Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

മരുമകനെ പിൻഗാമിയാക്കിയ മമത; ലാലുവും ഉദ്ധവും സ്റ്റാലിനുമെല്ലാം മക്കളെ ഇറക്കുന്നു; ഖാർഗേയുടെ സീറ്റ് മരുമകന്; മകൻ പ്രിയാങ്ക് ഖാർഗെ ഐടി മന്ത്രിയും; അഞ്ച് കർണ്ണാടക മന്ത്രിമാരുടെ മക്കൾ സ്ഥാനാർത്ഥികൾ; ഇന്ത്യാ മുന്നണിയിലെ ഡൈനാസ്റ്റി പൊളിറ്റിക്സ് ചർച്ചയാക്കി ബിജെപി

മരുമകനെ പിൻഗാമിയാക്കിയ മമത; ലാലുവും ഉദ്ധവും സ്റ്റാലിനുമെല്ലാം മക്കളെ ഇറക്കുന്നു; ഖാർഗേയുടെ സീറ്റ് മരുമകന്; മകൻ പ്രിയാങ്ക് ഖാർഗെ ഐടി മന്ത്രിയും; അഞ്ച് കർണ്ണാടക മന്ത്രിമാരുടെ മക്കൾ സ്ഥാനാർത്ഥികൾ; ഇന്ത്യാ മുന്നണിയിലെ ഡൈനാസ്റ്റി പൊളിറ്റിക്സ് ചർച്ചയാക്കി ബിജെപി

എം റിജു

ബംഗലൂരു: പരിവാർവാദ് എന്ന് ഹിന്ദിയിലും, ഡൈനാസ്റ്റി പൊളിറ്റിക്സ് എന്ന് ഇംഗ്ലീഷിലും, മക്കൾ രാഷ്ട്രീയം എന്ന് മലയാളത്തിലും വിശേഷിപ്പിക്കുന്ന സാധനത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്ന് ഒരിക്കലും ഒഴിവാക്കാൻ കഴിയില്ലെന്ന് ഈ തിരഞ്ഞെടുപ്പും തെളിയിക്കയാണ്. കോൺഗ്രസിനെതിരെ ബിജെപി തുടക്കം മുതലേ, ഉയർത്തിക്കൊണ്ടുവന്ന മക്കൾ രാഷ്ട്രീയവാദം ഇപ്പോൾ അവർ അതിലേറെ ശക്തമായി ഉയർത്തേണ്ട സാഹചര്യമാണ്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തന്റെ സീറ്റ് മരുമകന് കൊടുത്തതും, ബിജെപി പ്രചാരണ ആയുധമാക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണ്ണാടകത്തിലെ കൽബുർഗിയിൽ നിന്ന് ഇത്തവണ ജനവിധി തേടുന്നത്, മല്ലികാർജുൻ ഖാർഗെയുടെ മരുമകനാണ്. കൽബുർഗി സീറ്റിൽ സാധാരണയായി മല്ലികാർജുൻ ഖാർഗെയാണ് വിജയിക്കാറ്. ഇക്കുറി പാർട്ടി ദേശീയാധ്യക്ഷനായതിനാൽ കൽബുറഗിയിൽ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണിയെ സ്ഥാനാർത്ഥിയാക്കിയിരിക്കയാണ്. എംപിയായ ഉമേഷ് ജാദവ് ആണ് ബിജെപി സ്ഥാനാർത്ഥി.

നേരത്തെ കർണ്ണാടകത്തിലെ കോൺഗ്രസ് മന്ത്രിസഭയിൽ മലികാർജ്ജുൻ ഖാർഗെ മകൻ പ്രിയാങ്ക് ഖാർഗെയ്ക്കും മന്ത്രിസ്ഥാനം ഉറപ്പാക്കിയിരുന്നു. കർണ്ണാടകയിലെ ഐടി മന്ത്രിയാണ് പ്രിയാങ്ക് ഖാർഗെ. ഇതിനെതിരെയും ബിജെപി ശക്തമായി രംഗത്തെത്തിയിരുന്നു. വ്യക്തികൾ മാറുന്നു എന്നല്ലാതെ കോൺഗ്രസിലെ കുടുംബാധിപത്യം മാറുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിമർശനം ഉന്നയിച്ചിരുന്നു.

കർണാടക കോൺഗ്രസിൽ മക്കൾ പട

കർണ്ണാടക കോൺഗ്രസിൽ ഇക്കുറി മക്കൾ രാഷ്ട്രീയത്തിൽ ആറാടുകയാണ്. അഞ്ച് കർണ്ണാടക മന്ത്രിമാരുടെ മക്കൾ സ്ഥാനാർത്ഥികളാണ്. കർണ്ണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളായ സൗമ്യ റെഡ്ഡി (ബെംഗളൂരു സൗത്ത്), പൊതുമരാമത്ത് മന്ത്രി സതീഷ് ജാർഖിഹോളിയുടെ മകളായ പ്രിയങ്ക ജാർഖിഹോളി (ചിക്കൊടി), വനിതാശിശുക്ഷേമമന്ത്രി ലക്ഷ്മി ഹെബ്ബാൽക്കറുടെ മകനായ മൃണാൽ ആർ ഹെബ്ബാൽക്കർ (ബെൽഗാവി), വനംമന്ത്രി ഈശ്വർ ഖാന്ദ്രെയുടെ മകനായ സാഗർ ഖാന്ദ്രെ (ബിദാർ) എന്നിവരാണ് സ്ഥാനാർത്ഥികളാകുന്ന മന്ത്രിമാരുടെ മക്കൾ.

കേരളത്തിലടക്കം സ്ഥാനാത്ഥി ലിസ്റ്റിൽ കടന്നുകൂടാനായി കോൺഗ്രസ് നേതാക്കളുടെ കടിപിടി നടക്കുമ്പോൾ, കർണ്ണാടകയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രമുഖരായ കോൺഗ്രസ് നേതാക്കളെ കിട്ടാത്ത അവസ്ഥയായിരുന്നു. പ്രമുഖ നേതാക്കൾ എല്ലാം കർണ്ണാടകയിൽ മന്ത്രിമാർ ആണെന്നതായിരുന്നു കോൺഗ്രസ് അഭിമുഖീകരിച്ചിരുന്നു ഒരു പ്രശ്നം. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രമുഖ നേതാക്കളെല്ലാം ജയിച്ചു കയറിയതോടെയാണ് കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ക്ഷാമം ഉണ്ടായത്. എന്നാൽ ആരെയെങ്കിലും മത്സരിപ്പിച്ചാൽ പോര, മന്ത്രിമാരായ ഏഴു പ്രമുഖരെങ്കിലും ഇത്തവണ കളത്തിലിറങ്ങണമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്.

എന്നാൽ ഹൈക്കമാൻഡിന്റെ ഈ നിർദ്ദേശം പ്രവർത്തികമായില്ല. കാരണം അടുത്ത തവണ കേന്ദ്രത്തിൽ മോദി സർക്കാർ തന്നെയാണ് വരികയെന്ന് ഈ നേതാക്കൾക്ക് നന്നായി അറിയാം. ഹൈക്കമാൻഡ് നിർദ്ദേശം പാലിച്ചിറങ്ങി മത്സരിച്ചാൽ ജയിക്കുന്നവർക്ക് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വരും. കേന്ദ്രത്തിൽ വെറുമൊരു എം പി ആയി ഇരിക്കുന്നതിലും ഭേദം കർണാടകയിൽ മന്ത്രിയായിരിക്കുന്നതാണെന്നു മിക്കവർക്കും തിരിച്ചറിവുണ്ട്. അതുകൊണ്ടു തന്നെ ആരും രംഗത്തിറങ്ങാതെ ഇരിക്കയായിരുന്നു. അപ്പോഴാണ് കർണാടക ഉപമുഖ്യമന്ത്രിയും, പിസിസി അധ്യക്ഷനും, തന്ത്രങ്ങളുടെ ആശാനുമായ ഡി കെ ശിവകുമാർ ഒരു ഫോർമുല വെച്ചത്. മിക്ക കോൺഗ്രസ് മന്ത്രിമാരും മക്കളെ രാഷ്ട്രീയത്തിൽ ഇറക്കാൻ കാത്തിരിക്കയാണ്. ഇത്തവണ ലോകസഭയിലേക്ക് മക്കളെ ഇറക്കി ജയിപ്പിച്ചെടുക്കാ ഡി കെ നിർദ്ദേശം നൽകി. അതോടെയാണ് കർണ്ണാടകയിലെ കോൺഗ്രസ് സ്ഥാനാത്ഥിക്ഷാമത്തിന് പരിഹാരമായത്. പക്ഷേ ബിജെപിക്ക് മക്കൾ രാഷ്ട്രീയം എന്ന ശക്തമായ പ്രചാരണം നടത്താൻ ഇത് ഇടയാക്കും.

ഇന്ത്യാ മുന്നണിയിലും മക്കൾ

ഇന്ത്യാ മുന്നണിയിലും അടിമുടി മക്കൾ രാഷ്ട്രീയമാണ്. മക്കളില്ലാത്ത മമത ബാനർജി ബംഗാളിൽ പിൻഗാമിയായി മരുമകൻ അഭിഷേക് ബാനർജിയെ ഉയർത്തിക്കാട്ടുന്നതും, മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ മകൻ ആദിത്യ താക്കറെയെ പിൻഗാമിയാക്കിയതും ബിജെപി പ്രചാരണ ആയുധമാക്കുന്നുണ്ട്.

എൻസിപിയുടെ ശരദ് പവാർ, പരിചയസമ്പന്നരായ അജിത് പവാറിനെ വരെ പുറന്തള്ളി സ്വന്തം മകൾ സുപ്രിയ സുലെയെയും, സ്റ്റാലിൻ തമിഴ്‌നാട്ടിൽ സ്വന്തം മകൻ ഉദയനിധി സ്റ്റാലിനെയും പിൻഗാമിയായി വാഴിക്കാൻ അർഹരായ പലരേയും തഴഞ്ഞതും ബിജെപി നേതാക്കൾ സാധാരണ ചൂണ്ടിക്കാട്ടുന്ന കാര്യമാണ്.

മകനായ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി വാഴിക്കുക എന്നതിനപ്പുറം മറ്റൊന്നും സോണിയാഗാന്ധിയുടെ മനസ്സിലിലെന്ന് നേരത്തെ തന്നെ അമിത് ഷാ അടക്കമുള്ളവർ ആവർത്തിച്ചതാണ്. മക്കൾ രാഷ്ട്രീയത്തിനെ സമരം ചെയ്താൽ പുറത്താക്കപ്പെടുമെന്നതിനാൽ എല്ലാവരും ഭയന്നാണ് ആ പാർട്ടിയിൽ സോണിയാഗാന്ധിയുടെ തിട്ടൂരത്തിന് കീഴടങ്ങി നിൽക്കുന്നതെന്നും അമിത് ഷാ ആരോപിക്കുന്നു. അതുപോലെ മക്കൾ രാഷ്ട്രീയം നിലനിൽക്കുന്ന മറ്റൊരു പാർട്ടിയാണ് രാഷ്ട്രീയ ജനതാദൾ എന്ന ആർജെഡി. മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി വാഴിക്കുക എന്ന ഒറ്റക്കാര്യമേ ലാലുവിന് ഉള്ളൂ. ഈ രീതിയിലുള്ള പ്രചരണമാണ് ബിജെപി അഴിച്ചുവിടുന്നത്.

എന്നാൽ ബിജെപിയിലും മക്കൾ രാഷ്ട്രീയം ഉണ്ടെന്നത് വേറെ കാര്യം. കർണ്ണാടകയിൽ തന്നെ മുൻ മുഖ്യമന്ത്രി യെദിയുരപ്പയുടെ മകനായ, വിജയേന്ദ്രയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ. ബിജെപിക്കെതിരെ കോൺഗ്രസും ഇക്കാര്യം പ്രചരിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP