Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ മണിപ്പുരിലെ കരിനിയമം അഫ്‌സ്പ പ്രയോഗിക്കാൻ സമ്മർദം ചെലുത്തി ബിജെപി; കൊലപാതകം തടയുന്നതിൽ പരിമിതിയെന്ന റേഞ്ച് ഐജിയുടെ പരാമർശം ആയുധമാക്കും; അക്രമം തുടർന്നാൽ അർധ സൈനിക വിഭാഗത്തെ കണ്ണൂരിൽ വിന്യസിച്ചേക്കുമെന്നു സൂചന; ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ട് ഗവർണർ ഉടൻ നൽകും

കണ്ണൂരിൽ മണിപ്പുരിലെ കരിനിയമം അഫ്‌സ്പ പ്രയോഗിക്കാൻ സമ്മർദം ചെലുത്തി ബിജെപി; കൊലപാതകം തടയുന്നതിൽ പരിമിതിയെന്ന റേഞ്ച് ഐജിയുടെ പരാമർശം ആയുധമാക്കും; അക്രമം തുടർന്നാൽ അർധ സൈനിക വിഭാഗത്തെ കണ്ണൂരിൽ വിന്യസിച്ചേക്കുമെന്നു സൂചന; ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ട് ഗവർണർ ഉടൻ നൽകും

അർജുൻ സി വനജ്

കൊച്ചി: കണ്ണൂരിൽ സായുധ സേനയെ വിന്യസിക്കണമെന്ന ആവശ്യം കേന്ദ്രത്തിന് മേൽ ശക്തിപ്പെടുത്താൻ സംസ്ഥാന ബിജെപി ഘടകം തീരുമാനിച്ചു. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും രമിത്തിന്റെ കൊലപാതകത്തോടെ, ഈ ആവശ്യം ശക്തിപ്പെടുത്താനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. കഴിഞ്ഞമാസം അവസാനം കണ്ണൂരിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് എംപി മാരുടെ സംഘം കേന്ദ്രത്തിന് റിപ്പോർട്ട നൽകിയിരുന്നു. മാത്രമല്ല, കണ്ണൂരിൽ അഫ്സ്പാ പ്രയോഗിക്കുന്നതിന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാനും അന്ന് എംപിമാരുടെ സംഘം കേരള ഗവർണ്ണർ പി സദാശിവത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് രേഖാമൂലം നിവേദനമായി നൽകുകയും ചെയ്തിരുന്നു.

എന്നാൽ, കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ തുറന്നു പറച്ചിലാണ് പുതിയ നീക്കങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. 'കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ പൊലീസിനു പരിമിതികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരും വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ല, ഇരു കൂട്ടരും പരസ്പരം കൊലപാതകം നടത്തുന്നത് പൊലീസിന്റെ കയ്യിൽ നിൽക്കുന്നതല്ല. ഇതായിരുന്നു റേഞ്ച് ഐജിയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചതോടെ ബിജെപി നേതാവ് കെ സുരേന്ദ്രനും സംസ്ഥാനത്തു പട്ടാളഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നു പൊലീസ് മേധാവികൾ തന്നെ ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ കൈമലർത്തിയതോടെ അഫ്‌സ്പ സംസ്ഥാനത്തു കൊണ്ടുവരണമെന്ന തരത്തിലുള്ള പ്രചാരണവും എത്തിക്കഴിഞ്ഞു.

ഇതേ ആവശ്യം ഉന്നയിച്ച് ഭീമൻ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് നൽകാനുള്ള തയ്യാറെടുപ്പിലാണ് ചില സംഘപരിവാർ അനുഭാവികൾ. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ഓൺലൈൻ പരാതിയിൽ നൂറുകണക്കിന് ആളുകളാണ് ഓരോ മണിക്കൂറിലും ഒപ്പ് രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ കൊലപാതകം മാത്രമല്ല, തീവ്രവാദ ക്യാമ്പുകളും കണ്ണൂരിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 11 കള്ളനോട്ടു കേസുകളും ജില്ലയിൽ രജിസ്റ്റർ ചെയ്തു. ഉന്നത പൊലീസ് ഓഫീസർമാരൊക്കെ തങ്ങളുടെ നിസഹായാവസ്ഥ പ്രകടമാക്കുകയും ചെയ്തു. ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമാധാനം പുനഃസ്ഥാപിക്കുന്നതിന് അഫ്‌സ്പ പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്നതെന്നു പരാതിയിൽ പറയുന്നു.

കണ്ണൂരിൽ അഫ്സ്പ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റബർ പത്തിന് ബിജെപി നേതാവ് ടി.ജി മോഹൻദാസ് ആഭ്യന്തര മന്ത്രി രാജ്നാഥാസിങിന് കത്ത് നൽകിയിരുന്നു. കണ്ണൂരിലെ സമാധാനം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് എംപിമാരുടെ സംഘം കണ്ണൂരിലെ അക്രമസംഭവങ്ങൾ പഠിക്കാൻ കേരളത്തിലെത്തിയത്.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുൾപ്പടെ ക്രമസമാധാനം പാലിക്കാൻ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് രമിത്തിന്റെ കൊലപാതകമെന്ന് ബിജെപി നേതാവ് പി എസ് ശ്രീധരൻപിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ വ്യവസ്ഥാപിത ഭരണഘടനാ സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തിൽ കേന്ദ്രം ഇടപെടണം. കണ്ണൂരിനെ പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് അഫ്സ്പാ കണ്ണൂരിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി ശ്രീധരൻ പിള്ള പറഞ്ഞു. ഗവർണ്ണറെ കണ്ട് ബിജെപി നേതാക്കൾ കഴിഞ്ഞ മാസം അവസാനം സമർപ്പിച്ച കാര്യങ്ങൾ ശരിവെയ്ക്കുന്നതാണ് കണ്ണൂർ റേഞ്ച് ഐജിയുടെ പ്രസ്ഥാവന. അതിനാൽ വിഷയത്തിൽ എത്രയും വേഗം ഗവർണ്ണർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ ഉപദേശം ഇല്ലാതെ വേണമെങ്കിൽ ഗവർണ്ണർക്ക് അഫ്സ്പ പ്രയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാമെന്നാണ് നിയമം. അതിനാൽതന്നെ ഇനി ഗവർണ്ണറിന്റെ തീരുമാനമാകും വിഷയത്തിൽ അന്തിമമാകുക. അതിനിടെ അർദ്ധ സൈനിക വിഭാഗത്തെ കണ്ണൂരിൽ വിന്യസിക്കാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. കോയമ്പത്തൂരുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ മൂന്നു കമ്പനികളിൽ രണ്ടെണ്ണത്തെയാണ് കണ്ണൂരിൽ വിന്യസിക്കാൻ ആലോചിക്കുന്നത്. നിർദ്ദേശം ലഭിച്ചാൽ ആറ് മണിക്കൂറുകൾക്കുള്ളിൽ ആർ.എ.എഫിന് കണ്ണൂരിലെത്താൻ സാധിക്കും.

അതിനിടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ കൂടുതൽ ഉദ്യോഗസ്ഥർ ഇന്ന് കണ്ണൂരിലെത്തി. ആർ.എ.എഫ്, മിലിറ്ററി ഇന്റെലിജൻസും കണ്ണൂരിലെത്തിയെന്നാണ് അനൗദ്യോഗിക വിവരം. ഒരിടയ്ക്ക് അവസാനിച്ച കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് വീണ്ടും ആരംഭിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലുൾപ്പടെ 7 കൊലപാതകങ്ങളാണ് ജില്ലയിൽ അരങ്ങേറിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി വൻ ആയുധ ശേഖരവും നാടൻ, സ്റ്റീൽ ബോബുകളും പൊലീസ് കണ്ടെടുത്തിരുന്നു.

എന്താണ് സായുധസേന പ്രത്യേക അധികാര നിയമം?

1958ൽ ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയതാണ് സായുധസേനാ പ്രത്യേകാധികാര നിയമം അഥവാ അഫ്‌സ്പ ( Armed Forces Special Powers Act). ഇത് നടപ്പാക്കുന്ന സ്ഥലങ്ങളിൽ സൈന്യത്തിന് അമിതാധികാരത്തിന് വ്യവസ്ഥ ചെയ്യുന്നു. ഈ നിയമ പ്രകാരം അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങളിലാണ് പ്രശ്‌നങ്ങൾ നേരിടുന്നതിന് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്നത്. 1990 ജൂലൈയിൽ The Armed Forces (Jammu and Kashmir) Special Powers Act എന്ന പേരിൽ ജമ്മുകശ്മീരിലേക്കും ഈ നിയമം വ്യാപിപ്പിച്ചു.

നിയമം ലംഘിക്കുന്നവർക്കോ അഞ്ചിൽ കൂടുതൽ പേർ സംഘം ചേർന്നാലോ ആയുധങ്ങൾ കൈവശം വച്ചാലോ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേനയ്ക്ക് നിയമം അധികാരം നൽകുന്നു. ഇത്തരം നടപടികളിൽ കരസേനാ ഓഫീസർമാർക്ക് നിയമപരിരക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഫ്സ്പ നിയമപ്രകാരം സൈന്യത്തിന് ആരെ എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കേസ് എടുക്കാതെ തടവിൽ വെക്കാനും അധികാരമുണ്ട്. സർക്കാറിനെതിരായി കൂട്ടം കൂടുകയോ, നിയമം കൈയിലെടുക്കുന്നതായി തോന്നുകയോ ചെയ്യുന്ന സമയങ്ങളിൽ സൈന്യത്തിന് ഇടപെടാവുന്നതാണ്. ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തിരച്ചിൽ നടത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP