Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാതീയത പറഞ്ഞിട്ടില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ; അവസരം ചോദിച്ച് പിറകെ നടന്നയാൾക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞെന്ന് യൂണിയൻ ഭാരവാഹികൾ; അവർ ഇരുവരും തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയിൽ ഞാനുമെന്റെ കുട്ടികളും പെട്ടുപോയതാണെന്ന് പ്രിൻസിപ്പലും; നടനെ ബഹിഷ്‌കരിച്ചെന്ന വിവാദത്തിൽ സംവിധായകനോട് വിശദീകരണം ചോദിച്ച് ഫെഫ്ക; മന്ത്രി ബാലനെ എല്ലാം ബോധ്യപ്പെടുത്താൻ പ്രിൻസിപ്പൽ തിരുവനന്തപുരത്ത്; ബിനീഷ് ബാസ്റ്റിൻ തൊടുത്തുവിട്ട വിവാദം പുതിയ തലങ്ങളിലേക്ക്

ജാതീയത പറഞ്ഞിട്ടില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ; അവസരം ചോദിച്ച് പിറകെ നടന്നയാൾക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞെന്ന് യൂണിയൻ ഭാരവാഹികൾ; അവർ ഇരുവരും തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയിൽ ഞാനുമെന്റെ കുട്ടികളും പെട്ടുപോയതാണെന്ന് പ്രിൻസിപ്പലും; നടനെ ബഹിഷ്‌കരിച്ചെന്ന വിവാദത്തിൽ സംവിധായകനോട് വിശദീകരണം ചോദിച്ച് ഫെഫ്ക; മന്ത്രി ബാലനെ എല്ലാം ബോധ്യപ്പെടുത്താൻ പ്രിൻസിപ്പൽ തിരുവനന്തപുരത്ത്; ബിനീഷ് ബാസ്റ്റിൻ തൊടുത്തുവിട്ട വിവാദം പുതിയ തലങ്ങളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന വിദ്യാർത്ഥി യൂണിയൻ പരിപാടിയിൽ നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ടെന്ന ആരോപണം പുതിയ തലത്തിലേക്ക്. ബിനീഷ് ബാസ്റ്റിനെ ജാതിയമായി മന്ത്രിയോട് വിശദീകരിക്കാൻ പ്രിൻസിപ്പാൾ തിരുവനന്തപുരത്തെത്തി. ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ ഫെഫ്ക രംഗത്തു വന്നു. സംഭവത്തിൽ അനിലിനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും ബി ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. അതിനിടെ ആരോപണം അനിൽ രാധാകൃഷ്ണ മേനോൻ നിഷേധിച്ചു. എന്നാൽ തന്നോട് അവസരം തേടി നടന്ന ഒരാളുമായി വേദി പങ്കിടാനുള്ള ബുദ്ധിമുട്ട് അനിൽ അറിയിച്ചിരുന്നുവെന്ന് എസ് എഫ് ഐ നേതാക്കളും അറിയിച്ചു.

'പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ യൂണിയൻ ദിനാഘോഷത്തിൽ മാഗസിൻ റിലീസിനു വേണ്ടിയാണ് എന്നെ ക്ഷണിക്കുന്നത്. സാധാരണ കോളജ് പരിപാടികൾക്കു പങ്കെടുക്കാത്ത ആളാണ് ഞാൻ. പങ്കെടുക്കാൻ കഴിയില്ലെന്ന് ആദ്യം തന്നെ സ്‌നേഹത്തോടെ തന്നെ ഇവരോടു പറയുകയും ചെയ്തു. ചടങ്ങിന് മറ്റാരെങ്കിലും ഒരാൾ കൂടി ഉണ്ടാകുമെന്നു വിദ്യാർത്ഥികൾ പറഞ്ഞു. അതാരാണെന്നു പോലും എന്നോടു പറഞ്ഞില്ല. എന്നാൽ പിന്നെ ഞാൻ വരേണ്ടതുണ്ടോ എന്ന് അപ്പോൾ തന്നെ ചോദിക്കുകയും ചെയ്തു. അങ്ങനെയൊരാളുണ്ടെങ്കിൽ അവർക്കാണ് ആ വേദിയിൽ പ്രധാന്യം ലഭിക്കേണ്ടത്.' അനിൽ രാധാകൃഷ്ണൻ പറഞ്ഞു.

'എന്നാൽ അവസാനനിമിഷം കുട്ടികൾ വീണ്ടും എന്നെ വിളിച്ചു. ചടങ്ങിൽ മുഖ്യാതിഥികളായി അവർക്ക് ആരെയും ലഭിച്ചില്ലെന്നും എങ്ങനെയും വരണമെന്നും നിർബന്ധിച്ചു. അവരുടെ മനസ് വിഷമിക്കരുതെന്ന് കരുതിയാണ് അവിടെ പോകാൻ തീരുമാനിച്ചത്. അങ്ങനെ അവിടെ ചെന്ന് വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ ബിനീഷ് കയറി വരുകയുമായിരുന്നു. എന്താണ് പ്രശ്‌നമെന്നുപോലും അപ്പോൾ മനസ്സിലായില്ല. ബിനീഷിന് കയ്യടി കൊടുക്കാൻ ഞാൻ തന്നെയാണ് വിദ്യാർത്ഥികളോട് പറഞ്ഞത്. നിലത്തിരിക്കുന്ന ബിനീഷിനോട് കസേരയിൽ ഇരിക്കാനും ഞാൻ ആവശ്യപ്പെട്ടു. പക്ഷേ ഒന്നും സംഭവിച്ചില്ല. അതോടെ ഞാൻ പ്രസംഗം നിർത്തി മടങ്ങി. ഇതാണ് അവിടെ സംഭവിച്ചത്. ബിനീഷ് ആ ചടങ്ങിൽ പങ്കെടുക്കുമെന്ന് അപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത്. ബിനീഷുമായി യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നു മാത്രമല്ല ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് എന്തു പറ്റിയെന്ന് എനിക്കറിയില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ വിഷയത്തിൽ ബിനീഷിനൊപ്പമാണ് വിദ്യാർത്ഥികളെന്ന് നിലപാടിലേക്ക് യൂണിയൻ നേതാക്കളും എത്തുകയാണ്. കാരണങ്ങളൊന്നും അനിൽ പറഞ്ഞില്ലെന്നും എന്നാൽ വേദി പങ്കിടാൻ വിസമ്മതം അറിയിച്ചെന്നും കോളേജ് ചെയർമാൻ പ്രതികരിച്ചു. മന്ത്രി എകെ ബാലനെ നേരിട്ട് കണ്ട് സംഭവത്തെ കുറിച്ച് പറയാനാണ് പ്രിൻസിപ്പാൾ എത്തിയത്. മന്ത്രി ആവശ്യപ്പെട്ടിട്ടല്ല താനെത്തിയതെന്നും, സംഭവം വിവാദമായ സാഹചര്യത്തിൽ ഇത് നേരിട്ട് ചെന്ന് വിശദീകരിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പാൾ ഡോ ടിബി കുലാസ് പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടേറിയേറ്റിൽ മന്ത്രിയുടെ ഓഫീസിൽ വച്ച് കാണാനാണ് മന്ത്രി അനുവാദം നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'അവർ ഇരുവരും തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയിൽ ഞാനുമെന്റെ കുട്ടികളും പെട്ടുപോയതാണ്,' എന്ന് പ്രിൻസിപ്പാൾ പറഞ്ഞു. 'അവർ തമ്മിലുള്ള പ്രശ്‌നത്തിന്റെ ഇടയിൽപെട്ട് കുട്ടികൾ ഭയന്നു,' എന്ന് പറഞ്ഞ കുലാസ്, ബിനീഷാണ് മുഴുവൻ പ്രശ്നങ്ങൾക്കും കാരണമെന്നും ആരോപിച്ചു. 'ബിനീഷ് ആ പ്രോഗ്രാമിന്റെ ഇടയിൽ കയറി അവിടെ കുത്തിയിരുന്നു. 30 സെക്കന്റ് സംസാരിക്കാൻ വേണമെന്ന് പറഞ്ഞു. അതൊക്കെ എല്ലാവരും കണ്ടതാണല്ലോ,' പ്രിൻസിപ്പാൾ പറഞ്ഞു. 'ആദ്യം പരിപാടിയുടെ ചീഫ് ഗസ്റ്റായി നിശ്ചയിച്ചത് ബിനീഷിനെയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ ക്ലാഷ് (തർക്കം) വരാൻ സാധ്യതയുണ്ടെന്ന് മനസിലായപ്പോൾ പരിപാടികളുടെ സമയക്രമം മാറ്റി നിശ്ചയിച്ചു. ഇത് പ്രകാരം അഞ്ചരയ്ക്കാണ് അനിൽ രാധാകൃഷ്ണ മേനോന്റെ പരിപാടി വച്ചത്. ആറ് മണിക്ക് ബിനീഷിന്റെ പരിപാടിയും നിശ്ചയിച്ചു.'

'സമയക്രമം അദ്ദേഹത്തെ (ബിനീഷിനെ) നേരത്തെ അറിയിച്ചതാണ്. എന്നാൽ അദ്ദേഹം എത്തിയപ്പോഴേക്കും ആദ്യത്തെ പരിപാടി അവസാനിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ സ്വീകരിച്ച് എന്റെ മുറിയിലേക്ക് കൊണ്ടുപോകാൻ വിദ്യാർത്ഥികളാണ് ആവശ്യപ്പെട്ടത്. ഞാനദ്ദേഹത്തെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയ സമയത്ത് ബിനീഷ് എന്റെ കൈതട്ടി മാറ്റി സ്റ്റേജിലേക്ക് പോവുകയായിരുന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞ് പോകാമെന്ന് പറഞ്ഞിട്ടും അയാൾ കേട്ടില്ല. പരിപാടി പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമമാണെന്ന് തോന്നിയതുകൊണ്ടാണ് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞത്.' 'വിഷയം മന്ത്രി വിളിച്ചുചോദിക്കും മുൻപ് അദ്ദേഹത്തെ നേരിട്ട് കണ്ട് അറിയിക്കാനാണ് തിരുവനന്തപുരത്തെത്തിയത്. നിയമസഭ നടക്കുന്നതിനാൽ ഉച്ചയ്ക്ക് സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്താനാണ് മന്ത്രി നിർദ്ദേശിച്ചത്,' എന്നും പ്രിൻസിപ്പാൾ പറഞ്ഞു.

കഴിഞ്ഞ ദിവസം പാലക്കാട് സർക്കാർ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകൻ കോളേജ് അധികൃതരെ അറിയിച്ചുവെന്നാണ് ബിനീഷിന്റെ ആരോപണം. ഇതേത്തുടർന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ പരിപാടിക്ക് വൈകിയെത്താൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് വേദി വിട്ടത്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ്, പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തി, ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. കാരണം തിരക്കിയപ്പോഴാണ് മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് പറഞ്ഞതായി ഇവർ നടനോട് പറഞ്ഞത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞയി കോളേജ് ഭാരവാഹികൾ ബിനീഷിനെ അറിയിക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ ആ ആവശ്യം തള്ളിയ ബിനീഷ് പക്ഷേ പിന്മാറാൻ തയ്യാറായില്ല. വേദിയിലെത്തിയ ബിനീഷ് പ്രതിഷേധ സൂചകമായി കസേരയിലിരിക്കാതെ തറയിലിരുന്നു.

നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷിനോട് ഇറങ്ങി വരാനും പൊലീസിനെ വിളിക്കുമെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞത്. അനുനയിപ്പിക്കാൻ ശ്രമിച്ച സംഘാടകരോട് എനിക്ക് ഒരു മുപ്പത് സെക്കന്റ് സംസാരിക്കണം എന്ന് ബിനീഷ് ആവശ്യപ്പെട്ടു. '' ജീവിതത്തിലെ ഏറ്റവും വലിയ ഇൻസൽട്ടിങ് അനുഭവിക്കേണ്ടി വന്ന നിമിഷമാണ് ഇന്ന്. ചെയർമാൻ എന്റെ റൂമിൽ വന്ന് പറഞ്ഞു അനിലേട്ടനാണ് ഗസ്റ്റ് ആയി വന്നതെന്ന്. ഈ സാധാരണക്കാരനായ ഞാൻ ഗസ്റ്റ് ആയിട്ട് വന്നാൽ അനിലേട്ടൻ സ്റ്റേജിൽ കേറൂല, അവനോട് ഇവിടെ വരരുത് എന്ന് അനിലേട്ടൻ പറഞ്ഞെന്ന് അവരെന്നോട് പറഞ്ഞു. അവൻ എന്റെ പടത്തിൽ ചാൻസ് ചോദിച്ച ആളാണ്.

ഞാൻ മേനോനല്ല, നാഷണൽ അവാർഡ് വാങ്ങിച്ച ആളല്ല'' എന്നും ബിനീഷ് പറഞ്ഞു. എനിക്ക് വിദ്യാഭ്യാസമില്ല, അതോണ്ട് ഞാൻ എഴുതിക്കൊണ്ടുവന്നതാണെന്ന് പറഞ്ഞ് അദ്ദേഹം നിറകണ്ണുകളോടെ കയ്യിലുള്ള കുറിപ്പ് വായിച്ചു. കുറിപ്പ് പൂർത്തിയാക്കിയതിന് ശേഷം യാത്ര പറഞ്ഞിറങ്ങുകയും ചെയ്തു. വേദി വിട്ട ബിനീഷിനെ വലിയ കയ്യടികളോടെയാണ് വിദ്യാർത്ഥികൾ യാത്രയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP