Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പേരിലെ മുതലാളി ബിഷപ്പ് സജുവിനെ ആദ്ധ്യാൽമിക ലോകത്തെ ധനികനാക്കി; യുകെയിലെ ഏറ്റവും ചെറുപ്പക്കാരനായ ബിഷപ്പിന് 300 പള്ളികളുടെയും 100 ലേറെ സ്‌കൂളുകളുടെയും ചുമതല; ഇത് മലയാളികൾക്കുള്ള ബ്രിട്ടന്റെ സമ്മാനം

പേരിലെ മുതലാളി ബിഷപ്പ് സജുവിനെ ആദ്ധ്യാൽമിക ലോകത്തെ ധനികനാക്കി; യുകെയിലെ ഏറ്റവും ചെറുപ്പക്കാരനായ ബിഷപ്പിന് 300 പള്ളികളുടെയും 100 ലേറെ സ്‌കൂളുകളുടെയും ചുമതല; ഇത് മലയാളികൾക്കുള്ള ബ്രിട്ടന്റെ സമ്മാനം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പേരിൽ മുതലാളി ഉണ്ടെങ്കിലും ആ വാക്ക് പുതിയ ലഫ്ബറോ ബിഷപ്പ് സജു മുതലാളിയെ എത്തിച്ചിരിക്കുന്നത് ആധ്യാൽമിക ലോകത്തെ ധനാഢ്യൻ എന്ന നിലയിലാണ്. പേരിലെ ഈ പൊരുത്തം ചൂണ്ടിക്കാട്ടിയപ്പോൾ പൊട്ടിച്ചിരിയോടെയാണ് അദ്ദേഹം അതാസ്വദിച്ചത്. കൊല്ലം മൺട്രോതുരുത്തിലെ പഴയ തറവാട്ട് പേര് യുകെയിലും അദ്ദേഹത്തിന് ഒപ്പമായപ്പോൾ ഭൗതിക സമ്പത്തിൽ അദ്ദേഹം ''മുതലാളി'' അല്ലെങ്കിലും ആധ്യാൽമിക സമ്പത്തിൽ ചെറു പ്രായത്തിൽ തന്നെ ഒരു കൗണ്ടിയിലെ മുഴുവൻ ജനങ്ങളുടെയും വിശ്വാസ സംരക്ഷകനാകുന്ന ധനികനെന്നു വിശേഷിപ്പിക്കാവുന്ന ബിഷപ്പായി മാറിയിരിക്കുകയാണ് കൊല്ലത്തു മൺറോ തുരുത്തിലെ പുരാതന സിറിയൻ ഓർത്തോഡക്‌സ് കുടുംബത്തിൽ ജനിച്ച മലയിൽ ലൂക്കോസ് വർഗീസ് മുതലാളി എന്ന ഫാ. സജു. ഒന്നര ആഴ്ച മുൻപ് അദ്ദേഹത്തിന്റെ ബിഷപ്പായുള്ള നാമനിർദ്ദേശം ബ്രിട്ടീഷ് രാജ്ഞി അംഗീകരിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് ഔദ്യോഗിക സ്ഥിരീകരണമായത്.

അദ്ദേഹത്തിന്റെ നിയമന വാർത്ത വെളിയിൽ വന്നപ്പോൾ ഏകദേശം ഏഴു വർഷത്തെ പ്രവർത്തി പരിചയത്തിൽ നിന്നുമാണ് ഫാ. സജു ബിഷപ്പ് പദവിയിൽ എത്തിയതെന്ന് പരാമർശം ഉണ്ടായിരുന്നു. എന്നാൽ ഡീക്കനായി 12 വർഷവും വൈദികനായി 11 വർഷവും ഉള്ള പരിചയമാണ് ഫാ. സാജുവിന് ഒപ്പം ഉള്ളത് എന്നതാണ് യാഥാർഥ്യം. 21 വയസിൽ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ എത്തിയ അദ്ദേഹം കഴിഞ്ഞ 20 വർഷമായി യുകെ മലയാളിയുമാണ്. ഡിഗ്രി പഠനം കഴിഞ്ഞു ഒരു വർഷം ഗ്യാപ് ഇയർ എടുക്കാൻ ഉള്ള തയ്യാറെടുപ്പുമായി എത്തിയതാണ് ഫാ. സാജുവിന്റെ ജീവിതം മാറ്റിമറിച്ചതെന്നു പറയേണ്ടി വരും.

യുകെയിൽ നിന്നും മടങ്ങി വീണ്ടും യുകെയിൽ തന്നെ എത്തുക ആയിരുന്നു . ഒരു പക്ഷെ വിധി അദ്ദേഹത്തിനായി യുകെ ജീവിതം തന്നെയാണ് കാത്തുവച്ചിരുന്നതെന്നു ഈ വരവും പോക്കിലേക്കും തിരിഞ്ഞു നോക്കുമ്പോൾ പറയാനാകും . യുകെയിൽ എത്തും മുന്നേയുള്ള പഠനവും ജീവിതവും ഒക്കെ ബാംഗ്ലൂരിൽ ആയിരുന്നതിനാൽ മലയാളം വായിക്കാൻ ചെറിയ പ്രയാസം ഉണ്ട് എന്നത് മാത്രമാണ് തനി മലയാളിയായ ഈ യുവ ബിഷപ്പിനുള്ള ഏക കുറവ് . പക്ഷെ വലിയ തപ്പും പിഴയും ഇല്ലാതെ അത്യാവശ്യം നന്നായി തെളിഞ്ഞ മലയാളം പറയാനും അദ്ദേഹത്തിന് കഴിയും .

കെന്റിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഒതുങ്ങി കഴിഞ്ഞിരുന്ന വൈദികൻ നിമിഷ വേഗത്തിലാണ് രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലേക്കും എത്തിയത്. വലിയ മാധ്യമ ശ്രദ്ധ ലഭിച്ച അദ്ദേഹത്തിന്റെ നിയമനത്തെ തുടർന്ന് ബിഷപ്പ് സജു ആദ്യം നൽകുന്ന അഭിമുഖം ബ്രിട്ടീഷ് മലയാളിക്കാണെന്നതും ശ്രദ്ധേയമാകുകയാണ്. യുകെ മലയാളി സമൂഹത്തിനു ലഭിക്കുന്ന അംഗീകാരമായി ഈ അഭിമുഖത്തെ ബ്രിട്ടീഷ് മലയാളി വിലയിരുത്തുകയാണ്. ലഫ്ബറോ ബിഷപ്പ് മലയിൽ ലൂക്കോസ് വർഗീസ് മുതലാളിയുമായി മാധ്യമ പ്രവർത്തകൻ കെ ആർ ഷൈജുമോൻ നടത്തിയ സംഭാഷണത്തിൽ നിന്നും.

ഒരു സാധാരണ വൈദികനിൽ നിന്നും നേരെ ബിഷപ്പിലേക്ക് എത്തുന്ന വിധം ലളിതമാണോ ചർച്ച ഓഫ് ഇംഗ്ലണ്ടിലെ വ്യവസ്ഥകൾ?

ഒരിക്കലുമല്ല. മാസങ്ങൾ നീണ്ടു നിൽക്കുന്ന മുന്നൊരുക്കങ്ങളിലൂടെയാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയ കടന്നു പോകുന്നത്. അറിവും ലോകപരിചയവും അടക്കമുള്ള കാര്യങ്ങൾ വിശകലനം ചെയ്യാൻ മണിക്കൂറുകൾ നീളുന്ന അഭിമുഖങ്ങൾ പലവട്ടം പാസാകേണ്ടിവരും. മറ്റു സഭകളിൽ ഉള്ളത് പോലെ തന്നെ വൈദികനിൽ നിന്നും ബിഷപ്പിലേക്കു ചർച്ച ഓഫ് ഇംഗ്ലണ്ടിലും കടമ്പകൾ ഏറെയുണ്ട്. എന്റെ കാര്യത്തിൽ സംഭവിച്ചത് ഒരു ദൈവ നിയോഗം എന്നേ പറയാനാകൂ.

ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ എങ്ങനെയാണു ബിഷപ്പായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ?

ഏറെ സുദീർഘമായ ഒരു നടപടിക്രമങ്ങളുടെ അവസാന പട്ടികയിലാണ് ഈ തിരഞ്ഞെടുപ്പ് അവസാനിക്കുക. രാജ്ഞി ഒപ്പു വയ്ക്കുകയും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു പദവി എന്നതിൽ നിന്നും തന്നെ ഇത് ഊഹിക്കാം. വളരെ വിശാലമായ ലോക ജ്ഞാനം, എല്ലാക്കാര്യത്തിലും ഉള്ള മിതമായ തരത്തിൽ എങ്കിലും ഉള്ള അറിവ്, ഏതു സാഹചര്യവും തരണം ചെയ്തെടുക്കാനുള്ള നേതൃത്വ ശേഷി, ബഹുസ്വര സമൂഹവുമായി ഇടപഴകാനുള്ള കഴിവ്, സ്വഭാവ വ്യക്തിത്വം, ഒരു സ്ഥാപനം നയിക്കാനുള്ള നേതൃത്വ ഗുണങ്ങൾ അങ്ങനെ വളരെ വിശാലമായ പല വിധ ഘടകങ്ങളിൽ ഒരു ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുന്നയാൾ മികവ് തെളിയിക്കേണ്ടി വരും. ഇത് നമ്മൾ വെറുതെ പറഞ്ഞു പോകുന്നത് പോലെ നിസാരവുമല്ല.

ഇത്ര ചെറിയ പ്രായത്തിൽ എങ്ങനെ ഈ പദവിയിൽ എത്താനായി?

ഇപ്പോൾ ഞാൻ ഉൾപ്പെടെയുള്ളവരെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ ഏതാനും വർഷമായി സഭ തലവൻ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ കീഴിൽ എല്ലാ രൂപതകളിൽ നിന്നുമുള്ള വൈദികരുടെ ഒരു പൂൾ ടീം രൂപീകരിക്കാറുണ്ട്. സഭയുടെ പല തലത്തിൽ ഉള്ള പ്രവർത്തനത്തിന് ആർച്ച് ബിഷപ്പുമായി വേഗത്തിൽ സംവദിക്കാൻ ഉള്ള ഒരു കോർ ടീം കൂടിയാണിത്. എല്ലാ രാജ്യങ്ങളിൽ നിന്നും യുകെയിൽ എത്തിയിട്ടുള്ളവരുടെ പ്രതിനിധികളെ ഈ കോർ ടീമിൽ കണ്ടെത്താനാകും. അത്തരത്തിൽ ആ ടീമിൽ പ്രവർത്തിക്കാനായതാണ് ഇപ്പോൾ ഈ പദവിയിലേക്ക് വേഗത്തിൽ എത്താൻ കാരണമായതെന്ന് ഞാൻ വിശ്വസിക്കുന്നു.

എങ്കിലും ഒരു സുപ്രധാനമായ ഘടകം താങ്കളിൽ ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവർ നിരീക്ഷിച്ചിരിക്കാൻ സാധ്യത കാണുന്നില്ലേ?

അങ്ങനെ ഉണ്ടെങ്കിൽ ഞാൻ കരുതുന്നത് അത് നമ്മുടെ കേരളത്തിനുള്ള ഒരു ഗിഫ്റ്റ് ആയിരിക്കും. കാരണം നമ്മൾ എല്ലാ മലയാളികളിലും ഉള്ള ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ കരുതൽ എന്നൊക്കെ പറയാവുന്ന ഒരു ജീൻ പ്രവർത്തിക്കുന്നുണ്ടാകും. അത് മറ്റുള്ളവർക്ക് വേഗത്തിൽ നമ്മുടെ പെരുമാറ്റത്തിൽ നിന്നും മനസിലാകും. തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിൽ ഞാൻ കേരളത്തിന്റെ മകൻ ആന്നെന്നു പറഞ്ഞതായാണ് ഓർമ്മ. ഈ കരുതലും പങ്കിടലും ഒക്കെ സഭ ഏറ്റവും അധികം ആഗ്രഹിക്കുന്ന കാലഘട്ടം കൂടിയാണ്. എല്ലാവരെയും ഉൾക്കൊള്ളാനാകുക എന്നതൊക്കെ ഭാരതത്തിന്റെ കൂടി സവിശേഷതയാണ്. ലോകം അതിനു വലിയ പ്രാധാന്യം നൽകുന്നുണ്ട്. സഭയിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നു എന്നതും എന്നെ തിരഞ്ഞെടുക്കാൻ ഒരു കാരണമായിട്ടുണ്ടാകാം.

താങ്കളിൽ എങ്ങനെയാണു മറ്റുള്ളവരോട് കരുതലും കരുണയും സ്നേഹവും ഒക്കെ രൂപമെടുത്തിരിക്കുക?

എന്റെ അമ്മ ഒരു നഴ്സായാണ് ജോലി ചെയ്തിരുന്നത്, അതും കുഷ്ഠരോഗികൾക്കിടയിൽ. സമയം കിട്ടുമ്പോൾ ഒക്കെ എന്നെയും കൂടെ കൂട്ടുമായിരുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും കരുതലോടെ പരിചരിക്കാനും ഒക്കെ പഠിച്ചത് അന്നത്തെ കുട്ടിക്കാല അനുഭവത്തിൽ നിന്നുമാണ്. ഇപ്പോൾ യുകെയിൽ തന്നെ മലയാളി സമൂഹത്തിൽ ഏറ്റവും കൂടുതൽ പേരുള്ളത് നഴ്സുമാരും ഡോക്ടർമാരുമല്ലേ. അവരുടെ കരുതലും സ്നേഹവും സേവനവുമാണ് രാജ്യം ആഗ്രഹിക്കുന്നത്, അതുകൊണ്ടാണല്ലോ അവർക്കിവിടെ വരുവാനും ജീവിക്കാനും അവസരം ഒരുങ്ങുന്നതും. അതിനാൽ നമ്മളിൽ അത്തരം ഒരു ഘടകം പ്രവർത്തിക്കുമ്പോൾ നാമറിയാതെ സ്നേഹവും അംഗീകാരവും നമുക്കൊപ്പം എത്തും.

മലയാളികൾക്ക് മാത്രമാണ് ഇങ്ങനെയൊരു സ്വഭാവ മഹിമ എന്നാണോ പറയുന്നത്?

അങ്ങനെയല്ല, എല്ലാവരിലും നല്ലതും ചീത്തയും ഒക്കെ ഉണ്ടാകും. പക്ഷെ അൽപം ഹോസ്പിറ്റാലിറ്റി നേച്ചർ മലയാളികളിൽ കൂടുതലായിരിക്കും. സ്നേഹത്തോടെ കാണുമ്പോഴേ ചായ എടുക്കട്ടേ എന്നതൊക്കെ എല്ലാ മലയാളികളും ആദ്യം കാണുമ്പോൾ തന്നെ ചോദിക്കുന്നതല്ലേ? അതേ ഉദ്ദേശിച്ചുള്ളൂ.

അമ്മയിൽ നിന്നും പഠിച്ച പാഠങ്ങൾ ഇത്രയും ഉന്നത പദവിയിൽ എത്തിച്ചപ്പോൾ അമ്മ എന്ത് പറഞ്ഞു. ആദ്യം വിവരം പങ്കുവച്ചതും അമ്മയോട് തന്നെയാണ്. ദൈവത്തിന്റെ കാരുണ്യം എന്ന ഒറ്റവാക്കിലാണ് മറുപടി വന്നത്.

എങ്ങനെയാണു ദൈവിക വഴിയിൽ സഞ്ചരിക്കാൻ തുടങ്ങിയത്?

ചെറുപ്പത്തിൽ തന്നെ ദൈവിക കാര്യങ്ങളിൽ ഞങ്ങൾ കുട്ടികൾ എല്ലാവർക്കും പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. അക്കാലത്തെ അനേകരെ ആകർഷിച്ചിരുന്ന ആത്മീയ യാത്ര എന്ന പ്രഭാഷണ പരമ്പരയൊക്കെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. അമ്മയായിരുന്നു ആത്മീയ വഴികളിലും വഴികാട്ടി.

പഠിക്കാനായി വന്ന യുവാവ് പിന്നെ യുകെയിൽ ആധ്യാൽമിക വഴി കണ്ടെത്തിയതും വൈദികനായതും ഒടുവിൽ ബിഷപ്പാകുന്നതും ഒക്കെ തിരിഞ്ഞു നോക്കുമ്പോൾ എന്ത് തോന്നുന്നു?

പലരും കരുതുന്നത് ഞാൻ വൈദികനായാണ് യുകെയിൽ എത്തുന്നത് എന്നാണ്. എന്നാൽ ബാംഗ്ലൂരിൽ ഡിഗ്രി പഠനം കഴിഞ്ഞു ഗ്യാപ്പ് ഇയർ എടുക്കാൻ വന്നതാണ് തുടർ പഠനത്തിന് വഴി ഒരുക്കിയത്. ഈ സമയത്തു സ്ഥിരമായി പള്ളിയിലും മറ്റും പോകുമായിരുന്നു. നന്നായി പ്രസംഗിച്ചിരുന്നതിനാൽ ആളുകൾക്കും ഇഷ്ടമായി. നാട്ടിലേക്ക് മടങ്ങിയിട്ടും വീണ്ടും വരാൻ വിളികളായി. മടങ്ങി വന്നപ്പോൾ ഗിൽഫോർഡ് രൂപതയിൽ നിന്നുമാണ് വൈദികനായിക്കൂടെ എന്ന ചോദ്യം ഉണ്ടാകുന്നത്. പിന്നെ താമസിച്ചില്ല, ആ വഴി നീങ്ങി.

ദൈവശാസ്ത്രത്തിൽ ഓക്സ്ഫോർഡിൽ വൊൾസി ഹാൾ കോളേജിൽ പഠനം. 2005 മുതൽ 2008 വരെ പഠനകാലം. പഠനം തീർന്ന ഉടൻ തന്നെ ഡീക്കനായി നിയമനം അടുത്ത വർഷം വൈദികനായും. ഇപ്പോൾ മലയാളികൾ ഏറെയുള്ള ഹണ്ടിങ്ങ്ടണിൽ നിന്നുള്ള കെയ്റ്റി ജീവിത പങ്കാളിയായും എത്തി, കേരളത്തിൽ എത്തി പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ തന്നെ ആയിരുന്നു വിവാഹവും. ഗാന്ധിജി 1946ൽ എത്തിയപ്പോൾ അംഗരക്ഷകരായി ഉണ്ടായിരുന്നവരിൽ കെയ്റ്റിയുടെ പിതാവു ട്രെവർ റോബിൻസണും ഉണ്ടായിരുന്നത്രെ. മലയാളിയായ ഭർത്താവിനെ ലഭിക്കും മുന്നേ ഇന്ത്യയെ കുറിച്ച് ബ്രിട്ടീഷുകാരിയായ കെയ്റ്റി ധാരാളം കേട്ടിരിക്കുമെന്നു ചുരുക്കം.

എന്തുകൊണ്ടായിരിക്കും യുകെയിൽ മലയാളികൾ പ്രാദേശിക സഭയായ ചർച്ച ഓഫ് ഇംഗ്ലണ്ടിനോട് അകലം പാലിക്കുന്നത് ?

എല്ലാത്തിനും എല്ലാവർക്കും ഓരോ കാരണം ഉണ്ടായിരിക്കുമല്ലോ. സ്വന്തം വിശ്വാസവും ആചാരവും ആഗ്രഹിക്കുന്നവർ അത് ലഭിക്കുമ്പോൾ തീർച്ചയായും അതിലേക്കു തന്നെ സ്വാഭാവികമായും എത്തും. പിന്നെ ബ്രിട്ടീഷ് സമൂഹവുമായി അടുത്തിടപഴകാനുള്ള മാനസികമായ ചെറിയ പ്രയാസങ്ങൾ. അതിലുപരി നാല് വർത്തമാനം പറയാൻ മലയാളികൾ ഒത്തുകൂടുന്ന പള്ളിയിൽ പോകുക എന്നതും ഒരു കാരണമായിരിക്കും. മലയാളത്തിൽ ഉള്ള കുർബാന കൂടുക എന്നതൊക്കെ ഗൃഹാതുരത്വം എന്നും മനസ്സിൽ സൂക്ഷിക്കുന്നവർക്ക് അത്ര വേഗത്തിൽ പറിച്ചെറിയാൻ സാധിക്കില്ല. എങ്കിലും നിരവധി മലയാളികളും പ്രദേശിക പള്ളികളിൽ എത്തുന്നുണ്ട്. അത് കൂടുതലായി മാറുകയും ചെയ്യും.

മലയാളി ബിഷപ്പ് എന്ന നിലയിൽ യുകെ മലയാളികളെ ഇംഗ്ലീഷ് പള്ളികളിലേക്ക് ആകർഷിക്കാൻ മാസ്റ്റർ പ്ലാൻ വല്ലതും മനസിലുണ്ടോ?

മലയാളികളെ എന്നല്ല എല്ലാവരെയും പള്ളിയിലേക്ക് അടുപ്പിക്കുക എന്നതാണ് ചർച്ച ഓഫ് ഇംഗ്ലണ്ട് ആഗ്രഹിക്കുന്നത്. അതിനു സാധ്യമായതൊക്കെ ചെയ്യണം. സ്നേഹവും സൗഹാർദവും പങ്കിടുക എന്നതാണല്ലോ ദൈവികമായ ജോലി. അപ്പോൾ അതിനായി പ്രത്യേക പദ്ധതി ഒന്നും തയ്യാറാക്കേണ്ട കാര്യമില്ല. എത്‌നിക് മൈനോരിറ്റിയിൽ ഉള്ള ജനവിഭാഗങ്ങളെ കൂടുതലായി പള്ളികളിൽ എത്തിക്കുക എന്നത് തന്നെയാണ് ചർച്ച ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം.

പൊതുവിൽ ജനങ്ങൾക്ക് ദൈവിക വിശ്വാസം കുറയുന്നു എന്ന ആക്ഷേപം ഉണ്ടല്ലോ?

അങ്ങനെയല്ല, ജനങ്ങൾ കൂടുതലായി ദൈവത്തെ ആഗ്രഹിക്കുന്നു എന്നതാണ് സത്യം. പള്ളിയിൽ വരുന്നതോ പോകുന്നതോ മാത്രമല്ല കണക്കെടുക്കേണ്ടത്. ജനങ്ങൾ സ്വന്തം നിലയിൽ ദൈവത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നുണ്ട്, അതിനായി അവരുടെ ശ്രമം നടത്തുന്നുമുണ്ട്.

മലയാളി വൈദികരോട് വിശ്വാസികൾക്ക് മതിപ്പു കുറഞ്ഞു തുടങ്ങുകയാണ് എന്ന ആക്ഷേപത്തെ പറ്റി എന്ത് പറയാനുണ്ട് ?

അങ്ങനെ പറയാൻ ഒക്കില്ല. ലോകത്തെല്ലായിടത്തും ഇതൊക്കെ സംഭവിക്കുന്നുണ്ട്. മുൻപുള്ള തലമുറ നൽകിയ സ്നേഹവും ആദരവും ഒക്കെ അടുത്ത തലമുറ നൽകണം എന്നില്ല. സാംസ്‌കാരികമായ മാറ്റങ്ങളും കൂടി നാം കാണണം, എല്ലാ മതത്തിലും ഇത്തരം പ്രശനങ്ങൾ കാണാമല്ലോ. ഇന്ത്യയിൽ സ്വാമിമാരെ പഴയ കാലത്തേ ആചാര്യന്മാർക്കു നൽകിയിരുന്ന സ്നേഹവും ബഹുമാനവും ആദരവും ഇപ്പോൾ നൽകുന്നുണ്ടോ? സത്യത്തിൽ ആക്കര്യത്തിൽ ഇന്ത്യ ഒക്കെ എത്ര സമ്പന്നം ആയിരുന്നു.

ചെറിയ പ്രായം എന്നത് ഗുണമാകുമോ ദോഷമാകുമോ?

തീർച്ചയായും ഗുണമായി മാറും. ചെറിയ ദോഷം ഉള്ളത് വേണ്ടത്ര പ്രവർത്തി പരിചയം ഇല്ലെന്നതാണ്. അത് മാറ്റിയെടുക്കാൻ നിരന്തര പരിശ്രമവും ലെസ്റ്റർ ബിഷപ്പിനൊത്തുള്ള സഹകരിച്ചുള്ള പ്രവർത്തനം വഴിയും സാധിക്കും. എന്നാൽ ചെറുപ്പം ആയതിനാൽ കൂടുതൽ ചെറുപ്പക്കാരോട് അവരുടെ ഭാഷയിൽ സംസാരിക്കാൻ കഴിയും എന്നത് നേട്ടമാണ്. കൂടുതൽ സ്ഥലത്തു ഓടിയെത്താനും ചെറു പ്രായം സഹായമാണ്. എന്റെ ഇളയ കുട്ടിക്ക് എട്ടു വയസ് മാത്രമാണ് പ്രായം. അതിനാൽ സമപ്രായക്കാരായ മാതാപിതാക്കൾ അടങ്ങുന്ന സമൂഹത്തിന്റെ പ്രയാസങ്ങളും വിഷമങ്ങളും ഒക്കെ അവരോടു ഒപ്പം ചേർന്ന് നിന്ന് മനസിലാക്കാനാകും.

പ്രവർത്തന മേഖല എന്തൊക്കെയാണ്?

ലഫ്ബറോ ബിഷപ്പ് എന്നാണ് ഔദ്യോഗിക പദവി എങ്കിലും പ്രവർത്തന മേഖല ലെസ്റ്റർഷെയർ കൗണ്ടി മൊത്തമാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കൗണ്ടികളിൽ ഒന്ന്. ലെസ്റ്ററിനു സ്വന്തമായി ബിഷപ്പ് ഉണ്ടെങ്കിലും ലെസ്റ്റർഷെയറിലെ മേൽനോട്ട ചുമതല ലഫ്ബറോ ബിഷപ്പിന്റേതാണ്. ഏകദേശം മുന്നൂറിലേറെ പള്ളികൾ, നൂറിലേറെ സ്‌കൂളുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയൊക്കെ കണ്ണോടിച്ചെത്തണം. വലിയൊരു ജന വിഭാഗവുമായി കൂടിക്കാഴ്‌ച്ചകൾ വേണ്ടി വരും. മൾട്ടി കൾച്ചറൽ ആയ രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും. സത്യത്തിൽ ഈ പദവി പുറമെ നിന്നും നോക്കി കാണുന്നതിനേക്കാൾ വലിയ പ്രിവിലേജ്ജും ഉത്തരവാദിത്ത ബോധവുമാണ് നൽകുന്നത്.

വിദ്യാർത്ഥികളായ സെപ്, സിപ്, എബ്രഹാം, ജൊഹാന എന്നിവരാണ് ബിഷപ്പ് സാജുവിന്റെയും പത്നി കെയ്റ്റിയുടെയും മക്കൾ. സ്ഥാനാരോഹണത്തിന്റെ ആദ്യ ചടങ്ങുകൾ വൈകാതെ ലണ്ടനിൽ നടക്കും. തുടർന്നായിരിക്കും അദ്ദേഹം കുടുംബവുമൊത്തു ലഫ്ബറോയിലേക്കു ജീവിതം പറിച്ചു നടുക. ലഫ്ബറോയിൽ ഔദ്യോഗിക സ്ഥാനാരോഹണം മാർച്ച് - ഏപ്രിൽ മാസത്തിൽ നടക്കാനാണ് സാധ്യത. പ്രദേശവാസികളായ മലയാളികളുമായി അടുത്തിടപഴകാനുള്ള അവസരം ലഭിക്കും എന്നതും നിയുക്ത ബിഷപ്പിനെ ഏറെ ആഹ്ലാദിപ്പിക്കുന്ന കാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP