Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നാഗ്പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുനെയിലും ബിജെപിയെ അട്ടിമറിച്ച് കോൺഗ്രസ്; മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; തിരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ ജയം ഒരിടത്ത് മാത്രം; നാലിടത്ത് കോൺഗ്രസ്എൻസിപി, ശിവസേന സഖ്യത്തിന് ജയം; കാൽച്ചുവട്ടിലെ മണ്ണിളകി ദേവേന്ദ്ര ഫഡ്‌നാവിസ്

നാഗ്പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുനെയിലും ബിജെപിയെ അട്ടിമറിച്ച് കോൺഗ്രസ്; മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; തിരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ ജയം ഒരിടത്ത് മാത്രം; നാലിടത്ത് കോൺഗ്രസ്എൻസിപി, ശിവസേന സഖ്യത്തിന് ജയം; കാൽച്ചുവട്ടിലെ മണ്ണിളകി ദേവേന്ദ്ര ഫഡ്‌നാവിസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ബിജെപിക്ക് തിരിച്ചടി. നിയമസഭ കൗൺസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോൺഗ്രസ്എൻസിപി-ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി നേടി. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുനെയിലും ബിജെപിയെ കോൺഗ്രസ് അട്ടിമറിച്ചു. 30 വർഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്പുർ.

ബിജെപിയുടെ ശക്തി കേന്ദ്രമായ അമരാവതിയിൽ കോൺഗ്രസ് വിജയിച്ചു. ബിജെപിയുടെ സന്ദീപ് ജോഷിയെ കോൺഗ്രസിന്റെ അഭിജിത് വൻജാരിയാണ് പരാജയപ്പെടുത്തിയത്. മുൻ നാഗ്പുർ മേയറായ സന്ദീപ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുത്തയാളാണ്. ഫഡ്‌നാവിസിനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും ഏറെ സ്വാധിനമുള്ള സ്ഥലത്തെ പരാജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

ഉപരിസഭയായ നിയമസഭാ കൗൺസിലിലെ ഗ്രാജുവേറ്റ്, ടീച്ചർ, തദ്ദേശ മണ്ഡലങ്ങളിലേക്കു ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണു വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. നിയമസഭാ കൗൺസിലിലെ ആകെ 78 സീറ്റുകളിൽ ഏഴെണ്ണമാണ് ഗ്രാജുവേറ്റ്, ടീച്ചർ മണ്ഡലങ്ങൾ. ഔറംഗാബാദ്, നാഗ്പുർ, പുണെ ഗ്രാജുവേറ്റ് മണ്ഡലങ്ങളിലേക്കും പുണെ, അമരാവതി ടീച്ചർ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി വിജയിച്ച ധൂലെ നന്ദുർബാർ തദ്ദേശ സീറ്റാണ്.

ബിരുദധാരികൾക്കു മാത്രമാണു ഗ്രാജുവേറ്റ്, ടീച്ചർ മണ്ഡലങ്ങളിൽ മത്സരിക്കാൻ സാധിക്കുക. ഗ്രാജുവേറ്റ് മണ്ഡലങ്ങളിൽ ബിരുദധാരികൾക്കും ടീച്ചർ മണ്ഡലങ്ങളിൽ അദ്ധ്യാപകർക്കും മാത്രമാണ് വോട്ടവകാശം. ഇതിനായി പ്രത്യേക വോട്ടർപട്ടികയുണ്ട്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് ഗ്രാജുവേറ്റ്, ടീച്ചർ മണ്ഡലങ്ങളും ബിജെപി കൈവിട്ടു. ഒരു തദ്ദേശ സീറ്റിൽ മാത്രം വിജയിക്കാനായി. ആർഎസ്എസ് ആസ്ഥാനം ഉൾപ്പെടുന്ന നാഗ്പുർ മണ്ഡലം ബിജെപിയുടെ ശക്തികേന്ദ്രത്തിനു പുറമെ ദേവേന്ദ്ര ഫഡ്‌നാവിസ് നിധിൻ ഗഡ്കരി ബലാബലത്തിന്റെ അങ്കത്തട്ട് കൂടിയായിരുന്നു.

മഹാസഖ്യത്തിന് മുന്നിൽ വിയർത്ത് ബിജെപി

'തിരഞ്ഞെടുപ്പ് ഫലം ഞങ്ങൾ പ്രതീക്ഷിച്ചതു പോലെയല്ല. മൂന്നു പാർട്ടികൾ (ശിവസേന, കോൺഗ്രസ്, എൻസിപി) ചേരുമ്പോൾ ഉണ്ടാകുന്ന ശക്തി കണക്കുകൂട്ടുന്നതിൽ പിഴവ് സംഭവിച്ചു' മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷം മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഫഡ്‌നാവീസിന്റെ ഏകാധിപത്യത്തിനേറ്റ തിരിച്ചടിയെന്നാണ് ഇത് പൊതുവെ വിലയിരുത്തപ്പെടുന്നത്. അവിടെ അടിതെറ്റിയതു ബിജെപി കേന്ദ്ര നേതൃത്വത്തിനു മുൻപിൽ വിശദീകരിക്കാൻ ഫഡ്‌നാവിസ് വിയർപ്പൊഴുക്കേണ്ടി വരും. വിശ്വസ്തനും നാഗ്പുരിലെ സിറ്റിങ് എംഎൽസിയുമായ അനിൽ സോളയ്ക്കു സീറ്റ് നൽകുന്നതിനുവേണ്ടി വാദിച്ച ഗഡ്കരിയെ തള്ളിയാണു ഫഡ്നാവിസിന്റെ വാക്കുകേട്ട് നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സന്ദീപ് ജോഷിയെ ബിജെപി നിയോഗിച്ചത്. എന്നാൽ 55 വർഷത്തിൽ കൂടുതൽ കുത്തകയായിരുന്ന സീറ്റ് കൈവിട്ടു പോയതിന്റെ ഞെട്ടലിലാണു പാർട്ടി നേതൃത്വം.

കോൺഗ്രസിന്റെ അഭിജിത് വൻജാരിക്ക് മുൻപിൽ ദയനീമായിട്ടായിരുന്നു സന്ദീപ് ജോഷിയുടെ പരാജയം. ഫഡ്‌നാവിസിന്റെ പിതാവ് ഗംഗാധർ റാവു ഫഡ്‌നാവിസ് പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണ് നാഗ്പുർ. 1989 മുതൽ 2014ൽ ലോക്‌സഭയിലേക്കു മത്സരിക്കുന്നതുവരെ നാഗ്പുർ എംഎൽസിയായിരുന്നു നിതിൻ ഗഡ്കരി. തുടർച്ചയായി അഞ്ച് തവണ ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയുടെ വാക്കുകൾ തള്ളിയതിന്റെ ആഘാതമാണു ബിജെപിക്കേറ്റ തോൽവിയെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ പാർട്ടിയിൽ കൂടുതൽ പിടിമുറുക്കാനുള്ള ഫഡ്‌നാവിസിന്റെ വ്യഗ്രതയാണ് നിലവിലെ സ്ഥിതിയിലേക്ക് ബിജെപിയെ എത്തിച്ചതെന്ന് ഒളിഞ്ഞുംതെളിഞ്ഞും പലരും ആരോപിക്കുന്നു. മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ പ്രതിപക്ഷ നേതാവുമായ ഏക്‌നാഥ് ഖഡ്െസയ്ക്കു പിന്നാലെ മുൻ കേന്ദ്രമന്ത്രി ജയ്സിങ് റാവു ഗെയ്ക്ക്വാദ് പാട്ടീലും ബിജെപിയിൽനിന്നു രാജിവച്ചതു ഫഡ്‌നാവിനെതിരെയുള്ള പടയൊരുക്കത്തിന്റെ സൂചന നൽകിയിരുന്നു.

നിയമസഭാ കൗൺസിലിലെ തോൽവിയോടെ വിഭാഗീയത കൂടുതൽ ശക്തിയാർജിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഫഡ്നാവിസിന്റെ പിടിവാശിയാണു ശിവസേനയെ അകറ്റിയതിനും ഭരണം നഷ്ടപ്പെടുന്നതിനും കാരണമായതെന്ന ശക്തമായ വിമർശനമാണു പാർട്ടിക്കുള്ളിൽ. ഉദ്ധവ് താക്കറെ സർക്കാർ തനിയെ നിലംപൊത്തുമെന്നു നാഴികയ്ക്കു നാൽപതുവട്ടം പറഞ്ഞിരുന്ന ഫഡ്നാവിസിനുതന്നെ ഇപ്പോൾ മാറ്റിപ്പറയേണ്ടി വന്നു. മഹാവികാസ് അഘാഡിയുടെ ശക്തി തിരിച്ചറിയുന്നതിൽ പിഴച്ചു എന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്.നിയമസഭയിലും നിയമസഭാ കൗൺസിലിലും ഇപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും അതു പേരിൽ മാത്രമാണ്. ശിവസേന-കോൺഗ്രസ്- എൻസിപി ത്രയത്തിനു മുൻപിൽ നിർവീര്യമാകുന്ന സാഹചര്യമാണ് മഹാരാഷ്ട്രയിൽ ബിജെപി നേരിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP