Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

കശ്മീരിൽ റിസ്‌കെടുക്കാൻ മോദിയും അമിത്ഷായും തീരുമാനിച്ചത് ശ്യാമപ്രസാദ് മുഖർജിയുടെ ചിരകാലസ്വപ്‌നം യാഥാർഥ്യമാക്കാൻ; രാജ്യസഭയുടെ കടമ്പ കടക്കാൻ ഷാ പരിശ്രമം തുടങ്ങിയത് ഒരുമാസം മുമ്പേ; മുത്തലാഖ് ബില്ലും യുഎപിഎയും പാസാക്കിയ ആത്മവിശ്വാസത്തിൽ വച്ച ചുവട് മുന്നോട്ട് തന്നെ; അയോധ്യപ്രശ്‌നം അന്തിമതീർപ്പിലേക്കടുക്കുമ്പോൾ ബിജെപിയുടെ അടുത്ത വെല്ലുവിളി ഏകീകൃത സിവിൽ കോഡ്; പഴങ്കഥയാക്കുന്നത് നെഹ്‌റുവിയൻ സെക്കുലറിസവും

കശ്മീരിൽ റിസ്‌കെടുക്കാൻ മോദിയും അമിത്ഷായും തീരുമാനിച്ചത് ശ്യാമപ്രസാദ് മുഖർജിയുടെ ചിരകാലസ്വപ്‌നം യാഥാർഥ്യമാക്കാൻ; രാജ്യസഭയുടെ കടമ്പ കടക്കാൻ ഷാ പരിശ്രമം തുടങ്ങിയത് ഒരുമാസം മുമ്പേ; മുത്തലാഖ് ബില്ലും യുഎപിഎയും പാസാക്കിയ ആത്മവിശ്വാസത്തിൽ വച്ച ചുവട് മുന്നോട്ട് തന്നെ; അയോധ്യപ്രശ്‌നം അന്തിമതീർപ്പിലേക്കടുക്കുമ്പോൾ ബിജെപിയുടെ അടുത്ത വെല്ലുവിളി ഏകീകൃത സിവിൽ കോഡ്; പഴങ്കഥയാക്കുന്നത് നെഹ്‌റുവിയൻ സെക്കുലറിസവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പഴയതുപോലല്ല കാര്യങ്ങൾ. ആകെ ഉഷാറായ ഭരണപക്ഷം. ചിന്നിച്ചിതറിയ പ്രതിപക്ഷം. രാജ്യസഭ പഴയതുപോലൊരു കടമ്പയേയല്ല. ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് കരുതിയിരുന്ന കക്ഷികൾ എണ്ണിച്ചുട്ട അപ്പം പോലെ ബില്ലുകൾ പാസാക്കാൻ ബിജെപിക്ക് കൂട്ടുനിൽക്കുന്നു. ഒരുകാലത്ത് അയോധ്യയിൽ രാമക്ഷേത്രം, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ഏകീകൃത സിവിൽ കോഡ് ഇതെല്ലം ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങളായിരുന്നു ബിജെപിക്ക്. ഇന്നിപ്പോൾ അങ്ങനെയല്ലെന്ന് എല്ലാവർക്കുമറിയാം. മുത്തലാഖ് ബിൽ രാജ്യസഭയുടെ കടമ്പ കടന്ന് നിയമമായിരിക്കുന്നു. കശ്മീർ പുനഃ സംഘടനാ ബില്ലിനും രാജ്യസഭയുടെ പച്ചക്കൊടി കിട്ടി. ഇനി ലോക്‌സഭയിൽ വൻഭൂരിപക്ഷമുള്ള സാഹചര്യത്തിൽ ബിൽ പാസാക്കൽ വെറും ചടങ്ങെന്നേ പറയാനുള്ളു. ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ പൊടുന്നനെ ചർച്ചാവിഷയമായിരിക്കുന്നതും മറ്റൊന്നല്ല- ആർഎസ്എസിന്റെയും ബിജെപിയുടെയും ചിരകാലസ്വപ്‌നമായ ഏകീകൃത സിവിൽ കോഡ്.

ഏകീകൃത സിവിൽ കോഡ് പാസാക്കിയെടുക്കുക അത്ര എളുപ്പമല്ലെന്ന കാര്യം സമ്മതിക്കാം. എന്നാൽ, അസാധ്യമാണെന്ന് മോദി സർക്കാരിന്റെ ഇപ്പോഴത്തെ നില വച്ച് ആരും പറയുകയുമില്ല. കശ്മീർ പുനഃസംഘടനാ ബില്ലും മുത്തലാഖ് ബില്ലും രാജ്യസഭയിൽ പാസാക്കിയെടുത്ത വിധം തന്നെ നോക്കുക.

രാജ്യസഭ ഇന്ന് ബിജെപിക്ക് കടമ്പയല്ല

ബിഎസ്‌പി, ബിജെഡി, എഐഎഡിഎംകെ, വൈഎസ്ആർസിപി, എഎപി എന്നിവരെല്ലാം രാജ്യസഭയുടെ കടമ്പ കടക്കാൻ മോദി സർക്കാരിന തുണയേകി. എന്നാൽ, ബിജെപിയുടെ ബിഹാർ സഖ്യകക്ഷിയായ ജെഡിയും എതിർപ്പ് പ്രകടിപ്പിച്ച് വാക്ക് ഔട്ട് നടത്തിയത് സർക്കാരിന് ക്ഷീണമായി. ബിജെപിക്ക് രാജ്യസഭയിൽ 78 അംഗങ്ങളുള്ളപ്പോൾ എഐഡിഎംകെയും 11, ബിജെഡി-7, ബിഎസ്‌പി 4, ശിവസേന-3, എഎപി-3, ശിരോമണി അകാലിദൾ -3, വൈഎസ്ആർ-സിപി-2, ആർപിഐ-എ, എൻപിഎഫ്, എൽജെപി, ബിപിഎഫ്,എജിപി-ഓരോന്നുവീതം, നാല് നോമിനേറ്റഡ് അംഗങ്ങൾ, ചില സ്വതന്ത്രർ എന്നിവരുടെ പിന്തുണ സർക്കാരിന് കിട്ടി. മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കിയ സമയത്ത്, എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഎഡിഎംകെ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബില്ലിനെ എതിർക്കുന്നതായി സഭയിൽനിന്ന് ഇറങ്ങിപ്പോകുന്നതിനു മുൻപായി ജെഡിയു എംപി ബസിഷ്ട നരെയ്ൻ സിങ് പറഞ്ഞു. ടിആർഎസ്, ടിഡിപി കക്ഷികളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. 121 വേണ്ടിടത്ത് 92 ആയി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നതിനെ തുടർന്നാണ് ബിൽ പാസ്സാക്കിയത്.

ഏതായാലും ഏകീകൃതസിവിൽ കോഡിലേക്ക് ബിജെപി എടുത്തുചാടുമെന്ന് കരുതാനാവില്ല. വ്യക്തിനിയമങ്ങളുടെ കൂടുതൽ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ മുന്നോട്ട് നീങ്ങുക. യുഎപിഎ ബിൽ പാസാക്കാനായതും ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. അയോധ്യക്കേസ് അതിന്റെ അന്തിമപാദത്തിലാണ്. ചൊവ്വാഴ്ച മുതൽ സുപ്രീംകോടതി ദിവസവും തർക്കത്തിൽ വാദം കേൾക്കുകയാണ്. മതപരമായും, രാഷ്ട്രീയപരമായും വലിയ കോളിളക്കം സൃഷ്ടിച്ച വിഷയമാണെങ്കിലും അത് അതിന്റെ പര്യവസാനത്തിലേക്ക് എത്തുകയാണ്.

റിസ്‌കെടുക്കാനും വേണം ധൈര്യം

കശ്മീരിന് പ്രത്യേക പദവി നൽകുന്നതിനെ ബിജെപി ആദ്യം മുതലേ എതിർത്തിരുന്നു. ജനസംഘത്തിന്റെ നേതാവ് ശ്യാമപ്രസാദ് മുഖർജി ഈ വിഷയത്തിൽ പ്രതിഷേധിച്ച് അറസ്റ്റും വരിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി നീക്കുക എന്നത് അന്ന് മുതൽക്കേ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും പ്രഖ്യാപിത മുദ്രാവാക്യമാണ്. ബിജെപിയുടെ ദേശീയ വാദത്തിന്റെയും അഖണ്ഡഭാരതസങ്കൽപ്പത്തിന്റെയും പൂർത്തീകരണത്തിനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ആർട്ടിക്കിൾ 370 ന്റ റദ്ദാക്കാൽ. നെഹ്‌റുവിന്റെ മതേതരവാദത്തിന് ബദലായി ബിജെപി അവതരിപ്പിച്ച രാഷ്ട്രീയ ദർശനത്തിന്റെ വിജയം കൂടിയാണ് ഇത്.

തീർച്ചയായും കശ്മീരിലെ പുനഃസംഘടിപ്പിച്ച തീരുമാനം റിസ്‌കുള്ളതാണ്. വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ, എക്കാലത്തും വെറും വാചകമടി മാത്രമായി മുന്നോട്ട് പോകാനാവില്ലെന്നും എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്നുമുള്ള പൊതുബോധം വളർത്തിയെടുക്കാനും ബിജെപിക്ക് ഒരുപരിധി വരെ കഴിഞ്ഞിട്ടുണ്ട്. ആർട്ടിക്കിൾ 370 ഉം ആർട്ടിക്കിൾ 35 എയും കശ്മീരിനെ ഇന്ത്യൻ പൊതുബോധത്തിൽ നിന്ന് അകറ്റിനിർത്തിയിരിക്കുകയായിരുന്നു. ആ ന്യൂനത പരിഹരിച്ച് കശ്മീരി ജനതയെ കൂടുതൽ അടുപ്പിക്കാൻ ഈ ധീരമായ ചുവട് വയ്പിലൂടെ കഴിയുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

മറ്റുപാർട്ടികളെ വശത്താക്കാനുള്ള നീക്കം നേരത്തെ തന്നെ ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയിരുന്നു. ആർ്ട്ടിക്കിൾ 370 റദ്ദാക്കേണ്ടത് ആവശ്യമാണെന്ന തോന്നൽ ജനിപ്പിക്കാൻ ഷായ്ക്ക് കഴിഞ്ഞു. ഒരുമാസത്തിന് മുമ്പേ തന്നെ തങ്ങളോട് അടുത്ത് നിൽക്കുന്ന നേതാക്കളെ ഷാ വിശ്വാസത്തിലെടുത്തിരുന്നു. ബിജെഡി, ടിആർഎസ്, വൈഎസ്ആർസിപി, ടിഡിപി എന്നിവരെല്ലാം ബില്ലിന് അനുകൂലമായി വോട്ടുചെയ്തതും അതുകൊണ്ട് തന്നെയാണ്.

ഏകീകൃത സിവിൽ കോഡിലേക്ക് ഇനി എത്ര ദൂരം?

ഇന്ത്യൻ പീനൽ കോഡ് ഇന്ത്യയിലെ എല്ലാ ജന വിഭാഗങ്ങളെയും ഒരു പോലെ ബാധിക്കുന്നു. ക്രിസ്ത്യൻ ആയാലും ഇസ്ലാം ആയാലും ഹിന്ദു ആയാലും നിയമം ഒന്ന് തന്നെ. സിവിൽ കോഡ് എന്ന് പറഞ്ഞാൽ വ്യക്തി നിയമങ്ങളിൽ ഹിന്ദുവിന് ഒരു നിയമം, ഇസ്ലാമിന് ഒരു നിയമം, ക്രിസ്ത്യാനിക്ക് ഒരു നിയമം അങ്ങനെ ആണ്. ഇതിനു കാരണം മത നിയമങ്ങൾ സംരക്ഷിക്കുക ആയിരുന്നു. എന്നാൽ ഹിന്ദു നിയമങ്ങളിൽ ഒരു പാടു പരിഷ്‌കരണങ്ങൾ വന്നിരുന്നു. ഏക ഭാര്യാത്വം, ഹിന്ദു വിവാഹ നിയമം, ഇവയൊക്കെ പരിഷ്‌കരിക്കപ്പെട്ടു. ഇസ്ലാമിക വ്യക്തി നിയമങ്ങൾ കാര്യമായ മാറ്റമില്ലാതെ ഇന്ത്യ നില നിർത്തി. ക്രൈസ്തവ നിയമങ്ങളും ചെറിയ മാറ്റങ്ങൾക്കു വിധേയമായി എങ്കിലും എല്ലാവർക്കും പ്രത്യേകം നിയമങ്ങൾ നില നിൽക്കുന്നു. ഇതിനോട് സംഘപരിവാറിനോട് യോജിപ്പില്ല.

ഇത് ഏകീകരിക്കപ്പെട്ടു കൊണ്ട്, എല്ലാവർക്കും ഒരേ പോലെ ബാധകമായ സിവിൽ കോഡ് വരണം എന്നതാണ് ബിജെപിയുടെ ആഗ്രഹം. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മോദി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എബി വാജ്പേയിയുടെ കാലത്ത് കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയപ്പോഴും ചർച്ചകൾ സജീവമായിരുന്നു. എന്നാൽ കൂട്ടുകക്ഷി മന്ത്രിസഭയിൽ ആ തീരുമാനം നടപ്പാക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ കേവല ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ മോദി സർക്കാരിന് അതിന് കഴിയും.

ഇന്ത്യൻ ഭരണഘടനയുടെ ഭാഗം നാലിൽ 44ാം വകുപ്പിലാണ് ഏക സിവിൽകോഡിനെക്കുറിച്ചു പരാമർശമുള്ളത്. ''The state shall endeavour to secure fothe citizens a uniform civilcode throughout the territory of India'' ' ഇന്ത്യൻ ഭൂപ്രദേശത്തെ എല്ലാ പൗരന്മാർക്കും ബാധകമായ ഒരു ഏകീകൃത സിവിൽ നിയമം ഉണ്ടാക്കാൻ രാഷ്ട്രം പരിശ്രമിക്കണം'. എന്നാൽ ഈ 44ാം വകുപ്പ് ഉൾപ്പെടുന്ന ഭാഗം നിർദ്ദേശക തത്വങ്ങൾ (Directive Principles of State Policy) എന്നാണ് അറിയപ്പെടുന്നത്. 36 മുതൽ 51 വരെ ആർട്ടിക്കിൾ ഉൾപെടുന്ന നിർദ്ദേശക തത്വങ്ങളുടെ പ്രത്യേകത 37ൽ പറയുന്നുണ്ട് 'The provisions contained in this part shall not be enforcible by any court of law'ഈ അധ്യായത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ ഏതൊരു കോടതി മുഖേനെയും ചോദിച്ചു വാങ്ങാവുന്നതല്ല'. ഇതിൽ നിന്നുതന്നെ ഏകസിവിൽകോഡിന്റെ നിയമവശം മനസിലാക്കാം.

ഭാഗം നാലിൽ പറയുന്ന മറ്റുകാര്യങ്ങൾ കൂടി ഇവിടെ പരിശോധിക്കേണ്ടതുണ്ട്. 48 എ പ്രകാരം വനവന്യജീവി നശീകരണവും 47 പ്രകാരം മദ്യ നിരോധനവും രാഷ്ട്രത്തിന്റെ ബാധ്യതയാണ്. മാത്രമല്ല, മൗലികാവകാശങ്ങളിലെ 25ാം വകുപ്പ് ഏതു മതം സ്വീകരിക്കുന്നതിനും മതമനുസരിച്ചു പ്രവർത്തിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. മൗലികാവകാശങ്ങൾ ലംഘിച്ചുകൊണ്ട് നിർദ്ദേശക തത്വങ്ങൾ നടപ്പിലാക്കാൻ പാടില്ലെന്നതു പൊതുതത്വമാണ്. അതേസമയം ഭരണഘടനാ നിർമ്മാണ സഭയിൽ ഡോ. അംബേദ്കർ നടത്തിയ പ്രഭാഷണത്തിലെ പ്രസക്തമായ വരികൾ ഇവിടെ അടിവരയിട്ടു വായിക്കേണ്ടതുണ്ട്: 'നമുക്ക് ഈ രാജ്യത്തുടനീളം ബാധകമാകുന്ന ഏകീകൃതവും സമ്പൂർണവുമായ ക്രിമിനൽ നിയമസംഹിത നിലവിലുണ്ട്. പീനൽ കോഡിലും ക്രിമിനൽ നടപടിക്രമങ്ങളിലും അവ നിക്ഷിപ്തമായിരിക്കുന്നു. സ്വത്തു ബന്ധങ്ങളെക്കുറിച്ചിടത്തോളം രാജ്യത്താകെ പ്രാബല്യമുള്ള ഒരു വസ്തു കൈമാറ്റ നിയമമുണ്ട്. ഈ വാക്കുകളെ മുഖവിലയ്ക്ക് എടുത്താണ് ഏകീകൃത സിവിൽ കോഡിനായുള്ള വാദം സജീവമാക്കുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം വ്യക്തികൾക്ക് മതരപമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുമതി നൽകുന്നു. 1976ലെ 42-ാം അമൻഡ്മെന്റ് പ്രകാരം സെക്യുലർ രാജ്യമായി. ഇതിലൂടെ സർക്കാരുകൾക്ക് മതപരമായ ഇടപെടൽ നടത്താനുള്ള അധികാരവുംകുറഞ്ഞു. എന്നാൽ മതേതരമെന്ന വാക്ക് വന്നതോടെ സർക്കാരുകൾക്ക് ഇടപെടാനുള്ള അവസരം കൂടിയെന്ന വിലയിരുത്തലുമുണ്ട്. മതേതര സ്വഭാവം നിലനിർത്താനുള്ള ഇടപെടലുകൾക്ക് നിയമ നിർമ്മാണത്തിനും സർക്കാരുകൾ അധികാരമുണ്ടെന്നാണ് ഈ വാദക്കാരുടെ അഭിപ്പായം. അതുകൊണ്ട് തന്നെ ഏകീകൃത സിവിൽ കോഡ് എന്നത് ഭരണഘടനയ്ക്ക് എതിരല്ലെന്നും പറുന്നു.

രാജ്യത്തെ 80 ശതമാനത്തോളം ജനങ്ങൾ പേഴ്സണൽ നിയമത്തിന് വിധേയരായി ജീവിക്കുന്നുമ്പോൾ, ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ബാധകമായ സിവിൽ കോഡ് നടപ്പാക്കാക്കേണ്ടത് ആവശ്യമാണെന്ന് 1995ലെ സരള മുദ്ഗൽ കേസിൽ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഏകീകൃത സിവിൽ കോഡ് നിലവില്ലാത്തതിനാൽ പൗരന്മാർക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ഭരണഘടനയിലെ 44ാം വകുപ്പ് പൂർണമായും പ്രാബല്യത്തിൽ വരുന്നില്ലെന്ന് 2003ലെ ജോൺ വല്ലമറ്റം കേസിലും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. അന്ന് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന സുപ്രിം കോടതിയുടെ ആവശ്യം അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് തള്ളിയിരുന്നു. പൊതു സിവിൽ കോഡ് ഏതെങ്കിലും പ്രത്യേക മതവിഭാഗക്കാർക്ക് മേൽ അടിച്ചേൽപിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. ഈ വിഷയത്തിൽ അനുകൂല ചർച്ചകൾ ഉയർത്താൻ അവരും ശ്രമിക്കും. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ വലിയ നിയമ ചർച്ചകളിലേക്ക് പോകും.

ഭരണ ഘടനയുണ്ടാക്കുമ്പോൾ ഡോ. അംബേദ്കർ നൽകിയ ഉറപ്പു പ്രതീക്ഷ നൽകുന്നതായിരുന്നു: 'ഒരു സിവിൽ കോഡ് രൂപീകരിക്കപ്പെട്ടാൽ അതു പൗരന്മാരുടെ മേൽ, അവർ പൗരന്മാരായി എന്നതിന്റെ പേരിൽ മാത്രം അടിച്ചേൽപ്പിക്കപ്പെടുമെന്ന് ഈ വകുപ്പ് പറയുന്നില്ല. ഒരു കോഡിന് കീഴ്പ്പെടാൻ സ്വയം തയാറാണെന്നു പ്രഖ്യാപിക്കുന്നവർക്ക് മാത്രമേ ഇതു ബാധകമാകൂ എന്ന് ഭാവി പാർലമെന്റിനു ഒരു വകുപ്പ് നിർമ്മിക്കാവുന്നതാണ്. ഈ പ്രാരംഭഘട്ടത്തിൽ ഒരു കോഡിന് കീഴ്പ്പെടൽ തീർത്തും സന്നദ്ധതാപരമാണ്.' ചർച്ചകൾ സജീവമാകുമ്പോഴും ഏക സിവിൽകോഡ് എന്നതിനെ നേരിൽ നിർവചിക്കാൻപോലും ആരും തയാറാകുന്നില്ല. അംബേദ്കർ അഭിപ്രായപ്പെട്ടതു പോലെ രാജ്യത്ത് ഏകീതൃതമാക്കപ്പെടാത്ത നിയമങ്ങൾ വ്യക്തി നിയമങ്ങൾ മാത്രമാണുള്ളത്. ഇവകൾ അസാധുവാക്കി ഒരു ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷീകരിക്കുന്നത് എന്നതാണ് പൊതു വിലയിരുത്തൽ. ഇതു യാഥാർഥ്യമായാൽ പിന്നീട് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യൻ സെക്യുലറിസത്തിന് എന്തർഥമാണുള്ളത്....? ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കും അനുയോജ്യമായ ഒരു നിയമം എങ്ങനെ സാധ്യമാകും..? ദേശീയോദ്‌ഗ്രഥനം ഇങ്ങനെയൊക്കെയാണോ നടപ്പിലാക്കേണ്ടത്...?

പരിഷ്‌കൃത സിവിൽ സമൂഹത്തിൽ മതനിയമങ്ങളും വ്യക്തിനിയമങ്ങളും തമ്മിൽ ബന്ധമില്ല. വ്യക്തിനിയമങ്ങളേക്കാൾ പ്രാധാന്യം രാജ്യത്തിന്റെ നിയമങ്ങൾക്കാണ്. രാജ്യത്ത് ജീവിക്കുന്ന എല്ലാപൗരന്മാർക്കും ഒരേ നിയമം ബാധകമാക്കണം എന്ന പരിഷ്‌കൃത സമൂഹത്തിന്റെ ആവശ്യത്തിനു നേരെ മുഖം തിരിക്കുന്നത് ചില ഭൗതികനേട്ടങ്ങൾ ഇല്ലാതായിപ്പോകും എന്നു കരുതി മാത്രമാണ്. ജനാധിപത്യ ഭരണക്രമത്തിൽ പാർലമെന്റിനിടപെടാനാവാത്ത ചില നിയമങ്ങൾ ജനാധിപത്യത്തെ തന്നെ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. മത ഗ്രന്ഥങ്ങളോടൊപ്പം ഭരണഘടനയും എല്ലാവരും പഠിക്കേണ്ടതാണ്. ക്രിമിനൽ നിയമങ്ങൾ മത ഭേദമന്യെ എല്ലാവർക്കും ഒരുപോലെ ബാധകമാകുമ്പോൾ സിവിൽ നിയമം സാമുദായികവും മതപരവുമാകുന്നതിന്റെ യുക്തി ആധുനിക സമൂഹത്തിൽ വിചിത്രമാണെന്നാണ് സംഘപരിവാറിന്റേയും നിലപാട്.

എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി തീരുമാനം എന്ന വിശദീകരണമാകും കോടതിയിൽ കേന്ദ്ര സർക്കാർ നൽകുക. എല്ലാ മതങ്ങൾക്കും പൊതുവിൽ ബാധകമായ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന് സുപ്രിം കോടതി 2002ൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ കോൺഗ്രസ് സർക്കാർ അതിന് വേണ്ട നടപടികൾ എടുത്തില്ല. സമുദായ, ധർമ ആവശ്യങ്ങൾക്കായി സ്വത്ത്ദാനം ചെയ്യുന്നതിന് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ ക്രൈസ്തവർക്കുള്ള നിയന്ത്രണം നീക്കുന്ന ഉത്തരവിലാണ് സുപ്രിം കോടതി ഏകീകൃത സിവിൽ നിയമം അഭികാമ്യമാണെന്ന് ആദ്യം അഭിപ്രായപ്പെട്ടത്. പരിഷ്‌കൃത സിവിൽ സമൂഹത്തിൽ മതനിയമങ്ങളും വ്യക്തിനിയമങ്ങളും തമ്മിൽ ബന്ധമില്ലെന്ന് മൂന്നംഗ ബെഞ്ച് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പൊതു സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 44ാം വകുപ്പ് ഇനിയും പ്രാബല്യത്തിലായിട്ടില്ലെന്നത് ഖേദകരമാണെന്നും വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP