ്‌കരിക്കുന്ന തന്ത്രം കൂടി സിപിഎം പയറ്റിയതോടെ, വ്യാപാരി സംഘടന രൂപീകരിക്കാനുള്ള തീരുമാനം നടപ്പാക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ തിരൂരിലും താനൂരിലും കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരും പേരാമ്പ്രയ്ക്കടുത്തുള്ള ആവളയിലും ബിജെപി നടത്തിയ പരിപാടിയിൽ ബഹിഷ്‌കരണം അരങ്ങേറിയിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ തുടങ്ങിയവർ കൂടി പങ്കെടുത്ത പരിപാടിയിലാണ് ഇങ്ങനെ സംഭവിച്ചത്. ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയിലാണ് ബിജെപിയുടെ സിഎഎ അനുകൂല ചടങ്ങ് നാട്ടുകാർ കടകൾ അടച്ച് ആദ്യമായി ബഹിഷ്‌കരിച്ചത്. ഇതിനു പിന്നാലെ കോഴിക്കോട്ടെ കുറ്റ്യാടിയിലും നരിക്കുനിയിലും എകരൂർ എസ്‌റ്റേറ്റ് മുക്കിലും വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ഓരോ സംസ്ഥാനത്തും ചുമതലക്കാരെ തീരുമാനിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുതിർന്ന നേതാവ് രവീന്ദ്ര രാജുവിനാണ് ചുമതല.

പാർട്ടി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികൾക്ക് മുതിർന്ന നേതാക്കളെ ചുമതലക്കാരായി നിശ്ചയിച്ചത്. ജനുവരി അഞ്ച് മുതൽ ജനുവരി 15 വരെയാണ് പ്രചാരണ പരിപാടികൾ.രാജ്യ വ്യാപകമായി വൻ റാലികൾ, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന രാഷ്ട്രീയത്തിന് പുറത്തുള്ള വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ, ശില്പശാലകൾ, ഗൃഹസമ്പർക്കം, മറ്റ് ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് ബിജെപി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ പാർട്ടികളും മുസ്ലിം സംഘടനകളും നടത്തുന്ന പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. നേരത്തെ ഹിമാചൽ പ്രദേശിലും മഹാരാഷ്ട്രയിലും അസമിലും പശ്ചിമ ബംഗാളിലും കർണാടകയിലും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് വൻ ജനപങ്കാളിത്തത്തോടെ റാലികൾ ബിജെപി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രചാരണം ശക്തമാക്കുന്നതിനായി ബിജെപി മുതിർന്ന നേതാക്കളെ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതല പെടുത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണങ്ങളിൽ ഒരുവിട്ടുവീഴ്‌ച്ചയും വേണ്ടെന്നാണ് പാർട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ സംസ്ഥാന ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP