Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202127Tuesday

ടിപിയെ കൊന്ന കുഞ്ഞനന്ദനെ ആംബുലൻസിൽ അനുഗമിച്ച 'സഖാവ്'; പൊലീസിനെ പെട്രോൾ ബോംബെറിഞ്ഞ പൊലീസുകാരെ ആക്രമിച്ചു വിദ്യാർത്ഥികളെ മോചിപ്പിച്ച എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം; പൊലീസ് ജീപ്പിൽ നിന്ന് അച്ഛൻ മകനെ രക്ഷിച്ചതും ചരിത്രം; സിനിമയും ക്രിക്കറ്റും രാഷ്ട്രീവും കളിച്ച ബിനീഷ്; ചെങ്കൊടി പിടിച്ച് വളർന്ന് പന്തലിച്ച കോടിയേരിയുടെ മകന്റെ 'വിപ്ലവ' കഥ

ടിപിയെ കൊന്ന കുഞ്ഞനന്ദനെ ആംബുലൻസിൽ അനുഗമിച്ച 'സഖാവ്'; പൊലീസിനെ പെട്രോൾ ബോംബെറിഞ്ഞ പൊലീസുകാരെ ആക്രമിച്ചു വിദ്യാർത്ഥികളെ മോചിപ്പിച്ച എസ് എഫ് ഐ ജില്ലാ കമ്മറ്റി അംഗം; പൊലീസ് ജീപ്പിൽ നിന്ന് അച്ഛൻ മകനെ രക്ഷിച്ചതും ചരിത്രം; സിനിമയും ക്രിക്കറ്റും രാഷ്ട്രീവും കളിച്ച ബിനീഷ്; ചെങ്കൊടി പിടിച്ച് വളർന്ന് പന്തലിച്ച കോടിയേരിയുടെ മകന്റെ 'വിപ്ലവ' കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാർട്ടിക്ക് ബിനീഷ് കോടിയേരിയെ അറിയില്ല. അച്ഛൻ കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന്റെ സെക്രട്ടറിയാണ്. അതിന് അപ്പുറത്തേക്ക് ബിനീഷുമായി യാതൊരു ബന്ധവുമില്ല-ഇതാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം. എം ശിവശങ്കർ ഐഎഎസുകാരനാണെന്നും അതുകൊണ്ടു തന്നെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണ്. അതിനാൽ ശിവശങ്കറിന്റെ തെറ്റുകളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് പറയുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായ പ്രകടനത്തിന് സമാനമാണ് ബിനീഷിന്റെ കാര്യത്തിലെ സിപിഎം വിശദീകരണവും. ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പാനൂരുകാരൻ കുഞ്ഞനന്തന്റെ അന്ത്യയാത്രയെ തിരുവനന്തപുരം മുതൽ കണ്ണൂരു വരെ അനുഗമിച്ച 'സഖാവായിരുന്നു' ബിനീഷ് എന്നതാണ് വസ്തുത.

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് സിപിഎം ഒരുക്കിയത് രക്തസാക്ഷികൾക്ക് സമാനമായ അവസാന യാത്രയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം വഹിച്ചുള്ള ആംബുലൻസിൽ ഭാര്യ ശാന്ത, മകൾ ശബ്ന, മറ്റു ബന്ധുക്കൾ എന്നിവർക്കൊപ്പം ബിനീഷ് കോടിയേരിയുമുണ്ടായിരുന്നു. കുഞ്ഞനന്തൻ പാർട്ടിക്ക് എത്രമാത്രം വേണ്ടപ്പെട്ടവനാണ് എന്നതിന്റെ തെളിവായിരുന്നു ബിനീഷിന്റെ സാന്നിദ്ധ്യം. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2014 ജനുവരിയിലാണ് വിചാരണക്കോടതി കുഞ്ഞനന്തനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2012 മെയ് നാലിനാണ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. കുഞ്ഞനന്തൻ ഉൾപ്പെടെ 11 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ 13-ാം പ്രതിയാണ് കുഞ്ഞനന്തൻ. ഇത്തരത്തിലൊരു വ്യക്തിയുടെ അന്ത്യയാത്രയിലാണ് ബിനീഷ് അനുഗമ യാത്രയെ നിയന്ത്രിച്ചത്. സിപിഎമ്മിൽ ബിനീഷിന്റെ സ്വാധീനത്തിന് തെളിവുകൂടിയായിരുന്നു അടുത്ത കാലത്തുണ്ടായ ഈ സംഭവം.

ചെങ്കൊടിയെ അഭിമാന പൂർവ്വം പിടിച്ച നേതാവായിരുന്നു ബിനീഷ്. താനൊരു കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞു നടന്ന കമ്മ്യൂണിസ്റ്റുകാരൻ. പാർട്ടി സമ്മേളന വേദികളിലും സജീവമായിരുന്നു. കോടിയേരിയുടെ രാഷ്ട്രീയ പിൻഗാമിയായി മാറുകയായിരുന്നു ബിനീഷിന്റെ ലക്ഷ്യം. അതിനുള്ള പല വഴികളിലൂടേയും നടന്നു. പാർട്ടിയിലെ ഉയർച്ചയ്ക്ക് ബിനീഷിന്റെ പിന്തുണയുണ്ടെങ്കിൽ കഴിയുമെന്ന് കരുതിയവർ പോലും ഉണ്ടായിരുന്നു. അങ്ങനെ പാർട്ടിയെ നിയന്ത്രിക്കുന്ന ബാക് സീറ്റ് ഡ്രൈവറായിരുന്നു ബിനീഷ്. എന്നാൽ മയക്കുമരുന്ന് കേസിൽ ബിനീഷ് പിടിയിലാകുമ്പോൾ പാർട്ടിക്ക് ഇദ്ദേഹത്തെ അറിയുകയുമില്ല. ആകെ അറിയാവുന്നത് അച്ഛൻ സിപിഎമ്മിന്റെ സെക്രട്ടറിയാണെന്നത് മാത്രം. എന്നാൽ തിരുവനന്തപുരത്തെയും കണ്ണൂരിലെ പാർട്ടിയിലും ആഴത്തിൽ ബന്ധവും സ്വാധീനവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ബിനീഷ്.

'അഭിനേതാവ്, ക്രിക്കറ്റ് കളിക്കാരൻ, ബിസിനസ് മാൻ, മാനവികവാദി, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ-ഇങ്ങനെയൊക്കെ പറഞ്ഞു നടന്നിരുന്ന ബിനീഷ് ഊറ്റം കൊണ്ടിരുന്നത് താനൊരു സഖാവെന്ന് പറഞ്ഞു തന്നെയായിരുന്നു. സിനിമയും ക്രിക്കറ്റും രാഷ്ട്രീയവും ഇതായിരുന്നു ലക്ഷ്യം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും ശതകോടീശ്വരനായ രവിപിള്ളയുടെ കമ്പനിയിൽ വൈസ് പ്രസിഡന്റ് പദവിയും മികച്ച ശമ്പളവും നേടി. അപ്പോഴും കൂടുതൽ സമയം കേരളത്തിൽ തന്നെയായിരുന്നു. സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചു പലവട്ടം ആരോപണമുയർന്നു. യുണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ചുള്ള പഴയ സൗഹൃദങ്ങൾ പലതും വിവാദത്തിൽ പെട്ടപ്പോൾ ഓടിയെത്തി രക്ഷിച്ച നേതാവാണ് ബിനീഷ്. കേരളാ ക്രിക്കറ്റിലായിരുന്നു അവസാന കാലത്തെ പ്രധാന ശ്രദ്ധ. കെസിഎയും ബിസിസിഐയും പിടിച്ചെടുക്കാനുള്ള യാത്രയ്ക്കിടെയാണ് പതനം.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഓഗസ്റ്റ് 23ന് സിപിഎം വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ സമരത്തിനിടെ ബിനീഷ് കോടിയേരി. അച്ഛൻ കോടിയേരി ബാലകൃഷ്ണനും മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പമാണു സമരത്തിൽ പങ്കെടുത്തത്. ബിനീഷ് എട്ടാം ക്ലാസ് കഴിഞ്ഞപ്പോഴാണു കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന മണ്ഡലം തിരുവനന്തപുരത്തേക്കു മാറ്റുന്നത്. തുടർപഠനവും കോളജ് വിദ്യാഭ്യാസവും തിരുവനന്തപുരത്ത്. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. വിദ്യാർത്ഥി സമരങ്ങളിൽ മുൻനിരക്കാരൻ. പാർട്ടി സമ്മേളനങ്ങളിലും പാർട്ടി കോൺഗ്രസിലും പങ്കെടുക്കും. എന്നിട്ടും പാർട്ടിക്ക് കോടിയേരിയുടെ വെറും മകൻ മാത്രമാണ് ബിനീഷ്.

2005 മുതൽ സിനിമാരംഗത്ത് സജീവമായിരുന്നു. അരങ്ങേറ്റം ഫൈവ് ഫിംഗേഴ്‌സ് എന്ന സിനിമയിലൂടെയായിരുന്നു. തുടർന്ന് ബൽറാം വേഴ്‌സസ് താരാദാസ്, ലയൺ, കുരുക്ഷേത്ര, ഏയ്ഞ്ചൽ ജോൺ..സിനിമാ മേഖലയിൽ രൂപീകരിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടീമിൽ ബാറ്റ്‌സ്മാനായി. 'അമ്മ' സംഘടനയിൽ അംഗവുമാണ്. മൂത്ത സഹോദരൻ ബിനോയിയെക്കാൾ കോടിയേരിയുടെ മകൻ എന്ന തരത്തിൽ അറിയപ്പെട്ടതും വിവാദങ്ങളിൽ പെട്ടതും ബിനീഷായിരുന്നു. പഠനകാലത്ത് തലസ്ഥാനത്തു നടന്ന ഒട്ടേറെ എസ്എഫ്‌ഐ സമരങ്ങളിൽ മുൻനിരയിൽ ബിനീഷുണ്ടായിരുന്നു. മാർ ഇവാനിയോസ് കോളജിലും ലോ കോളജിലും ആയിരുന്നു പഠനമെങ്കിലും എപ്പോഴും എസ്എഫ്‌ഐയുടെ തട്ടകമായ യൂണിവേഴ്‌സിറ്റി കോളജും ഗവ. ആർട്‌സ് കോളജും ആയിരുന്നു നിറഞ്ഞു നിന്നത്.

2001ലെ വിദ്യാഭ്യാസ സമരത്തിന്റെ ഭാഗമായി പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞതിനും 2003ൽ നന്ദാവനം എആർ ക്യാംപിൽ 4 പൊലീസുകാരെ ആക്രമിച്ചു വിദ്യാർത്ഥികളെ മോചിപ്പിച്ചതിനും കേസെടുത്തിരുന്നെങ്കിലും കോടിയേരി ആഭ്യന്തര മന്ത്രിയായെത്തിയപ്പോൾ പിൻവലിച്ചു. വിദ്യാർത്ഥി സമരത്തിനിടെ അറസ്റ്റ് ചെയ്തപ്പോൾ, കോടിയേരി എത്തിയാണ് ഒരിക്കൽ പൊലീസ് ജീപ്പിൽ നിന്നു പിടിച്ചിറക്കി മകനെ കേസിൽ നിന്ന് രക്ഷപ്പെട്ടത്. സ്ഥിരമായി കോടതിയിൽ ഹാജരാകാതെ വന്നപ്പോൾ ബിനീഷ് ഒളിവിലാണെന്നായിരുന്നു പൊലീസ് കോടതിക്കു നൽകിയ റിപ്പോർട്ട്. ഒരുഘട്ടത്തിൽ കോടതി തന്നെ ചോദിച്ചു 'ആഭ്യന്തര മന്ത്രിയുടെ മകന് ഒരു നിയമവും മറ്റുള്ളവർക്കു വേറൊരു നിയമവുമാണോ?' നിരന്തരം ഹാജരാകാതിരുന്ന ഒരു കേസിൽ ജാമ്യം ഉറപ്പാക്കാനായി പത്തോളം കേസുകളിൽ ബിനീഷ് പ്രതിയാണെന്ന വിവരം പൊലീസ് മറച്ചുവച്ചു.

18 കേസുകൾ നിലനിൽക്കെ ഒരു തടസ്സവുമില്ലാതെ പാസ്‌പോർട്ട് സംഘടിപ്പിച്ചു. ബിനീഷും മറ്റൊരു നടനും മൂന്നാറിൽ വ്യാജരേഖയുണ്ടാക്കി 4 ഏക്കർ സ്ഥലം കച്ചവടം നടത്തിയെന്നാരോപിച്ച് വിജിലൻസ് കോടതിയിൽ ഹർജി വന്നെങ്കിലും അന്വേഷണം മരവിച്ചു. ടോട്ടൽ ഫോർ യു നിക്ഷേപത്തട്ടിപ്പ് കേസിലും ബിനീഷിന്റെ പേർ ഉയർന്നുകേട്ടു. പോൾ ജോർജ് വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത ഓംപ്രകാശുമായുള്ള അടുപ്പവും ബിനീഷിനെ വിവാദത്തിലാക്കി. 2003 ജനുവരിയിൽ കേശവദാസപുരത്ത് പേരൂർക്കട സ്വദേശി കിരണിനെ ആളുമാറി വെട്ടിപ്പരുക്കേൽപിച്ച കേസിലും പ്രതിയായിരുന്നു. പക്ഷേ ഇതിലൊന്നും ആരും ബിനീഷിനെ ഒന്നും ചെയ്തില്ല. ഇഡിയെത്തിയപ്പോൾ കഥമാറി. ഇതിനിടെ ബിനീഷിനെതിരെ ദുബായിലും കേസുണ്ടെന്ന വാദമെത്തി. എന്നാൽ ദുബായിൽ നിന്ന് എഫ് ബി ലൈവിട്ടായിരുന്നു ബിനീഷ് മാധ്യമങ്ങളെ വെല്ലുവിളിച്ചത്.

കോടിയേരയെ പലപ്പോഴും പ്രതിരോധത്തിലാക്കിയിട്ടുണ്ട് മക്കളായ ബിനോയിക്കും ബിനീഷിനുമെതിരായ ആരോപണങ്ങൾ. ബെംഗളൂരു മയക്കുമരുന്നുകേസിൽ അറസ്റ്റിലായ ബിനീഷിനുപുറമെ, സഹോദരൻ ബിനോയി മറ്റൊരുകേസിൽ പ്രതിയാണ്. ബിഹാർ സ്വദേശിനിയായ ബാർ ഡാൻസർ നൽകിയ ലൈംഗികപീഡനക്കേസിലാണ് ബിനോയ് കോടിയേരി പ്രതിസ്ഥാനത്തുള്ളത്. വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചെന്നാണ് പരാതി. കേസിൽ എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് മുംബൈ കോടതിയെ സമീപിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ നടത്തിയ ഡി.എൻ.എ പരിശോധനഫലം ഇതുവരെ വന്നിട്ടില്ല. കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നായിരുന്നു യുവതിയുടെ അവകാശവാദം.

2018-ൽ ബിനോയ് കോടിയേരി 13 കോടിരൂപ തട്ടിയെടുത്തെന്ന പരാതിയുമായി ദുബായ് സ്വദേശി ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി എത്തിയിരുന്നു. കാർ വാങ്ങാൻ 54 ലക്ഷം രൂപയും വ്യവസായാവശ്യത്തിനായി 7.7 കോടി രൂപയും ബിനോയ് കോടിയേരി വാങ്ങിയെന്നും പലിശസഹിതം 13 കോടി കിട്ടാനുണ്ടെന്നുമായിരുന്നു പരാതി. എന്നാൽ, പരാതി പിന്നീട് പിൻവലിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP