Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

അറബ് സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ബിജെപി എംപിയുടെ മതവെറിക്ക് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമോ തേജസ്വി സൂര്യ അഞ്ച് വർഷം മുമ്പ് ചെയ്ത ട്വീറ്റ് വീണ്ടും അറബ് ലോകത്തെ കോവിഡ് കാലത്ത് ദേഷ്യം പിടിപ്പിക്കുന്നു; ഇന്ത്യയിൽ സംഘപരിവാർ മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ എടുത്തുകാട്ടി സൈബർലോകത്ത് സജീവ ചർച്ച; യുഎഇയിൽ അടക്കം തീവ്ര ഹൈന്ദവവാദികളെ വെച്ചുപൊറുപ്പിക്കില്ല; ഇസ്‌ലാമോഫോബിയ വളർത്തുന്നത് നിർത്തണമെന്ന് മോദിയോട് ഇസ്ലാമിക രാജ്യങ്ങളും

അറബ് സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ബിജെപി എംപിയുടെ മതവെറിക്ക് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമോ തേജസ്വി സൂര്യ അഞ്ച് വർഷം മുമ്പ് ചെയ്ത ട്വീറ്റ് വീണ്ടും അറബ് ലോകത്തെ കോവിഡ് കാലത്ത് ദേഷ്യം പിടിപ്പിക്കുന്നു; ഇന്ത്യയിൽ സംഘപരിവാർ മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ എടുത്തുകാട്ടി സൈബർലോകത്ത് സജീവ ചർച്ച; യുഎഇയിൽ അടക്കം തീവ്ര ഹൈന്ദവവാദികളെ വെച്ചുപൊറുപ്പിക്കില്ല; ഇസ്‌ലാമോഫോബിയ വളർത്തുന്നത് നിർത്തണമെന്ന് മോദിയോട് ഇസ്ലാമിക രാജ്യങ്ങളും

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളും കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് ജോലി നല്കാൻ ഇനി കഴിയുമോ എന്ന കാര്യത്തിൽ അടക്കം ആശങ്കകൾ നിലനിൽക്കുന്നു. ഇതിനിടെ പണിയെടുക്കുന്ന രാജ്യത്തിന് പാരപണിയുകയും ചെയ്യുകയാണ് ചിലർ. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പേരിൽ സംഘപരിവാർ അണികളിൽ ചിലർ നടത്തുന്ന ശ്രമങ്ങളാണ് ഗൾഫിലെ ഇന്ത്യൻ സമൂഹത്തെ മൊത്തത്തിൽ ആശങ്കയിൽ ആക്കുന്നത്. അറബ് വംശജരുടെ ക്ഷമയെ പരീക്ഷിക്കും വിധത്തിലാണ് ചിലർ ഇസ്ലാമോഫോബിയ വളർത്തുന്നതും വംശീയവിവാദം ഉണ്ടാക്കുന്നതുമായ പ്രചരണങ്ങൾ നടത്തുന്നത്.

യുഎഇ രാജകുംടുംബാംഗങ്ങൾ അടക്കം ഇത്തരം വിമർശനം ഉന്നയിക്കുന്നവർ നാടുവിടേണ്ടി വരുമെന്ന സൂചനകളുമായി രംഗത്തെത്തി കഴിഞ്ഞു. ഇതിനിടെ കോവിഡിന്റെ പേരിൽ മുസ്ലിംങ്ങളോട് ഇന്ത്യയിൽ പലയിടത്തും വിവേചന പരമായി വിധത്തിൽ പെരുമാറുന്നു എന്ന ആക്ഷേപം ഉയർന്നതോടെ അറബ് രാജ്യങ്ങളിൽ സംഘപരിവാറിനെതിരെ കടുത്ത എതിർപ്പ് ഉയരുകയും ചെയ്തു. ഇതിനിടെ അഞ്ച് വർഷം മുമ്പ് ബിജെപി എംപി നടത്തിയ ട്വീറ്റും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അറബ് സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്ന വിധത്തിലാണ് കർണാടകത്തിലെ ബിജെപി എംപി തേജസ്വി സൂര്യ ട്വീറ്റുചെയ്തിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഈ ട്വീറ്റ് വീണ്ടും പൊങ്ങി വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. തേജസ്വി സൂര്യ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അറബ് സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയത്. വലിയ പ്രതിഷേധം അറബ് മേഖലയിൽ നിന്നും ഉയർന്നതിനെത്തുടർന്ന് തേജസ്വി തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അറബ് മേഖലയിൽ ഇന്ത്യയിലെ സംഘപരിവാർ മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന ക്രൂരതകൾ വലിയ ചർച്ചയാണ്. അറബ് രാഷ്ട്രീയ പ്രമുഖരും എഴുത്തുകാരും സംഘപരിവാർ വർഗ്ഗീയതയെക്കുറിച്ച് നിവധി ട്വീറ്റുകളാണ് ചെയ്തിരിക്കുന്നത്. രാജ്യമോ മതമോ ജാതിയോ സംബന്ധിച്ച വിവേചനങ്ങൾ നിയമം മൂലം നിരോധിച്ചിരിക്കുന്ന യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ വംശീയ പോസ്റ്റുകളിലൂടെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നവർക്കെതിരെ രാജകുടുംബാംഗങ്ങളും സാംസ്‌കാരിക പ്രവർത്തകരും മതപണ്ഡിതരുമെല്ലാം ശബ്ദമുയർത്തുകയാണിപ്പോൾ.

നിരവധി സംഘ്പരിവാർ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ കാലത്തും വർഗീയത പരത്തിയതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.
മലയാളി വ്യവസായി സോഹൻ റോയ് പോസ്റ്റു ചെയ്ത കവിതയും വിവാദത്തിലായിരുന്നു. തന്റെ കവിതയിൽ വർഗീയത ഇല്ലായിരുന്നുവെന്നും ഗ്രാഫിക് ഡിസൈൻ ചെയ്തയാൾക്ക് പറ്റിയ പിഴവാണെന്നുമാണ് റോയിയുടെ വാദം. എന്നാൽ ഇദ്ദേഹത്തിന്റെ മറ്റു നിരവധി കവിതകളും അതിഥി തൊഴിലാളികളെയും ന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്നവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ വളർത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ (ഒ.ഐ.സി) പ്രതിഷേധം അറിയിച്ചു രംഗത്തെത്തുകയും ചെയ്തു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആർ.സിയാണ് പ്രതിഷേധം അറിയിച്ചത്. കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ മാധ്യമങ്ങൾ മോശം രീതിയിൽ മുസ്‌ലിംകളെ ചിത്രീകരിക്കുന്നു. വിവേചനവും അതിക്രമങ്ങളും അവർക്കെതിരെ ഉയരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിനോട് അടിയന്തര ഇടപെടലും ഐ.പി.എച്ച്.ആർ.സി ആവശ്യപ്പെട്ടു.

ഇന്ത്യൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനും രംഗത്തെത്തി.കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്ത്യയിലുണ്ടായ ഉയർന്ന പട്ടിണിയിൽ നിന്നും പ്രതിസന്ധിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ മോദി സർക്കാർ മുസ്‌ലിംകളെ ലക്ഷ്യമിടുകയാണ്. നാസികൾ ജർമനിയിൽ യഹൂദരോട് ചെയ്യുന്നതിനു സമാനമാണിത്. മോദിസർക്കാരിന്റെ വംശീയ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കൂടുതൽ തെളിവാണിതെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചു.

അതേസമയം സ്വന്തം നാട്ടിൽ ഇരുന്ന് വർഗീയത പരത്തുന്നതു പോലെ യുഎഇയിൽ ഇരുന്നു മതവിദ്വേഷം പരത്തുന്നവരും ഗൾഫിൽ ഇപ്പോൾ കൂടി വരികയാണ്. ഇക്കൂട്ടർ സമാധാനത്തോടെ ജീവിക്കുന്ന മലയാളികളുടെ മോഹങ്ങളെയും തല്ലിക്കെടത്തുമോ എന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി ഇസ്ലാമോഫോബിയ പരത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം വരെ മുന്നറിയിപ്പു നൽകിയ സാഹചര്യം ഉണ്ടായി. രാജകുമാരി ആയ ഹെന്ത് അൽ ഖാസിമിയാണ് ഇന്ത്യൻ വംശജനായ സൗരഭ് ഉപാധ്യായ് എന്നയാൾ പങ്കുവച്ച ചില ട്വീറ്റുകൾ ചൂണ്ടിക്കാട്ടി ഇസ്ലാമോഫോബിയക്കെതിരെ രംഗത്തെത്തിയത്. സംഘപരിവാർ അനുഭാവിയായ ഇയാളുടെ ട്വീറ്റുകൾ പ്രവാസി ഇന്ത്യക്കാരായ സാധുക്കൾക്ക് തിരിച്ചടി ഉണ്ടാക്കിയിരിക്കയാണ്.

ഡൽഹിയിലെ തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലിം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പുറമെ വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങൾ ഭക്ഷണത്തിൽ തുപ്പുന്നു എന്ന അഭ്യൂഹവും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഈ ട്വീറ്റുകളുടെയെല്ലാം സ്‌ക്രീൻഷോട്ടും പങ്കു വച്ചു കൊണ്ടാണ് യുഎഇ ഭരണകുടുംബാംഗത്തിന്റെ കടുത്ത മുന്നറിയിപ്പ്.

'ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലർത്തുന്നവർക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോൾ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം.. ' എന്നായിരുന്നു ഖാസിമി ട്വിറ്ററിൽ കുറിച്ചത്. ' ഇന്ത്യക്കാരുമായി യുഎഇ ഭരിക്കുന്ന കുടുംബം നല്ല സൗഹൃദത്തിലാണ്.. എന്നാൽ രാജകുടുംബാംഗം എന്ന നിലയിൽ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല.. ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്.. നിങ്ങൾക്ക് ആഹാരം നൽകുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങൾ പരിഹസിക്കുന്നത്.. ഇത്തരം അപഹാസ്യങ്ങൾക്കെതിരെ കണ്ണടയ്ക്കാനാകില്ലെന്നും മറ്റൊരു ട്വീറ്റിൽ രാജകുമാരി വ്യക്തമാക്കി.

മുസ്ലിം വിഭാഗത്തെ ഒന്നാകെ കുറ്റക്കാരാക്കി അപമാനിക്കുന്ന തരത്തിലുള്ള നിരവധി ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ വിവാദം ഉയർന്നതോടെ ഇയാൾ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. വിദ്വേഷ പ്രചാരകർ ആരായാലും അവരെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് യുഎഇ സർക്കാർ. രാജ്യത്തിന് ഉള്ളിൽ നിന്നും മതങ്ങളെ ആക്ഷേപിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന യുഎഇ ഭരണകൂടം കൊറോണ കാലത്തും തങ്ങളുടെ ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ്. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ജോലി നോക്കുന്ന യുഎഇയിൽ കോവിഡ് കാലത്തും വിദ്വേഷ പ്രചരണം നടത്തിയതിന്റെ പേരിൽ ഒരു യുഎഇ പൗരനെ അറസ്റ്റു ചെയ്ത സംഭവം കഴിഞ്ഞ ആഴ്‌ച്ചയാണ് നടന്നത്.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ അപമാനിക്കുന്ന വിധം സോഷ്യൽ മീഡിയയിൽ വിദ്വേഷപ്രചരണം നടത്തിയതിന് യു.എ.ഇ സ്വദേശിയായ മാധ്യമപ്രവർത്തകനെയാണ് അറസ്റ്റു ചെയ്തത്. കവിയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ താരിഖ് അൽ മെഹ് യാസാണ് പിടിയിലായത്. വീഡിയോയിൽ ഇന്ത്യക്കാരും ബംഗാളികളും ഉൾപ്പെടുന്ന പ്രവാസികളെ അറബ് പ്രവാസികളുമായി താരതമ്യം ചെയ്ത് ഇദ്ദേഹം നടത്തിയ പരമാർശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂഷൻ ഇയാളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

ഒരു സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്ന പരമാർശമാണ് ഇദ്ദേഹം നടത്തിയത്. യു.എ.ഇ ഉയർത്തിപിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. രാജ്യം, വിശ്വാസം, വർണം, ഭാഷ എന്നിവയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് രാജ്യത്ത് അനുവദനീയമല്ല. ഇത്തരം പ്രവണതകളെ ശക്തമായി നേരിടും. എല്ലാവരെയും ബഹുമാനിക്കുക എന്നത് യു.എ.ഇയുടെ അടിസ്ഥാന നയമാണ്. ഇത് ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും യു.എ.ഇ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

കോറോണ വൈറസ് ബാധയുടെ പശ്ചത്തലത്തിൽ പ്രവാസികളെ നാടുകടത്തണമെന്ന് നേരത്തേ കുവൈത്തി അഭിനേത്രി നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ വിഡിയോ എന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്‌ച്ച മുമ്പ് വിദ്വേഷ പ്രചരണത്തിന്റെ പേരിൽ ഇന്ത്യക്കാരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ട സംഭവവും ഉണ്ടായിരുന്നു. സമൂഹമാധ്യമത്തിലൂടെ മതനിന്ദ നടത്തിയതിനാണ് ഇന്ത്യൻ പൗരനെ അന്ന് ജോലിയിൽ നിന്നു പിരിച്ചുവിട്ടത്. ദുബായിലെ എമ്രിൽ സർവീസസ് എന്ന സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന കർണാടക സ്വദേശി രാകേഷ് ബി. കിട്ടുർമത്ത് എന്നയാളിനെയാണ് പിരിച്ചുവിട്ടത്. ഇയാൾക്കെതിരെ ദുബായ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP