Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202226Monday

കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങൾ കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നതു കണ്ടത്; കൗതുകം തോന്നി ദൃശ്യം ഫോണിൽ പകർത്തി; മഞ്ഞിനകത്തേക്കു ഹെലികോപ്റ്റർ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും; വൈറലായ ആ ദൃശ്യങ്ങൾ ഒർജിനൽ; പൊലീസിന് വീഡിയോ കൈമാറി ജോയും നാസറും

കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങൾ കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നതു കണ്ടത്; കൗതുകം തോന്നി ദൃശ്യം ഫോണിൽ പകർത്തി; മഞ്ഞിനകത്തേക്കു ഹെലികോപ്റ്റർ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും; വൈറലായ ആ ദൃശ്യങ്ങൾ ഒർജിനൽ; പൊലീസിന് വീഡിയോ കൈമാറി ജോയും നാസറും

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: കൂനൂരിൽ തകർന്ന വ്യോമസേന ഹെലികോപ്റ്റർ മൂടൽമഞ്ഞിലേക്കു മറയുന്ന വിഡിയോവിൽ നിന്ന് നിർണ്ണായക തെളിവ് കിട്ടുമെന്ന പ്രതീക്ഷയിൽ അന്വേഷണ സംഘം. ദൃശ്യം പകർത്തിയ ഫൊട്ടോഗ്രഫറും സുഹൃത്തും ദൃശ്യങ്ങൾ പൊലീസിനു കൈമാറിയിരുന്നു. ഈ ദൃശ്യങ്ങൾ സേനയ്ക്ക് കൈമാറും. അവർ വിശദപരിശോണ ഈ ദൃശ്യങ്ങളിൽ നടത്തും. അതിന് ശേഷം വിലയിരുത്തലുകളിലേക്കും എത്തും.

ഇന്നലെ കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണു രാമനാഥപുരം തിരുവള്ളൂർ നഗർ സ്വദേശികളായ ജോ (കുട്ടി), സുഹൃത്ത് നാസർ എന്നിവർ 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ കൈമാറിയത്. ഹെലികോപ്റ്റർ താഴ്ന്നു പറന്നു മൂടൽമഞ്ഞിനകത്തേക്കു മറയുന്ന ദൃശ്യമാണു ജോയുടെ മൊബൈലിലുള്ളത്. പിന്നീട് ഹെലികോപ്റ്റർ എവിടെയോ തട്ടുന്ന വലിയ ശബ്ദവും കേൾക്കാം. ഇതു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരിൽ നിന്നും പൊലീസ് മൊഴി എടുത്തിരുന്നു.

സംഭവത്തെക്കുറിച്ചു ജോ പറയുന്നു: എട്ടിനു കുടുംബസമേതം ഊട്ടി കാണാനെത്തിയ ഞങ്ങൾ കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നതു കണ്ടത്. കൗതുകം തോന്നി ദൃശ്യം ഫോണിൽ പകർത്തി. മഞ്ഞിനകത്തേക്കു ഹെലികോപ്റ്റർ മറഞ്ഞു. പിന്നീട് വലിയ ശബ്ദവും കേട്ടു. സുഹൃത്തായ നാസർ 'അതു തകർന്നു വീണോ' എന്നു ചോദിച്ചു. ഞങ്ങൾ ആകെ ഭയപ്പെട്ടു-ജോ പറയുന്നു.

മൊബൈൽ റേഞ്ചില്ലായിരുന്നു.പിന്നീട് യാത്രാമധ്യേ പൊലീസിനെ കണ്ടു വിവരം പറഞ്ഞു. ദൃശ്യവും കൈമാറി. അതു രാജ്യത്തെ നടുക്കിയ വലിയ ദുരന്തമായിരുന്നു എന്നു പിന്നീടാണറിഞ്ഞതെന്ന് ജോ വിശദീകരിക്കുന്നു. ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ മൂടൽമഞ്ഞിലേക്ക് പറക്കുന്നത് കാണാം. റെയിൽവേ പാളത്തിലൂടെ വിദ്യാർത്ഥികളെന്ന് തോന്നിക്കുന്ന സംഘം നടന്നുവരുമ്പോഴാണ് ഹെലികോപ്ടർ കാണുന്നത്. കോടമഞ്ഞിലേക്ക് ഹെലികോപ്ടർ മായുന്നതും പിന്നാലെ എന്തിലോ ഇടിച്ചു തകരുന്ന ശബ്ദവും കേൾക്കുന്നു-ഈ വീഡിയോ വൈറലായിരുന്നു.

വലിയ ശബ്ദം കേട്ട് 'ഉടഞ്ചിരിച്ചാ.. എന്നാണ് കൂട്ടത്തിലൂള്ളവർ പറയുന്നത്. ഹെലികോപ്റ്റർ തകർന്നെന്ന് നാട്ടുകാർ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു. 19 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോടമഞ്ഞാണ് അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് പുറത്തുവരുന്നത്. അപകടകാരണം കണ്ടെത്താനായി വിങ് കമാൻഡൻ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയും തുടരുകയാണ്. 25 അംഗ പ്രത്യേക വ്യോമസേനാ സംഘം ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ ഉൾപ്പടെ വിശദമായി പരിശോധിച്ചുവരികയാണ്. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തിയിരുന്നു.

ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ ബുധനാഴ്ച ഉച്ചയ്ക്കാണ് കൂനൂർ കാട്ടേരിയിലെ നഞ്ചപ്പഛത്രത്ത് തകർന്നുവീണത്. അപകടത്തിൽ 13 പേരും മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. നീലഗിരി കുന്നൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേർന്ന തോട്ടത്തിലെ മലഞ്ചരിവിൽ, നഞ്ചപ്പൻചത്തിരം കോളനിക്കു സമീപമാണ് കോപ്ടർ നിലംപതിച്ചത്. തമിഴ്‌നാട് സർക്കാറിനു കീഴിലുള്ള ഹോർട്ടികൾചർ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോട്ടമാണിത്. വന്മരങ്ങൾക്കു മുകളിൽ വൻശബ്ദത്തോടെ തകർന്നുവീണയുടൻ കോപ്ടറിന് തീപിടിച്ചു. കോപ്ടറിന്റെ ഭാഗങ്ങൾ ചിന്നിച്ചിതറി.

എസ്റ്റേറ്റ് തൊഴിലാളികളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീ ആളിക്കത്തിയതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടു. അഗ്നിശമന വിഭാഗങ്ങളും പൊലീസ്-പട്ടാള യൂനിറ്റുകളുമെത്തുന്നതിനു മുമ്പ് നാട്ടുകാർ തീയണക്കാൻ വിഫലശ്രമം നടത്തി. കോപ്ടർ ടാങ്കറിലെ ഇന്ധനത്തിന് തീപിടിച്ചതായാണ് വിവരം. സംഭവം നടന്ന് ഒന്നര മണിക്കൂറിനുശേഷമാണ് ഫലപ്രദമായി തീയണക്കാനും രക്ഷാപ്രവർത്തനം നടത്താനും കഴിഞ്ഞത്. കാട്ടേരി നഞ്ചപ്പൻചത്തിരം കോളനിയിൽ 50ഓളം തൊഴിലാളി കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. കോളനിയിൽനിന്ന് 100 മീറ്റർ അകലെയാണ് കോപ്ടർ തകർന്നുവീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP