Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുജറാത്തിൽ കോടികളുടെ നഷ്ടം വരുത്തി വച്ച ബിപോർ ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു; സൗരാഷ്ട്ര, കച്ച് മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ, രണ്ടുമരണം; 22 പേർക്ക് പരിക്കേറ്റു; അഞ്ഞൂറിലധികം വീടുകൾ ഭാഗികമായി തകർന്നു; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകിയതോടെ വെളിച്ചമില്ലാതെ ആയിരം ഗ്രാമങ്ങൾ

ഗുജറാത്തിൽ കോടികളുടെ നഷ്ടം വരുത്തി വച്ച ബിപോർ ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു; സൗരാഷ്ട്ര, കച്ച് മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ, രണ്ടുമരണം; 22 പേർക്ക് പരിക്കേറ്റു; അഞ്ഞൂറിലധികം വീടുകൾ ഭാഗികമായി തകർന്നു; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകിയതോടെ വെളിച്ചമില്ലാതെ ആയിരം ഗ്രാമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത നാശം വിതച്ച ബിപോർജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു. ചുഴലിക്കാറ്റിന് വൈകുന്നേരത്തോടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഒടുവിലത്തെ ബുള്ളറ്റിൻ അറിയിപ്പ്. ഗുജറാത്തിൽ സൗരാഷ്ട്ര, കച്ച് മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റ് രണ്ടുപേരുടെ ജീവനെടുത്തു. 22 പേർക്ക് പരിക്കേറ്റു.

നിരവധി മരങ്ങൾ കടപുഴകുകയും, വീടുകൾക്കും, വാഹനങ്ങൾക്കും സാരമായ തകരാറുണ്ടാകുകയും ചെയ്തു. ശക്തമായ ചുഴലിക്കാറ്റിനൊപ്പം മഴ കൂടിയായതോടെ 524 ലേറെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വിവിധ സ്ഥലങ്ങളിലായി വീണു. ആയിരത്തോളം ഗ്രാമങ്ങളിൽ വൈദ്യുതി മുടങ്ങി. ഭാവ്‌നഗർ ജില്ലയിൽ കുടുങ്ങിയ ആടുകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരു ആട്ടിടയനും മകനും മരിച്ചത്. ബിപോർജോയ് കരതൊടുന്നതിന് മുമ്പാണ് ഈ മരണങ്ങൾ സംഭവിച്ചതെന്നും പറയുന്നു.

വൈദ്യുതി മുടക്കം കൂടുതൽ ബാധിച്ചത് കച്ചിനെയാണ്. 500 ലധികം വീടുകൾ ഭാഗികമായി തകർന്നുവെന്ന് എൻ.ഡി.ആർ.എഫ് ഡയറക്ടർ അതുൽ കർവാൾ പറഞ്ഞു. ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് തെക്കൻ രാജസ്ഥാനിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്നും വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ളതിനാൽ എൻ.ഡി.ആർ.എഫ് സംഘം അവിടേക്ക് നീങ്ങിയിട്ടുണ്ടെന്നും അതുൽ കർവാൾ പറഞ്ഞു. നിലവിൽ ചുഴലിക്കാറ്റ് ഭുജിന് 30 കിലോമീറ്റർ വടക്കുപടിഞ്ഞാറായി കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഡോ.മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു. ചുഴലിക്കാറ്റിന് ഇന്ന് വൈകിട്ടോടെ 50- 60 കിലോമീറ്റർ വേഗതയായി കുറയുമെന്ന് ഐഎംഎഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു.

10 ദിവസത്തിലേറെ അറബിക്കടലിൽ, തങ്ങിയ ബിപോർജോയ് ഗുജറാത്തിലെ ജക്കാവ് തുറമുഖത്തിന് അടുത്താണ് വ്യാഴാഴ്ച വൈകിട്ട കരതൊട്ടത്. മണിക്കൂറിൽ 125 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെയായിരുന്നു കാറ്റിന്റെ വേഗം. എന്നാൽ മണിക്കുറുകൾ പിന്നിട്ടതോടെ, കാറ്റിന്റെ വേഗം കുറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ, 100 കിലോമീറ്ററാണ് വേഗം. ഇത് ഇനിയും കുറഞ്ഞേക്കും,.

ചുഴലിക്കാറ്റ് വടക്ക്-പടിഞ്ഞാറേക്ക് നീങ്ങിയതോടെ, ഇന്നും രാജസ്ഥാനിൽ, കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. താൽക്കാലിക ഷെഡ്ഡുകളിലും മറ്റും കഴിയുന്നത് അപകടമാണെന്നും, മരങ്ങൾ കടപുഴകാനും, കൊമ്പുകൾ ഒടിഞ്ഞുവീഴാനും, തിരമാലകൾ ഉയരാനും സാധ്യതയെന്ന് ജാഗ്രതാ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

പ്രധാനമന്ത്രി നേരത്ത, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഗിർവനത്തിൽ സിംഹങ്ങൾ അടക്കം വന്യമൃഗങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച മുൻകരുതലുകളും പ്രധാനമന്ത്രി ആരാഞ്ഞു. തീരപ്രദേശത്ത് നിന്നും താഴ്ന്ന സ്ഥലങ്ങളിൽ നിന്നും 94,000 ത്തോളം പേരെ സർക്കാർ മാറ്റി പാർപ്പിച്ചിരുന്നു. തീവണ്ടി ഗതാഗത്തെയും ചുഴലിക്കാറ്റ് ബാധിച്ചു. ബിപർജോയ് ബാധിത മേഖലകളിലൂടെ ഓടുന്ന 99 ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്. അതേസമയം, മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യാനും വൈദ്യുതി വിതരണം കഴിയും വേഗത്തിൽ പുനഃസ്ഥാപിക്കാനും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ 18 ടീമുകളും, സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ 12 ടീമുകളും, സംസ്ഥാന റോഡ്-കെട്ടിട വകുപ്പിന്റെ 115 ടീമുകളും, വൈദ്യുതി വകുപ്പിന്റെ 397 സംഘങ്ങളും തീരദേശ ജില്ലകളിൽ സേവനത്തിനായി സജീവമായുണ്ട്. നാളെ വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. സോമനാഥക്ഷേത്രം, ദ്വാരകാദിഷ് ക്ഷേത്രം എന്നിവടയക്കം പ്രധാന ക്ഷേത്രങ്ങളും അടച്ചിരിക്കുകയാണ്.

ജംനഗർ തുറമുഖത്തെ വാണിജ്യ പ്രവർത്തനങ്ങൾ നിലച്ചത് മൂലം കോടികളുടെ നഷ്ടവും ഉണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP