Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എകെജി സെന്ററിന് സമീപത്തെത്തി നിരീക്ഷണം നടത്തിയ മുംബൈ പൊലീസ് ഫ്‌ളാറ്റിൽ കയറാതെ മുടവന്മുകളിലെ വീട്ടിലേക്ക് പോയി; ബിനോയ് കോടിയേരി മുങ്ങിയെന്ന റിപ്പോർട്ടുമായി ഇന്നലെ തന്നെ മടക്കം; മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റല്ലാതെ മറ്റൊരു പോംവഴിയുമില്ല; കോടിയേരി ശാന്തിഗിരി ആശുപത്രിയിൽ തുടരുന്നു; പാർട്ടി സെക്രട്ടറി ഇന്നത്തെ യോഗത്തിന് എത്തുമോ എന്നതിൽ ആർക്കും വ്യക്തതയില്ല; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പെണ്ണു കേസിൽ അന്വേഷണം തുടരും

എകെജി സെന്ററിന് സമീപത്തെത്തി നിരീക്ഷണം നടത്തിയ മുംബൈ പൊലീസ് ഫ്‌ളാറ്റിൽ കയറാതെ മുടവന്മുകളിലെ വീട്ടിലേക്ക് പോയി; ബിനോയ് കോടിയേരി മുങ്ങിയെന്ന റിപ്പോർട്ടുമായി ഇന്നലെ തന്നെ മടക്കം; മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റല്ലാതെ മറ്റൊരു പോംവഴിയുമില്ല; കോടിയേരി ശാന്തിഗിരി ആശുപത്രിയിൽ തുടരുന്നു; പാർട്ടി സെക്രട്ടറി ഇന്നത്തെ യോഗത്തിന് എത്തുമോ എന്നതിൽ ആർക്കും വ്യക്തതയില്ല; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പെണ്ണു കേസിൽ അന്വേഷണം തുടരും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബിനോയി കോടിയേരിയെ തേടി തിരുവനന്തപുരത്ത് മുടവന്മുകളിലെ വീട്ടിലെത്തിയ മുംബൈ പൊലീസ് വെറും കയ്യോടെ മടങ്ങി. എകെജി സെന്ററിനു സമീപത്തെ ഫ്‌ളാറ്റിൽ പോകാൻ ആദ്യം തീരുമാനിച്ചെങ്കിലും ബിനോയിയുടെ പേരിൽ അല്ലാത്തതിനാൽ അതു വേണ്ടെന്നു കേരള പൊലീസ് ഉപദേശിച്ചു. എന്നാൽ, ഫ്‌ളാറ്റിനു സമീപം റോഡിൽ നിന്നു നിരീക്ഷണം നടത്തിയ ശേഷമാണു മടങ്ങിയതെന്നാണു സൂചന. ഫ്‌ളാറ്റിലും ആരും ഉണ്ടായിരുന്നില്ല. മുംബൈ പൊലീസിന്റെ വരവും പരിശോധനയും തിരുവനന്തപുരം സിറ്റി പൊലീസ് അതീവ രഹസ്യമായിരുന്നു.

സിപിഎം പാർട്ടിയുടേതാണ് എകെജി സെന്ററിന് മുന്നിലെ ഫ്‌ളാറ്റ്. പീഡനാരോപണം ഉന്നയിച്ച യുവതി നൽകിയ പരാതിയിൽ ഈ ഫ്‌ളാറ്റും ഉണ്ടായിരുന്നു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണന് അനുദവിച്ചതാണ് ഈ ഫ്‌ളാറ്റ്. സിപിഎം ഫ്‌ളാറ്റ് പണിത അന്ന് മുതൽ ഇവിടെ കോടിയേരിക്ക് ഫ്‌ളാറ്റുണ്ട്. കുടുംബമായി താമസിച്ചിരുന്നത് ഏറെ കാലം ഇവിടെയാണ്. അതുകൊണ്ട് തന്നെ ഇവിടെ കയറി പരിശോധിക്കണമെന്ന നിലപാടിലായിരുന്നു മുംബൈ പൊലീസ്. എന്നാൽ അതിലെ രാഷ്ട്രീയം കേരളാ പൊലീസ് അവരെ അറിയിച്ചു. ബിനോയ് അവിടെ ഇല്ലെന്ന് കേരളാ പൊലീസ് പറയുകയും ചെയ്തു. ബിനോയിയെ അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയത്. ഇത് മനസ്സിലാക്കിയാണ് ബിനോയ് മുങ്ങിയതും. കോടിയേരിയും ഭാര്യയും ഫ്‌ളാറ്റും പൂട്ടി ശാന്തിഗിരി ആശുപത്രിയിൽ ചികിൽസയ്ക്കും പോയി.

ബിനോയിയെ തേടി ഫ്‌ളാറ്റിൽ മുബൈ പൊലീസ് എത്തുമെന്ന് കോടിയേരിക്ക് അറിഞ്ഞിരുന്നു. ഇതിന്റെ നാണക്കേട് ഒഴിവാക്കാനാണ് ഭാര്യയുമൊത്ത് ശാന്തിഗിരി ആശ്രമത്തിലേക്ക് കോടിയേരി പോയത്. ചികിൽസയിൽ ആയതു കൊണ്ട് മാത്രം കോടിയേരിയെ കാണാൻ മുംബൈ പൊലീസ് പോയില്ല. ഇല്ലാത്ത പക്ഷം കോടിയേരിയേയും പൊലീസ് ചോദ്യം ചെയ്‌തേനെ. ഇത് സിപിഎമ്മിനും വലിയ നാണക്കേടാകുമായിരുന്നു. ഇന്ന് സിപിഎമ്മിന്റെ നേതൃയോഗമുണ്ട്. ഇതിൽ കോടിയേരി എത്തുമോ എന്നതാണ് നിർണ്ണായകം. മകന്റെ വിവാദത്തിൽ കുടുങ്ങിയ കോടിയേരി പാർട്ടിയിൽ നിന്ന് അവധി എടുക്കുമെന്ന് സൂചനയുണ്ട്. ബിനോയി വിവാദം സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലൂടെയാണ് കൊണ്ടു പോകുന്നത്. പാർട്ടി സെക്രട്ടറിയുടെ മകൻ ഒളിവിൽ പോയതാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നത്.

ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച ഉണ്ടാകും. ബിനോയ്‌ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ഡിഎൻഎ പരിശോധനയ്ക്കു വിധേയനാക്കേണ്ടതിനാൽ കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിന്റെ ആവശ്യമില്ലെന്ന നിലപാടെടുത്ത ബിനോയിയുടെ അഭിഭാഷകൻ അശോക് ഗുപ്‌തെ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നും ആരോപിച്ചു. മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതിയിൽ വ്യാഴാഴ്ച ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഉച്ചതിരിഞ്ഞാണു പരിഗണിച്ചത്. ഉന്നതസ്വാധീനമുള്ള വ്യക്തി ആയതിനാൽ ജാമ്യം നൽകിയാൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുക പ്രയാസമാകുമന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കേശവ് സാലുങ്കെയുടെ വാദം.

യുവതിയുടെ പരാതിയിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2009 മുതൽ 2015 വരെ ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും അതിൽ കുട്ടിയുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ, എങ്ങനെയാണ് ലൈംഗിക പീഡനക്കുറ്റം നിലനിൽക്കുക? - അദ്ദേഹം ചോദിച്ചു. ബിനോയിക്ക് നേരത്തെ അയച്ച നോട്ടീസുകളിൽ ഇരുവരും വിവാഹിതരാണെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ഇപ്പോൾ എഫ്‌ഐആറിൽ പറയുന്നതെന്നും അശോക് ഗുപ്‌തെ ചൂണ്ടിക്കാട്ടി. ഇതിനിടെ ഡിഎൻഎ പരിശോധനയെ എതിർക്കുകയും ചെയ്തു. ഇതോടെ ഡിഎൻഎ പരിശോധനയെ ബിനോയ് എതിർക്കുന്നുവെന്നും വ്യക്തമായി. കുട്ടിയുടെ ഡിഎൻഎ പരിശോധന പിതൃത്വം തെളിയിക്കാൻ അനിവാര്യമാണ്.

കേരളത്തിലെ മുൻ ആഭ്യന്തരമന്ത്രിയും പ്രമുഖനുമായ രാഷ്ട്രീയനേതാവിന്റെ മകനാണു പ്രതിയെന്നും ജാമ്യം നല്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ സവാൽവിൻ വാദിച്ചിരുന്നു. തെളിവു നശിപ്പിക്കാനും പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും പ്രതി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടാനാണു പരാതിക്കാരി ശ്രമിക്കുന്നതെന്നും മുമ്പും സമാനമായ ആരോപണം അവർ ഉന്നയിച്ചിട്ടുണ്ടെന്നുമായിരുന്നു ബിനോയിയുടെ അഭിഭാഷകന്റെ പ്രധാന വാദം. വിത്തോഭ പി. മസാർക്കർ എന്ന അഭിഭാഷകൻ മുഖേനയാണു ബിനോയ് വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ, വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ബോംബെ ഹൈക്കോടതിയിലെ പ്രശസ്തനായ ക്രിമിനൽ അഭിഭാഷകൻ അശോക് ഗുപ്തയാണ് വാദിക്കാനെത്തിയത്.

പരാതി കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹം വാദിച്ചത്. മുംബൈയിൽ വിവാഹം രജിസ്റ്റർ ചെയ്തു എന്ന് പറയുന്ന സമയം ബിനോയ് വിദേശത്തായിരുന്നു. യുവതിയുമായി ബന്ധമുണ്ടെന്നു ആരോപിക്കുന്ന 2009 മുതൽ 2015 വർഷം വരെ എന്തുകൊണ്ട് പരാതി നൽകിയില്ല. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ ഹാജരാക്കാൻ തയ്യാറാണ്. യുവതി നൽകിയ പരാതിയും കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളും പരിഗണിക്കുമ്പോൾ ഇവർ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചെന്നാണ് തോന്നുക. പൂർണസമ്മതത്തോടെയുള്ള ലൈംഗികവേഴ്ച എങ്ങനെയാണു ബലാത്സംഗക്കുറ്റമാവുക. ഈ കുറ്റപത്രംതന്നെ നിലനിൽക്കില്ല. ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നതിനു പരാതിതന്നെ തെളിവാണെന്നും അശോക് ഗുപ്ത പറഞ്ഞു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. മറ്റൊരു വിവാഹം നടന്നതു മറച്ചുവെച്ചു. വഞ്ചനയും പീഡനവുമാണു ബിനോയ് നടത്തിയത്. ഡി.എൻ.എ. പരിശോധന നടത്തിയാൽ ബിനോയിയുടെ കുട്ടിയാണെന്ന് അസന്നിഗ്ദമായി തെളിയിക്കാനാവും- പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ പരിശോധനയുടെ ആവശ്യമില്ലെന്നും പരാതി വ്യാജമാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ മുംബൈ ഹൈക്കോടതിയെ സമീപിക്കാനാവും. ബിനോയിയെ കണ്ടുകിട്ടിയില്ലെങ്കിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. ഈ മാസം 13-നാണ് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP