Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇല്ലെന്ന് പറഞ്ഞിട്ടും രജനീകാന്തിന്റെ പിന്തുണക്കായി കൊണ്ടുപിടിച്ച ശ്രമം; അഴഗിരിയെ പാർട്ടിയിൽ എത്തിച്ച് ഡിഎംകെയുടെ ഒരു വിഭാഗം വോട്ടുകൾ റാഞ്ചും; വെട്രിവേൽ യാത്രയിലുടെ മുരുകഭക്തരുടെ വോട്ടുകൾ സമാഹരിക്കും; അണ്ണാ ഡിഎംകെ-ബിജെപി ബന്ധത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കും; തമിഴ്‌നാട്ടിൽ തന്ത്രങ്ങൾ ഒരുക്കി അമിത്ഷാ നേരിട്ട് രംഗത്തിറങ്ങിയത് ബിജെപിയെ തുണക്കുമോ?

ഇല്ലെന്ന് പറഞ്ഞിട്ടും രജനീകാന്തിന്റെ പിന്തുണക്കായി കൊണ്ടുപിടിച്ച ശ്രമം; അഴഗിരിയെ പാർട്ടിയിൽ എത്തിച്ച് ഡിഎംകെയുടെ ഒരു വിഭാഗം വോട്ടുകൾ റാഞ്ചും; വെട്രിവേൽ യാത്രയിലുടെ മുരുകഭക്തരുടെ വോട്ടുകൾ സമാഹരിക്കും; അണ്ണാ ഡിഎംകെ-ബിജെപി ബന്ധത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കും; തമിഴ്‌നാട്ടിൽ തന്ത്രങ്ങൾ ഒരുക്കി അമിത്ഷാ നേരിട്ട് രംഗത്തിറങ്ങിയത് ബിജെപിയെ തുണക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബിജെപിക്ക് കാര്യമായ വേരുകൾ ഒന്നുമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്. പക്ഷേ ഇത്തവണ എന്തുവിലകൊടുത്തും തമിഴ്‌നാട്ടിൽ നിർണ്ണായക ശക്തിയാവാന ഒരുങ്ങുകയാണ് ബിജെപി. അനാരോഗ്യമടക്കമുള്ള വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കട്ടി, സ്വന്തം പാർട്ടി രൂപീകരണം പോലും മാറ്റിവെച്ച രജനീകാന്തിന്റെ പിന്തുണ ഉറപ്പിക്കാനാണ് ബിജെപി ഇപ്പോൾ ശ്രമിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെയാണ് ഇക്കാര്യത്തിൽ നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത്. സൂപ്പർ സ്റ്റാറിന്റെ നീക്കങ്ങളെ കുറിച്ചു ആർഎസ്എസ് സൈദ്ധാന്തികൻ എസ്.ഗുരുമൂർത്തിയുമായി മൂന്നുമണിക്കൂർ നീണ്ട ചർച്ച നടത്തി. തിരഞ്ഞെടുപ്പിൽ താരത്തിന്റെ പരസ്യ പിന്തുണ നേടിയെടുക്കലാണ് ബിജെപി ലക്ഷ്യം.

രാത്രി വൈകിയാണു ഗുരുമൂർത്തി അമിത് ഷായെ കണ്ടത്. ഇതിനു മുന്നോടിയായി രജനീകാന്തിനെയും ഗുരുമൂർത്തി സന്ദർശിച്ചുവെന്നാണു വിവരം. പാർട്ടി പ്രഖ്യാപനം വൈകുന്നതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പരസ്യ പിന്തുണ ഉറപ്പാക്കാനാണ് ബിജെപി നീക്കം. എന്നാൽ ഇതുസംബന്ധിച്ചു താരം ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം തമിഴ് നാട്ടിൽ രജനീകാന്തിനെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമം പാളിയെന്നാണ് തമിഴ് പത്രങ്ങൾ പറയുന്നത്. ഉടൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കയാണ്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പ്രതീക്ഷയോടെ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം അവസാനിപ്പിച്ച് മടങ്ങി എന്നുമാണ് പ്രമുഖ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഴഗിരിയെ ഒപ്പം നിർത്താൻ നീക്കം

അതേസമയം, അണ്ണാ ഡിഎംകെബിജെപി ബന്ധത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായെന്നതിനപ്പുറം സീറ്റ് വിഭജനത്തിൽ പ്രാഥമിക ചർച്ചകളും നടന്നു. 40 സീറ്റുകളാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 25 സീറ്റുകൾ അണ്ണാ ഡിഎംകെ വിട്ടുനൽകിയേക്കും. ഏഴു മാസമായി പരസ്പരം പോരാടിച്ചിരുന്ന ഇരുപാർട്ടികളും സഖ്യം തുടരാൻ തീരുമാനിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചു. കൂടിക്കാഴ്ചകൾ നടക്കുന്നതിനു മുൻപ് സർക്കാർ പരിപാടിയിലാണു സഖ്യം തുടരുന്ന കാര്യം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമ്പോൾ മാത്രമാണ് അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാക്കൾ പോലും ഇക്കാര്യം അറിഞ്ഞത്.കരുണാനിധിയുടെ മകൻ എം.അളഗിരിയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അളഗിരിയുടെ വിശ്വസ്തനായ കെ.പി രാമലിംഗം ബിജെപി അംഗത്വം സ്വീകരിച്ചതല്ലാതെ അവിടെയും കാര്യമായ നീക്കങ്ങൾ നടത്താൻ ബിജെപിക്കായിട്ടില്ല.

ബിഹാറിലേതു പോലെ, സഖ്യ കക്ഷിക്കൊപ്പംനിന്നു പരമാവധി വളരുകയെന്ന തന്ത്രമാണു ബിജെപി തമിഴകത്തും പയറ്റുന്നത്. കേന്ദ്രത്തിൽ ബിജെപി പരമാധികാരത്തോടെ ഭരണം കയ്യാളുമ്പോൾ അണ്ണാഡിഎംകെയ്ക്കു മുന്നിൽ മറ്റു വഴികളില്ല. എന്നാൽ, സഖ്യകക്ഷികളുടെ വോട്ടു ചോർത്തി സ്വയം വളരുകയെന്ന ബിജെപി തന്ത്രത്തെക്കുറിച്ച് അണ്ണാഡിഎംകെ ബോധവാന്മാരാണ്. മുരുക ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വെട്രിവേൽ യാത്രയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് ഈ ബോധ്യത്തിൽ നിന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന ഡിഎംഡികെയും പിഎംകെയും ഇതുവരെ മനസ്സു തുറന്നിട്ടില്ല. സഖ്യത്തിൽ തുടരുമെന്നു പ്രതീക്ഷിക്കുന്ന ഡിഎംഡികെയുടെ നേതാക്കൾ ഇന്നലെ അമിത് ഷായെ കാണാനെത്തി.

വെട്രിവേൽ യാത്രയുമായി ബന്ധപ്പെട്ട് പരസ്പരം വിഴുപ്പലക്കലിലൂടെ ഇരു പാർട്ടികളും തമ്മിൽ മാനസികമായി അകന്നിരുന്നു. അമിത് ഷായെ സ്വീകരിക്കാനായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ വിമാനത്താവളത്തിലെത്തിയതു ബന്ധത്തിലെ കല്ലുകടി മാറ്റുന്നതിന്റെ ഭാഗമായാണ്. തിരഞ്ഞെടുപ്പിനു 6 മാസം ബാക്കിനിൽക്കെ, സഖ്യത്തിൽ ധാരണയായതു താഴെത്തട്ടിൽ ബന്ധം ദൃഢമാക്കാൻ സഹായിക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച അണ്ണാഡിഎംകെ 136 സീറ്റ് നേടി. 2.87% വോട്ടു നേടിയ ബിജെപിക്കു സീറ്റൊന്നും കിട്ടിയില്ല. എന്നാൽ വെട്രിവേൽ യാത്രയോടെ മുരക ഭക്തരുടെ വോട്ട് നേടാൻ കഴിയുമെന്നാണ് ബിജെപി കരുതുന്നത്.

ട്വിറ്ററിൽ ട്രൻഡിങ്ങ് അമിത്ഷാ ഗോബാക്ക്

അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനവുമായി ബന്ധപ്പെട്ട് ഗോബാക്ക് അമിത്ഷാ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. അഞ്ച് ലക്ഷത്തിനടുത്ത് ഹാഷ് ടാഗുകളാണ് വന്നത്. ട്വിറ്ററിൽ ഇപ്പോഴും തമിഴ് ജനതയുടെ ഗോബാക്ക് ട്വീറ്റുകൾ വന്ന് കൊണ്ടിരിക്കുകയാണ്. അമിത് ഷാ, തമിഴ്‌നാട് പെരിയാറിന്റെ നാടാണ് എന്ന് ട്വീറ്റുകളിൽ പറയുന്നു. ഇതു ഒരു കൃത്യമായ രാഷ്ട്രീയ സൂചനയാണെന്ാണ് തമിഴ് പത്രങ്ങൾ പറയുന്നത്.

റോഡ് ഷോയ്ക്കിടെ അമിത് ഷായ്ക്കു നേരെ പ്ലക്കാർഡ് കൊണ്ട് ഏറുമേറ്റു. ഷോളിംഗനല്ലൂൽ സ്വദേശിയായ ദുരൈരാജ് (67) ആണു അറസ്റ്റിലായത്. വിമാനത്താവളത്തിനു സമീപത്തെ ജിഎസ്ടി റോഡിലൂടെ ജനങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു നടന്നു പോകുന്നതിനിടെയായിരുന്നു ഗോബാക്ക് അമിത് ഷാ എന്നെഴുതിയ പ്ലക്കാർഡ് ഇയാൾ വലിച്ചെറിഞ്ഞത്. സുരക്ഷാ ജീവനക്കാരന്റെ സമീപമാണു ഇതു വീണത്. ബിജെപി പ്രവർത്തകൾ ദുരൈരാജിനെ ചോദ്യം ചെയ്‌തെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP