Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നത്തെ ലോകത്തിൽ മുറിവുണക്കാൻ പണത്തിനു വലിയ ശേഷിയുണ്ട്; എല്ലാ മുറിവുമുണക്കാൻ അതിനു സാധിക്കുമോയെന്നു ഞങ്ങൾക്കറിയില്ല; അതല്ലാതെ എന്താണ് ബിൽക്കീസിനായി ഞങ്ങൾക്കു ചെയ്യാനാവുക എന്ന് സുപ്രീം കോടതി; ബാനുവിന് 50 ലക്ഷവും ജോലിയും വീടും നൽകാൻ കോടതി ഉത്തരവ്; ഗുജറാത്ത് കാലപാത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് നീതി നേടിയത് ലോകം കണ്ട വലിയ പോരാട്ടങ്ങൾക്കൊടുവിൽ

ഇന്നത്തെ ലോകത്തിൽ മുറിവുണക്കാൻ പണത്തിനു വലിയ ശേഷിയുണ്ട്; എല്ലാ മുറിവുമുണക്കാൻ അതിനു സാധിക്കുമോയെന്നു ഞങ്ങൾക്കറിയില്ല; അതല്ലാതെ എന്താണ് ബിൽക്കീസിനായി ഞങ്ങൾക്കു ചെയ്യാനാവുക എന്ന് സുപ്രീം കോടതി; ബാനുവിന് 50 ലക്ഷവും ജോലിയും വീടും നൽകാൻ കോടതി ഉത്തരവ്; ഗുജറാത്ത് കാലപാത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് നീതി നേടിയത് ലോകം കണ്ട വലിയ പോരാട്ടങ്ങൾക്കൊടുവിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; കുടുംബം നാമാവശേഷമാകുന്നതിനു സാക്ഷിയായ വ്യക്തിയെന്ന് ബിൽക്കീസ് ബാനുവിനെ വിശേഷിപ്പിച്ച സുപ്രീം കോടതി, ഗർഭിണിയായ ആ അമ്മ തന്റെ പിഞ്ചുമകളെ കലാപകാരികൾ ഭിത്തിയിലടിച്ചു കൊല്ലുന്നതു കണ്ടുനിൽക്കേണ്ടിവന്നതിനെക്കുറിച്ചും പറഞ്ഞു. നഷ്ടപരിഹാരം ലഭിച്ചതുകൊണ്ടു മാത്രം ബിൽക്കീസിനു മതിയായ നീതി ലഭിച്ചോയെന്ന സംശയവും കോടതി ഉന്നയിച്ചു.

ഗുജറാത്ത് കലാപകാലത്ത് കൂട്ടമാനഭംഗത്തിനിരയായ ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് ഉത്തരവു നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി.5 ലക്ഷം രൂപ നൽകാമെന്ന ഗുജറാത്ത് സർക്കാരിന്റെ വാഗ്ദാനം ബിൽക്കീസ് അംഗീകരിച്ചില്ല. കോടതിയാണ് 50 ലക്ഷമെന്നു തീരുമാനിച്ചത്. നഷ്ടപരിഹാരം 2 ആഴ്ചയ്ക്കകം നൽകണം. കേസിലുൾപ്പെട്ട 3 പൊലീസ് ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ പിൻവലിക്കണം.

കലാപകാരികളിൽ നിന്നു രക്ഷപ്പെടാൻ ബിൽക്കീസും കുടുംബവും അഹമ്മദാബാദിനടുത്ത് റന്ധിക്പുർ ഗ്രാമത്തിൽനിന്നു പലായനം ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്. ബിൽക്കീസ് 5 മാസം ഗർഭിണിയായിരുന്നു. ബിൽക്കീസിന്റെ മൂന്നര വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ഇതിൽ 7 സ്ത്രീകൾ കൂട്ടമാനഭംഗത്തിനിരയായാണു കൊല്ലപ്പെട്ടത്.കഴിഞ്ഞ കാര്യങ്ങളിലേക്ക് ഇനി നോക്കിയിട്ടു കാര്യമില്ലെന്നും ബിൽക്കീസിന്റെ പുനരധിവാസമാണ് ഇപ്പോൾ വേണ്ടതെന്നും കോടതി പറഞ്ഞു.

'ഇന്നത്തെ ലോകത്തിൽ മുറിവുണക്കാൻ പണത്തിനു വലിയ ശേഷിയുണ്ട്. എല്ലാ മുറിവുമുണക്കാൻ അതിനു സാധിക്കുമോയെന്നു ഞങ്ങൾക്കറിയില്ല, എന്നാൽ, അതല്ലാതെ എന്താണ് ബിൽക്കീസിനായി ഞങ്ങൾക്കു ചെയ്യാനാവുക. നഷ്ടപരിഹാരമായി എത്ര തുക വേണമെങ്കിലും പറയുക, ഞങ്ങൾ ഉത്തരവിടാം' ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. അപ്പോൾ, ഗുജറാത്ത് സർക്കാരിനായി ഹാജരായ ഹേമന്തിക വാഹി ഇടപെടാൻ ശ്രമിച്ചു. ഉടനെ കോടതി പറഞ്ഞു: 'നിങ്ങൾക്കു ഭാഗ്യമുണ്ട്, നിങ്ങളെക്കുറിച്ച് ഞങ്ങൾ ഇപ്പോൾ ഒന്നും പറയുന്നില്ല. എത്രകാലമായി ഈ കേസ് നീണ്ടുപോകുകയായിരുന്നു?'

വേട്ടയാടിയ ജീവിതം തിരിച്ചുപിടിച്ച ഉരുക്കുവനിത

കലാപകാരികൾ തച്ചുടച്ച ജീവിതത്തെ വീണ്ടും താറുമാറാക്കാൻ പൊലീസിലൂടെ സർക്കാരും ശ്രമിച്ചു. എന്നിട്ടും പിടിച്ചുനിന്ന്, സുപ്രീം കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും സന്നദ്ധ സംഘടനകളുടെയും കൈത്താങ്ങോടെയാണ് ബിൽക്കീസ് പോരാടിയത്. 20 പ്രതികളിൽ, വിചാരണക്കാലത്ത് മരണമടഞ്ഞ ഒരാളൊഴികെ 19 പേരാണു ശിക്ഷിക്കപ്പെട്ടത്. അതിൽ, പീഡനവും കൊലപാതകങ്ങളും നടത്തിയ 12 പേർക്കു പുറമെ, 5 പൊലീസുകാരും 2 ഡോക്ടർമാരുമുണ്ട്.

2002 മാർച്ച് 3നാണ് ബിൽക്കീസും കുടുംബവും ആക്രമിക്കപ്പെട്ടത്. അന്ധമായ ക്രൂരതയുടെ ആഴം ലോകത്തോടു പറയാനെന്നോണം ബിൽക്കീസ് മാത്രം രക്ഷപ്പെട്ടു. പിറ്റേന്നു തുടങ്ങിയതാണ് നീതിക്കായുള്ള പോരാട്ടം. ആരൊക്കെ ചേർന്നാണു പീഡനവും കൊലപാതകങ്ങളും നടത്തിയതെന്ന് ബിൽക്കീസ് പറഞ്ഞെങ്കിലും ആ പേരുകൾ എഫ്‌ഐആറിൽ ചേർക്കാൻ പോലും പൊലീസ് തയാറായില്ല. 2003 മാർച്ച് 25ന്, ബിൽക്കീസ് പറഞ്ഞ സംഭവത്തിൽ പൊരുത്തക്കേടുകളുണ്ടെന്നു വ്യക്തമാക്കി കേസ് അവസാനിപ്പിക്കുകയാണ് ലിംകേഡ മജിസ്‌ട്രേട്ട് കോടതി ചെയ്തത്.

ഉടനെ ബിൽക്കീസ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സഹായിക്കാമെന്നേറ്റ കമ്മിഷൻ, ഹരീഷ് സാൽവെയെ അഭിഭാഷകനായി നിയോഗിച്ചു. മജിസ്‌ട്രേട്ട് കോടതിയുടെ തീരുമാനം റദ്ദാക്കണമെന്നും സിബിഐ അന്വേഷണവും നഷ്ടപരിഹാരവും പൊലീസിനെതിരെ നടപടിയും വേണമെന്നും ബിൽക്കീസ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഗുജറാത്ത് സിഐഡി ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ പേരിൽ ബിൽക്കീസിനെ ശല്യപ്പെടുത്തുന്നതു തടഞ്ഞ കോടതി, 2003 ഡിസംബറിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐയാണ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തത്. പൊലീസും പരിശോധന നടത്തിയ ഡോക്ടർമാരും നടത്തിയ ഒത്തുകളിയും സിബിഐ പുറത്തുകൊണ്ടുവന്നു.

ബിൽക്കീസ് ആവശ്യപ്പെട്ട പ്രകാരം 2004 ഓഗസ്റ്റിലാണ് കേസ് മുംബൈയിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയത്. 2008 ജനുവരിയിൽ കോടതി 12 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മറ്റുള്ളവരെ വെറുതെവിട്ടു. സിബിഐ അപ്പീലിൽ ബോംബെ ഹൈക്കോടതി 2017 മേയിൽ 12 പേരുടെ ശിക്ഷ ശരിവച്ചു, 7 പേർക്കുകൂടി ശിക്ഷ വിധിച്ചു. 2017 ഒക്ടോബറിൽ സുപ്രീം കോടതിയാണ് നഷ്ടപരിഹാരത്തിനായി പ്രത്യേക ഹർജി നൽകാൻ ആവശ്യപ്പെട്ടത്. അതിലാണ് ഇന്നലെ തീരുമാനമുണ്ടായത്. കലാപകാരികളുടെ കൂട്ടുപ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് പെൻഷൻപോലും ലഭിക്കുന്നില്ലെന്നും കോടതി ഉറപ്പാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP