Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202225Wednesday

കാഴ്‌ച്ചയെ മറയ്ക്കുന്ന 'ചതിക്കുന്ന മഞ്ഞ്'; കോടനാട്ടെ ബംഗ്ലാവിലേക്കുള്ള യാത്രക്ക് ജയലളിതയും ഹെലികോപ്ടറിനോട് നോ പറഞ്ഞു; സംയുക്ത സേനാതലവന്റെ അപകട മരണത്തിന് ഇടയാക്കിയതും ഈ കോട; താഴ്ന്നു പറക്കവേ നഞ്ചപ്പഛത്രം മലകൾക്കിടയിലെ മരക്കമ്പിൽ തട്ടി തകർന്നുവീണെന്ന് സംശയം

കാഴ്‌ച്ചയെ മറയ്ക്കുന്ന 'ചതിക്കുന്ന മഞ്ഞ്'; കോടനാട്ടെ ബംഗ്ലാവിലേക്കുള്ള യാത്രക്ക് ജയലളിതയും ഹെലികോപ്ടറിനോട് നോ പറഞ്ഞു; സംയുക്ത സേനാതലവന്റെ അപകട മരണത്തിന് ഇടയാക്കിയതും ഈ കോട; താഴ്ന്നു പറക്കവേ നഞ്ചപ്പഛത്രം മലകൾക്കിടയിലെ മരക്കമ്പിൽ തട്ടി തകർന്നുവീണെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കൂനൂർ: ഇന്ത്യയുടെ സംയുക്ത സേനാ തലവൻ ജനറൽ ബിപിൻ റാവത്തിന്റെയും 12 പേരുടെയും ജീവനെടുത്ത ഹെലികോപ്ടർ അപകടത്തിന് ഇടയാക്കിയത് കാഴ്‌ച്ച മറയ്ക്കുന്ന കോടഞ്ഞാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഊട്ടിയിലും കൂനൂരിലും കാഴ്ച മറയ്ക്കുന്ന വിധം കനത്ത മൂടൽമഞ്ഞായിരുന്നു. ചൊവ്വാഴ്ച അൽപം കുറവുണ്ടായിരുന്നെങ്കിലും ഇന്നലെ വീണ്ടും കനക്കുകയായിരുന്നു. ഈ കനത്ത മഞ്ഞിനെ അളക്കുന്നതിൽ പൈലറ്റ് പരാജയപ്പെട്ടു എന്നാണ് പുറത്തുവരുന്ന സൂചനകൾ.

രക്ഷാപ്രവർത്തനം നടക്കുമ്പോഴും കനത്ത കോടമഞ്ഞായിരുന്നു. നവംബർ ഡിസംബർ കാലത്തെ മഞ്ഞ് വില്ലനാണെന്നു തിരിച്ചറിഞ്ഞിരുന്നയാളാണു തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത. ഇഷ്ട വിശ്രമകേന്ദ്രമായ കോടനാട്ടെ ബംഗ്ലാവിലേക്കു കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങി സൂലൂരിൽനിന്നു ഹെലികോപ്റ്ററിലാണ് പോകാറുള്ളതെങ്കിലും നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ യാത്ര കാറിൽ ആയിരുന്നു. ഹെലികോപ്റ്റർ യാത്രയ്ക്കു പ്രശ്‌നങ്ങളില്ലെന്ന് അറിയിപ്പു ലഭിച്ചാലും വേണ്ടെന്നു ജയലളിത പറയുമായിരുന്നത്രേ. 'ചതിക്കുന്ന മഞ്ഞ്' എന്നാണ് ഈ സീസണിലെ കോടയെ പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്.േ

ജനറൽ ബിപിൻ റാവത്തിന് പുറമേ ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലഫ് കേണൽ ഹർജീന്ദർ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ലൈറ്റ് എൻജിനിയറുമായ തൃശ്ശൂർ പുത്തൂർ സ്വദേശി പ്രദീപ്, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, പൈലറ്റ് വിങ് കമാൻഡർ ചൗഹാൻ, സ്‌ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂർ സൂലൂർ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാണ് വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ (ഡി.എസ്.എസ്.സി.) നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി സേനാ മേധാവിയടക്കമുള്ളവർ പുറപ്പെട്ടത്. 12.05-ഓടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റർ സൂലൂർ വ്യോമസേനാ താവളത്തിൽ നിന്ന് 11.35-ന് പുറപ്പെട്ട് 12.20 വെല്ലിങ്ടണിൽ ഇറങ്ങേണ്ടതായിരുന്നു. കനത്ത മഞ്ഞുനിറഞ്ഞ മോശം കാലാവസ്ഥ കാരണം താഴ്ന്നാണ് പറന്നിരുന്നത്. കാട്ടേരിയിലെ നഞ്ചപ്പഛത്രം മലകൾക്കിടയിലെ മരക്കമ്പിൽ തട്ടി തകർന്നുവീഴുകയായിരുന്നു എന്നാണ് സംശയം.

ആശങ്കയും അവ്യക്തതയും നിറഞ്ഞുനിന്ന 5 മണിക്കൂറിനുശേഷമാണ് ജനറൽ ബിപിൻ റാവത്തിന്റെ മരണം സ്ഥിരീകരിക്കാൻ കേന്ദ്ര സർക്കാർ തയാറായത്. അതിനു മുൻപ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കാമരാജ് മാർഗിലെ 3ാം നമ്പർ വീട്ടിൽ റാവത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. അപകടവും അന്വേഷണവും സംബന്ധിച്ച് രാജ്‌നാഥ് ഇന്നു പാർലമെന്റിൽ പ്രസ്താവന നടത്തും. ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണു സർക്കാരിനു വിവരം ലഭിച്ചത്. ഡൽഹിയിൽനിന്നുള്ള യാത്രക്കാരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടത്. 4 പേർ കൊല്ലപ്പെട്ടെന്ന് ഒന്നരയോടെ വ്യക്തമായി. അപകടത്തെക്കുറിച്ച് കരസേനാ മേധാവി ജനറൽ എം.എം.നരവനെ പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തി. തുടർന്ന്, പ്രതിരോധമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കണ്ടു വിവരങ്ങൾ ധരിപ്പിച്ചു.

രാജ്‌നാഥിനു പിന്നാലെ കരസേനാ മേധാവിയും ജനറൽ റാവത്തിന്റെ വസതിയിലെത്തിയിരുന്നു. വൈകിട്ട് 6 നു ശേഷമാണ് ജനറൽ റാവത്ത് ഉൾപ്പെടെ 13 പേരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക അറിയിപ്പു വന്നത്. തുടർന്ന് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം ചേർന്നു. അപകടത്തിന്റെ വിശദാംശങ്ങൾ രാജ്‌നാഥ് വിശദീകരിച്ചു.

നാഗാലാൻഡിൽ 6 വർഷം മുൻപുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽനിന്നു നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടയാളാണു ജനറൽ ബിപിൻ റാവത്ത്. 2015 ഫെബ്രുവരി മൂന്നിനു റാവത്തും 3 സേനാംഗങ്ങളും സഞ്ചരിച്ച കോപ്റ്റർ ദിമാപുരിലെ റബ്ഗാപഹാർ ഹെലിപ്പാഡിൽനിന്ന് 20 അടി പറന്നുയർന്നപ്പോൾ തകർന്നുവീഴുകയായിരുന്നു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലികയും വെല്ലിങ്ടണിലേക്കു പോയത് അവർ സേനയിൽ വഹിക്കുന്ന ചുമതലയുടെ ഭാഗമായാണ്. സൈനികരുടെ ഭാര്യമാരുടെ സംഘടനയായ 'ഡിഫൻസ് വൈവ്‌സ് വെൽഫെയർ അസോസിയേഷന്റെ' (ഡിഡബ്ല്യുഡബ്ല്യുഎ) പ്രസിഡന്റ് പദവി വഹിക്കുന്നത് സംയുക്ത സേനാ മേധാവിയുടെ ഭാര്യയാണ്.

സേനയുടെ ചടങ്ങുകളിൽ മേധാവിക്കൊപ്പം പോകേണ്ടത് ഭാര്യയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാണ്. ചടങ്ങിലെ ഓഫിസർമാരുടെ ഭാര്യമാരുമായി ആശയവിനിമയം നടത്തുക, അവരുടെ ആവശ്യങ്ങൾ കേൾക്കുക എന്നതാണു അസോസിയേഷൻ പ്രസിഡന്റെന്ന നിലയിലുള്ള ചുമതല. സേനാ വിമാനങ്ങളിലും കോപ്റ്ററുകളിലും യാത്ര ചെയ്യാൻ ഇവർക്ക് അനുമതിയുണ്ട്. സേനയുടെ ഭാഗമല്ലാത്ത മറ്റു പൗരന്മാർ സേനാ വിമാനങ്ങൾ, കോപ്റ്ററുകൾ എന്നിവയിൽ യാത്ര ചെയ്യുമ്പോൾ, സത്യവാങ്മൂലം നൽകേണ്ടതുണ്ട് യാത്രയ്ക്കിടെയുള്ള അപകടങ്ങളിൽ ജീവൻ നഷ്ടമായാൽ ഉത്തരവാദിത്തം സേനയ്ക്കല്ലെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലമാണിത്. സർവസൈന്യാധിപനായ രാഷ്ട്രപതിയെ അഭിസംബോധന ചെയ്താണ് ഈ സത്യവാങ്മൂലം നൽകേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP