Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി മദ്യവിൽപ്പനയില്ലെന്ന് ശപഥം എടുത്ത് ചാനലിൽ തിളങ്ങിയ ബിജു രമേശ് ഇപ്പോൾ ഓടി നടന്ന് ലൈസൻസ് എടുക്കുന്നു; ഉമ്മൻ ചാണ്ടി സർക്കാരിനെ കുഴപ്പത്തിലാക്കിയ ബാർ കോഴയുടെ പ്രത്യുപകാരമായി റദ്ദാക്കിയ പല ലൈസൻസുകളും ബാർ മുതലാളിക്ക് തിരിച്ചു നൽകി; ഒടുവിൽ വിദേശ മദ്യ നിർമ്മാണശാലയ്ക്ക് അപേക്ഷ നൽകി പ്രതീക്ഷയോടെ കാത്തിരിക്കുന്നു; ചോളബാറിന് ഗണപതിയെ കാവൽ നിർത്തിയ ബിജു രമേശ് വീണ്ടും ഉഷാർ

ഇനി മദ്യവിൽപ്പനയില്ലെന്ന് ശപഥം എടുത്ത് ചാനലിൽ തിളങ്ങിയ ബിജു രമേശ് ഇപ്പോൾ ഓടി നടന്ന് ലൈസൻസ് എടുക്കുന്നു; ഉമ്മൻ ചാണ്ടി സർക്കാരിനെ കുഴപ്പത്തിലാക്കിയ ബാർ കോഴയുടെ പ്രത്യുപകാരമായി റദ്ദാക്കിയ പല ലൈസൻസുകളും ബാർ മുതലാളിക്ക് തിരിച്ചു നൽകി; ഒടുവിൽ വിദേശ മദ്യ നിർമ്മാണശാലയ്ക്ക് അപേക്ഷ നൽകി പ്രതീക്ഷയോടെ കാത്തിരിക്കുന്നു; ചോളബാറിന് ഗണപതിയെ കാവൽ നിർത്തിയ ബിജു രമേശ് വീണ്ടും ഉഷാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വ്യക്തിത്വമാണ് കെഎം മാണി. വളരും തോറും പിളരുമെന്ന സിദ്ധാന്തം ആവിഷ്‌കരിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ. രാഷ്ട്രീയത്തിൽ ഒപ്പം നിന്ന പലരും കൂടുമാറിയിട്ടും മാണിയെ ആർക്കും തൊടാനായില്ല. രാഷ്ട്രീയ എതിരാളികളെ കൊണ്ടു പോലും മാണി സാറെന്ന് വിളിപ്പിച്ച് പാലയിലെ മാണിക്യം ബജറ്റുകളിൽ റിക്കോർഡിട്ട ധനമന്ത്രിയായി. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനാണെന്ന് ചർച്ചകളിലൂടെ സ്ഥാപിച്ചെടുത്തു. ഇതിനിടെയിലാണ് ബാർ കോഴ ആരോപണം ഉയരുന്നത്. ബിജു രമേശ് എന്ന ബാർ മുതലാളിയുടെ വെളിപ്പെടുത്തലുകളിൽ ഉമ്മൻ ചാണ്ടി സർക്കാർ ആടിയുലഞ്ഞു. ഇടതു പക്ഷം അധികാരത്തിലെത്തി. ഇതോടെ ബിജു രമേശ് പറഞ്ഞത് പലതും വിഴുങ്ങി. ചിലത് മറുന്നു. മാണിയെ വെട്ടിലാക്കാൻ വീണ്ടും സജീവമാവുകയും ചെയ്തു. അങ്ങനെ ബാർ കോഴ മുതൽ കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേ കേന്ദ്രമാണ് ബിജു രമേശ്. ഈ വിവാദങ്ങൾക്കിടെ ഇനി ഞാനൊരിക്കലും ബാർ മുതലാളിയാകില്ലെന്നും ആളുകളെ വഴി തെറ്റിക്കുന്ന കച്ചവടത്തിന് ഇല്ലെന്നും ബിജു പറഞ്ഞിരുന്നു. ഏറെ കൈയടി കിട്ടിയ ശപഥം. എന്നാൽ ഈ ശപഥം ഇനിയും മുന്നോട്ട് കൊണ്ടു പോകാൻ ബിജു രമേശില്ല.

ബിജു രമേശും മദ്യത്തിന്റെ ബ്ലെൻഡിങ് ആൻഡ് ബോട്ടലിങ് പ്ലാന്റിന് അപേക്ഷ നൽകിയിരിക്കുകയാണ്. ബ്രൂവറി വിവാദത്തോടെയാണ് മദ്യനിർമ്മാണ ശാലകൾ ചർച്ചയായത്. ഇപ്പോൾ അനുവദിച്ചവയ്ക്ക് നിഷേധിച്ചെങ്കിലും ബ്രൂവറിയും ഡിസ്റ്റ്‌ലറിയും അനുവദിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതോടെയാണ് ബിജു രമേശ് മദ്യനിർമ്മാണ് ശാലയ്ക്ക് അപേക്ഷ നൽകിയത്. അടുത്തിടെ നക്ഷത്ര ഹോട്ടലിനു ബാർ ലൈസൻസ് സ്വന്തമാക്കിയതിനു പിന്നാലെയാണു മദ്യ നിർമ്മാണ ശാലയ്ക്കും അപേക്ഷ നൽകിയത്. ഇതോടെ മദ്യ കച്ചവടത്തിൽ ബിജു രമേശ് വീണ്ടും സജീവമായി. ബിജു രമേശ് ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായിരിക്കെയാണു കെ.എം.മാണിക്കെതിരെ ഒരു കോടി രൂപയുടെ കോഴ ആരോപണം ഉന്നയിച്ചതും വിജിലൻസ് അന്വേഷണത്തിൽ കലാശിച്ചതും. ഡിസ്റ്റിലറിക്കും ബ്രൂവറിക്കും അപേക്ഷ ക്ഷണിച്ചതു നേരത്തെ അറിഞ്ഞില്ലെന്നും ഇപ്പോൾ വിവാദമായപ്പോഴാണ് അറിഞ്ഞതെന്നും ബിജു പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഡിസ്റ്റ്‌ലറിക്കായും കരുനീക്കുന്നത്. ഇടതുപക്ഷത്തിനായി ബാർ കോഴയിൽ സമർത്ഥമായി നിറഞ്ഞ വ്യക്തിയാണ് ബിജു രമേശ്. ഇടതു നേതൃത്വവുമായി ബിജു ചർച്ച നടത്തിയെന്ന ആരോപണം കോൺഗ്രസും ഉയർത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇല്ലാക്കഥയിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ തകർത്ത ബിജുവിന് സിപിഎം നൽകുന്ന സ്‌നേഹോപഹാരമാണ് ഇതെല്ലാമെന്നാണ് വിലയിരുത്തൽ.

മദ്യകച്ചവടം ഉപേക്ഷിച്ചുവെന്നും തന്റെ അച്ഛനാണ് ഈ കച്ചവടം നടത്തിയതെന്നും പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ് ബിജു രമേശ്. ഈ ശപഥം മറക്കാനുണ്ടായ സാഹചര്യം ബിജു രമേശ് വിശദീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ബാർ കോഴയിലെ സിപിഎം ഗൂഢാലോചനയാണ് മറനീക്കി പുറത്തുവന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു. പുതിയ ഡിസ്റ്റ്‌ലറിക്കായി ബിജു രമേശ് വിശദ പ്ലാനും പദ്ധതി റിപ്പോർട്ടും സഹിതമാണ് എക്‌സൈസ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചത്. ഇതിനായി പള്ളിച്ചലിലെ മൂന്നര ഏക്കർ സ്ഥലത്തിന്റെ വിശദാംശവും കൈമാറി. മുൻപും അപേക്ഷിച്ചിരുന്നു. എന്നാൽ, 110 അപേക്ഷകൾ മുൻ നായനാർ സർക്കാർ തള്ളിയപ്പോൾ അതു കിട്ടിയില്ല. അന്നു സർക്കാർ നിയോഗിച്ച സമിതി തന്റേതടക്കം രണ്ട് അപേക്ഷകൾ മാത്രമാണു ലൈസൻസിനായി ശുപാർശ ചെയ്തത്. 2006ൽ വീണ്ടും അപേക്ഷിച്ചു. ലഭിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചു. ലൈസൻസ് നൽകാൻ ഉത്തരവുണ്ടായി. എന്നാൽ സർക്കാർ നയം മദ്യനിർമ്മാണ ശാലകൾ അനുവദിക്കേണ്ടതില്ലെന്നാണെന്നു കോടതിയെ അറിയിച്ചതോടെ അതും ലഭിച്ചില്ല. ഇത്തവണ മറ്റെല്ലാവർക്കും കൊടുക്കുമ്പോൾ തനിക്കും ലഭിക്കുമെന്നു ബിജു പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നതോടെയാണു പൂട്ടിയ ബാറുകളിൽ പലതും തുറന്നത്. എന്നാൽ ഇനി താൻ ബാർ നടത്തില്ലെന്നാണു ബിജു രമേശ് അന്നു പറഞ്ഞത്. നഗരത്തിലെ വിവിധ നക്ഷത്ര ഹോട്ടലുകളിലായി എട്ടു ബാറുകൾക്കു ബിജുവിനു നേരത്തെ ലൈസൻസ് ഉണ്ടായിരുന്നു. ഇപ്പോൾ അടുത്ത ബന്ധുക്കൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണു വീണ്ടും ലൈസൻസിന് അപേക്ഷിച്ചതെന്നും സ്റ്റാച്യുവിലെ ഹോട്ടലിൽ ബാർ പുനരാരംഭിച്ചെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. എല്ലാം നിയമപരമാണെന്നും ബിജു രമേശ് പറയുന്നു. അപ്പോഴും പഴയ ശപഥത്തെ കുറിച്ച് മൗനമാണ്. കെഎം മാണിക്കെതിരെ ഒരു കോടിയുടെ അഴിമതി ആരോപണം ഉയർത്തിയ ബിജു രമേശിന്റെ ജീവിത കഥയും ഒരു ഡിക്ടറ്റീവ് നോവൽ പോലെ ഉദ്വേഗഭരിതവും ജിജ്ഞാസ ജനിപ്പിക്കുന്നതുമാണ്. തലസ്ഥാനത്തെ ഒരു കാലത്ത് നിയന്ത്രിച്ച രമേശൻ കോൺട്രാക്ടറുടെ മൂന്ന് മക്കളിൽ ഒരാളാണ് ബിജു രമേശ്. ടി കെ ദിവാകരൻ എന്ന ആർഎസ്‌പി നേതാവിന്റെ തണലിൽ തലസ്ഥാനം പിടിച്ചെടുത്ത രമേശൻ കോൺട്രാക്ടറുടെ ആരെയും കൂസാത്ത സ്വഭാവം മകനും ലഭിച്ചിട്ടുണ്ട്. വിട്ടു വീഴ്ചയില്ലാത്ത നിലപാടുകൾ എടുക്കുന്നതിലും ബിജു പ്രസിദ്ധനാണ്. ശാശ്വതീകാനന്ദയുടെ മരണത്തിന് ശേഷം എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തെറ്റി. പല പ്രലോഭനങ്ങളുണ്ടായിട്ടും വഴങ്ങിയില്ല. ഇന്നും വെള്ളാപ്പള്ളിക്കെതിരെ ശക്തമായി തന്നെ പ്രതികരിക്കുന്നു.

വിവാദങ്ങളാണ് ആദ്യകാലത്ത് ബിജുവിനെ വാർത്തകളിൽ നിറച്ചിരുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള രമേശൻ കോൺട്രാക്ടറിന്റെ സൗഹൃദവും പ്രസിദ്ധമാണ്. ഇതു തന്നെയാണ് വിവാദ വിഷയങ്ങളിൽ നിന്ന് തലയൂരി രക്ഷപ്പെടാൻ ബിജുവിന് തുണയായതെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ ആരോപണങ്ങളെ എല്ലാം അതിജീവിച്ച് അച്ഛൻ കെട്ടിപ്പെടുത്തതിന് അപ്പുറം രാജധാനി ഗ്രൂപ്പിനെ ബിജു വളർത്തി. ബാർ മുതലയാളിയെന്ന രമേശൻ കോൺട്രാക്ടറിന്റെ പ്രതിച്ഛായയെ മറികടന്ന് ബിസിനസ് വിപുലപ്പെടുത്തി ബിജുരമേശ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ വൻകിട കുത്തകകളുടെ ഡീലർഷിപ്പ് വരെ ബിജുവിനുണ്ട്. ചാരായ നിരോധനത്തിന് ശേഷമാണ് ബിസിനസ്സിലെ വൈവിധ്യവൽക്കരണത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയത്. എല്ലാ രാഷ്ട്രീയ പാർട്ടകളിലേയും വലിയ നേതാക്കളുടെയും മന്ത്രിമാരുടെയും അടുപ്പക്കാരനായ ബിജു രമേശും റവന്യു മന്ത്രി അടൂർ പ്രകാശും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. ഇവരുടെ മക്കൾ വിവാഹിതരാവുകയും ചെയ്തു.

പല വിവാദങ്ങളിലും ബിജു ചെന്ന് വീണിട്ടുണ്ട്. തിരുവനന്തപുരം മേയറായിരുന്നപ്പോൾ സിപിഎം നേതാവായ ശിവൻകുട്ടി, ബിജു രമേശിനെതിരെ രംഗത്ത് എത്തി. കിഴക്കേക്കോട്ടയിലെ അനധികൃത നിർമ്മാണത്തിനെതിരെ നടപടിയെടുത്തു. കെട്ടിടം പൊളിച്ചുമാറ്റി. എന്നാൽ ഈ വിഷയത്തിൽ സിപിഎമ്മിനെ പോലും സമർത്ഥമായി ബിജു കളിപ്പിച്ചെന്നതാണ് ശരി. വാടക കെട്ടിടം ഒഴിയാൻ കൂട്ടാക്കാത്ത ഒരാളെ പുറത്താക്കാനുള്ള ബിജുവിന്റെ തന്ത്രത്തിൽ കോർപ്പറേഷൻ വീഴുകയായിരുന്നു. കെട്ടിടം പൊളിച്ചതോടെ വാടകക്കാരൻ വഴിയാധാരമായി. അതിന് ശേഷം അതേ സ്ഥലത്ത് പഴയതു പോലെ പുതിയ കെട്ടിടം പണിത് വീണ്ടും ബിജു വാടകയ്ക്ക് കൊടുത്തു. തലസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും പ്രാദേശിക നേതാക്കൾക്ക് ബിജുവുമായി അടുത്ത ബന്ധമുണ്ട്.

ആനയറയിലെ കുടുംബക്ഷേത്രം പുതുക്കി പണിത് ബിജു രമേശ് വലുതാക്കി. എന്നാൽ അതിലും ചില സംശയങ്ങളുണ്ട്. വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത സ്വർണ്ണ കട്ടികൾ ആരുടേതെന്നതാണ് സംശയം. ബിജു രമേശിന് നേരെ ആദായനികുതി വകുപ്പ് സംശയങ്ങൾ ഉന്നയിച്ചെങ്കിലും ഒന്നും നടന്നില്ല. ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് ക്ഷേത്ര സ്വത്തുക്കളിലേക്കുള്ള കടന്നുകയറ്റമായി അതിനെ ചിത്രീകരിച്ചു. സംഭവം വർഗ്ഗീയമായതോടെ ആദായനികുതി വകുപ്പും കണക്കിൽപ്പെടാത്ത സ്വർണ്ണത്തിലെ അന്വേഷണം ഉപേക്ഷിച്ചു. സംഘപരിവാർ സംഘടനകളാണ് അന്ന് ബിജുവിന് തുണയായത്. പിന്നീട് കോൺഗ്രസിനൊപ്പം യാത്ര ചെയ്തു. എഐഎഡിഎംകെയിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും കൈ നോക്കി. തമിഴ് നാട് മുഖ്യമന്ത്രി പളനിസ്വാമിയുടെ കേരളത്തിലെ വിശ്വസ്തനുമാണ്. അങ്ങനെ തന്ത്രങ്ങളിലൂടെ രാഷ്ട്രീയ ബന്ധവും കേരളത്തിലും തമിഴ്‌നാട്ടിലും ബിജു ഉറപ്പിച്ചിട്ടുണ്ട്.

തമ്പാനൂരിലെ പ്രധാന ജംഗ്ഷനാണ് അരിസ്റ്റോ. റോഡ് വികസനത്തിലൂടെ പലർക്കും സ്ഥലം നഷ്ടമായി. ബിജുവിനും പോയി കുറച്ച് സ്ഥലം. പക്ഷേ ഇനിയും സ്ഥലമെടുത്താൽ ചോള ബാറെന്നത് അപ്രത്യക്ഷമാകും. അതിനെ തടഞ്ഞേ പറ്റു. പത്തിരുപത് വർഷം കഴിഞ്ഞുണ്ടാകുന്ന ഭീഷണി മുന്നിൽ കണ്ട് ഇപ്പോഴെ കരുക്കൾ നീക്കി. ചോള ബാറിന് തൊട്ടടുത്ത ലോഡ്ജ് കോടികൾ നൽകി വിലയ്ക്കു വാങ്ങി. ചുറ്റും മറച്ച് ലോഡ്ജ് പൊളിച്ചു മാറ്റി. രാജധാനി ഗ്രൂപ്പിന്റെ ഏതോ ബിൽഡിങ് വരുന്നു എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ പണി തീർത്ത് ചുറ്റുമതിലിന് പകരമുയർത്തി കൂറ്റൻ മറ മാറ്റിയപ്പോൾ എല്ലാവരും ഞെട്ടി. കോടികൾ ചെലവിട്ട് മഹാഗണപതി ക്ഷേത്രമാണ് ബിജു രമേശ് പണിതത്. എല്ലാ ദിവസവും സൗജന്യ അന്നദാനം നൽകുന്ന ക്ഷേത്രം. ചോളാ ബാറിനടുത്ത സ്ഥലം ഏറ്റെടുക്കാൻ ഇനി ആരെങ്കിലും വന്നാൽ ക്ഷേത്ര വിശ്വാസികൾ തന്നെ തടയും. അതാണ് ബിജു രമേശെന്ന ബിസിനസ് രാജാവിന്റെ ബുദ്ധി. ഈ കുബുദ്ധിയാണ് ബാർ കോഴയ്ക്ക് പിന്നിലെന്നും കോൺഗ്രസ് ആരോപിക്കുന്നു. പറയുന്നത് മാറ്റി പറയുന്ന ബിസിനസ്സുകാരനാണെന്നാണ് ആരോപണം. അതുകൊണ്ടാണ് ഇനി മദ്യവിൽപ്പനയ്ക്കില്ലെന്ന് പറഞ്ഞ ബിജു രമേശ് ഇപ്പോൾ മലക്കം മറിഞ്ഞതെന്നും അവർ പറയുന്നു.

ഒട്ടേറെ വിവാദങ്ങളിലും ബിജു രമേശ് ഉൾപ്പെട്ടിട്ടുണ്ട്. എൺപതോളം പേരുടെ ജീവനെടുത്ത വൈപ്പിൻ മദ്യദുരന്തത്തിലെ പ്രധാന പ്രതിയായ ചന്ദ്രസേനന്റെ മകളെയാണ് ബിജു വിവാഹം കഴിച്ചിരിക്കുന്നത്. ചന്ദ്രശേഖരനെ ജയിലിൽ നിന്നിറങ്ങാതിരിക്കാൻ കരുക്കൾ നീക്കിയത് ബിജു രമേശ് ആണെന്ന ആരോപണം ബിജുവിന്റെ അളിയൻ കൂടിയായ റിട്ടേഡ് ഡിജിപി പ്രേംശങ്കർ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP