Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് അവാർഡ് നിശകളിലൊക്കെ ഡിസൈനറായി തളിങ്ങി; നവോമി വാട്‌സ്, ലിസാ ഹെയ്ഡൻ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയുള്ള ഉദ്ഘാടനങ്ങൾ; അനധികൃത ഇടപാടുകൾ വഴി ശതകോടികൾ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പും; ബയേഴ്സ് ക്രെഡിറ്റും ജാമ്യച്ചീട്ടും മറയാക്കി കീശയിലാക്കിയത് ശതകോടികളും; ഒരു കട വിറ്റാൽ എല്ലാ ബാധ്യതയും തീരുമെന്ന വീമ്പു പറച്ചിരും; പഞ്ചാബ് നാഷണൽ ബാങ്കിനെ നീരവ് മോദി വഞ്ചിച്ചത് ഇങ്ങനെ

ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് അവാർഡ് നിശകളിലൊക്കെ ഡിസൈനറായി തളിങ്ങി; നവോമി വാട്‌സ്, ലിസാ ഹെയ്ഡൻ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയുള്ള ഉദ്ഘാടനങ്ങൾ; അനധികൃത ഇടപാടുകൾ വഴി ശതകോടികൾ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പും; ബയേഴ്സ് ക്രെഡിറ്റും ജാമ്യച്ചീട്ടും മറയാക്കി കീശയിലാക്കിയത് ശതകോടികളും; ഒരു കട വിറ്റാൽ എല്ലാ ബാധ്യതയും തീരുമെന്ന വീമ്പു പറച്ചിരും; പഞ്ചാബ് നാഷണൽ ബാങ്കിനെ നീരവ് മോദി വഞ്ചിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) അതിസമ്പന്ന വജ്രവ്യാപാരി നീരവ് മോദി ഉൾപ്പെട്ട 11,346 കോടി രൂപയുടെ തട്ടിപ്പിന്റെ കഥ പുറത്തുവന്നത് ഇന്ത്യൻ ഓഹരി വിപണിയെ പോലും ബാധിച്ചു. തട്ടിപ്പുവിവരം പുറത്തുവന്നതിനു പിന്നാലെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ഓഹരിവില 160 രൂപയിൽ നിന്ന് 9.81% ഇടിഞ്ഞു 145.80 രൂപയായി. നാഷനൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വില 10.29 ശതമാനത്തോളം ഇടിഞ്ഞു 145.20 രൂപയായി. വായ്പബാധ്യത സംബന്ധിച്ചു പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചതോടെ മറ്റു പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളും 8% വരെ ഇടിവു രേഖപ്പെടുത്തി.

 പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിൽ 11,334.4 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. മുംബൈ ഫോർട്ടിലെ വീർനരിമാൻ റോഡ് ബ്രാഡിഹൗസ് ശാഖയിലാണ് തട്ടിപ്പുനടന്നത്. ഇന്ത്യൻ ബാങ്കിങ് രംഗത്തെ ഏറ്റവുംവലിയ തട്ടിപ്പാണിതെന്ന് വിലയിരുത്തപ്പെടുന്നു. അനധികൃത ഇടപാടുകൾവഴി ശതകോടികൾ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചില ഇടപാടുകാർ ക്രമവിരുദ്ധമായി പണം പിൻവലിച്ചെന്നാണ് സിബിഐ. പറയുന്നത്. തട്ടിപ്പിന്റെ ആഴം ഇനിയും കൂടിയേക്കാം. ബാങ്കിന്റെ പരാതിയിൽ സിബിഐ.യും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ശാഖാ ഡെപ്യൂട്ടി മാനേജരടക്കം പത്ത് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

Stories you may Like

കോടീശ്വരനായ രത്നവ്യാപാരി നീരവ് മോദി, സഹോദരൻ നിരാൽ മോദി, ഭാര്യ അമി നീരവ് മോദി, കൂട്ടാളി മേഹുൽ ചിനുബായി ചോക്സി എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് ബ്രാഡിഹൗസ് ശാഖയിലെ ഗോകുൽനാഥ് ഷെട്ടി, മനോജ് ഖരാത് എന്നീ ജീവനക്കാരുടെ സഹായത്തോടെ പണം കൈമാറിയിരിക്കുന്നത്. ഈ പണം വിദേശത്ത് പിൻവലിച്ചതായും വ്യക്തമായി. നീരവ് മോദിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമാണ് തട്ടിപ്പിനുപിന്നിലെന്ന് കേന്ദ്ര ബാങ്കിങ് സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു. 2011 മുതലാണ് തട്ടിപ്പുനടന്നിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മറ്റു ബാങ്കുകളോടും നിഷ്‌ക്രിയ ആസ്തികൾ കണ്ടെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ ഇത് നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ജോയന്റ് സെക്രട്ടറി ലോക്രാജനും അറിയിച്ചു.

രത്നവ്യാപാരിയായ നീരവ് മോദി, ഭാര്യ അമി, സഹോദരൻ നിരാൽ, വ്യവസായ പങ്കാളി മെഹുൽ ചോസ്‌കി എന്നിവരുടെ പേരിൽ സിബിഐ. കഴിഞ്ഞയാഴ്ച കേസെടുത്തു. ബാങ്കിലെ ജീവനക്കാർക്കൊപ്പം ചേർന്ന് 280.7 കോടി രൂപ തട്ടിയെടുത്തെന്ന പി.എൻ.ബി.യുടെ പരാതിയിലാണ് നടപടി. തുടർന്നുനടത്തിയ പരിശോധനയിലാണ് കൂടുതൽ തുകയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായത്. നീരവ് മോദി, ബാങ്കുകൾക്ക് എഴുതിയ കത്തിൽ തന്റെ ജൂവലറിയായ ഫയർസ്റ്റാർ ഡയമണ്ട്‌സ് വിൽക്കാൻ ശ്രമിക്കുകയാണെന്നും അതു നടന്നാൽ എല്ലാ ബാങ്കുകളുടെയും കടം വീട്ടിത്തീർക്കുമെന്നും പറയുന്നു. ഫയർ സ്റ്റാർ ഡയമണ്ട്‌സിന് 6435 കോടി രൂപ മതിപ്പുവിലയുണ്ട്. വിൽപന പൂർത്തിയാക്കാൻ മൂന്നു മുതൽ ആറുമാസം വരെ സമയം വേണമെന്നും കത്തിൽ പറയുന്നു. ഇതിനായുള്ള കാത്തിരിപ്പിനിടെയാണ് തട്ടിപ്പ് പുറത്ത് എത്തിയത്. ഇതോടെ നീരവ് മോദി വിവാദത്തിലുമായി. ഇതിനിടെയിലും കടം തീർത്ത് നിയമനടപടി ഒഴിവാക്കാനുള്ള ശ്രമമാകും നീരവ് മോദി നടത്തുക.

നീരവ് മോദി, ഭാര്യ അമി മോദി, സഹോദരൻ നിശാൽ മോദി, പങ്കാളി മെഹുൽ ചോക്‌സി എന്നിവർ ഡയമണ്ട്‌സ് ആർയുഎസ്, സോളാർ എക്‌സ്പോർട്സ്, സ്റ്റെല്ലാർ ഡയമണ്ട്‌സ്, ഗീതാഞ്ജലി ജെംസ് എന്നിവയുടെ പേരിലെടുത്തതാണ് ഈ വായ്പകളെല്ലാം. നീരവ് മോദിക്കു ന്യൂയോർക്ക്, ലണ്ടൻ, ബെയ്ജിങ്, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലടക്കം പല പ്രമുഖ നഗരങ്ങളിലും ഷോറൂമുകളുണ്ട്. ഇതിൽ ഹോങ്കോങ് ശാഖയുമായി ബന്ധപ്പെട്ടാണു മറ്റു മൂന്നു ബാങ്കുകളും വായ്പ നൽകിയത്. ഈ ബാങ്കുകളുടെ വായ്പ പിഎൻബി അംഗീകരിക്കാതെ വന്നതോടെയാണു തിരിമറി പുറത്തായത്. പിഎൻബിക്കു വജ്ര, സ്വർണ വ്യാപാരമേഖലയുമായി പല നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഏതാനും വർഷംമുൻപു വിൻസം ഡയമണ്ട് എന്ന സ്ഥാപനത്തിനു വായ്പ നൽകിയ ഇനത്തിൽ 5000 കോടി രൂപയോളം ബാങ്കിനു കിട്ടാക്കടമുണ്ട്.

ആഭരണ വ്യാപാരിയും ഡിസൈനറുമായി തിളങ്ങിയ മോദി

ഇതിന് പിന്നാലെ ആരാണ് നീരവ് മോദി എന്നതിലേക്കായി ചർച്ചകൾ. 'നിരവ് മോദി ചെയ്ൻ ഓഫ് ഓഫ് ഡയമണ്ട് ജ്യൂവലറിയുടെ 'സ്ഥാപകനും ക്രിയേറ്റീവ് ഡയറക്ടറുമാണ് ഇദ്ദേഹം. നാൽപത്തിയേഴുകാരനായ നീരവിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും സ്ഥാപനങ്ങളുണ്ട്. അറിയപ്പെടുന്ന ആഭരണവ്യാപാരിയും ഡിസൈനറുമാണ് ഇദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കി വളർന്ന ബിസിനസുകാരൻ.

ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് അവാർഡ് നിശകളിലൊക്കെ നീരവിന്റെ ആഭരണങ്ങൾ അണിഞ്ഞ പ്രമുഖരിൽ താരാജി പി. ഹെൻസൺ, ഡകോട്ട ജോൺസൺ തുടങ്ങിയവർ ഉൾപ്പെടും,.പ്രിയങ്ക ചോപ്രയാണ് നിരവ് ജൂവലേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡർ. 2016ൽ ന്യൂയോർക്കിൽ നിരവ് തുടങ്ങിയ സ്റ്റോറിന്റെ ഉദ്ഘാടനത്തിന് നവോമി വാട്‌സ്, ലിസാ ഹെയ്ഡൻ തുടങ്ങിയ പ്രമുഖർപങ്കെടുത്തിരുന്നു. നീരവിന്റെ പ്രശസ്തിക്ക് തെളിവാണ് ഈ സൗഹൃദ കരുത്ത്.

ബെൽജിയത്തിലെ ആൻഡ്വെർപ് നഗരത്തിലെ ജനവും കുട്ടിക്കാലവും നീരവിൽ വജ്രവ്യാപാരത്തിലെ താൽപര്യം വളർത്തിയിരുന്നു. വജ്രത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരമാണ് ആൻഡ്വെർപ്. തുടർന്ന് അമേരിക്കയിലെ പെൻസിൽവേനിയയിലുള്ള വാർട്ടൻ സ്‌കൂളിലെ വിദ്യാഭ്യാസം ഇടയ്ക്കു വച്ച് ഉപേക്ഷിച്ച് വജ്രവ്യാപാരത്തിലിറങ്ങി. മുംബൈ കേന്ദ്രമാക്കി ഫയർസ്റ്റാർ ഇന്റർനാഷനൽ എന്ന സ്ഥാപനം നീരവ് തുടങ്ങിയിരുന്നു . 2014ൽ ആദ്യത്തെ പ്രമുഖ സ്റ്റോർ ഡൽഹിയിൽ തുടങ്ങി.ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ ചൈന മുതൽവടക്കൻ അമേരിക്ക വരെ മൂന്നു ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.

പുറത്തു വരുന്നത് കൂടുതൽ തട്ടിപ്പുകൾ

പഞ്ചാബ് നാഷനൽ ബാങ്കിലെ തിരിമറിയിൽ മറ്റു മൂന്നു ബാങ്കുകൾ കൂടി ഉൾപ്പെട്ടതായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു വിവരം ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ വിദേശ ശാഖകളാണ് ഇതിൽ പെട്ടിരിക്കുന്നത്. പിഎൻബി മറ്റു ബാങ്കുകൾക്കു നൽകിയ ലെറ്റർ ഓഫ് അണ്ടർസ്റ്റാൻഡിങ് (എൽഒയു) അനുസരിച്ചു നീരവ് മോദിക്കു വായ്പ അനുവദിച്ചതാണു യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അല്ലഹാബാദ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയെ ഇതിൽ കുടുക്കിയത്. ഒരു ബാങ്കിന്റെ എംഎൽയു വിശ്വാസ്യതയുടെ തെളിവാണ്. സ്വാഭാവികമായും മറ്റു ബാങ്കുകൾ അതനുസരിച്ചു വായ്പ അനുവദിക്കും. 2010 മുതൽ നീരവ് മോദിയും കുടുംബവും വ്യവസായ പങ്കാളികളും എൽഒയു ഉപയോഗിച്ചു മറ്റു ബാങ്കുകളിൽ നിന്നു വായ്പകൾ എടുക്കുകയും അവ കൃത്യമായി അടച്ചുതീർക്കുകയും ചെയ്തിരുന്നു.

ബാങ്ക് ഓഫ് ബറോഡയുടെ ന്യൂഡൽഹിയിലെ അശോക് വിഹാർ ശാഖ വഴി ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് 6,172 കോടി രൂപ 2014 ജൂലൈ മുതൽ 2015 ഒക്ടോബർ വരെ കടത്തിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പേരുകളിൽ, വ്യാജരേഖകളുടെ സഹായത്തോടെ തുറന്ന 59 കറന്റ് അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഹോങ്കോങ്, ദുബായ് എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയത്. വിദേശനാണ്യ വിനിമയ നിയമത്തിലെ പഴുതുകളും ഇതിന് ഉപയോഗിച്ചു. ഒരു ലക്ഷം ഡോളറിലധികം വരുന്ന വിദേശനാണ്യ വിനിമയം കണ്ടെത്തുന്ന സോഫ്റ്റ്‌വെയർ സംവിധാനം നിലവിലുള്ളതിനാൽ, ഇതിനു താഴെയുള്ള തുകയുടെ ഇടപാടുകളാണ് നടത്തിയത്.

ഹോങ്കോങ്ങിൽനിന്നു അരിയും കശുവണ്ടിയും ഇറക്കുമതി ചെയ്യാനെന്ന വ്യാജേന കോടിക്കണക്കിനു രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. എന്നാൽ ഈ കമ്പനികൾ പേരിനു പോലും ഇറക്കുമതിയൊന്നും നടത്തിയില്ല. പ്രതിപ്പട്ടികയിലുള്ള ഗൂഢസംഘത്തിലെ ചെറിയ കണ്ണികൾ പോലും ഒരുവർഷം നീണ്ട ഇടപാടിലൂടെ 2540 ലക്ഷം രൂപ സമ്പാദിച്ചതായി സിബിഐ കണ്ടെത്തി. ബാങ്ക് ഓഫ് ബറോഡ അഡീഷനൽ ജനറൽ മാനേജർ എസ്.കെ.ഗാർഗ്, വിദേശനാണ്യ വിനിമയ വിഭാഗം മേധാവി ജെയ്‌നിഷ് ദുബെ എന്നിവർ സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്.

ബയേഴ്സ് ക്രെഡിറ്റും ജാമ്യച്ചീട്ടും-തട്ടിപ്പിന്റെ വഴി ഇങ്ങനെ

നീരവ് മോദിയുടെയും പങ്കാളികളുടെയും പേരിലുള്ള ഡയമണ്ട് ആർ യു, സോളാർ എക്സ്പോർട്സ്, സ്റ്റെല്ലാർ ഡയമണ്ട്സ് എന്നീ കമ്പനികൾക്ക് വിദേശത്തുനിന്ന് ഇറക്കുമതിക്കായി ഹ്രസ്വകാല വായ്പ (ബയേഴ്സ് ക്രെഡിറ്റ്) ലഭിക്കാൻ ജാമ്യച്ചീട്ട് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പുനടന്നത്. ജനുവരി 16-ന് ജാമ്യച്ചീട്ട് ലഭ്യമാക്കാനാവശ്യപ്പെട്ട് നീരവ് ബാങ്കിനെ സമീപിച്ചു. ജാമ്യച്ചീട്ട് നൽകാൻ ബാങ്കുദ്യോഗസ്ഥർ 100 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടതായി ബാങ്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ സമയം, ഇതേ സൗകര്യം മുൻപ് ലഭിച്ചിരുന്നതായി നീരവ് വെളിപ്പെടുത്തി. എന്നാൽ, ശാഖയിലെ രേഖകൾ പരിശോധിച്ചപ്പോൾ ഈ സ്ഥാപനങ്ങൾക്ക് മുൻപ് ജാമ്യച്ചീട്ട് നൽകിയതായി കണ്ടെത്താനായില്ല.

2010 മാർച്ച് 31 മുതൽ ഈ ശാഖയിൽ ഡെപ്യൂട്ടി മാനേജരായുള്ള ഗോകുൽനാഥ് ഷെട്ടി, മറ്റൊരു ജീവനക്കാരൻ മനോജ് ഖരാത്തുമായി ചേർന്ന് നീരവിന് ജാമ്യച്ചീട്ട് നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകൾ കണ്ടെത്താതിരിക്കാൻ ബാങ്കിന്റെ രേഖകളിൽ ഇത് ചേർത്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു. മറ്റ് മൂന്ന് ബാങ്കുകൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് സൂചനയുണ്ട്. പി.എൻ.ബി.യുടെ ജാമ്യച്ചീട്ടിന്റെ അടിസ്ഥാനത്തിൽ ഈ മൂന്ന് ബാങ്കുകളും നീരവ് മോദിയുടെ കമ്പനികൾക്ക് വായ്പ നൽകാമെന്ന് വാഗ്ദാനംചെയ്തിരുന്നു. ഈ ബാങ്കുകളുടെ വിദേശത്തുള്ള ശാഖകൾ നീരവ് മോദിയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഷോറൂമുകൾക്ക് വൻ വായ്പകൾ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

വിദേശത്തുള്ള ബാങ്ക് ശാഖകളിൽനിന്നും സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നും ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയാണ് ബയേഴ്സ് ക്രെഡിറ്റ്. ഇറക്കുമതിചെയ്യുന്ന ആളുടെ ബാങ്ക് നൽകുന്ന ജാമ്യച്ചീട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വായ്പ ലഭിക്കുക. ഇറക്കുമതി ചെയ്യുന്നവർക്ക് കുറഞ്ഞചെലവിൽ വിദേശഫണ്ട് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP