Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അഞ്ചിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ കുടുംബത്തിന് ധനസഹായവും സ്‌കോളർഷിപ്പും നൽകും; നൂറുശതമാനവും ക്രിസ്ത്യൻ തത്വത്തിന്റെ പേരിൽ പറയുന്ന കാര്യമാണിത്, അതിൽ ഞാൻ സർക്കുലർ ഇറക്കും.. ഞാൻ പറഞ്ഞത് തന്നെയാണ്; അണുവിട അതിൽനിന്ന് പിറകോട്ട് പോവില്ല'; വിവാദം കൊഴുക്കുമ്പോഴും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉറച്ച തീരുമാനത്തിൽ

'അഞ്ചിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ കുടുംബത്തിന് ധനസഹായവും സ്‌കോളർഷിപ്പും നൽകും; നൂറുശതമാനവും ക്രിസ്ത്യൻ തത്വത്തിന്റെ പേരിൽ പറയുന്ന കാര്യമാണിത്, അതിൽ ഞാൻ സർക്കുലർ ഇറക്കും.. ഞാൻ പറഞ്ഞത് തന്നെയാണ്; അണുവിട അതിൽനിന്ന് പിറകോട്ട് പോവില്ല'; വിവാദം കൊഴുക്കുമ്പോഴും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉറച്ച തീരുമാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: അഞ്ചിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ കുടുംബത്തിന് ധനസഹായവും സ്‌കോളർഷിപ്പും നൽകുമെന്ന് സിറോ മലബാർ സഭയ്ക്ക് കീഴിലെ പാലാ രൂപത പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കുന്നുണ്ട്. വിവാദമായ പോസ്റ്റർ ഫേസ്‌ബുക്കിൽ നിന്നും പിൻവലിച്ചെങ്കിലും തന്റെ നിലപാടിൽ ഉറച്ചുതന്നെ നിൽക്കുകയാണ് പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. അഞ്ച് കുട്ടികളിൽ കൂടുതൽ ഉണ്ടെങ്കിൽ ധനസഹായം നൽകുമെന്ന് താൻ പറഞ്ഞ കാര്യം തന്നെയാണെന്ന് ബിഷപ്പ് വ്യക്തമാക്കി. നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

'നൂറുശതമാനവും ഞാൻ പറഞ്ഞ കാര്യമാണത്. ക്രിസ്ത്യൻ തത്വത്തിന്റെ പേരിൽ പറയുന്ന കാര്യമാണിത്. അതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതിൽ ഞാൻ സർക്കുലർ ഇറക്കും. ഞാൻ പറഞ്ഞത് തന്നെയാണ്. അണുവിട അതിൽനിന്ന് ഞാൻ പിറകോട്ട് പോവില്ല. എന്റെ സ്റ്റാൻഡ് ആണിത്'- ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇടവകക്കാർക്കായി സംഘടിപ്പിച്ച ഒരു ഓൺലൈൻ യോഗത്തിലാണ് രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് പാലാ രൂപതയ്ക്ക് നേരെ ഉയരുന്നത്. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായതാണെന്നും ഇന്ന് ഇക്കാര്യത്തെ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകുമെന്നും സഭാ വക്താവ് പറഞ്ഞു.

കാര്യങ്ങൾ വാർത്താക്കുറിപ്പിൽ വിശദമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് കുട്ടികളുണ്ടെങ്കിൽ വമ്പൻ ഓഫറാണ് പാലാ രൂപതയുടെ വാഗ്ദാനം ചെയ്യുന്നത്. 2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതൽ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നൽകും. ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലായിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ സ്‌കോളർഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തിൽ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ രൂപതയ്ക്ക് കീഴിലെ മാർ സ്ലീവ മെഡിസിറ്റി സൗജന്യമായി നൽകും. പാലാ രൂപതയുടെ കുടുംബ വർഷം 2021 ന്റെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.

പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ പോസ്റ്റിലാണ് ഇക്കാര്യങ്ങൾ വിശദമാക്കി പോസ്റ്റർ ഇറങ്ങിയത്. ജനസംഖ്യാ നിയന്ത്രണത്തിനായി ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിയമനിർമ്മാണം ആലോചിക്കുന്നതിനിടെ, കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചുള്ള പാലാ രൂപതയുടെ പരസ്യം വിവാദത്തിലായത്.

'കുടുംബവർഷം 2021-പാലാ രൂപത' എന്ന പേരിലാണ് പരസ്യം നൽകിയിരിക്കുന്നത്. പാലാ രൂപതയുടെ പേരിലുള്ള ഫേസ്‌ബുക്ക് പേജിലും പരസ്യം പങ്കുവച്ചിട്ടുണ്ട്. 'അൽപ സ്വൽപം വകതിരിവ്' എന്ന ക്യാപ്ഷനോടെ പാലാരൂപതയുടെ തീരുമാനത്തിന്റെ പോസ്റ്റർ പങ്ക് വെച്ചുകൊണ്ടാണ് സംവിധായകൻ ജിയോ ബേബിയുടെ വിമർശനം. സമുദായത്തിന്റെ അംഗബലം കൂട്ടാൻ പരസ്യനോട്ടീസെന്ന് ചിലരുടെ വിമർശനം. ഇതോടെ സഭ വെട്ടിലായി. ഫേസ്‌ബുക്ക് പോസ്റ്റർ അപ്രത്യക്ഷമായി. സന്ദേശത്തിൽ ചില അവ്യക്തതകൾ ഉണ്ടായതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ഇന്ന് മെത്രാൻ തന്നെ ഇക്കാര്യത്തിലെ ഔദ്യോഗിക വിശദീകരണം ഇറക്കുമെന്നാണ് പാലാ രൂപത പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP