Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കവിയൂർ കേസിലെ വിഐപിയാണെന്ന് ആദ്യ ആരോപണം; റഷ്യൻ സുന്ദരികൾക്കൊപ്പമുള്ള ഫോട്ടോ ഉണ്ടാക്കിയത് വൻ വിവാദം; തിരുവനന്തപുരത്തെ തല്ലുകൊള്ളി നേതാവ് ബിസിനസിൽ ഇറങ്ങിയയോടെ കോടീശ്വരൻ; കള്ളപ്പണക്കേസിലും ബിനാമി ഇടപാടികളും വരുമ്പോൾ നട്ടുച്ചക്ക് ഗുഡ്നൈറ്റ് പറഞ്ഞ് പ്രതിരോധം; സ്റ്റണ്ടും സെക്സും നിറഞ്ഞ ത്രില്ലർ സിനിമപോലെ ബിനീഷ് കോടിയേരിയുടെ ജീവിതം

കവിയൂർ കേസിലെ വിഐപിയാണെന്ന് ആദ്യ ആരോപണം; റഷ്യൻ സുന്ദരികൾക്കൊപ്പമുള്ള ഫോട്ടോ ഉണ്ടാക്കിയത് വൻ വിവാദം; തിരുവനന്തപുരത്തെ തല്ലുകൊള്ളി നേതാവ് ബിസിനസിൽ ഇറങ്ങിയയോടെ  കോടീശ്വരൻ; കള്ളപ്പണക്കേസിലും ബിനാമി ഇടപാടികളും വരുമ്പോൾ നട്ടുച്ചക്ക് ഗുഡ്നൈറ്റ് പറഞ്ഞ് പ്രതിരോധം; സ്റ്റണ്ടും സെക്സും നിറഞ്ഞ ത്രില്ലർ സിനിമപോലെ ബിനീഷ് കോടിയേരിയുടെ ജീവിതം

എം മാധവദാസ്

'സ്റ്റണ്ടും സെകസും നിറഞ്ഞ ത്രില്ലർ സിനിമപോലെ ഒരു ജീവിതം'. ബംഗലൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജീവിതത്തെ അങ്ങനെ വെറും രണ്ടു വരിയിൽ ഒതുക്കാം. നിലാവുണ്ടെന്ന് കരുതി പലരെ കക്കാമെന്ന് കരുതിയതാണ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ കുടുക്കിയത്. സിനിമ, സെലിബ്രിറ്റി ക്രിക്കറ്റ്, ഭൂമിയിടപാട്, സ്വർണ്ണക്കടത്ത് തൊട്ട് മയക്കുമരുന്ന് കേസിൽവരെ തൊട്ടതിലും പിടിച്ചതിലുമുടക്കമുള്ള സകല വിവാദത്തിലും ബിനീഷ് ഉണ്ട്. ചുക്കില്ലാത്ത കഷായമില്ല എന്ന് പറഞ്ഞപോലെ ഈ 36കാരൻ ഇല്ലാത്ത ഒരു വിവാദവും കേരളത്തിൽ ഇല്ല.ഇന്ന് ബിനീഷ് ലോകം മഴുവൻ വേരകളുള്ള ഒരു ബിസിനസ് മാഗ്നറ്റ് കൂടിയാണ്. മൂക്കിൽപ്പൊടി വാങ്ങുന്നപോലെയാണ് അയാൾ ലക്ഷങ്ങൾ കടം കൊടുക്കുന്നത്. പ്രത്യകിച്ച യായൊരു കഴിവുമില്ലാത്ത ബിനീഷ് എങ്ങനെ കോടീശ്വരനായി എന്ന് ചോദിച്ചാൽ അതിന് മറുപടി പിതാവിന്റെ പേര് എന്ന് മാത്രമാണ്. ചെങ്കൊടിത്തണലിൽ വളർന്ന് പന്തലിച്ച കോടീശ്വരൻ എന്ന വേണമെങ്കിൽ ബിനിഷിനെ വിശേഷിപ്പിക്കാം. ബിനീഷിന്റെ വളർച്ചയുടെ കഥ സിപിഎമ്മിൽ എങ്ങനെ അപചയങ്ങൾ പിടിമുറുക്കുന്നുവെന്നതിന്റെ ഒരു കേസ് സ്റ്റഡി കൂടിയാണ്.

ബിസിനസിലേക്ക് കൂടുമാറിയ സമരനായകൻ

കോടിയേരിക്കൊപ്പം വളർന്നതാണ് ബിനീഷും. കോടിയേരി രാഷ്ട്രീയ പ്രവർത്തനം തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചപ്പോൾ ബിനീഷിന്റെ പഠനവും ഇവിടേക്ക് മാറി. പൊതുവെ സിപിഎം മക്കൾ രാഷ്ട്രീയത്തിന് എതിരാണെന്നാണ് പറയുക. എന്നാൽ ബിനീഷ് കോടിയേരി അങ്ങനെ ആയിരുന്നില്ല. എസ്എഫ്‌ഐക്കാലത്ത് പൊലീസിൽ നിന്ന് ഒരുപാട് തല്ലുംകൊണ്ടിട്ടുണ്ട് .ഒരുപാട് കേസുകളിൽ പ്രതിയായിട്ടും ഉണ്ട്. 2001ൽ എ കെ ആന്റണി അധികാരത്തിൽ ഏറിയ അന്നുതൊട്ട എസ്എഫ്ഐ അവരുടെ സമരങ്ങൾക്ക് മൂർച്ച കൂട്ടി. 2003 മുതൽ ബിനീഷ് സമരരംഗത്തുണ്ട്.

2005-2006 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി സർക്കാറിനെതിയെുള്ള വിദ്യാർത്ഥി സമരങ്ങളിൽ ബിനീഷ് സജീവമായിരുന്നു. പൊലീസിൽ നിന്ന് നന്നായി കിട്ടിയിട്ടുമുണ്ട് ബിനീഷ് കൊടുത്തിട്ടുമുണ്ട്. നിമഷങ്ങൾക്കുള്ളിൽ യൂണിവേഴ്സിറ്റി കോളജിൽനിന്നടക്കം വിദ്യാർത്ഥികളെ സംഘടിപ്പിക്കാനുള്ള കഴിവ് ബിനീഷിനുണ്ടായിരുന്നു. ഒപ്പം കോടിയേരിയുടെ മകനെന്ന നിലയിലുള്ള പേരും. ഒരു തവണ ബിനീഷ് കോടിയേരിയെയും മറ്റും ഒരു സമരത്തിൽ പൊലീസ് അറസ്റ്റ് ചെയ്്തപ്പോൾ കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ പൊലീസ് വണ്ടിയിലേക്ക് തള്ളിക്കയറി വിദ്യാർത്ഥികളെ മോചിപ്പിച്ചതും വാർത്തയായിരുന്നു.

സാധാരണ കർഷക കുടുംബത്തിലെ അംഗവും അടൂർ ഐ.എച്ച്.ആർ.ഡി. കോളജ് ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ ജനി എസ് ആനന്ദിന്റെ മരണത്തെ തുടർന്ന് കേരളത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം ആളിക്കത്തിയ കാലമായിരുന്നു അത്. 2006 ജൂലൈ 22ന് നാണ് ഫീസടക്കാൻ പണമില്ലാത്തതിനെ തുടർന്ന് രജനി ജീവനൊടുക്കിയത്. ഇത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു. അന്ന് കോളജിലേക്കുള്ള മാർച്ചും മറ്റുമായി മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത് ബിനീഷ് ആയിരുന്നു.

പക്ഷേ അക്കാലത്തുതന്നെ ഗുണ്ടാ നേതാവ് എന്ന പ്രതിഛായാണ് ബിനീഷ് ഉണ്ടായിരുന്നത്. മകൻ കോടിയേരിക്ക് വൻ ബാധ്യതയാവുമെന്നും അക്കാലത്തുതന്നെ വിലയിരുത്തലുകൾ ഉണ്ടായി. അതുകൊണ്ടുതന്നെയായിരിക്കം പിന്നീട് ഒരിക്കലും ബിനീഷ് കോടിയേരി സജീവരാഷ്ട്രീയത്തിലേക്ക് വന്നിട്ടില്ല. സിനിമയും ബിസിനസും സെലിബ്രിറ്റി ക്രിക്കറ്റുമൊക്കെയായിരുന്നു ബിനീഷിന്റെ തട്ടകം. പക്ഷേ അപ്പോഴും വിവാദങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്നു.

അഭിനയിക്കാൻ അറിയാത്ത ഇയാൾ എങ്ങനെ നടനായി?

അങ്ങേയറ്റം കോമ്പറ്റേറ്റീവ് ആയ ഒരു ഫീൽഡ് ആണ് സിനിമ. പ്രതിഭയുള്ള ആയിരക്കണക്കിന് ആളുകളാണ് അവിടെ അവസരം കാത്തുനിൽക്കുന്നത്. അവിടെയാണ് ഒരു തെരുവുനാടകത്തിൽപോലും വേഷമിട്ടിട്ടില്ലാത്ത ബിനീഷ് വില്ലനും സഹനടനുമായി എത്തുന്നത്. 2005ൽ പുറത്തിറങ്ങിയ ഫൈവ് ഫിംഗേഴ്‌സ് ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് ലയൺ, പ്രജാപതി, ടൈം, കർമ യോദ്ധ,ഒപ്പം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.ഇക്കാലത്ത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് എന്ന പരിപാടി തുടങ്ങുന്നത്്. അവിടെയും മേൽപ്പറഞ്ഞ പ്രിവിലേജ് ബിനീഷിനെ രക്ഷിച്ചു. അവിടെ ഒരു ബാറ്റ്സ്മാൻ ആയി ബിനീഷ് കയറിക്കൂടി. കോടികൾ ഒഴുകുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെയാണ് ബിനീഷ് വ്യാപകമായ സൗഹൃദങ്ങളും തുടങ്ങുന്നത്.

ഇതിനിടെ ബിനീഷ് രവിപിള്ള ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായും ചുമതലയേറ്റും. നോക്കണം വെറും ഡിഗ്രി മാത്രമുള്ള ഒരു ചെറുപ്പക്കാരനാണ് മാസം 7ലക്ഷത്തോളം രുപ ശമ്പളത്തിൽ ഇത്തരം ഒരു ജോലി ലഭിക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയും ആദ്യം ജോലിനോക്കിയിരുന്നത് രവി പിള്ള ഗ്രൂപ്പിലായിരുന്നു. അതുകൊണ്ടുതന്നെയാണ് യൂസഫലിലും രവിപിള്ളയുമൊക്കെ സിപിഎം നേതാക്കളുടെ മുടിയരായ പുത്രന്മാരെ കുടിയിരിപ്പിക്കാനുള്ള സ്ഥലങ്ങൾ ആണെന്നും അതിനുള്ള പ്രതിഫലം അവർക്ക് എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ കിട്ടുമെന്നും കെ എം ഷാജഹാനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ നോക്കുക. ഒരു ശാശരി ചെറുപ്പക്കാരന് കണികാണാൽ പോലും കിട്ടാത്ത എല്ലാ സൗഭാഗ്യങ്ങളും ബിനീഷ് തളികയിലെന്നപോലെ കിട്ടുന്നു. കാരണം പേരിനോട് ചേർന്നുള്ള കോടിയേരി എന്ന ആ വാൽ തന്നെ. അധികാരത്തിലുണ്ടെങ്കിലും പുറത്തായാലും കേരളത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു പാർട്ടിയുടെ മുതിർന്ന നേതാവിനെ ആർക്കാണ് വെറുപ്പിക്കാൻ കഴിയുക. ഇപ്പോൾ ആർ പി ഗ്രൂപ്പും വിട്ട് സ്വന്തമായി ബിസിനസാണ് ബിനീഷിന്. തിരുവനന്തപുരം തൊട്ട് ഗോവ വരെ ഹോട്ടലുകൾ ഉണ്ടെന്ന് പറയുന്നു. പല റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും ഇടനിലക്കാരനാണെന്ന് ആരോപണം ഉയരുന്നു. പലർക്കും ലക്ഷങ്ങൾ കടം കൊടുക്കുന്നു. ഈ വ്യാപകമായ ബന്ധങ്ങളും ദുരുഹമായ സൗഹൃദങ്ങളും തന്നെയാണ് പലപ്പോഴും ബിനീഷിന് വിനയായിട്ടുള്ളതും.

ആരോപണത്തുടക്കം കവിയൂർ കേസിലെ വിഐപിയിലൂടെ

2004 ലെ കവിയൂർ കേസ് മുതൽ ബിനീഷ് കോടിയേരി സംശയങ്ങളുടെ നിഴലിലാണ്. ബിനീഷിനെ ഏറ്റവും അധികം വേട്ടയാടിയ കേസ് ആയിരുന്നു കവിയൂർ കേസ്. പക്ഷേ 16 വർഷത്തിന് ശേഷം നാലാമത്തെ സിബിഐ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും ബിനീഷിന്റെ പേരില്ല. സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ പേരിൽ വി എസ് അച്യുതാനന്ദനൻ തന്നെ അന്ന് നേരിട്ട് പേരു പറയാതെ ഒരു വിഐപിയുടെ പേര് എടുത്തിട്ട്, ബിനീഷിനെ സംശയത്തിൽ നിർത്തുകയാണെന്നും പറയുന്നുണ്ട്.

കവിയൂർ സെക്‌സ് റാക്കറ്റ് കേസിൽ കവിയൂർ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ നാരായണൻ നമ്പൂതിരിയും കുടുംബവും കൊല്ലപ്പെടുകയുണ്ടായി. ആ പാവം സാധു ബ്രാഹ്മണന്റെ സുന്ദരിയും നർത്തകിയുമായ പ്രായപൂർത്തിയാകാത്ത മകളെ കടിച്ചു കീറി ബലാത്സംഗം ചെയ്തവരിൽ പ്രമുഖനാണ് ബിനീഷ് കോടിയേരി എന്ന് ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അനഘയുടെ സുഹൃത്തായ ശ്രീലേഖ എന്ന പെൺകുട്ടി അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ക്രൈം എന്ന വാരികയിൽ വാർത്ത വരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇപ്പോഴും താൻ ആരോപണങ്ങളിൽ ഉറച്ചു നിൽക്കയാണെന്നാണ് ക്രൈം എഡിറ്റർ ടിപി നന്ദകുമാർ ആരോപിക്കുന്നത്. നന്ദകുമാർ ഈയിടെ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു. 'സനിമാനടി ആക്കാമെന്ന് മോഹം നൽകി ബിനീഷ് കോടിയേരിയും എം എ ബേബിയും മകനും പ്രൊഡ്യൂസർ സജി നന്ത്യാട്ട്ം കോട്ടയം പൊലീസ് സൂപ്രണ്ട് ഗോപിനാഥ് അടക്കമുള്ളവർ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് കത്തിലുള്ളത് . അത് മാത്രമല്ല ഫിലിം പ്രൊഡ്യൂസർ എന്ന നിലയിലായിരുന്നു ബിനീഷ് കോടിയേരിയെ ഫൈവ് സ്റ്റാർ കൂട്ടിക്കൊടുപ്പുകാരി ആയ ലതാ നായർ പരിചയപ്പെടുത്തിക്കൊടുത്തത് എന്നും കത്തിൽ ഉണ്ടായിരുന്നു .

പിന്നീട് ടിവിയിൽ കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനീഷ് എന്ന് മനസ്സിലായതോടെ അനഘ ലതാ നായരോട് ദേഷ്യപ്പെട്ടു എന്നും കത്തിൽ ഉണ്ടായിരുന്നതായി മാധ്യമം വാരിക വെളിപ്പെടുത്തിയിട്ടുണ്ട്.'- നന്ദകുമാർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഈ ആരോപണങ്ങൾ ഒന്നും തെളിയിക്കാൻ ആർക്കും കഴിഞ്ഞില്ല.

പിന്നീടങ്ങോട്ട് വിവാദങ്ങളുടെ പെരുമഴയായിരുന്നു. ബിനീഷിന്റെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ, ഏതാണ്ടാണ് ഇരുപത് വർഷത്തോളം മുഖ്യധാര മാധ്യമങ്ങളുടെ ബ്രേക്ക് ഫാസ്റ്റ് ആയിരുന്നു ഈ ചെറുപ്പക്കാരൻ. തനിക്കെതിരെ ഉയർന്ന പല ആരോപണങ്ങളും ഇപ്പോൾ താൻ തന്നെ മറന്നിരിക്കുന്നു എന്നും ബിനീഷ് കവിയൂർ കേസുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ എഴുതിയിരുന്നു.

റഷ്യൻ സുന്ദരികൾക്കൊപ്പമുള്ള ഫോട്ടോ വിവാദം

കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായിരുന്നു ടോട്ടൽ ഫോർ യു തട്ടിപ്പ്. ശബരിനാഥൻ എന്ന 20 വയസ്സുകാരൻ ആയിരുന്നു ഇതിന് പിന്നിൽ. ഈ കേസിലും മാധ്യമങ്ങൾ ഏറ്റവും അധികം വേട്ടയാടിയ ഒരാൾ ആയിരുന്നു ബിനീഷ് കോടിയേരി. തട്ടിപ്പ് പണം സ്വന്തമാക്കിയത് ബിനീഷ് ആണെന്ന മട്ടിലായിരുന്നു അന്നത്തെ ആരോപണങ്ങൾ. സായാഹ്ന പത്രങ്ങൾ മാത്രമല്ല, മനോരമ പോലുള്ള പത്രങ്ങളും ഇതെല്ലാം വാർത്തയാക്കിയിരുന്നു. 2009 ലെ ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു ബിനീഷിന്റെ പെൺവാണിഭ സംഘവുമായുള്ള ബന്ധം! ബെംഗളൂരുവിലെ ഒരു ടിവി ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ റഷ്യക്കാരിയായ സ്ത്രീയുടെ കൂടെ ബിനീഷ് നിൽക്കുന്ന ചിത്രവും പുറത്ത് വന്നു. പക്ഷേ,ഈ പടം വ്യാജമാണെന്നണ് പിന്നീട് വാർത്തകൾ പുറത്തുവന്നത്.

കോളിളക്കം സൃഷ്ടിച്ച പോൾ മുത്തൂറ്റ് വധക്കേസിലും ബിനീഷ് കോടിയേരിയുടെ പേര് തന്നെ ഉയർന്നുവന്നു. കേസിലെ പ്രതിയായ ഓം പ്രകാശുമായി അടുത്ത ബന്ധം ഉണ്ട് എന്നായിരുന്നു ആരോപണം. ഓം പ്രകാശിനെ സംരക്ഷിച്ചത് ബിനീഷ് ആയിരുന്നു എന്നായിരുന്നു ആരോപണം. എന്നാൽ ഇതും തെളിയിക്കാൻ ആയില്ല.2017 ൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് വന്നപ്പോഴും ബിനീഷിന്റെ പേര് ഉയർന്നുവന്നു. അന്ന് ബിജെപി ആയിരുന്നു ബിനീഷിന്റെ പേര് ഉയർത്തിക്കൊണ്ടുവന്നത്. കുറച്ച് ദിവസം മാധ്യമങ്ങൾ ഇത് ആഘോഷമാക്കിയെങ്കിലും പിന്നീട് ഈ വാർത്ത തന്നെ അപ്രത്യക്ഷമായി

സഹോദരന്റെ കേസും വിവാദത്തിൽ

2009 ഓഗസ്റ്റ് മാസത്തിൽ ആയിരുന്നു ബിനീഷിന്റെ വിവാഹം നടന്നത്. വിവാഹ നിശ്ചയം നടത്തിയ സഹോദരൻ ബിനോയ് കോടിയേരിയുടെ പേരിൽവന്ന കേസുകൾ ഒതുക്കി തീർത്തിന് പിന്നിലെ ബിനീഷ് ആണെന്നാണ് ആരോപണം. കോടിയേരി ആഭ്യന്തരമന്ത്രിയായരിക്കെയാണ് ബിനീഷ് ഈ രീതിയിൽ വളർന്നതെന്നും അക്കാലത്ത് ഗൾഫിലെയും മറ്റും പവർ ബ്രോക്കർ മകനായിരുന്നുമെന്ന ആരോപണമാണ് യുഡിഎഫ് നേതാക്കൾ ഉന്നതിക്കുന്നത്. ഗൾഫിലും കേരളത്തിലുമായി ബിനീഷിന്റെയും ബിനോയുടെയും ബിസിനസുകൾ വ്യാപിക്കുന്ന് ഇക്കാലത്താണെന്നതിൽ പക്ഷേ തർക്കമില്ല.

2018 ൽ ബാറുകളുടെ ദൂരപരിധി ഇടത് സർക്കാർ കുറച്ചിരുന്നു. ഇത് ബിനീഷ് വൈസ് ചെയർമാൻ ആയ സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനെ സഹായിക്കാൻ ആണെന്നായിരുന്നു ആരോപണം. പതിവുപോലെ ഈ രോപണവും എവിടേയും എത്തിയില്ല?കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ടായിരുന്നു ബിനീഷിനെതിരെ മറ്റൊരു ആരോപണം ഉയർന്നത്. ബിനീഷും പിതാവ് കോടിയേരി ബാലകൃഷ്ണനും കൂടി മുംബൈ വ്യവസായി ദിനേശ് മേനോനിൽ നിന്ന് മൂന്നര കോടി രൂപ കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ദിനേശ് മേനോൻ തന്നെ ഇത് പിന്നീട് നിഷേധിക്കുകയും ചെയ്തു.

ദുബായിലെ കമ്പനിയിൽ ന്ന് 13 കോടി രൂപ തട്ടിയെടുത്തു എന്നതായിരുന്നു 2018 ൽ ബിനോയ് നേരിട്ട മറ്റൊരു ആരോപണം. സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വാർത്തകൾ ഒരുപാട് പുറത്ത് വന്നു. എന്നാൽ ഒടുവിൽ ആ സത്യവും വെളിപ്പെട്ടു. ആ ആരോപണം ബിനീഷിന്റെ സഹോദരൻ ബിനോയ്ക്ക് എതിരെ ആയിരുന്നു.ബിനോയ് കോടിയേരിയ്‌ക്കെതിരെയുള്ള വാർത്തകൾക്കിടയിലാണ് ബിനീഷിനെതിരെ മറ്റൊരു വാർത്ത പുറത്ത് വരുന്നത്. ദുബായിൽ ബിനീഷിനെതിരെ ക്രിമിനൽ കേസ് ഉണ്ട് എന്നതായിരുന്നു അത്. ബിനീഷിനെ ദുബായിലെ കോടതി രണ്ട് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു എന്നും വാർത്തകൾ വന്നു.

ഇതിനുശേഷമാണ് കോടിയേരി കുടുംബത്തെ പടിച്ചുലച്ച പിതൃത്വക്കേസ് വരുന്നത്. ബീഹാരിയായ ബാർ ഡാൻസറിൽ ബിനോയ്ക്ക് കുട്ടിയുണ്ടെന്നത് ദേശീയമാധ്യമങ്ങളിൽപോലും വലിയ വാർത്തയായി.

ഡിഎൻ എ പരിശോധനവരെ എത്തിയ ഈ കേസ് അഞ്ചുകോടി രൂപ കൊടുത്ത് ഒതുക്കിയതിന് പിന്നിലും ബിനീഷ് ആണെന്നും ആരോപണം ഉയർന്നിരുന്നു. ഒടുവിൽ ലഹരിയും സ്വർണ്ണക്കടത്തിലും വരെ ഇയാൾ ആരോപിതനായി. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ആരോപണങ്ങൾ ആദ്യം നട്ടുച്ചക്ക് ഗുഡ് നൈറ്റ് പറഞ്ഞ് ചിരിച്ച് തള്ളിയ ബിനീഷ് ഇപ്പോൾ കിടന്ന് വിയർക്കയാണ്. ഇത്രയേറെ ആരോപണങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് കോടിയേരിക്ക് തന്റെ മകനെ നിലക്ക് നിർത്താനും നിയന്ത്രിക്കാനും ആയില്ല എന്ന ചോദ്യമാണ് ഉയരുന്നത്. പാർട്ടി കുടുംബങ്ങളിൽ സംഭവിക്കുന്ന അപചയങ്ങളെകുറിച്ച് പലതവണ സിപിഎം തെറ്റുതിരുത്തൽ രേഖകളിൽവരെ പറഞ്ഞിട്ടും, അവർക്ക് ഒരു മാറ്റവും ഉണ്ടാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP