Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളർത്തിയും അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്‌പ്പായിരുന്ന വീട്ടിൽ മുറികൾ പടിപടിയായി കൂട്ടിച്ചേർത്തത്; എല്ലാം കൂടി നാലുമുറികൾ തട്ടിക്കൂട്ടി; ഏറ്റവും വലിയ ആഗ്രഹമായിരുന്നു കാലിൽ ചെളി പറ്റാത്ത ഒരു വീട്ടിലേക്ക് അമ്മയെയും കൊണ്ട് കയറണമെന്നത്; ഇനി യാത്ര ആ വഴിക്ക്; ടൈൽസ് പണിക്ക് പോകാൻ ഇനിയും മടിയില്ലാത്ത സിനിമയിലെ ബോഡി ബിൽഡർ ലക്ഷ്യത്തിലേക്ക്; ബിനീഷ് ബാസ്റ്റിൻ എന്ന സൂപ്പർ വില്ലൻ നല്ലൊരു വീടെന്ന സ്വപ്‌നത്തിലേക്ക് നടക്കുമ്പോൾ

ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളർത്തിയും അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്‌പ്പായിരുന്ന വീട്ടിൽ മുറികൾ പടിപടിയായി കൂട്ടിച്ചേർത്തത്; എല്ലാം കൂടി നാലുമുറികൾ തട്ടിക്കൂട്ടി; ഏറ്റവും വലിയ ആഗ്രഹമായിരുന്നു കാലിൽ ചെളി പറ്റാത്ത ഒരു വീട്ടിലേക്ക് അമ്മയെയും കൊണ്ട് കയറണമെന്നത്; ഇനി യാത്ര ആ വഴിക്ക്; ടൈൽസ് പണിക്ക് പോകാൻ ഇനിയും മടിയില്ലാത്ത സിനിമയിലെ ബോഡി ബിൽഡർ ലക്ഷ്യത്തിലേക്ക്; ബിനീഷ് ബാസ്റ്റിൻ എന്ന സൂപ്പർ വില്ലൻ നല്ലൊരു വീടെന്ന സ്വപ്‌നത്തിലേക്ക് നടക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിനീഷ് ബാസ്റ്റിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കാലിൽ ചെളി പറ്റാത്ത ഒരു വീട്ടിലേക്ക് അമ്മയെയും കൊണ്ട് കയറണമെന്നത്. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ് താരം. എന്റെ നാട്ടിൽ ഇനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേ ബാക്കിയുള്ളൂ. പുതിയ വീട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതുവരെ ലോൺ എടുക്കാതെയാണ് ബൈക്കും കാറുമെല്ലാം വാങ്ങിയത്. വീടും ലോൺ എടുക്കാതെ പണിയണം എന്നാണ് ആഗ്രഹം. ലക്ഷ്യത്തിന് അടുത്തെത്തിക്കഴിഞ്ഞു...-ഇതാണ് സോഷ്യൽ മീഡിയയിൽ ബിനീഷ് പറയുന്നത്. രണ്ട് ദിവസം മുമ്പ് താരം പങ്കുവച്ച പോസ്റ്റിന് ആശംസാ പ്രവാഹമാണ്. അങ്ങനെ കൊറോണക്കാലത്ത് ബിനീഷ് ബാസ്റ്റൻ പുതു ചുവടു വയ്ക്കുകയാണ്.

സൂപ്പർതാരമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. സിനിമയില്ലാത്തപ്പോൾ ടൈൽസ് പണിക്ക് പോകും. വീട്ടിലെ കാര്യങ്ങൾ നടക്കണമെങ്കിൽ ജോലിക്ക് പോയേ പറ്റൂ- ഇത് പറയുന്ന നടനാണ് ഇളയ ദളപതി വിജയുടെ സിനിമയിലൂടെ വില്ലനായി തളങ്ങിയ തോപ്പുംപടിക്കാരൻ ബിനീഷ് ബാസ്റ്റിൻ. ചെറിയ ഗുണ്ടയായി വെള്ളിത്തിരയിൽ ജീവിതം തുടങ്ങിയ ബിനീഷ് ബാസ്റ്റിൻ ഇന്ന് അറിയപ്പെടുന്ന വലിയ ഗുണ്ടയാണ്. എന്നിട്ടും ജീവിത പ്രാരാബ്ദങ്ങൾ തീരുന്നില്ല. ഇത് തന്നെയാണ് വീട്ടിലെ വിശേഷത്തിലും നിറയുന്നത്. ഇതിന് മാറ്റം വരുത്താൻ ഒരുങ്ങുകയാണ് താരം.

പത്താം ക്ലാസിൽ തോറ്റ്, ജീവിക്കാൻ വേണ്ടി ടൈൽസ് പണിക്കിറങ്ങി ഒടുവിൽ സിനിമയിലെത്തിയ ബിനീഷ് ബാസ്റ്റിന്റെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണ്. കൊച്ചി തോപ്പുംപടിയിലാണ് ബിനീഷ് ബാസ്റ്റിന്റെ വീട്. അച്ഛൻ സെബാസ്റ്റ്യൻ. അമ്മ മരിയ. അച്ഛന് സ്വർണപ്പണിയായിരുന്നു ജോലി. പിന്നീട് മത്സ്യബന്ധനത്തിലേക്ക് തിരിച്ചു. എട്ടുവർഷം മുമ്പ് അച്ഛൻ മരിച്ചു. അമ്മക്ക് ബീഡി തെറുപ്പായിരുന്നു ജോലി. രണ്ടര സെന്റിലുള്ള പഴക്കമുള്ള ഓടിട്ട വീട്ടിലാണ് ബിനീഷ് ബാസ്റ്റിനും അമ്മയും താമസിക്കുന്നത്. സഹോദരങ്ങൾ എല്ലാം മാറിത്താമസിച്ചപ്പോൾ അമ്മയും ബാസ്റ്റിനും ഒറ്റക്കായി. സിനിമ ബിനീഷിന്റെ വലിയ സ്വപ്നമൊന്നുമായിരുന്നില്ല. അവിചാരിതമായി എത്തിപ്പെട്ടതാണ്. ബിനീഷിന്റെ കട്ടത്താടിയാണ് സിനിമാക്കാർക്ക് പിടിച്ചത്.

കൊച്ചി തോപ്പുംപടിയിലാണ് വീട്. അച്ഛൻ സെബാസ്റ്റ്യൻ, അമ്മ മരിയ. ഞങ്ങൾ നാലു മക്കൾ. ഇതായിരുന്നു കുടുംബം. കഷ്ടപ്പാടുകളും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. 10 സെന്റിൽ ഏകദേശം 40 വർഷത്തോളം പഴക്കമുള്ള വീടായിരുന്നു ബിനീഷിന്റെത്. ചതുപ്പു പ്രദേശമായതിനാൽ എല്ലാ വർഷവും മഴക്കാലത്ത് വീടിനകത്ത് വെള്ളം കയറും. വീട് നിറയെ ചെളി അവശേഷിപ്പിച്ചാണ് ഓരോ മഴക്കാലവും കടന്നുപോവുക. അന്നൊന്നും വീട്ടിൽ കറന്റ് കണക്ഷൻ പോലുമില്ല. രാത്രിയാകുമ്പോൾ കട്ടിലിൽ പിടിച്ചു കിടന്നില്ലെങ്കിൽ കൊതുക് കൊത്തിപ്പറക്കുമെന്ന സ്ഥിതിയായിരുന്നു. ഈ വീട്ടിൽ നിന്നാണ് മാറ്റത്തിന് ബിനിഷ് തയ്യാറെടുക്കുന്നത്.

തെരിയെന്ന വിജയ് സിനിമ റിലീസ് ചെയ്യുന്നതു വരെ ബിനീഷ് ടൈൽസ് പണിക്ക് പോയിരുന്നു. ടൈൽസ് പണിക്കിടെയാണ് അഭിനയിക്കാനുള്ള വിളി വന്നത്. ഉടനെ ജോലി മതിയാക്കി സെറ്റിലെത്തി. പന്നെ സംഭവിച്ചതെല്ലാം അൽഭുതം. വിജയ് അവതരിപ്പിക്കുന്ന ജോസഫ് കുരുവിള എന്ന കഥാപാത്രത്തിന്റെ കേരളത്തിലുള്ള സീനിലെ വില്ലനായിട്ടാണ് ബിനീഷ് തകർത്ത് അഭിനയിച്ചത്. തെരിയുടെ വിജയത്തിന് ശേഷം സിനിമയിൽ തിരക്ക് കൂടി. ഇതോടെ ടൈൽ പണിയും തൽകാലത്തേക്ക് നിന്നു. പക്ഷേ സിനിമയിൽ ഇടവേളയുണ്ടായാൽ ബിനീഷ് ബാസ്റ്റിന് വീണ്ടും പഴയ പണിയിലേക്ക് പോകാൻ ഒരു മടിയുമില്ല. ഇതാണ് ബിനീഷിനെ മറ്റ് നടന്മാരിൽ വ്യത്യസ്തമാക്കുന്നത്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ ഇടികൊണ്ടിട്ടുണ്ടെങ്കിലും വിജയുടെ ഇടികൊണ്ടപ്പോഴാണ് ബിനീഷിന്റെ ഭാഗ്യം തെളിഞ്ഞത്. തെരിയിൽ അഭിനയിക്കുന്നതുവരെ സിനിമ മുഴുവൻസമയമാക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. ജീവിതസാഹചര്യംതന്നെ കാരണം. സിനിമയിൽനിന്ന് സ്ഥിരംവരുമാനമില്ലാത്തതിനാൽ ടൈൽസ് ജോലിചെയ്താണ് ജീവിച്ചത്. പണിക്കിടയിലായിരിക്കും ഷൂട്ടിങ്ങിന് വിളിക്കുക. ഒരു മണിക്കൂറിൽ എത്തണമെന്നായിരിക്കും നിർദ്ദേശം. പണി പാതിവഴിയിലിട്ട് പോകേണ്ടിവന്നിട്ടുണ്ട്. കൂടെയുള്ള പണിക്കാരുടെ സഹകരണംകൊണ്ടാണ് ഇതിന് സാധിച്ചത്. ഇപ്പോഴും ടൈൽസ് പണി ഏറ്റെടുത്ത് പണിക്കാരെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. സാമ്പത്തികബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്-ബിനീഷിന്റെ കുറച്ച് കാലം മുമ്പ് പ്രതികരണം ഇങ്ങനെയായിരുന്നു

ബോഡി ബിൽഡിംഗിന് പോയപ്പോൾ സമ്മാനമായി ലഭിച്ചതാണ് ബിനീഷിന് സിനിമ. 2005ൽ മിസ്റ്റർ എറണാകുളം ആകുന്നവർക്ക് റാഫി മെക്കാർട്ടിന്റെ പാണ്ടിപ്പട എന്ന സിനിമയിൽ അഭിനയിക്കാൻ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് ബാസ്റ്റിന്റെ കടന്നുവരവ്. ദിലീപ് നായകനായ പാണ്ടിപ്പടയിലൂടെയായിരുന്നു ബിനീഷിന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. തുടർന്ന് പോക്കിരിരാജ, പാസഞ്ചർ, അണ്ണൻതമ്പി, എയ്ഞ്ചൽ ജോൺ, ഹോളിവുഡ് ചിത്രമായ ഡാം 999 തുടങ്ങി 80 ഓളം ചിത്രങ്ങളിൽ ഗുണ്ടയായി അഭിനയിച്ചു. ഈ സിനിമകളിലെല്ലാം പേരില്ലാത്ത ഗുണ്ടയായാണ് ബാസ്റ്റിൻ അഭിനയിച്ചിരുന്നത്.

പൃഥിരാജ് നായകനായ പാവാട മുതൽ അറിയപ്പെടുന്ന വേഷങ്ങളിൽ ബിനീഷ് അഭിനയിക്കാൻ തുടങ്ങി. നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിലൂടെ മട്ടാഞ്ചേരി മാർട്ടിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. തെരിയിൽ ഒരു മലയാളി വില്ലനെ സംവിധായകൻ ആറ്റ്ലി തേടുന്നുണ്ടായിരുന്നു. ഒട്ടേറെപേരുടെ ഫോട്ടോകൾ കണ്ടെങ്കിലും പറ്റിയ ആളെ കണ്ടില്ല. ചെന്നൈയിലെ സ്‌ക്രീൻ ടച്ച് എന്ന ഏജൻസിവഴി ലഭിച്ച ഫോട്ടോ കണ്ടാണ് ബാസ്റ്റിനെ വില്ലനാകാൻ സിനിമയിലേക്ക് വിളിച്ചത്. മോഹൻലാലിനൊപ്പം അഭിനയിച്ച എയ്ഞ്ചൽ ജോണിന്റെയും കാട്ടുമാക്കാൻ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോയും കണ്ട് സംവിധായകൻ വില്ലനായി നിശ്ചയിക്കുകയായിരുന്നു. ഇളയദളപതി വിജയിനോടൊപ്പമുള്ള അഭിനയം ബാസ്റ്റിന്റെ ജീവിതത്തിന് പുതിയ പ്രതീക്ഷയായി.

തേരി ഹിറ്റായതോടെ സിനിമക്ക് പുറമെ, ഉദ്ഘാടന ചടങ്ങുകൾക്കും ക്ഷണം ലഭിച്ചു തുടങ്ങി. പ്രളയകാലത്തും പെരുമഴയിലും ബിനീഷിന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടിൽ വെള്ളം കയറിയ വീഡിയോയും ബിനീഷ് ബാസ്റ്റിൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. വീട് നിർമ്മിച്ച് നൽകാമെന്ന് പലരും വാഗ്ദാനം ചെയ്‌തെങ്കിലും ബിനീഷ് നിരസിച്ചു. വീട് നിർമ്മിക്കാൻ പണം സമ്പാദിക്കാനുള്ള ആരോഗ്യം തനിക്കുണ്ടെന്നും അതുകൊണ്ടാണ് നിരസിക്കുന്നതെന്നുമുള്ള ബിനീഷിന്റെ വാക്കുകളും വൈറലായി. അമ്മയാണ് ചെറുപ്പം മുതൽ കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തി വലുതാക്കിയത്. ബീഡി തെറുപ്പായിരുന്നു അമ്മയുടെ ജോലി. സ്‌കൂൾ കാലത്തുതന്നെ ഞാൻ ചേട്ടന്മാരോടൊപ്പം വീടുപണികൾക്ക് സഹായിയായി പോകുമായിരുന്നു. പെയിന്റിങ്, ഓടുമേയൽ, പിന്നെ ടൈൽസ് പണിയാണ് പ്രധാനം. പത്താം ക്ളാസ് തോറ്റപ്പോഴേക്കും അത് പിന്നെ സ്ഥിരം പണിയാക്കി. സഹോദരങ്ങൾ വിവാഹിതരായതോടെ ഓരോരുത്തരും ഭാഗം പറ്റി പിരിഞ്ഞു. ബാക്കിയുള്ള രണ്ടര സെന്റും വീടുമാണ് എനിക്ക് ലഭിച്ചത്. അവിടെയാണ് ഇപ്പോഴും ഞാനും അമ്മയും താമസിക്കുന്നത്-ബിനീഷ് ജീവതം പറയുന്നത് ഇങ്ങനെയാണ്.

ഞങ്ങളുടെ പ്രദേശത്ത് അതിനുശേഷം നിർമ്മിച്ച പലവീടുകളും രണ്ടുംമൂന്നും വട്ടം പൊളിച്ചു പണിതിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ വീട് ഇപ്പോഴും അതേപടി നിലനിൽക്കുന്നു. കാരണം സാമ്പത്തികമാണ് കേട്ടോ. ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളർത്തിയുമൊക്കെ അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്‌പ്പായിരുന്ന വീട്ടിൽ മുറികൾ പടിപടിയായി കൂട്ടിച്ചേർത്തത്. ഇപ്പോൾ എല്ലാം കൂടി നാലുമുറികൾ തട്ടിക്കൂട്ടിയിട്ടുണ്ട്. എല്ലാവർഷവും വീട്ടിൽ ചെറുതായി വെള്ളം കയറുമെങ്കിലും കഴിഞ്ഞ വർഷം വാതിൽപ്പിടി ഉയരത്തിൽ വെള്ളം കയറി. അത് വാർത്തയായപ്പോഴാണ് എന്റെ വീടിന്റെ അവസ്ഥ പുറത്തുള്ളവർ അറിയുന്നത്. പുതിയ വീട് നിർമ്മിച്ചു തരാം എന്നതടക്കം നിരവധി സഹായവാഗ്ദാനങ്ങൾ അതിനുശേഷം ലഭിച്ചു. പക്ഷേ ഞാൻ അതെല്ലാം സ്‌നേഹപൂർവ്വം നിരസിച്ചു. എനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യമുണ്ട്. എന്റെ സ്വന്തം വീട് എന്റെ വിയർപ്പ് കൊണ്ടുതന്നെ സാക്ഷാത്കരിക്കണം, അല്ലെങ്കിൽ അതിൽ കിടക്കുമ്പോൾ ഉറക്കം വരില്ല-ഇതായിരുന്നു താരത്തിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP