Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മെത്രാൻ പദവി ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചും സ്ത്രീകളെ ദുരുപയോഗിച്ചും മാഫിയാ രാജാവായി; ദുരുപയോഗത്തിനായി മഠവും കച്ചവടത്തിനായി സെമിനാരിയും തുടങ്ങി; ചോദ്യം ചെയ്തവരെ ഇല്ലാതാക്കാൻ പഞ്ചാബ് പൊലീസ് പിണിയാളായി; ഡൽഹിയിലെ ബിജെപി-കോൺഗ്രസ് നേതാക്കൾ കാവലാളായപ്പോൾ കേരളത്തിൽ സിപിഎം; ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് അഴിക്കുള്ളിലാകുമ്പോൾ പൊളിഞ്ഞടുങ്ങുന്നത് ആത്മീയതയുടെ മറവിൽ കെട്ടിയുണ്ടാക്കിയ ഭൗതിക സാമ്രാജ്യം

മെത്രാൻ പദവി ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചും സ്ത്രീകളെ ദുരുപയോഗിച്ചും മാഫിയാ രാജാവായി; ദുരുപയോഗത്തിനായി മഠവും കച്ചവടത്തിനായി സെമിനാരിയും തുടങ്ങി; ചോദ്യം ചെയ്തവരെ ഇല്ലാതാക്കാൻ പഞ്ചാബ് പൊലീസ് പിണിയാളായി; ഡൽഹിയിലെ ബിജെപി-കോൺഗ്രസ് നേതാക്കൾ കാവലാളായപ്പോൾ കേരളത്തിൽ സിപിഎം; ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് അഴിക്കുള്ളിലാകുമ്പോൾ പൊളിഞ്ഞടുങ്ങുന്നത് ആത്മീയതയുടെ മറവിൽ കെട്ടിയുണ്ടാക്കിയ ഭൗതിക സാമ്രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : പുരോഹിതൻ എന്നതിനെക്കാൾ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. ഡൽഹിയിലേയും പഞ്ചാബിലേയും രാഷ്ട്രീയക്കാരെല്ലാം ബിഷപ്പിന്റെ അടുപ്പക്കാരനാണ്. ഈ ബന്ധങ്ങളിലൂടെ പഞ്ചാബിൽ സ്വന്തം അധോലോകമാണ് ബിഷപ്പ് സ്ഥാപിച്ചെടുത്തത്. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പിനെതിരെ വേറെയും കന്യാസ്ത്രീകൾ പരാതി നൽകിയിരുന്നു. ഇതെല്ലാം സഭ മുക്കുകയായിരുന്നു. വെറുമൊരു മെത്രാനെന്നതിന് അപ്പുറം സ്വാധീനവും നിയന്ത്രണവും കത്തോലിക്കാ സഭയിൽ ഫ്രാങ്കോ മുളയ്ക്കലിന് ഉള്ളതായിരുന്നു ഇതിന് കാരണം. എന്നാൽ കന്യാസ്ത്രീകൾ തെരുവിലെത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു. കേരളം ഒന്നടങ്കം കന്യാസ്ത്രീയ്ക്ക് പിന്തുണയുമായെത്തി. ഇതോടെ ബിഷപ്പിനെ കൈവിടേണ്ട സ്ഥിതിയിലേക്ക് പിണറായി സർക്കാരെത്തി. ഡൽഹിയിലെ കാവൽ ഭടന്മാരും കൈമലർത്തി. അതോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിക്കുള്ളിലായി.

ഡൽഹിയിൽ സഹായമെത്രാനെന്ന നിലയിലെ പ്രവർത്തനമാണ് ഫ്രാങ്കോയെ ശ്രദ്ധേയനായത്. വത്തിക്കാനിലെ കളങ്കിതരായ വൈദികരെല്ലാം ഫ്രാങ്കോയുടെ അടുപ്പക്കാരണ്. ഇവരെ ഡൽഹിയിൽ കൊണ്ടു വന്ന് സത്കരിച്ചും മറ്റുമാണ് ഫ്രാങ്കോ ഇവരുടെ അടുപ്പക്കാരനായത്. ഈ ബന്ധങ്ങളാണ് അർഹതപ്പെട്ട പലരേയും തഴഞ്ഞ് 2013ൽ ഫ്രാങ്കോയെ ജലന്ധറിലെ പരമാധികാരിയാക്കിയത്. പതിയെ ഓരോരുത്തരെ തകർത്ത് എല്ലാം തന്റെ സ്വാധീനവലയത്തിലേക്കാക്കി മാറ്റുകയായിരുന്നു ബിഷപ്പ് ഫ്രാങ്കോ ചെയ്തത്. ഹിറ്റ്ലറാണ് തന്റെ റോൾ മോഡലെന്ന് പറഞ്ഞാണ് എതിരാളികളെ നേരിട്ടത്. തനിക്കെതിരെ ആരോപണവുമായെത്തിയവരെ എല്ലാം പല കേസുകളിൽ കുടുക്കി ഒതുക്കി. സ്ത്രീ പീഡനവും സാമ്പത്തിക ക്രമക്കേടും ആരോപിച്ചു.

പലരിൽ നിന്നു ളോഹ ഊരി വാങ്ങി. ഇതിനെല്ലാം വേണ്ടി സ്വന്തം വൈദിക സഭയിലൂടെ അടുപ്പക്കാരെ ജലന്ധറിൽ സൃഷ്ടിക്കുകയും ചെയ്തു. ഇതിൽ പലരും അതൃപ്തരുമായിരുന്നു. ഇതിനിടെയാണ് കന്യാസ്ത്രീകൾ നിലനിൽപ്പിന്റെ പോരാട്ടത്തിന് ഇറങ്ങിയത്. ഇവിടേയും അതിബുദ്ധിയാണ് വിനയായത്. ഇത്തരമൊരു പീഡനകാര്യം കന്യാസ്ത്രീകളാരും സഭയ്ക്ക് പുറത്ത് ചർച്ചയാക്കിയിരുന്നില്ല. എന്നാൽ സഭയ്ക്കുള്ളിലെ നടപടിക്കായി ഏതറ്റം വരേയും കന്യാസ്ത്രീകൾ പോകുമെന്നായപ്പോൾ ഇരകൾക്കെതിരെ ബിഷപ്പ് പൊലീസിൽ പരാതി കൊടുത്തു. പഞ്ചാബ് പൊലീസിലെ സ്വാധീനം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഇവിടെ അവർക്ക് പിഴച്ചു. കോട്ടയത്തെ പൊലീസിൽ പരാതി എത്തിയപ്പോൾ പൊയ്മുഖങ്ങൾ അഴിഞ്ഞു വീണു. അഴിക്കുള്ളിലാകുന്ന ആദ്യ ഇന്ത്യൻ മെത്രാനെന്ന കുപ്രസിദ്ധി ഫ്രാങ്കോയെ തേടിയെത്തി.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മറ്റുചില കന്യാസ്ത്രീകളെയും കഴുകൻകണ്ണുകളോടെ നോക്കിയിരുന്നുവെന്ന് പീഡനത്തിനിരയായ കുറവിലങ്ങാട്ടെ കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആരിലെങ്കിലും ഇഷ്ടം തോന്നിയാൽ കെണിയിൽപ്പെടുത്തുമായിരുന്നെന്ന് കത്തിലുണ്ട്. 2017 ഏപ്രിലിൽ ഒരു കന്യാസ്ത്രീയുടെ പ്രാർത്ഥനാമുറിയിൽനിന്ന് അദ്ദേഹത്തെ കൈയോടെ പിടികൂടി. ജൂനിയർ കന്യാസ്ത്രീകൾ മാത്രമുള്ള മറ്റൊരു സംസ്ഥാനത്തേക്ക് ഇവരെ മാറ്റുകയാണ് ഫ്രാങ്കോ ചെയ്തത്. അതേയാഴ്ചതന്നെ അദ്ദേഹമവിടെ പോകുകയും രാത്രി തങ്ങുകയും ചെയ്തു. ആത്മീയകാര്യങ്ങൾക്കെന്നുപറഞ്ഞ് രാത്രി 12 വരെയും കന്യാസ്ത്രീയെ മുറിയിലിരുത്തി. പുറത്തുപറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തോർത്ത് ആരും ഒന്നും മിണ്ടിയില്ല. ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടും ബിഷപ്പിനെ തൊടാൻ സഭയും പൊലീസും മടിച്ചു ഇതിന് കാരണം ബിഷപ്പിന്റെ സ്വാധീനമായിരുന്നു.

സ്വന്തമായി കന്യാസ്ത്രീ മഠവും വൈദിക സഭയും ഫ്രാങ്കോയ്ക്കുണ്ടായിരുന്നു. തനിക്ക് ഇഷ്ടങ്ങൾ നിവർത്തിക്കാൻ വേണ്ടിയായിരുന്നു ഇത്. വൈദിക മഠത്തിലൂടെ തന്നെ മാത്രം പിന്തുണയ്ക്കുന്ന വൈദികരെ ഉണ്ടാക്കി. ഇവരെ ഗുണ്ടകളെ പോലെ ഉപയോഗിച്ചു. എല്ലാ സെമിനാരികളിലും ചാരന്മാരായി ഇവരെ നിയമിച്ചു. അങ്ങനെ ജലന്ധർ രൂപതയെ എല്ലാ അർത്ഥത്തിലും കൈക്കുള്ളിലാക്കി ഫ്രാങ്കോ വിരാജിച്ചു. ഇതോടെ രൂപതയിലെ പള്ളികളിൽ നിരവധി വിമതരും എത്തി. പലരും ബിഷപ്പിനെ ചോദ്യം ചെയ്തു. ഇതിനെ ചാരന്മാരെ നിയോഗിച്ചാണ് ഫ്രാങ്കോ നേരിട്ടത്. സ്വന്തം സന്യാസി സഭയിൽ നിന്നെത്തിയ വിശ്വസ്തരെ എല്ലാ അരമനയിലും നിയോഗിച്ചു. തനിക്കെതിരെ ചെറുവിരൽ അനങ്ങിയാൽ പോലും ബിഷപ്പ് അപ്പോൾ തന്നെ അറിഞ്ഞു. പഞ്ചാബ് പൊലീസിലെ വിശ്വസ്തരെ ഉപയോഗിച്ചും അതീവ രഹസ്യമായി കാര്യങ്ങൾ നിരീക്ഷിച്ചു.

അങ്ങനെ സത്യത്തിനൊപ്പം നീങ്ങിയവരെ എല്ലാം അരിഞ്ഞു വീഴ്‌ത്തുന്ന തരത്തിൽ ഇടപെടൽ നടത്തി ഫ്രാങ്കോ മുന്നോട്ട് പോയി. പ്രാർത്ഥനാലയം കൈക്കലാക്കാൻ ഫാ ബേസിലിനെ എല്ലാ അർത്ഥത്തിലും ഇല്ലായ്മ ചെയ്യുകയായിരുന്നു ഫ്രാങ്കോ ചെയ്തത്. ഇതിനെ ആർക്കും എതിർക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞില്ല. ഇത്തരത്തിലൊരു ബിഷപ്പാണ് അഴിക്കുള്ളിലാകുന്നത്.

കണ്ണുകളിലൂടെ സംസാരിക്കുന്ന ഇരകളെ അരിഞ്ഞ് വീഴ്‌ത്തിയ മെത്രാൻ

തന്റെ ഇഷ്ടത്തിന് വഴങ്ങാത്തവരെയെല്ലാം ബിഷപ് മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ഥലംമാറ്റവും അവധിയുമൊക്കെ ബിഷപ്പിന്റെ ഇഷ്ടാനുസരണമായിരുന്നു. ഇതോടെ പരാതികളും എത്തി. മിഷനറീസ് ഓഫ് ജീസസ് (എം.ജെ) സന്യാസസമൂഹത്തിന്റെ മദർ ജനറലിനു നൽകിയ പരാതികൾ പലതും പറഞ്ഞത് ഞെട്ടിക്കുന്ന കഥകളായിരുന്നു. മദർ ജനറലിന്റെ പിന്തുണ ബിഷപ്പിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഈ പരാതികളെല്ലാം മുങ്ങി. ചിലരെ ബിഷപ്പിന്റെ പീഡനത്തെത്തുടർന്ന് ഫോർമേറ്റർ ചുമതല വഹിച്ചിരുന്നയാളടക്കം 18 കന്യാസ്ത്രീകളാണു സഭ വിട്ടതെ്. അവരുടെ പേരുവിവരങ്ങളും സഭ വിട്ടുപോകാൻ ഇടയാക്കിയ സാഹചര്യങ്ങളും സഭയിൽ എല്ലാവർക്കും അറിയാം. എന്നാൽ ആരും ചെറുവിരൽ പോലും അനക്കുന്നില്ല. ബിഷപ്പിന്റെ മാഫിയാ ബന്ധങ്ങളാണ് ഇതിന് കാരണമെന്ന വിലയിരുത്തലും സജീവമാണ്. പുരോഹിതൻ എന്നതിനെക്കാൾ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണു ബിഷപ് ഫ്രാങ്കോയെന്ന് ഒരു കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. ഇതായിരുന്നു ശരിയും. ഹിറ്റലറെ പോലെ എല്ലാം നിയന്ത്രിച്ചു.

ഗഖലൻ സെന്റ് മേരീസ് ഇടവകയിൽ പുതിയ പള്ളിയുടെ വെഞ്ചിരിപ്പ് കർമ്മം നടക്കുകയായിരുന്നു. ബിഷപ്പ് എത്തിയപ്പോൾ അദ്ദേഹം ആഗ്രഹിച്ചപോലെ കുതിരപ്പുറത്ത് കയറ്റിയുള്ള എഴുന്നള്ളിപ്പും നോട്ടുമാല ഇട്ടുള്ള സ്വീകരണവും വാദ്യമേളങ്ങളും ഒന്നും കിട്ടിയില്ല. അതിന്റെ ദേഷ്യം മുഴുവൻ പ്രസംഗത്തിനിടെ വികാരിയച്ചനോട് തീർത്തു. ചടങ്ങിനെത്തിയ അതിഥികളുടെ മുഴുവൻ പേരെടുത്ത് പറഞ്ഞ ബിഷപ്പ് വികാരിയച്ചനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. ഈ പള്ളി പണിക്ക് വികാരിയുടെ സംഭാവന ചെറുതാണെന്ന് വരെ പറഞ്ഞു. അതിനെ വിശ്വാസികളും കന്യാസ്ത്രീകളും എതിർത്തു. അച്ചന്റെ ശ്രമഫലമാണ് പള്ളിപണി പൂർത്തിയായതെന്ന് അവർ മറുപടി നൽകി. ഉടനെവന്നു അടുത്ത പണി, വെഞ്ചിരിപ്പിനൊപ്പം തന്നെ പുതിയ വികാരിയെ നിയമിക്കുകയാണ് പള്ളിയുടെ താക്കോൽ അദ്ദേഹത്തിന് നൽകാൻ നിർദ്ദേശിച്ചു. ഇതിനേയും ഇടവകാംഗങ്ങൾ എതിർത്തു. ഇത്രയും കഷ്ടപ്പെട്ട് ഒരു പള്ളി പണിത വൈദികനൊപ്പം ഒരു ബലി അർപ്പിക്കാതെ അദ്ദേഹത്തെ പറഞ്ഞയക്കാൻ കഴിയില്ലെന്നായിരുന്നു ഇടവകാംഗങ്ങളുടെ നിലപാട്.-ഇതാണ് ഫ്രാങ്കോയുടെ ഹിറ്റ്ലർ ശൈലിയുടെ ഏറ്റവും വലിയ ഉദാഹരണം.

കണ്ണുകളിലൂടെ സംസാരിക്കുന്ന മെത്രാനായിരുന്നു ഫ്രാങ്കോ. ആ കണ്ണുകളിൽ നോക്കിയാൽ ആത്മീയതയുടെ തിളക്കം ആർക്കും അനുഭവിക്കാനാകുമായിരുന്നില്ല. ചാനലുകൾക്ക് പണം നൽകി വാർത്തകളുണ്ടാക്കിയും മറ്റും പഞ്ചാബിലുടനീളം അറിയപ്പെടുന്ന വ്യക്തിയായി മാറി. അവിടെ രാഷ്ട്രീയക്കാരിലും മറ്റും സ്വാധീനവും ഉയർത്തി. ഇത്തരം വാർത്തകളിലൂടേയും മറ്റും വത്തിക്കാനിലും ശ്രദ്ധേയനായി ഫ്രാങ്കോ. ഇതോടെ ഇന്ത്യയിൽ നിന്നും വത്തിക്കാനിൽ ഫ്രാങ്കോയ്ക്കെതിരെ എത്തിയ പരാതികളെല്ലാം മുങ്ങി. അവിടെയുള്ള സ്വാധീനമായിരുന്നു ഇതിന് കാരണം. പരാതികൾ മുങ്ങിയതോടെ ബിഷപ്പിന്റെ സ്വാധീന ശക്തി അറിഞ്ഞ പലരും ചെറുവിരൽ പോലും അനക്കാതെ സഭ വിട്ട് പുറത്തേക്ക് പോവുകയായിരുന്നു ചെയ്തത്. ബേസിൽ അച്ചൻ പ്രാർത്ഥനകൾക്കായി തുടങ്ങിയതാണ് പ്രാർത്ഥനാ ഭവൻ ചാനൽ. ആത്മീയ കാര്യങ്ങൾക്കായി തുടങ്ങിയതാണ് ഇത്. എന്നാൽ ബിഷപ്പ് ഫ്രാങ്കോ മുളങ്കൽ ഈ ചാനൽ പിടിച്ചെടുത്തു. ഇതുവഴിയാണ് അനുകൂല പ്രചരണങ്ങൾ. ബിഷപ്പിനായി വിശ്വാസികൾ സിന്ദാബാദ് വിളിക്കുന്നതു പോലും ഇതിലൂടെ പ്രക്ഷേപണം ചെയ്തു.

1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. 1964 -ൽ മറ്റത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഫ്രാങ്കോ മുളയ്ക്കൽ ദൈവ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ മുളയ്ക്കലിനെ 2013 ജൂൺ 13 -നാണ് ഫ്രാൻസിസ് മാർപാപ്പ ബിഷപ്പായി നിയമിക്കുന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള രൂപതയായ ജലന്ധർ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പഞ്ചാബിലെ നാല് അസംബ്ലി മണ്ഡലങ്ങളിൽ നിർണായക ശക്തിയായതിനാൽ രാഷ്ട്രീയക്കാരും രൂപതാ നേതൃത്വവുമായി അടുപ്പത്തിലായിരുന്നു. ഇതും ബിഷപ്പിന് വളർന്നുയരാൻ സഹായകമായി.

അമിത് ഷായും രാഹുൽ ഗാന്ധിയും സുഹൃത്തുക്കൾ

ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഫ്രാങ്കോ മുളയ്ക്കൽ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായും ഫ്രാങ്കോ മുളയ്ക്കലിന് അടുപ്പമുണ്ട്. രാജ്‌നാഥ് സിങ് വഴിയാണ് അമിത് ഷായുമായി ബിഷപ്പ് അടുപ്പത്തിലാകുന്നത്. ഫ്രാങ്കോ മുളയ്ക്കലിനേയും ബിജെപി നേതൃത്വത്തേയും അടുപ്പിച്ചത് അൽഫോൻസ് കണ്ണന്താനത്തിന്റെ രാഷ്ട്രീയ നീക്കമാണ്. ഇടത് സഹയാത്രികനായിരുന്ന കാഞ്ഞിരപ്പള്ളി എംഎൽഎ പെട്ടെന്നൊരു ദിവസം ബിജെപിക്കാരനായി. സഭകളുടെ ഇടപെടലുകളിലൂടെ കണ്ണന്താനം ബിജെപിയിൽ എത്തിയത് തന്റെ ക്രെഡിറ്റിലേക്ക് എത്തിക്കാൻ ഫ്രാങ്കോ മുളയ്ക്കലിനായി. ഇതോടെ ബിജെപി നേതാക്കളുടെ പ്രിയപ്പെട്ട സഭാ നേതാവായി ഫ്രാങ്കോ മാറി. 2005 മുതൽ 2009വരെ രാജാനാഥ് സിംഗായിരുന്നു ബിജെപി പ്രസിഡന്റ്. പിന്നീട് നിഥിൻ ഗഡ്ഗരിയും അമിത് ഷായും എത്തിയപ്പോഴും ഈ ബന്ധം തുടർന്നു.

ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീയും ഓർത്തഡോക്‌സ് വൈദികർക്കെതിരെ ഒരു വനിതയും ഉന്നയിച്ച പീഡന പരാതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനും നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ക്രൈസ്തവ സഭകളിലെ കുമ്പസാരം നിർത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. പ്രതികൾക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നും 25 പേജുള്ള റിപ്പോർട്ടിൽ കുറ്റപ്പെടുത്തുകയും ചെയ്തു. വൈദികർക്കെതിരായ പരാതികളിൽ പൊലീസ് അന്വേഷണം ഇഴയുകയാണ്. സർക്കാർ പ്രശ്നത്തെ ഗൗരവമായി കാണുന്നില്ല. ജലന്ധർ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസും കേസെടുക്കണമെന്നും രേഖ ശർമ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്നാഥ് സിങ് പൂഴ്‌ത്തുകയാണ് ചെയ്തത്. ദേശീയ വനിതാ കമ്മീഷന്റെ ഇടപെടലുകൾക്കും പരിമിതി വന്നു. ഇതിനെല്ലാം കാരണം ബിഷപ്പിന്റെ സ്വാധീന ശക്തിയുടെ ഫലമായിരുന്നു.

1990 -ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009 -ലാണ് ഡൽഹിയിൽ സഹായ മെത്രാനാകുന്നത്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുമായി അടുപ്പക്കാരനാക്കിയത്. കേരളത്തിലെ കോൺഗ്രസിന്റെ പല ഉന്നത നേതാക്കൾക്കും ബിഷപ്പിന്റെ ഉന്നത ബന്ധം പലപ്പോഴും തുണയായിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്ന വിഷയത്തിലും ജലന്ധർ ബിഷപ് സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കന്യാസ്ത്രീയുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തിൽ പെടുന്നത്. മലബാറിൽനിന്നുള്ള ഒരു കോൺഗ്രസ് നേതാവിനെ കെ പി സി സി അധ്യക്ഷൻ ആക്കാൻ രാഹുൽ ഗാന്ധിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ നേതാവിനെ രാഹുൽ ഗാന്ധി സന്ദർശനാനുമതി സമീപകാലത്തു നിഷേധിച്ചിരുന്നു. തുടർന്ന് ഈ നേതാവ് ജലന്ധറിലെത്തി ബിഷപ്പിനെ സന്ദർശിച്ചു. ഇതോടെ അനുമതി കിട്ടിയെന്നാണ് സൂചന.

ഇദ്ദേഹത്തെ തന്നെ കെ പി സി സി പ്രസിഡന്റ് ആക്കാൻ ജലന്ധർ ബിഷപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടും ഫോണിൽ വിളിച്ചു ശുപാർശ പറഞ്ഞിരുന്നു. കഴിഞ്ഞ കെ പി സി സി പുനഃസംഘടനയിൽ മലബാറിൽ നിന്നുള്ള ഒരു യുവനേതാവ് ജനറൽ സെക്രട്ടറിയായതിലും ബിഷപ്പിന്റെ സ്വാധീനമുണ്ടെന്നാണ് സൂചന. കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും ജലന്ധർ ബിഷപ്പിന്റെ ഉറ്റ സുഹൃത്തുക്കളാണ്. ഇതു കാരണമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിഷപ്പിനെതിരെ പരസ്യമായി രംഗത്ത് വരാൻ മടിച്ചതും. 2019 -ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ക്രിസ്തീയസഭയെ ബിജെപി പക്ഷത്തെത്തിക്കാനുള്ള നീക്കത്തിനും നേതൃത്വം നൽകുന്നത് ഗുജറാത്തിൽനിന്നുള്ള ഒരു ബിഷപ്പും ജലന്ധർ ബിഷപ്പുമാണ്.

ഇവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 16 ബിഷപ്പുമാർ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈസ്തവ സഭയിൽപെട്ട ഒരാളെ കേന്ദ്രമന്ത്രി ആക്കിയത്. ഇടതുപക്ഷത്തുള്ള പല നേതാക്കളുമായും ബിഷപ്പിന് നല്ല ബന്ധമുണ്ട്.

ഫാ. ബേസിൽ മൂക്കൻതോട്ടത്തിൽ മർദ്ദിച്ച ബിഷപ്പ് !

പഞ്ചാബിലെ 'വട്ടായിലച്ചനായിരുന്നു' ഫാ. ബേസിൽ മൂക്കൻതോട്ടത്തിൽ. വിശ്വാസികളുടെ ബഹുമാനവും ആദരവും പിടിച്ചു പറ്റിയ വൈദികൻ. ജലന്ധർ രൂപത ആദ്യ മെത്രാനായ സിംഫോറിയൻ തോമസ് കീപ്രത്തിന്റെ കാലം മുതൽ അവിടെ ധ്യാനകേന്ദ്രം നടത്തിവന്ന വൈദികനായിരുന്നു ഫാ. ബേസിൽ. എന്നാൽ ജലന്ധറിൽ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കൽ എത്തിയതോടെ കഥമാറി. ഫാ ബേസിലിനെ മെത്രാൻ നോട്ടമിട്ടു. അധികാരങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തു വീട്ടു തടങ്കലിലുമാക്കി. ഫ്രാങ്കോ മുളയ്ക്കൽ സ്ഥാപിച്ച സഭയിൽ അംഗത്വം സ്വീകരിക്കാത്തതിനെ തുടർന്നാണ് ഫാ.ബേസിലിനെ ബലമായി പിടിച്ചുക്കൊണ്ടു പോയി രൂപത ആസ്ഥാനത്തെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചത്. നിലവിൽ ജലന്ധർ രൂപതയിലെ എല്ലാ കൂദാശകളും ഇദ്ദേഹത്തിന് വിലക്കിയിരിക്കുകയാണ്.

മെത്രാൻ തോമസ് കീപ്രത്തിന് ശേഷം മൂന്നാമതായെത്തിയ ഫ്രാങ്കോ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് (എഫ്എംജെ) എന്ന പേരിൽ സ്വന്തമായി സന്ന്യാസ സഭ ആരംഭിച്ചു. മറ്റ് രൂപതകളിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇതിൽ കൂടുതൽ പേരും. പെണ്ണുകേസിൽ കുടുങ്ങിയവരും സാമ്പത്തിക തട്ടിപ്പിന് ഇരയായവരും അടങ്ങുന്ന സന്യാസ സഭ. ഇതിൽ ചേരണമെന്നതായിരുന്നു ഫാ ബേസിലിന് മുമ്പിൽ മെത്രാൻ വച്ച നിർദ്ദേശം. എന്നാൽ ചെരുപ്പു പോലുമില്ലാതെ സുവിശേഷത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ ബേസിൽ മെത്രാന്റെ നിർദ്ദേശം അംഗീകരിച്ചില്ല. കള്ളവും ചതിവുമുള്ള സന്യാസ സഭയിലേക്ക് ഇല്ലെന്ന് നിലപാട് എടുത്തു. ഇതോടെ പീഡനം തുടങ്ങി. ഫാ ബേസിൽ തുടങ്ങിയ പ്രാർത്ഥനാ ഭവൻ എന്ന സുവിശേഷ ചാനൽ പിടിച്ചെടുത്തു. പിന്നെ മുറിയിൽ അടച്ചിട്ട് ക്രൂര മർദ്ദനവും. അനുസരണക്കേട് കാട്ടിയെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കാനെത്തിയ സഹോദരൻ ജോമോൻ തോമസ് പറഞ്ഞു.

ജലന്ധർ രൂപതയിൽ എല്ലാ കൂദാശകളും വിലക്കപ്പെട്ടയാളാണ് പാലാ ഇടപ്പാടി സ്വദേശിയായ ഫാ. ബേസിൽ. ഇദ്ദേഹത്തെ പുറത്താക്കിയുള്ള ഫ്രാങ്കോയുടെ ഉത്തരവിൽ 'അനുസരണക്കേട്' എന്ന ഒറ്റക്കാരണമാണ് പറയുന്നത്. 20,000 പേർക്ക് ഒരുമിച്ച് ധ്യാനിക്കാവുന്ന കേന്ദ്രമാണ് ഫാ ബേസിൽ നടത്തിയിരുന്നത്. വലിയ ജനപിന്തുണയും ഉണ്ടായിരുന്നു. ഇതോടെ ഈ വൈദികനെ സ്വന്തം സഭയിലെത്തിച്ച് തന്റെ വരുതിയിലാക്കാൻ ഫ്രാങ്കോ ശ്രമം നടത്തി. ഈ സഭയിൽ ചേരാൻ ഫാ. ബേസിലിനെയും നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തന്റെ ദൈവവിളി ജലന്ധർ രൂപതയ്ക്ക് വേണ്ടിയാണെന്നായിരുന്നു ഫാ. ബേസിലിന്റെ നിലപാട്. തുടർന്ന് ധ്യാനകേന്ദ്രത്തിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി രൂപതാ ആസ്ഥാനത്തെ മുറിയിൽ അടച്ചിട്ടതായി ജോമോൻ തോമസ് ആരോപിച്ചു. വീട്ടുകാർ എത്തി ബലമായാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

തുടർന്ന് രൂപതയിൽനിന്ന് ഫാ. ബേസിലിനെ വിലക്കിയെങ്കിലും വിടുതൽ നൽകിയില്ല. സിറോ മലബാർ സഭയിലെ പാലാ രൂപതക്കാരനാണ് ഫാ. ബേസിൽ. അതിനാൽ പാലാ രൂപതയിലും വിലക്കി. തുടർന്ന് ജോമോൻ തോമസ് പഞ്ചാബിലെ സിറാവാലിയിൽ അഞ്ചേക്കർ സ്ഥലംവാങ്ങി ഫാ. ബേസിലിന് വേണ്ടി ധ്യാനകേന്ദ്രം സ്ഥാപിച്ചു. ലളിതജീവിതം നയിക്കുന്നയാളാണ് ഫാ. ബേസിൽ. ചെരുപ്പിടാറില്ല. നിലത്താണ് ഉറക്കം. ഇപ്പോഴും ഈ മേഖലയിൽ ധ്യാന ഗുരുവായി നിറയുന്നു. ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസിലെ അത്യാഡംബരങ്ങൾ ഫാ ബേസിലിന് ഒരിക്കലും അംഗീകരിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ടാണ് സഭയിൽ ചേരാൻ വിസമ്മതിച്ചത്. ഇതാണ് മർദ്ദനത്തിനും മറ്റും കാരണം.

കൊള്ളരുതായ്മകളുടെ സെമിനാരി

സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവരെയൊക്കെ ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ നിന്ന് കണ്ടെത്തിയാണ് സഭ രൂപീകരിച്ചത്. വലിയ ഓഫറുകൾ നൽകിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും മധ്യേ അടിച്ചു പൊളിച്ചു. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി. അതായത് തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു. ഫ്രാങ്കോയുടെ ക്രൂരതകളെ അറിയാതെ ഇവിടെ ചേർന്ന കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഊരി പുറത്തേക്ക് പോയത്. ഈ ക്രൂരതകൾ അതിരുവിട്ടപ്പോഴാണ് പീഡന പരാതി പൊലീസിന് മുന്നിലുമെത്തിയത്.

ജലന്ധർ രൂപതയിൽ ബിഷപ്പ് അവസാന വാക്കാണ്. ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ഇതിനുള്ള സാമ്പത്തിക കരുത്ത് ബിഷപ്പ് നേടിയിരുന്നു. ജലന്ധർ രൂപതയുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തിൽ, തന്റെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയായിരുന്നു ലക്ഷ്യം. സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്‌പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ. സാമ്പത്തിക ക്രമക്കേടിന് സഭ പുറത്താക്കിയ വൈദികനെ ഈ സന്യാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരനുമാക്കി. ഫാ അഗിന്റെ(അഗസ്റ്റിൻ) നേതൃത്വത്തിൽ കൂടുതൽ ഫ്രാങ്കോമാരെ സൃഷ്ടിക്കുന്ന സെമിനാരിയും ജലന്ധർ രൂപതയ്ക്ക് കീഴിൽ സജീവമാക്കി. ഇതോടെ സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടു.

ബെങ്കയിൽ പ്രവാസിയിൽ നിന്നും ഫ്രാങ്കോ ഒരു വലിയ കെട്ടിടം വാങ്ങി. അതൊരു ശീതീകരിച്ച സ്‌കൂളായിരുന്നു. ഇതിനെയാണ് സെമിനാരിയായി മാറ്റിയത്. അതിന് ശേഷം കേരളത്തിൽ നിന്നും 89 പേരെ ഇവിടെ കൊണ്ടു വന്ന് അച്ചൻ പട്ടത്തിന് പഠിപ്പിച്ചു. ഇവർക്ക് എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി നൽകി. തന്റെ വിശ്വസ്തർക്ക് സെമിനാരിയുടെ ചുമതലയും നൽകി. നാട്ടിലേക്ക് വരാനും പോകാനും പോലും എസ് സി എയർ ടിക്കറ്റുകളാണ് അച്ചൻ പട്ടത്തിന് പഠിക്കുന്നവർക്ക് നൽകിയത്. സുഖിമാന്മാരായ അച്ചന്മാരെ സൃഷ്ടിച്ച് തന്റെ രൂപതയിലെ കൊള്ളരുതായ്മകളെ മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തിയത്. തനിക്കെതിരെ തിരിയുന്ന അച്ചന്മാരേയും വിദ്യാർത്ഥികളേയും ക്രൂര പീഡനത്തിനും ഇരയാക്കി. ഇല്ലാക്കഥകൾ മെനഞ്ഞ് അവരെ മാനസികമായും തളർത്തി. ഇത് സഭയിലെ വാട്‌സാപ്പിലും മറ്റും ചർച്ചയാക്കുകയും ചെയ്തു.

ഫ്രാൻസിസ്‌കൻ എന്നാണ് സ്വന്തം സഭയ്ക്ക് ഫ്രാങ്കോ നൽകിയിരിക്കുന്ന പേര്. ഫ്രാൻസിസ്‌കൻ എന്നുവച്ചാൽ ദരിദ്ര ജീവിത രീതിയുടെ ഉടമകളാണ്. ദാരിദ്രവും ആത്മീയതയും ബ്രഹ്മചര്യവുമാണ് ഈ രീതിയുടെ പ്രത്യേകത. ബിഷപ്പുണ്ടാക്കിയ സഭ വളരെ ഹൈ-ഫൈ കോൺഗ്രിഗേഷൻ ആണ്. അവർ എയർ കണ്ടീഷൻ മുറികളിലെ താമസിക്കൂ, വിമാനങ്ങളിലേ യാത്ര ചെയ്യൂ. സമ്പന്നരോട് സുവിശേഷം പ്രസംഗിക്കുന്നതാണ് ഇവരുടെ രീതിയും. ഇതെല്ലാം പല വിധ സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്. നിലവിൽ ജലന്ധർ രൂപതയിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും സഭകളെ ഇല്ലാതാക്കി അദ്ദേഹത്തിന്റെതായ ഒരു സഭ ഉണ്ടാക്കുകയെന്ന ലക്ഷമായിരുന്നു ഇതിന് പിന്നിലെന്നും വ്യക്തം. കള്ളകളികളിലൂടേയും ബിസിനസ്സിലൂടേയും കിട്ടുന്ന പണമെല്ലാം ഈ സഭയ്ക്ക് കീഴിൽ നിക്ഷേപിക്കാനും കഴിഞ്ഞു.

കോടികളുടെ സ്വത്തിന്റെ അധിപൻ

ജലന്ധർ രൂപതയുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന സന്യാസ സമൂഹത്തെ അപ്പാടെ തച്ചുടച്ച് തന്റെ നേതൃത്വത്തിൽ, തന്റെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കുന്ന പുതിയൊരു സന്യാസ സമൂഹം കെട്ടിപ്പെടുക്കുകയായിരുന്നു ലക്ഷ്യം. സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ.

ബെങ്കയിൽ പ്രവാസിയിൽ നിന്നും ഫ്രാങ്കോ ഒരു വലിയ കെട്ടിടം വാങ്ങി. അതൊരു ശീതീകരിച്ച സ്‌കൂളായിരുന്നു. ഇതിനെയാണ് സെമിനാരിയായി മാറ്റിയത്. അതിന് ശേഷം കേരളത്തിൽ നിന്നും 89 പേരെ ഇവിടെ കൊണ്ടു വന്ന് അച്ചൻ പട്ടത്തിന് പഠിപ്പിച്ചു. ഇവർക്ക് എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി നൽകി. തന്റെ വിശ്വസ്തർക്ക് സെമിനാരിയുടെ ചുമതലയും നൽകി. നാട്ടിലേക്ക് വരാനും പോകാനും പോലും എസ് സി എയർ ടിക്കറ്റുകളാണ് അച്ചൻ പട്ടത്തിന് പഠിക്കുന്നവർക്ക് നൽകിയത്. സുഖിമാന്മാരായ അച്ചന്മാരെ സൃഷ്ടിച്ച് തന്റെ രൂപതയിലെ കൊള്ളരുതായ്മകളെ മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തിയത്. തനിക്കെതിരെ തിരിയുന്ന അച്ചന്മാരേയും വിദ്യാർത്ഥികളേയും ക്രൂര പീഡനത്തിനും ഇരയാക്കി. ഇല്ലാക്കഥകൾ മെനഞ്ഞ് അവരെ മാനസികമായും തളർത്തി. ഇത് സഭയിലെ വാട്സാപ്പിലും മറ്റും ചർച്ചയാക്കുകയും ചെയ്തു.

സ്ത്രീവിഷയത്തിൽ ഉൾപ്പെട്ട വൈദികനും എഫ് എം ജെ.യിൽ അംഗമാണ്. തൃശ്ശൂരിൽനിന്ന് വിവാഹിതയായ യുവതിയുമായി സമീപകാലത്ത് മുങ്ങിയ വൈദികനെ സന്ന്യാസ സഭയുടെ ഭാഗമായി സംരക്ഷിക്കുന്നുണ്ട് യുവതി വീട്ടിലേക്ക് മടങ്ങിയതായി പറയുന്നു. ആരോപണങ്ങളിൽ ഉൾപ്പെട്ട് മറ്റു സഭകളിൽനിന്ന് മുങ്ങിയവരെയും സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടവരെയും സംരക്ഷിക്കാനുള്ള ഇടമായി ഈ സന്ന്യാസ സഭ മാറിയതായി രൂപതയ്ക്കുള്ളിൽ ത്തതന്നെ ആരോപണമുണ്ട്. ഇത്തരക്കാരെ കുത്തിനിറച്ചതോടെ ജലന്ധർ രൂപതയിൽ ഫ്രാങ്കോയുടെ കൊള്ളരുതായ്മകളെ പിന്തുണയ്ക്കാൻ ആളുകൾ ഏറെയെത്തി. എഫ്.എം.ജെ.യുടെ രൂപവത്കരണം ചോദ്യംചെയ്ത് മുതിർന്ന വൈദികനായ ഫാ. മാത്യു പാലച്ചുവട്ടിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 15-ന് ബിഷപ്പ് ഫ്രാങ്കോയ്ക്കയച്ച കത്തും പുറത്തുവന്നിരുന്നു.

ഇതാദ്യമായല്ല, വത്തിക്കാനിലേക്ക് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ലഭിക്കുന്നത്. മുമ്പ് കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടും സ്വകാര്യ ബിസിനസ് ചെയ്യുന്നു എന്നുമുള്ള ആരോപണങ്ങൾ ബിഷപ്പിനെതിരെ ഉയർന്നിരുന്നു. അന്നൊക്കെ മൗനം പാലിച്ച സഭ ഈ വിഷയത്തിൽ കർശന നിലപാട് സ്വീകരിക്കാനാണ് ഒരുങ്ങുന്നത്. ബിഷപ്പിനെതിരേ നേരത്തേയും പരാതികൾ വത്തിക്കാനിലേക്ക് പോയിരുന്നു. ഇതിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പോസ്‌തൊലിക് നുൺഷ്യോ ജിയാംബാറ്റിസ്റ്റ ദിക്വാത്രോ വഴിയുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് പീഡനപരാതികൾ ഉയർന്നത്. ഗുരുതരമായ ആരോപണമാണ് ഉയർന്നതെന്ന് വ്യക്തമായതോടെയാണ് വത്തിക്കാൻ വിഷയത്തിൽ ഇടപെട്ടത്. ബസ് സർവീസ്, സെക്യൂരിറ്റി സർവീസ് എന്നിവ തുടങ്ങിയതിനെക്കുറിച്ചും പരാതികൾ ഉണ്ടായിരുന്നു. അധികാര ധാർഷ്ട്യം, അനിഷ്ടമുള്ള വൈദികരെ ഒരു കാരണവുമില്ലാതെ പുറത്താക്കൽ തുടങ്ങി ഒട്ടേറെ ആക്ഷേപങ്ങളാണ് ഉയർന്നിട്ടുള്ളത്.

പഞ്ചാബിലെ നാല് അസംബ്ലി മണ്ഡലങ്ങളിൽ നിർണായക ശക്തിയായതിനാൽ രാഷ്ട്രീയക്കാരും രൂപതാ നേതൃത്വവുമായി അടുപ്പത്തിലായിരുന്നു. അതിനാൽ എതിർശബ്ദങ്ങൾ ഉയർന്നിരുന്നില്ല. ഇതെല്ലാം ബിഷപ്പ് ഫ്രാങ്കോയെ ജലന്ധറിലെ കരുത്തനാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP