Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിന്റെ അടിത്തറ തകർക്കാൻ സഹകരണ ബാങ്കുകളുടെ നട്ടെല്ല് തകർക്കണമെന്ന് കേന്ദ്രത്തെ ഉപദേശിച്ചത് കേരള ബിജെപി നേതാക്കൾ; ഇല്ലാതായ എസ്‌ബിറ്റിക്ക് ബദലായി സഹകരണ ബാങ്കുകളുടെ കൂട്ടായ്മയായ കേരളാ ബാങ്ക് സ്വപ്‌നം കണ്ട തോമസ് ഐസക്കിനെ സൂക്ഷിക്കാൻ ഉപദേശിച്ചത് സുരേന്ദ്രൻ മുതൽ കുമ്മനം വരെയുള്ളവർ; നിലവിലുള്ളത് തകർന്നാൽ ബിജെപി നേതൃത്വം നൽകുന്ന ബദൽ ബാങ്ക് പദ്ധതിയുമായി മുരളീധരനും സംഘവും

സിപിഎമ്മിന്റെ അടിത്തറ തകർക്കാൻ സഹകരണ ബാങ്കുകളുടെ നട്ടെല്ല് തകർക്കണമെന്ന് കേന്ദ്രത്തെ ഉപദേശിച്ചത് കേരള ബിജെപി നേതാക്കൾ; ഇല്ലാതായ എസ്‌ബിറ്റിക്ക് ബദലായി സഹകരണ ബാങ്കുകളുടെ കൂട്ടായ്മയായ കേരളാ ബാങ്ക് സ്വപ്‌നം കണ്ട തോമസ് ഐസക്കിനെ സൂക്ഷിക്കാൻ ഉപദേശിച്ചത് സുരേന്ദ്രൻ മുതൽ കുമ്മനം വരെയുള്ളവർ; നിലവിലുള്ളത് തകർന്നാൽ ബിജെപി നേതൃത്വം നൽകുന്ന ബദൽ ബാങ്ക് പദ്ധതിയുമായി മുരളീധരനും സംഘവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കറൻസി നിരോധനം മറയാക്കി കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനും അതുവഴി സിപിഎമ്മിനെ വരിഞ്ഞുമുറുക്കാനും ബിജെപിയുടെ ആസൂത്രിത നീക്കം. കേരളത്തിൽ സിപിഎമ്മിന് ശക്തമായ അടിത്തറ നൽകുന്ന പ്രസ്ഥാനങ്ങളിൽ മുൻനിരയിലാണ് സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥാനം. ഇത് അട്ടിമറിക്കപ്പെട്ടാലേ കേരളത്തിൽ ബിജെപിയുടെ വളർച്ച സാധ്യമാക്കൂ എന്ന തിരിച്ചറിവോടെ നടക്കുന്ന നീക്കങ്ങളാണ് സഹകരണ മേഖലയിൽ പഴയ നോട്ടുകളുടെ വിനിമയത്തിന് വിലങ്ങിടാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾക്ക് മോദി വിലക്ക് പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് ഇവയുടെ വിനിമയത്തിന് അനുമതി നൽകരുതെന്ന വാദവുമായി കെ സുരേന്ദ്രൻ രംഗത്തുവന്നിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ വി മുരളീധരനും കഴിഞ്ഞ ദിവസം എംടി രമേശും കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിക്ഷേപത്തിൽ വലിയൊരു ഭാഗം കള്ളപ്പണമാണെന്ന വാദമുയർത്തി.

നിരോധനത്തിന് പിന്നാലെയുള്ള ആദ്യ ദിവസങ്ങളിൽ സഹകരണ ബാങ്കുകളിൽ നിക്ഷേപമായി ആയിരവും അഞ്ഞൂറും സ്വീകരിക്കാൻ അനുമതി നൽകിയിരുന്നു. നോട്ട് വിനിമയത്തിന് അനുമതി നൽകുന്നകാര്യം പരിഗണിക്കാമെന്ന് കേരളം ഉന്നയിച്ച ആവശ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പക്ഷേ, പൊടുന്നനെ കളംമാറ്റുകയും നിരോധിച്ച നോട്ടുകൾ സഹകരണ ബാങ്കുകൾക്ക് സ്വീകരിക്കാനാവില്ലെന്ന് പൊടുന്നനെ വ്യക്തമാക്കുകയുമായിരുന്നു. ഇതിന്റെ പിന്നിൽ ഹിഡൺ അജണ്ടയുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ അത്താണിയെന്ന നിലയിൽ കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഇവിടെയുള്ള സഹകരണ പ്രസ്ഥാനം. ചെറുകിട കർഷകർ, പാവപ്പെട്ട ഗ്രാമീണർ, തൊഴിലാളികൾ, കള്ളുചെത്തുകാർ, മീൻ വിൽപനക്കാർ തുടങ്ങി സർക്കാർ ജീവനക്കാരും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ സ്റ്റാഫും ഉൾപ്പെടെ ഉള്ളവരാണ് സഹകരണ സംഘങ്ങളെ ദൈനംദിനാവശ്യങ്ങൾക്കായി സമീപിക്കുന്നവരിൽ ഏറെയും. ഈ മേഖലയെ വിപുലപ്പെടുത്താനും ഒരു കുടക്കീഴിൽ കൊണ്ടുവരാനും ഉദ്ദേശിച്ച് പുതിയ ഇടതു സർക്കാർ കേരളാ ബാങ്ക് രൂപീകരിക്കുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. പിണറായിയുടെ നേതൃത്വത്തിൽ ഇതിനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നതിനിടെയാണ് ഇതിനെതിരെ കേരളത്തിൽ ബിജെപി ശ്രമങ്ങൾ തുടങ്ങിയത്.

കേരളത്തിലെ സഹകരണ മേഖലയിലേക്ക് ബിജെപിക്കും കടന്നുവരാൻ വിപുലമായ നീക്കങ്ങൾ ആരംഭിച്ചിട്ട് കുറച്ചു വർഷങ്ങൾ തന്നെയായി. ഇതിൽത്തന്നെ ചില നേതാക്കൾക്ക് സ്ഥാപിത താൽപര്യങ്ങളുമുണ്ടെന്നാണ് വിവരം. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൽ കടന്നുകയറാൻ കുറച്ചു വർഷങ്ങളായി തന്നെ ബിജെപിയുടെ ശ്രമം നടക്കുന്നുണ്ട്. ഇതിൽ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കറൻസി നിരോധനം മറയാക്കി സഹകരണ സ്ഥാപനങ്ങളെ ഇടിച്ചുതാഴ്‌ത്താനും കഴിയുമെങ്കിൽ തളർത്താനും ശ്രമം നടത്തുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ ഒരുമിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കാൻ പിണറായി തുടങ്ങിയതോടെ ഇത് സിപിഎമ്മിന്റെ ശക്തമായ ചുവടുവയ്പാകുമെന്ന നിരീക്ഷണത്തിലാണ് ഇപ്പോൾ കറൻസി നിരോധനം ഈ മേഖലയെ അടിച്ചിടാനുള്ള വടിയായി ഉപയോഗിക്കുന്നത്.

ഇതിന് പ്രത്യക്ഷമായ തെളിവായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിൽ നടന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സഹകാർ ഭാരതിയുടെ നാലാം സംസ്ഥാന സമ്മേളനം. സംസ്ഥാനസർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കേരള ബാങ്ക് എന്ന ആശയം സഹകരണമേഖലയിൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു സമ്മേളനത്തിന്റെ മുഖ്യ അജണ്ട. പതിനയ്യായിരത്തോളം സഹകാരികളെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് നടന്നത്. എല്ലാ ജില്ലകളിൽ നിന്നുമായി 1200 ഓളം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. നവംബർ 14ന് ആയിരുന്നു സമ്മേളനത്തിന്റെ സമാപനം.

കേരളത്തിലെ സഹകരണ മേഖലയിലാകെ കള്ളപ്പണത്തിന്റെ വിലസലാണെന്ന് ബിജെപി നേതാക്കൾ ആവർത്തിച്ച് പ്രസ്താവനകൾ ഇറക്കിക്കൊണ്ടിരുന്നപ്പോൾ സമ്മേളനവുമായി ബന്ധപ്പെട്ട് ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ സഹകാർ ഭാരതിയുടെ സംസ്ഥാന പ്രസിഡന്റ് എൻ സദാനന്ദൻ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പറഞ്ഞിരുന്ന ചില കാര്യങ്ങൾ ഇങ്ങനെ:

കേരളത്തിൽ ഗ്രാമീണ മേഖലയിൽ സഹകരണ മേഖല ഗണ്യമായ സ്വാധീനം നേടിയിട്ടുണ്ട്. ഷെഡ്യൂൾഡ് ബാങ്കുകളുടെ സ്വാധീനം വളരെ കുറവായതിനാൽ ഗ്രാമീണ ജനത ബാങ്കിങ് ഇടപാട് നടത്തുന്നതിനായി സഹകരണ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. പലവക സംഘങ്ങൾ ധാരാളമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചതിനാൽ ഒരു പ്രദേശത്തു തന്നെ ഒന്നിൽ കൂടുതൽ സഹകരണ സ്ഥാപനങ്ങൾ വന്നതിനാൽ ജനങ്ങൾക്ക് കൊള്ളപ്പലിശക്കാരെ ആശ്രയിക്കാതെ ബാങ്കിങ് ഇടപാട് നടത്തുവാൻ കഴിയുന്നുണ്ട്.

കേരളത്തിൽ സഹകരണ മേഖല വമ്പിച്ച വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. ഈ മേഖലയിലെ മൊത്ത നിക്ഷേപം ഒന്നര ലക്ഷം കോടിയോളമെത്തിയിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം വർദ്ധിക്കുന്നതനുസരിച്ച് വായ്പ നൽകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിക്ഷേപങ്ങൾ മറ്റ് മേഖലകളിലേക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണ്.

കേരളത്തിൽ സർക്കാർ നടപ്പലാക്കുവാനുദ്ദേശിക്കുന്ന കേരള ബാങ്ക് ഈ മേഖലയിൽ വഴിത്തിരിവായിരിക്കും. ത്രീടയർ സമ്പ്രദായത്തിൽ നിന്നു ടൂടയർ രീതിയിലേക്ക് മാറുമ്പോൾ ഇന്നുവരെ തുടർന്നതിൽ നിന്നു എന്ത് വ്യതിയാനമാണ് ഉണ്ടാക്കുക എന്നതിനെ സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണ്. ഇത് നടപ്പിലാക്കുന്നതിന് മുമ്പ് ഈ മേഖലയിലെ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തേണ്ടത് അനിവാര്യമാണ്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ പൂർണ്ണമായ നിയന്ത്രണം സഹകരണ വകുപ്പിൻ കീഴിലാണ്. ഓരോ സംഘത്തിനും തീരുമാനമെടുത്ത് കാര്യങ്ങൾ നടപ്പിലാക്കണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ജീവനക്കാരുടെ കുറവ് മൂലം സഹകരണ വകുപ്പിൽ നിന്ന് ഉത്തരവ് ലഭിക്കണമെങ്കിൽ വലിയ കാലതാമസം നേരിടുകയാണ്. ഇത് സഹകരണ പ്രസ്ഥാനങ്ങൾക്ക് കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്.

കേരളത്തിൽ സഹകരണ മേഖല എത്രത്തോളം ശക്തമാണെന്നും പിണറായി സർക്കാർ കൊണ്ടുവരുന്ന കേരള ബാങ്ക് എങ്ങനെ കേരളത്തിന്റെ വികസനത്തിൽ നിർണായകമാകുമെന്നും ഇത്തരം കാര്യങ്ങൾ സഹകാർ ഭാരതി നേതാവിന്റെ ലേഖനത്തിൽ പറയുമ്പോൾത്തന്നെയാണ് സമാന്തരമായി സമാന്തരമായി ഇതേ ദിവസങ്ങളിൽ കേരളത്തിലെ സഹകരണ മേഖലയ്‌ക്കെതിരെ ചരടുവലികൾ നടന്നതെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ സഹകരണ മേഖലയുടെ ആധുനിക വൽക്കരണത്തിലെ പോരായമ്കൾ മാത്രമേ ഒരു പ്രധാന കുറ്റമായി ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നുള്ളൂ. കേരളത്തിലെ ബിജെപി അനുകൂലികളായ സഹകാരികൾക്കുപോലും സംസ്ഥാനത്തെ സഹകരണ മേഖല എത്രത്തോളം ജനകീയമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ലേഖനം. എന്നാൽ അതേസമയം, ചില നേതാക്കൾ മാത്രം പൊടുന്നനെ കള്ളപ്പണത്തിന്റെ കൂത്തരങ്ങായി സഹകരണ ബാങ്കുകളെ ചിത്രീകരിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

ഇത് മനപ്പൂർവമാണെന്നും കറൻസികൾ നൽകാതെ ശ്വാസംമുട്ടിച്ച് സഹകരണ മേഖലയെ ഇല്ലാതാക്കാനും കേരളത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാനും കേന്ദ്രസർക്കാരും കേരളത്തിലെ ബിജെപി നേതാക്കളും ചേർന്ന് നടത്തുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളതെന്ന് സിപിഎമ്മും വിലയിരുത്തുന്നു. ഡൽഹിയിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടും ധനമന്ത്രി തോമസ് ഐസക്കിനോടും സഹകരണ മേഖലയിലെ പ്രശ്‌നം അനുഭാവപൂർവം പരിഹരിക്കാമെന്നാണ് ജെയ്റ്റ്‌ലി ഉറപ്പു നൽകിയത്. പക്ഷേ, ഇതിനു പിന്നാലെയാണ് കേന്ദ്രം പൊടുന്നനെ മലക്കം മറിയുന്നതും സഹകരണ ബാങ്കുകൾ നിരോധിച്ച നോട്ടുകൾ സ്വീകരിക്കരുതെന്ന നിലപാടെടുക്കുന്നതും.

കേരളത്തിൽ സഹകരണ മേഖലയിൽ സിപിഐ(എം) മേധാവിത്തം ഇല്ലാതായാൽ അത് മുതലെടുക്കാനും സഹകാർ ഭാരതിയെ ഇടപെടുത്തി ബിജെപിയുടെ സഹകരണ സംഘങ്ങൾ കേരളത്തിൽ കെട്ടിപ്പടുക്കാനുമാണ് നീക്കമെന്നാണ് സൂചനകൾ. വി മുരളീധരന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ശ്രമങ്ങൾ നടക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യങ്ങൾ കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ ഇടപെട്ടതായാണ് ലഭിക്കുന്ന വിവരം.

ഇതിനിടയിൽ എന്തോ കളി നടന്നതായ സംശയം തോമസ് ഐസക്കും കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. സഹകാർ ഭാരതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസത്തിലായിരുന്നു കേന്ദ്രത്തിന്റെ ഈ മലക്കം മറിച്ചിലെന്നതും ശ്രദ്ധേയമാണ്. അരുൺ ജെയ്റ്റ്‌ലി പറഞ്ഞതൊന്ന് നടന്നത് നേർവിരുദ്ധം എന്ന് വ്യക്തമാക്കി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് സഹകരണ മേഖലയെ തകർക്കാൻ ബിജെപി ഗൂഢ നീക്കം നടത്തിയെന്ന സംശയം ഐസക് വ്യക്തമാക്കുന്നത്.

'ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാത്തത് ആണോ പ്രശ്‌നം ? അതോ എല്ലാവരും കൂടി കളിക്കുന്ന പ്രഹസന നാടകം ആണോ ? അരുൺ ജെയ്റ്റ്‌ലിയെ കുറിച്ക് എനിക്ക് ഇതുവരെയുള്ള ധാരണ വച്ച് പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞത് ഗൗരവത്തിൽ തന്നെയാണ്. സംഭാഷണത്തിനിടയ്ക്ക് തടസ്സവാദം ഉന്നയിക്കാൻ ശ്രമിച്ച ഫിനാൻസ് സെക്രട്ടറിയെ അദ്ദേഹം ആംഗ്യത്താൽ വിലക്കുന്നത് കാണാമായിരുന്നു . പിന്നെ എന്ത് പറ്റി ? ആര് ഇടപെട്ടു കാണും ? കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഇതുതന്നെ അവസരം എന്ന് കരുതി ഇറങ്ങി പുറപ്പെട്ടിരിക്കുന്ന കേരളത്തിലെ ബിജെപി നേതാക്കളുടെ സ്വാധീനം ആണോ ? - തോമസ് ഐസക് ഉന്നയിച്ച ഈ ചോദ്യം വളരെ പ്രസക്തമാകുകയാണ് കേരളത്തിലെ സഹകരണ മേഖല വൻ പ്രതിസന്ധി നേരിടുന്നതിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുമ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP