Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിന്ദുവും കനക ദുർഗയും ശബരിമലയിൽ എത്തിയത് സർക്കാരിന്റെ അറിവോടെ തന്നെ; നാല് പൊലീസുകാർ പമ്പ മുതൽ സിവിൽ വേഷത്തിൽ സുരക്ഷ ഒരുക്കി; പ്രതിഷേധക്കാരിൽ നിന്നും ഒഴിവാക്കാനാണ് വിഐപി ഗേറ്റിലൂടെ യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയത്; പത്തനംതിട്ട എസ് പി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെട്ടത് ആചാരലംഘനത്തിന് ഒരുക്കിയ ആസൂത്രിത പൊലീസ് തിരക്കഥ; ഹൈക്കോടതി നിരീക്ഷക സമിതിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും സത്യവാങ്മൂലം

ബിന്ദുവും കനക ദുർഗയും ശബരിമലയിൽ എത്തിയത് സർക്കാരിന്റെ അറിവോടെ തന്നെ; നാല് പൊലീസുകാർ പമ്പ മുതൽ സിവിൽ വേഷത്തിൽ സുരക്ഷ ഒരുക്കി; പ്രതിഷേധക്കാരിൽ നിന്നും ഒഴിവാക്കാനാണ് വിഐപി ഗേറ്റിലൂടെ യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയത്; പത്തനംതിട്ട എസ് പി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെട്ടത് ആചാരലംഘനത്തിന് ഒരുക്കിയ ആസൂത്രിത പൊലീസ് തിരക്കഥ; ഹൈക്കോടതി നിരീക്ഷക സമിതിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും സത്യവാങ്മൂലം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ ആചാരലംഘനത്തിന് മുൻകൈ എടുത്തത് പൊലീസും സർക്കാറും തന്നെയാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം. പത്തിനംതിട്ട എസ്‌പി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ശബരിമലയിലെ യുവതീപ്രവേശനം സർക്കാറിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കിയത്. പൊലീസ് എങ്ങനെയാണ് യുവതികളെ സന്നിധാനത്ത് എത്തിക്കാൻ തിരക്കഥ ഒരുക്കിയതെന്ന് വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം.

കനകദുർഗ്ഗയ്ക്കും ബിന്ദുവിനും പമ്പയിൽനിന്നു സന്നിധാനത്തേക്കു നാല് പൊലീസുകാർ സുരക്ഷ നൽകിയെന്നും പത്തനംതിട്ട എസ് പി നൽകിയ സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു. പ്രതിഷേധക്കാർ തിരിച്ചറിയാതിരിക്കാനാണ് സിവിൽ വേഷത്തിൽ പൊലീസുകാർ പോയത്. ദർശനത്തിനെത്തിയ യുവതികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടിയാണ് സിവിൽ വേഷം ധരിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു.

അതേസമയം ഹൈക്കോടതി നിരീക്ഷക സമിതിയോട് അനാദരവ് കാണിച്ചിട്ടില്ല എന്നും സത്യവാങ്മൂലം വിശദമാക്കുന്നു. പത്തനംതിട്ട എസ് പി സന്നിധാനത്തെത്തി നിരീക്ഷക സമിതിയെ കാണാതിരുന്നത് തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാനുള്ള ചുമതല ഉണ്ടായതിനാലാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വിഐപി ഗേറ്റിലൂടെ യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയത് പ്രതിഷേധക്കാരിൽ നിന്ന് ഒഴിവാക്കി നിർത്താനൊന്നും എസ് പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനു പിന്നിൽ സർക്കാരിനോ പൊലീസിനോ രഹസ്യ അജണ്ടയില്ലെന്നും, സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പരസ്യ അജണ്ടയാണ് ഉള്ളതെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതികളുടെ ദർശനത്തിൽ മറ്റേതെങ്കിലും ഏജൻസികൾക്കു പങ്കുണ്ടോ എന്നത് ബാഹ്യ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണോ എന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. അത്തരം വിവരം സർക്കാരിനോ പൊലീസിനോ ലഭിച്ചിട്ടില്ല. സുപ്രീം കോടതി വിധിയനുസരിച്ചുള്ള അവകാശം വിനിയോഗിച്ചതിനപ്പുറം ഒരുതരത്തിലും നിയമവിരുദ്ധ പ്രവർത്തനം നടത്താത്ത യുവതികളെക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചു.

യുവതീപ്രവേശനം തടയാൻ ഏതുവിധ നിയമവിരുദ്ധ പ്രവർത്തനവും നടത്താൻ പ്രമുഖ പാർട്ടിക്കും അനുഭാവികൾക്കും രഹസ്യ അജണ്ടയുണ്ട്. ദർശനം നടത്തിയ യുവതികൾ ഭക്തരാണോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സർക്കാരിനോ പൊലീസിനോ മറിച്ചൊരു വിവരം ലഭിച്ചിട്ടില്ലെന്നും റവന്യൂ- ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ശബരിമലയിൽ എല്ലാവരും യഥാർത്ഥ ഭക്തരാണോ എന്നു കണ്ടെത്തുക പ്രായോഗികമല്ല. ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷ ഉറപ്പാക്കി മാത്രമേ പൊലീസിന് ഇടപെടാനാവൂ. ശബരിമല കർമ്മ സമിതി, ആചാര സംരക്ഷണ സമിതി എന്നീ സംഘടനകളും ഒരു രാഷ്ട്രീയ പാർട്ടിയും രാഷ്ട്രീയ ലക്ഷ്യത്തിനായി മനഃപൂർവം സൃഷ്ടിച്ച പ്രശ്‌നങ്ങളാണ് ശബരിമലയിൽ ഉണ്ടായതെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP