Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊടി സുനിക്കും കുഞ്ഞനന്തനും ഇഷ്ടം പോലെ പരോൾ നൽകുമ്പോൾ തനിക്ക് മാത്രം നൽകാത്തത് എന്തേ? ജില്ലാ പ്രൊബേഷണറി ഓഫീസർ അനുകൂല റിപ്പോർട്ട് നൽകിയിട്ടും അർഹതപ്പെട്ട പരോൾ നൽകിയില്ലെന്ന പരാതിയുമായി ബിജു രാധാകൃഷ്ണൻ; മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയോട് വിശദീകരണം തേടി

കൊടി സുനിക്കും കുഞ്ഞനന്തനും ഇഷ്ടം പോലെ പരോൾ നൽകുമ്പോൾ തനിക്ക് മാത്രം നൽകാത്തത് എന്തേ? ജില്ലാ പ്രൊബേഷണറി ഓഫീസർ അനുകൂല റിപ്പോർട്ട് നൽകിയിട്ടും അർഹതപ്പെട്ട പരോൾ നൽകിയില്ലെന്ന പരാതിയുമായി ബിജു രാധാകൃഷ്ണൻ; മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയോട് വിശദീകരണം തേടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ മുഖ്യപ്രതിയും കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വ്യക്തിയുമായി ബിജു രാധാകൃഷ്ണൻ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനിൽ. തനിക്ക് മാത്രം പരോൾ അനുവദിക്കുന്നില്ലെന്ന ആക്ഷേപം ഉന്നയിച്ചു കൊണ്ടാണ് ബിജു രാധാകൃഷ്ണൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. അഞ്ചു വർഷമായി ജയിലിൽ തുടരുന്ന തനിക്ക് പരോൾ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ബിജു രാധാകൃഷ്ണൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

ബിജുവിന്റെ പരാതി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ജയിൽ ഡി.ജി.പിയോട് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. ജീവപര്യന്തം തടവിനാണ് ബിജു രാധാകൃഷ്ണനെ ശിക്ഷിച്ചിട്ടുള്ളത്. ജീവ പര്യന്തം തടവനുഭവിക്കുന്ന ഒരാൾക്ക് രണ്ടു വർഷം പൂർത്തിയാകുമ്പോൾ പരോൾ അനുവദിക്കാം. ജില്ലാ പ്രൊബേഷണറി ഓഫീസറും പൊലീസും നൽകുന്ന അനുകൂല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരോൾ ലഭിക്കുക. പ്രൊബേഷണറി ഓഫീസർ അനുകൂല റിപ്പോർട്ട് നൽകിയെങ്കിലും പൊലീസ് റിപ്പോർട്ട് എതിരാണ്.

ഇത് ചൂണ്ടിക്കാട്ടിയാണ് ബിജു രാധാകൃഷ്ണന്റെ അഭിഭാഷക നിഷ കെ പീറ്റർ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലേയും ഹിമാലയ ചിട്ടി ഫണ്ട് കേസിലേയും ഭാസ്‌ക്കരൻ കാരണവർ കേസിലേയും പ്രതികൾക്ക് പരോൾ അനുവദിക്കുമ്പോൾ ബിജു രാധാകൃഷ്ണന് പരോൾ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് നിഷ കെ പീറ്റർ പരാതിയിൽ ഉന്നയിച്ചു. വൃദ്ധയായ അമ്മയെ കാണാനും ചികിത്സ തുടരാനും പരോൾ അനുവദിക്കണമെന്നാണ് ആവശ്യം.

കേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നായ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തനു പിണറായി സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി പരോൾ അനുവദിച്ചത് 193 ദിവസമാണെന്ന കാര്യം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ജയിൽ നിയമങ്ങളും ചട്ടങ്ങളുമെല്ലാം സിപിഎമ്മിന്റെ രാഷ്ട്രീയ സ്വാധീനത്തിന് മുന്നിൽ മുട്ടുമടക്കുകയും ചെയ്തു.

സർക്കാർ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും പരോൾ ലഭിച്ചിട്ടുണ്ടെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി വ്യക്തമാക്കുന്നു. കണ്ണൂരിലെ പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയിൽവാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയിൽ നിലനിർത്തി. ഇത്തവണ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തിൽ പങ്കെടുത്തു. പലപ്പോഴും കുഞ്ഞനന്തൻ ജയിലിന് വെളിയിലായിരുന്നു.

2016 മേയിൽ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ഇടതു സർക്കാർ ജൂണിലും ഓഗസ്റ്റിലും മൂന്നു തവണയായി കുഞ്ഞനന്തനു 38 ദിവസമാണു പരോൾ നൽകിയത്. 2016ൽ മാത്രം പരോൾ ലഭിച്ചത് 79 ദിവസം. 2017ൽ ഇതു 98 ദിവസമായി. ഏഴുതവണ സാധാരണ അവധിയും എട്ടുതവണ അടിയന്തര അവധിയുമാണ് അനുവദിച്ചത്. ഭാര്യയുടെ ചികിൽസ, കുടുംബത്തോടൊപ്പം കഴിയാൻ എന്നീ രണ്ടു കാരണങ്ങൾ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോൾ നൽകിയത്. ഇടതുസർക്കാർ അധികാരത്തിൽവന്നതിനുശേഷം പരോളിൽ പാർട്ടിവേദികളിൽ സജീവമാണ് കുഞ്ഞനന്തൻ. കുഞ്ഞനന്തനെ കൂടാതെ കൊടി സുനി അടക്കമുള്ളവർക്ക് പരോൾ ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP