Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാതൃഭൂമിയുടെ പുതിയ എഡിഷൻ ചങ്ങനാശ്ശേരിയിൽ തുടങ്ങുന്നതാണ് നല്ലതെന്ന് പലരും ഉപദേശിച്ചെങ്കിലും വീരൻ യുദ്ധം 'ശത്രുപാളയ'ത്തിലേക്കുതന്നെ മാറ്റി;  മൽസര ബുദ്ധിയിൽ മനോരമ ഒന്നുകൂടി ഉണർന്നെന്ന് മാമ്മൻ മാത്യൂ; എതിർപ്പുകളോട് ഏറ്റുമുട്ടാനുള്ള അനിതര സാധാരണമായ കഴിവിനെ 'ജൃംഭകാസ്ത്രന്യായം' എന്നു വിളിച്ചത് തിക്കുറിശ്ശി; അഴീക്കോടൻ രാഘവൻ വധിക്കപ്പെട്ട വിവരം പാർട്ടി ഓഫീസുകളിൽ അറിയിച്ചതും ഈ ഇടത് സഹയാത്രികൻ; വീരേന്ദ്രകുമാർ മടങ്ങുന്നത് ജീവചരിത്രത്തിന്റെ പ്രകാശനത്തിന് കാത്തുനിൽക്കാതെ

മാതൃഭൂമിയുടെ പുതിയ എഡിഷൻ ചങ്ങനാശ്ശേരിയിൽ തുടങ്ങുന്നതാണ് നല്ലതെന്ന് പലരും ഉപദേശിച്ചെങ്കിലും വീരൻ യുദ്ധം 'ശത്രുപാളയ'ത്തിലേക്കുതന്നെ മാറ്റി;  മൽസര ബുദ്ധിയിൽ മനോരമ ഒന്നുകൂടി ഉണർന്നെന്ന് മാമ്മൻ മാത്യൂ; എതിർപ്പുകളോട് ഏറ്റുമുട്ടാനുള്ള അനിതര സാധാരണമായ കഴിവിനെ 'ജൃംഭകാസ്ത്രന്യായം' എന്നു വിളിച്ചത് തിക്കുറിശ്ശി; അഴീക്കോടൻ രാഘവൻ വധിക്കപ്പെട്ട വിവരം പാർട്ടി ഓഫീസുകളിൽ അറിയിച്ചതും ഈ ഇടത് സഹയാത്രികൻ; വീരേന്ദ്രകുമാർ മടങ്ങുന്നത് ജീവചരിത്രത്തിന്റെ പ്രകാശനത്തിന് കാത്തുനിൽക്കാതെ

കെ വി നിരഞ്ജൻ

കോഴിക്കോട്: വീരേന്ദ്രകുമാർ എന്ന ബഹുമുഖ പ്രതിഭ കടന്നുപോയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരുപാട് കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുന്ന ജീവചരിത്ര ഗ്രന്ഥം പുറത്തിറങ്ങുന്നത് കാണാതെ. ഹരിതം ബുക്‌സ് പുറത്തിറക്കുന്ന പുസ്തകം തയ്യാറാക്കിയത് മാധ്യമ പ്രവർത്തകനായ ഷൈബിൻ നന്മണ്ടയാണ്. സാഹിത്യ, സാംസ്കാരിക, പ്രസാധന, പ്രക്ഷേപണ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഈ പൊതുപ്രവർത്തകനെ ആഴത്തിൽ അടുത്തറിയാനുള്ള ശ്രമമാണ് ഷൈബിൻ നടത്തുന്നത്.പ്രമുഖ നേതാക്കളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും കാഴ്ചയിലൂടെയും വീരേന്ദ്രകുമാറിനെ അവതരിപ്പിക്കുന്നു. 2017ൽ പ്രസക്തഭാഗങ്ങൾ പുറത്തുവന്നു. പൂർണ രൂപം ലോക് ഡൗണിന് ശേഷം പുറത്തു വരാനിരിക്കെയാണ് അദ്ദേഹം യാത്രയായത്.

വീരേന്ദ്രകമാറുള്ള ഒരു വേദിയിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. അതിനിടയിലാണ് കൊറോണ പടർന്നു പിടിച്ചത്. അതോടെ പുസ്തകത്തിന്റെ അവസാന മിനുക്കുപണികൾ വൈകി. ഇനി അദ്ദേഹമില്ലാത്ത ചടങ്ങിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്യണമല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നതായി ഷൈബിൻ മറുനടൻ മലയാളിയോട് പറഞ്ഞു.

അടിയന്തരാവസ്ഥയെ ആക്രമിച്ച നിർഭയത്വം

പുസ്തകത്തിന്റെ പ്രധാന അധ്യായങ്ങളിൽ ബാല്യം, വിദ്യാഭ്യാസകാലം, വിവിധ ഭാഷാഭ്യാസം, വിദേശ ബിരുദം, ആദ്യ പ്രസംഗം, പ്രഭാഷണകല, വായനയും തത്വചിന്തയും, രാഷ്ട്രീയ പ്രവേശനം, സോഷ്യലിസ്റ്റ് കാഴ്ചപ്പാട്, ദേശീയ രാഷ്ട്രീയ ബന്ധങ്ങൾ, ഒളിവുജീവിതം, സ്വത്ത് കണ്ടുകെട്ടൽ, അടിയന്തരാസ്ഥ തടവ്, മന്ത്രിപദം രാജിവെക്കൽ, മാതൃഭൂമിയുടെ സാരഥ്യം, പുതിയ എഡിഷനുകൾ, ജനതാദളിലെ ശൈഥില്യം, പിളർപ്പ്, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ ജയപരാജയം, കേന്ദ്ര മന്ത്രിസ്ഥാനം, മതേതര നിലപാടുകൾ, പരിസ്ഥിതി പോരാട്ടങ്ങൾ, പ്രമുഖരുമായുള്ള കലഹം, സഞ്ചാര സാഹിത്യം, മറ്റ് കൃതികൾ, സംഘ്പരിവാർ വിരുദ്ധത, മുന്നണി മാറ്റങ്ങൾ, സഹൃദയത്വം തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ മേഖലകളിലെഎല്ലാ തലങ്ങളെയും സ്പർശിക്കുന്നു.

1975-ലെ അടിയന്തരാവസ്ഥക്കാലം വീരേന്ദ്രകുമാറെന്ന രാഷ്ട്രീയക്കാരന് അഗ്നിപരീക്ഷണങ്ങളുടെ നാളുകളായിരുന്നു. 1975 ജൂലൈ അഞ്ചിന് കോഴിക്കോട് കിഡ്സൺ ടൂറിസ്റ്റ് ഹോമിൽ ഇടതുമുന്നണി കൺവീനർ എന്ന നിലയിൽ അദ്ദേഹം തയ്യാറാക്കിയ മിനുറ്റ്സ് ചരിത്രത്തിന്റെ ഭാഗമായി. ഇ എം എസും എ കെ ജിയും ഒരുമിച്ച് പങ്കെടുത്ത അവസാന ഏകോപന സമിതി യോഗമായിരുന്നു അത്. പൊലീസിന്റെ നോട്ടപ്പുള്ളിയായി ഏറെ പീഡനങ്ങൾ വീരേന്ദ്രകുമാർ ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഉൾപ്പെടെ സ്ഥാവരജംഗമങ്ങൾ കണ്ടുകെട്ടി. രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. നിരവധി മാസങ്ങൾ ഒളിവിലായിരുന്നു. ഒടുവിൽ പിടിക്കപ്പെട്ടു. ഒമ്പതു മാസം കണ്ണൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയ തടവുകാരനായി കഴിച്ചുകൂട്ടി.

അടിയന്തരാവസ്ഥ കാലത്ത് വീരേന്ദ്രകുമാറിനൊപ്പം ഒളിവിൽ കഴിഞ്ഞ സോഷ്യലിസ്റ്റ് നേതാവാണ് കെ. കെ.അബു. ഒളിവിൽ പോയ ഇരുവരും മദിരാശിയിൽ വെച്ചു കണ്ടുമുട്ടി. പിന്നെ കുറേക്കാലം ഒരുമിച്ചു നീങ്ങി. മദിരാശിയിലും മധുരയിലും കൊടൈക്കനാലിലും ഒരുമിച്ച് കഴിഞ്ഞു. ഇതിനിടയിലാണ് വീരേന്ദ്രകുമാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ അളിയൻ അന്ന് ഡി.ഐ.ജി ആയിരുന്നു. എന്നാൽ ഒരിക്കൽപ്പോലും അടുത്ത ബന്ധുവിന്റെ സഹായം തേടാൻ അദ്ദേഹം തയ്യാറായില്ല. കരുണാനിധിയുടെ ഭരണത്തിന്റെ തണൽ മാത്രമായിരുന്നു ഏക ആശ്വാസം. കരുണാനിധിയെ പിരിച്ചുവിട്ടപ്പോൾ മധുരയിലേക്ക് പോയി. അക്കാലത്ത് അദ്ദേഹത്തിനൊപ്പം രാഷ്ട്രീയ തടവുകാരായി നിരവധി പ്രമുഖ രാഷ്ട്രീക നേതാക്കളും ജയിലറയ്ക്കുള്ളിലായി. അന്ന് കേന്ദ്രസർക്കാറിന്റെ പ്രീതി നേടാൻ ശ്രമിച്ച ചില പ്രതിപക്ഷ നേതാക്കൾ അപ്പോഴും ജയിലിന് പുറത്തായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലും ജയിലിലും കഴിഞ്ഞു കൂടാൻ അദ്ദേഹം നിർബന്ധിതനായി.

അടിയന്തരാവസ്ഥക്കാലത്ത് കൽപറ്റയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച യോഗത്തിൽ വീരേന്ദ്രകുമാറിന്റെ കൂടെ പങ്കെടുത്ത അനുഭവം കവി കടമ്മനിട്ട ഒരിടത്ത് പങ്കുവെക്കുന്നുണ്ട്. വീരേന്ദ്രകുമാർ അടിയന്താരവസ്ഥയ്ക്ക് എതിരെ നിർഭയമായി പ്രസംഗിച്ചത് തന്റെ മനസ്സിലുള്ള അഭിപ്രായം വെട്ടിത്തുറന്നു പറയാൻ പ്രചോദനം നൽകിയെന്നും അന്ന് അദ്ദേഹം കാട്ടിയ ധൈര്യവും സ്ഥൈര്യവും അഭിനന്ദാർഹമായിരുന്നെന്നും കടമ്മനിട്ട പറയുന്നു.

'ജൃംഭകാസ്ത്രന്യായം' എന്നു വിളിച്ചത് തിക്കുറിശ്ശി

പിൽക്കാലത്ത് കേരളം അറിയപ്പെടുന്ന പ്രാസംഗികനായ് മാറിയ വീരേന്ദ്രകുമാറിനെ കൈപിടിച്ച് പ്രസംഗ വേദിയിലേക്ക് കയറ്റിയത് സ്വാതന്ത്ര്യസമര യോദ്ധാവായ വി.എൻ.രാമൻ നായരായിരുന്നു. 1952-ലെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തായിരുന്നു അത്. വീരേന്ദ്രകുമാറിന്റെ പിതാവ് പത്മപ്രഭയാണ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി. അന്ന് വീരേന്ദ്രകുമാർ വിദ്യാർത്ഥി മാത്രമായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഉണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പ് സമയത്താണ് വീരേന്ദ്രകുമാർ തന്റെ വാക്ചാതുരി ലോകത്തെ അറിയിച്ചു തുടങ്ങിയത്. അന്ന് പൊഴുതനയിലും കൽപ്പറ്റയിലും ചേർന്ന യോഗങ്ങളിൽ വീരേന്ദ്രകുമാർ പ്രസംഗിച്ചു. താനാണ് അദ്ദേഹത്തെ കൈപിടിച്ച് സ്റ്റേജില്ലേക്ക് കയറ്റിയതെന്ന അനുഭവം പിൽക്കാലത്ത് അഭിമാനപുരസരം രാമൻനായർ പങ്കുവെച്ചിട്ടുണ്ട്.
പൊതുപ്രവർത്തന രംഗത്ത് രജത രേഖകൾ വരച്ചിട്ട പിതാവിന്റെ സമ്പത്തോ സൗഭാഗ്യമോ തന്റെ ഇംഗിതത്തിന് അനുസരിച്ച് ആഡംബരപൂർവം ഉപയോഗിക്കാൻ വീരേന്ദ്രകുമാർ തയ്യാറായിരുന്നില്ല. ചെറുപ്പകാലത്തുള്ള ഒരു സംഭവം തന്നെ ഉദാഹരണം. ഒരിക്കൽ വീരേന്ദ്രകുമാർ കെ.കെ.അബുവിനെ സന്ദർശിച്ച് ഒരു ആവശ്യം ഉന്നയിച്ചു. തനിക്ക് ഒരു കാറു വേണം'. 'ഒരു നിമിഷം നിർത്തി അദ്ദേഹം തുടർന്നു. ''അബു സാഹിബ് അച്ഛനോട് പറഞ്ഞ് വാങ്ങിത്തരണം''. കോളജിൽ പഠിക്കുന്ന കാലം. അന്ന് അച്ഛനോട് കാറ് വാങ്ങിക്കൊടുക്കാൻ ശുപാർശ ചെയ്യണമെന്ന അഭ്യർത്ഥനയുമായി വന്ന വീരേന്ദ്രകുമാർ പിൽക്കാലത്തും പാരമ്പര്യ സമ്പത്തിൽ അഹങ്കരിച്ചിട്ടില്ല.

എന്നാൽ എതിർപ്പുകളോട് ഏറ്റുമുട്ടാനുള്ള അനിതര സാധാരണമായ കഴിവ് അദ്ദേഹത്തിന് പാരമ്പര്യമായി ലഭിച്ചതാണ്. ഈ കഴിവിനെ 'ജൃംഭകാസ്ത്രന്യായം' എന്നു വിളിച്ചത് മലയാള ചലച്ചിത്ര ലോകത്തെ കുലപതി തിക്കുറിശ്ശി സുകുമാരൻ നായരാണ്. അച്ഛനിൽ നിന്നും മക്കൾക്ക് സ്വമേധയാ ലഭിക്കുന്ന സിദ്ധി. പണ്ട് ശ്രീരാമൻ അശ്വമേധം നടത്തുമ്പോൾ ലക്ഷ്മണന്റെ മകൻ ഗജകേതുവുമായി യുദ്ധം ചെയ്ത കുശലവന്മാർ ജൃംഭകാസ്ത്രം പ്രയോഗിച്ചു. ഇത് ആരും പഠിപ്പിച്ചതല്ല. സ്വയാർജ്ജിതമാണെന്നാണ് തിക്കുറിശ്ശി അഭിപ്രായപ്പെട്ടത്! എ കെ ജിയും ഇ എം എസുമായി ആത്മബന്ധം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതാവണം വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ മികവുറ്റ അധ്യായങ്ങൾ. 1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എ കെ ജിക്കെതിരെ പാലക്കാട് മണ്ഡലത്തിൽ പ്രചാരണം നടത്താൻ വീരേന്ദ്രകുമാറിനോട് അദ്ദേഹത്തിന്റെ പാർട്ടി നിർദ്ദേശിച്ചു. അന്ന് ജനതാ പാർട്ടി സി പി എമ്മിന് എതിർചേരിയിലായിരുന്നു. എന്നാൽ പാർട്ടിയുടെ കൽപ്പന ഉണ്ടായിട്ടും എ കെ ജിക്കെതിരെ പ്രചാരണം നടത്താൻ വീരേന്ദ്രകുമാർ വൈമുഖ്യം കാണിച്ചു. മരണം വരെ എ കെ ജി ഈ ആത്മബന്ധം അരക്കിട്ടുസൂക്ഷിച്ചു.

അഴീക്കോടൻ വധം അറിയിച്ചത് വീരേന്ദ്രകുമാർ

അധികം വൈകാതെ കേരളത്തിൽ ഇടതുമുന്നണിയെ ജനാധിപത്യ-പുരോഗമന കൂട്ടായ്മ എന്ന നിലയിൽ നയിക്കാനുള്ള ചരിത്രപരമായ ദൗത്യവും വീരേന്ദ്രകുമാറിന് കൈവന്നു. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് അഴീക്കോടൻ രാഘവന്റെ കൊലപാതകത്തിന് ശേഷം കലങ്ങി മറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് എൽ ഡി എഫ് കൺവീനർ സ്ഥാനം വീരേന്ദ്രകുമാറിനെ മുന്നണി നേതൃത്വം വിശ്വാസപൂർവം ഏൽപ്പിക്കുന്നത്. 1972 ൽ തൃശൂർ പോസ്റ്റ്ഓഫീസ് റോഡിൽ അതിദാരുണമായി അഴീക്കോടൻ രാഘവൻ വധിക്കപ്പെട്ട് കിടക്കുന്ന കാഴ്ചകണ്ട് പാർട്ടി ഓഫിസുകളിൽ വിവരം അറിയിച്ചത് വീരേന്ദ്രകുമാറായിരുന്നു. അഴീക്കോടന്റെ രക്തസാക്ഷിത്വം വീരേന്ദ്രകുമാറിനെ തെല്ലൊന്നുമല്ല ഉലച്ചത്.

വിയോജിക്കാനുള്ള അവകാശം ഉയർത്തിപ്പിടിച്ച് യോജിപ്പിന്റെ മേഖലകൾ തൊട്ടറിയാൻ ഇന്ത്യയിലെ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും തയ്യാറായി. വിപ്ലവ ബദൽ കണ്ടെത്തുക എന്ന ലക്ഷ്യവുമായി സി പി എമ്മിന്റെയും സോഷ്യലിസ്റ്റുകളുടെയും ത്രിദിന സമ്മേളനം 1973 സെപ്റ്റംബർ 18 മുതൽ 20 വരെ ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറി. അന്ന് സി പി എം ജനറൽ സെക്രട്ടറി പി സുന്ദരയ്യ ഇത്തരമൊരു ബദലിന്റെ ക്രിയാത്മക വശത്തെക്കുറിച്ച് ബോധവാനായിരുന്നു. സുന്ദരയ്യയ്ക്കൊപ്പം, എം ബസവപുന്നയ്യ, ഇ എം എസ്, പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രമോദ് ദാസ് ഗുപ്ത, പി രാമമൂർത്തി എന്നീ സമുന്നത സി പി എം നേതാക്കളും സോഷ്യലിസ്റ്റുകളായ മധുലിമാലെ, രാമാനന്ദ് തിവാരി, സുരേന്ദ്രമോഹൻ, ജോർജ്ജ് ഫെർണാണ്ടസ്, പി വിശ്വംഭരൻ, പീറ്റൽ അൽവാരസ് എന്നിവർക്കുമൊപ്പം പങ്കെടുത്ത് യോജിപ്പിന്റെ പ്രത്യയശാസ്ത്ര ചർച്ചകൾക്ക് ചൂടേകാൻ വീരേന്ദ്രകുമാറിനും അപൂർവ ഭാഗ്യം സിദ്ധിച്ചു.

സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനം 1974 ൽ കോഴിക്കോട്ട് നടന്നപ്പോൾ വീരേന്ദ്രകുമാറായിരുന്നു സ്വാഗത സംഘം സെക്രട്ടറി. ഒമ്പത് ദിനം നീണ്ടുനിന്ന ആ ചരിത്രസമ്മേളനത്തിൽ മധുലിമായേ, സുരേന്ദ്രമോഹൻ, പീറ്റർ അൾവാരിസ്, എസ് എം ജോഷി, എച്ച് വി കമ്മത്ത്, ജോർജ് ഫെർണാണ്ടസ് തുടങ്ങിയ അഖിലേന്ത്യാ നേതാക്കളുമായി കൂടുതൽ ഇടപഴകാൻ അദ്ദേഹത്തിന് സാധിച്ചു. ഇത്തരത്തിൽ വീരേന്ദ്രകുമാറിന്റെ ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പർശിക്കുന്നുണ്ട് ഈ പുസ്തകം.

മനോരമയുടെ തട്ടകമായ കോട്ടയത്തേക്ക് മാതൃഭൂമിയെ കൊണ്ടു വന്നത് വീരേന്ദ്രകുമാറിന്റെ ധീരമായ നീക്കമായി വിലയിരുത്താനാണ് മനോരമ മുഖ്യപത്രാധിപർ മാമ്മൻ മാത്യുവിന് താത്പര്യം. ചങ്ങനാശ്ശേരിയിൽ എഡീഷൻ തുടങ്ങുന്നതാണ് നല്ലതെന്ന് പലരും ഉപദേശിച്ചെങ്കിലും അദ്ദേഹം യുദ്ധം 'ശത്രുപാളയ'ത്തിലേക്കു കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. വീരന്റെ മത്സരബുദ്ധിയെ താൻ ബഹുമാനിക്കുന്നു. അത് തങ്ങൾക്കും ഗുണകരമായി. മനോരമ ഒന്നുകൂടി ഉണർന്നു. സി.പി.യുവിന്റെ ഇന്ത്യാവിഭാഗം ചെയർമാൻസ്ഥാനത്തേക്ക് തന്റെ പേർ നിർദ്ദേശിക്കപ്പെട്ടപ്പോൾ, തനിക്കു വേണ്ടി സജീവമായി രംഗത്തു വന്നത് വീരേന്ദ്രകുമാർ ആയിരുന്നു. അതിരുകളില്ലാത്ത സൗഹൃദമാണ് തങ്ങളുടേതെന്ന് മാമ്മൻ മാത്യു ഒപ്പുചാർത്തുന്നു. - ഇത്തരത്തിലുള്ള നിരവധി അറിയപ്പെടാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP