Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

സീറ്റ് വിഭജനത്തിൽ അതൃപ്തനായ ചിരാഗ് പാസ്വാൻ ഒറ്റയ്ക്ക് മത്സരിക്കുന്നത് നിതീഷ് കുമാറിനെ വെല്ലുവിളിച്ച്; ജെ.ഡി.യു മത്സരിക്കുന്നിടത്തെല്ലാം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഉലഞ്ഞത് എൻ.ഡി.എ സഖ്യം; ചിരാഗ് പാസ്വാന്റെ നീക്കങ്ങൾ ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെ തന്നെയെന്ന് സ്വയം വെളിപ്പെടുത്തി നീക്കങ്ങളും; നിതീഷിനെ ഒതുക്കാൻ എൽ.ജെ.പിയെ പിണക്കിയതെന്നും വിലയിരുത്തൽ; മഹാസഖ്യത്തിൽ കൂട്ടാൻ കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിഹാറിൽ വോട്ടുപിളർത്തൽ രാഷ്ട്രീയമാണ് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (എൽജെപി) കളിക്കുന്നതെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. എൻഡിഎ വിട്ട് ഒറ്റയ്ക്കു മത്സരിക്കുമെന്നു പറഞ്ഞ ചിരാഗ് പാസ്വാനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന്റെ ആദ്യ പ്രതികരണമാണിത്.ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ രാഷ്ട്രീയ നീക്കങ്ങളെന്ന ചിരാഗ് പാസ്വാന്റെ വെളിപ്പെടുത്തലുകളാണ് ബിജെപിയെ ചൊടിപ്പിച്ചത്.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവർക്ക് എൽജെപിയുടെ നീക്കങ്ങളറിയാമായിരുന്നു എന്നു ചിരാഗ് പറഞ്ഞിരുന്നു. എൽജെപി ബിഹാറിൽ എൻഡിഎ വിട്ടിട്ടും ബിജെപി ദേശീയ നേതാക്കളാരും അതിനെ വിമർശിക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.

നിതീഷ് കുമാറിനെ ഒതുക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ജെഡി(യു) അതൃപ്തി പ്രകടിപ്പിച്ചപ്പോൾ പ്രാദേശിക ബിജെപി നേതൃത്വം നിതീഷിനു പിന്തുണമായി എത്തിയിരുന്നു. എങ്കിലും ദേശീയ നേതൃത്വം മിണ്ടിയിരുന്നില്ല. റാം വിലാസ് പാസ്വാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ജെ.പി. നഡ്ഡയും അമിത്ഷായും ഉൾപ്പെടെയുള്ളവർ ചിരാഗ് പാസ്വാനെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. അപ്പോൾ തന്റെ രാഷ്ട്രീയ നീക്കത്തെക്കുറിച്ചും ചിരാഗ് അറിയിച്ചിരുന്നുവെന്നാണ് എൽജെപിയുടെ വിശദീകരണം. എന്നാൽ ഇത് എൽജെപിയുടെ നിലനിൽപ്പിനുള്ള രാഷ്ട്രീയക്കളിയാണെന്ന് സംബിത് പത്ര പറഞ്ഞു. ബിജെപിഎൽജെപി സർക്കാർ ബിഹാറിൽ അധികാരത്തിലെത്തുമെന്നു ചിരാഗ് പാസ്വാൻ ഇന്നലെയും പട്‌നയിൽ ആവർത്തിച്ചു.

ബിഹാറിൽ സീറ്റ് ധാരണ എൻഡിഎയിൽ ജനതാദളു(യു)മായി വാക്‌പോരു തുടരുന്ന ലോക്ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാനെ അനുനയിപ്പിക്കാൻ ബിജെപി പ്രദേശിക നേതൃത്വം നടത്തിയ ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. എൽജെപിക്ക് 25 സീറ്റാണു നീക്കിവച്ചത്. 32 സീറ്റ് ലഭിച്ചില്ലെങ്കിൽ ജെഡിയുവിന് എതിരെ മത്സരിക്കുമെന്നാണ് എൽജെപിയുടെ ഭീഷണി. എൽ.ജെ.ഡി സഖ്യം വിട്ടതോടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റുകൾ തുല്യമായി പങ്കിട്ടെടുക്കാൻ തീരുമാനിച്ചതായാണ് വിവരം.

എന്നാൽ ഈ തീരുമാനം എൻഡിഎയിൽ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന് ഉറപ്പാണ്. എൽജെപി ഈ ധാരണ അംഗീകരിക്കില്ലെന്ന് വ്യക്തമാണ്. സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ഭീഷണിമുഴക്കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അകൽച്ചയിലുള്ള എൽജെപി, ജെഡിയു മത്സരിക്കുന്നയിടങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും ഭീഷണിമുഴക്കിയിരുന്നു.

ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകൾ ജെഡിയുവിന് 122 സീറ്റുകളും ബിജെപിക്ക് 121 സീറ്റും ലഭിക്കും. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ പത്തിന് ഫലം പുറത്ത് വരും. കോവിഡ് സാഹചര്യങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രതിപക്ഷത്തുള്ള ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം കഴിഞ്ഞ ദിവസം സീറ്റ് വിഭജനം പൂർത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിൽ സീറ്റുകളിൽ മത്സരിക്കും. കോൺഗ്രസ് 70, സിപിഐഎംഎൽ 19, സിപിഐആറ്, സിപിഎംനാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം. എൻഡിഎയിലെ ഭിന്നത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് മഹാസഖ്യത്തിന്റെ ആത്മവിശ്വാസം.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP