Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

രാജമാണിക്യവും ഹേമചന്ദ്രനും തച്ചങ്കരിയും എംപി ദിനേശും തോറ്റുതുന്നം പാടിയ കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിയത് ശുഭപ്രതീക്ഷയോടെ; കോർപറേഷനെ അടിമുടി അഴിച്ചുപണിയാൻ നൂതനാശയങ്ങൾ കൊണ്ടുവന്നിട്ടും ശമ്പള പ്രശ്‌നം കീറാമുട്ടിയായി; സിഎംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജുപ്രഭാകർ

രാജമാണിക്യവും ഹേമചന്ദ്രനും തച്ചങ്കരിയും എംപി ദിനേശും തോറ്റുതുന്നം പാടിയ കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിയത് ശുഭപ്രതീക്ഷയോടെ; കോർപറേഷനെ അടിമുടി അഴിച്ചുപണിയാൻ നൂതനാശയങ്ങൾ കൊണ്ടുവന്നിട്ടും ശമ്പള പ്രശ്‌നം കീറാമുട്ടിയായി; സിഎംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജുപ്രഭാകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ നിലയില്ലാ കയത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്ന കെഎസ്ആർടിസിയെ പ്രൊഫഷണലാക്കാൻ കച്ച കെട്ടിയിറങ്ങിയവർക്ക് ഒക്കെ കൈപൊള്ളിയിട്ടുണ്ട്. രാജമാണിക്യവും ഹേമചന്ദ്രനും തച്ചങ്കരിയും എംപി ദിനേശും ഒക്കെ പരിശ്രമിച്ച് പിന്മാറിയ റോളിൽ ബിജു പ്രഭാകർ 2020ൽ എത്തുമ്പോൾ, തന്റെ മാനേജ്മന്റ് രംഗത്തെ മികവ് തുണയാകുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാൽ, ഏറെ വിയർപ്പൊഴുക്കിയിട്ടും, ശമ്പള വിതരണം അടക്കമുള്ള കാര്യങ്ങൾ സുഗമമായിട്ടില്ല.

ജൂണിലെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. വെള്ളിയാഴ്ച രാത്രി ജീവനക്കാരുടെ അക്കൗണ്ടുകളിൽ ആദ്യ ഗഡു തുകയെത്തി. ആദ്യ ഗഡുവായി വിതരണം ചെയ്തത് 39.5 കോടി രൂപയാണ്. ഈ മാസം 20ന് മുമ്പ് ജീവനക്കാരുടെ ശമ്പളം പൂർണമായും വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നല്കിയിരുന്നു. അല്ലാത്തപക്ഷം സിഎംഡി കോടതിയിൽ ഹാജരായി വിശദീകരണം നല്കണമെന്നുമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സിഎംഡിയുടെ വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തിയതിന് പിന്നാലെ തന്നെ എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ സർക്കാരിന് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. 20 ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും.

എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടു. കെഎസ്ആർടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ പറഞ്ഞു ഇതിന് പിന്നാലെ കെഎസ്ആർടിസി നേരിടുന്ന പ്രശ്‌നങ്ങൾ സോഷ്യൽ മീഡിയയിലൂടെ വിശദീകരിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.

കെ എസ് ആർ ടി സിയെ സംബന്ധിച്ച എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടെന്ന് ബിജു പ്രഭാകർ പറഞ്ഞു. നിലവിൽ എന്താണ് കെ എസ് ആർ ടി സിയെന്നും എങ്ങനെയാകണമെന്നും ഫേസ്‌ബുക്കിലൂടെയും യൂട്യൂബിലൂടെയും വെളിപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. കെ എസ് ആർ ടി സിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കെ എസ് ആർ ടി സിയെ സംബന്ധിച്ച വാർത്തകളും വസ്തുതകളും, ചെലവ് കണക്കുകൾ, ശമ്പളം വൈകുന്നതിന്റെ നിജസ്ഥിതി, എന്തിനാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ്?, എന്താണ് ഫീഡർ സർവീസ്? ഇവയെ സംബന്ധിച്ച് കേട്ടറിഞ്ഞതും, പഠിച്ചതും, തിരിച്ചറിഞ്ഞതുമായ കാര്യങ്ങൾ വിശദമായി പറയേണ്ടതുണ്ടെന്നും ചെയർമാൻ പറഞ്ഞു. അഞ്ചുദിവസങ്ങളിലായി വൈകിട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വെളിപ്പെടുത്തൽ നടത്തുക

ബിജു പ്രഭാകറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് :

കെഎസ്ആർടിസി'വാർത്തകളും വസ്തുതകളും

'എങ്ങനെയായിരുന്നു കെഎസ്ആർടിസി ?നിലവിൽ എന്താണ് കെഎസ്ആർടിസി ?എങ്ങനെയാകണംകെഎസ്ആർടിസി ?എന്നിവയെ സംബന്ധിച്ച് കേട്ടറിഞ്ഞതും, പഠിച്ചതും, തിരിച്ചറിഞ്ഞതുമായ കാര്യങ്ങൾ വിശദമായി പറയേണ്ടതുണ്ട്.ആയത് 5 എപ്പിസോഡുകളായി കെഎസ്ആർടിസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ വഴി 15.07.2023 ശനിയാഴ്ച മുതൽ തുടർച്ചയായി അഞ്ചുദിവസങ്ങളിലായി വൈകിട്ട് 6 മണിക്ക് നിങ്ങളിലേക്ക് എത്തുകയാണ്..

2023 ഏപ്രിൽ മാസം വരെയുള്ള കെഎസ്ആർടിസിയുടെ സാമ്പത്തികസ്ഥിതിയുംവരവും, ചെലവും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായി വിവരങ്ങൾ അവതരിപ്പിക്കുകയാണ്.സ്‌നേഹാദരങ്ങളോടെശ്രീ ബിജുപ്രഭാകർ IASചെയർമാൻ & മാനേജിങ് ഡയറക്ടർ , കെഎസ്ആർടിസി

Episode -1കെ എസ് ആർ ടി സിയുടെ നിലവിലെ (ഏപ്രിൽ മാസം വരെയുള്ള) വരവ്, ചെലവ് കണക്കുകൾ ശമ്പളം വൈകുന്നതിന്റെ നിജസ്ഥിതി.

Episode - 2എന്താണ് കെ എസ് ആർ ടി സി സ്വിഫ്റ്റ്?എന്തിനാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ?സ്വിഫ്റ്റ് കെ എസ് ആർ ടി സി യുടെ അന്തകനാണൊ?

Episode -3ഡി സി പി എന്തിന്?എന്താണ് ഡി സി പി യുടെ പ്രധാന്യം ?

Episode -4റീസ്ട്രക്ച്ചർ 2.0 എന്താണ്? എന്തായിരുന്നു കെഎസ്ആർടിസി? സുശീൽ ഖന്നാ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ?

Episode - 5എന്താണ് ഫീഡർ സർവീസ് ?

മന്ത്രിമാരുടെ പ്രതികരണം

സിഎംഡിയുടെ രാജിസന്നദ്ധത അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.അങ്ങനെയൊരു കാര്യം സി എം ഡി സംസാരിച്ചിട്ടില്ലസർക്കാർ പ്രഖ്യാപിച്ച പണം കൃത്യമായി നൽകിയാൽ തന്നെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയിലെ പ്രതിസന്ധി സമ്മതിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി.ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കടന്ന് പോവുന്നത്.സിഎംഡിയുടെ പ്രതികരണം ശ്രദ്ധയിൽ പെട്ടിട്ടില്ല.സിഎംഡിയുടെ അവധി ആവശ്യം ഔദ്യോഗികമായ വിഷയമാണ്.ഇത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടില്ല.ശമ്പളം നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണ്.ആദ്യ ഘട്ടം കൊടുത്തു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ 'ഓപ്പറേഷൻ അനന്ത' അടക്കമുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കി ജനപ്രീതി നേടിയ വ്യക്തിയാണ് ബിജു പ്രഭാകർ. മെക്കാനിക്കൽ എഞ്ചിനിയറിങ്, എം.ബി.എ, എൽ.എൽ.ബി ബിരുദധാരിയാണ്. വിവിധ വകുപ്പുകളിൽ ബിജു പ്രഭാകർ പ്രകടിപ്പിച്ച മികവ് തന്നെയാണ് നഷ്ടത്തിലുള്ള കെഎസ്ആർടിസിയെ കരകയറ്റുന്നതിനും അദ്ദേഹത്തിനെ തന്നെ സംസ്ഥാന സർക്കാർ നിയോഗിച്ചതിന് പിന്നിൽ.

2010ൽ ലോട്ടറി പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയ സമയത്ത് ഇതിന് പുതുജീവൻ നൽകുന്നതായിരുന്നു കാരുണ്യ പദ്ധതി. ലോട്ടറി വകുപ്പിന്റെ തലപ്പത്തിരിക്കെ 557 കോടി രൂപയുടെ ലാഭത്തിൽ നിന്ന് മൂന്ന് വർഷത്തിനുള്ളിൽ തന്നെ 2800 കോടിയിലേക്ക് എത്തിച്ചതും ബിജു പ്രഭാകറിന്റെ കാലത്തായിരുന്നു. അദ്ദേഹം ഫുഡ് സേഫ്റ്റി കമ്മീഷണറായി പ്രവർത്തിക്കുന്ന സമയത്താണ് രാജ്യത്ത് ആദ്യമായി ഫുഡ് സേഫ്റ്റി ആക്റ്റ് നടപ്പിലാക്കിയത്. പാൻ മസാല നിരോധനം ഉൾപ്പടെ നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്. നാഷണൽ ഹൈവേ, വിഴിഞ്ഞം പോർട്ട് തുടങ്ങിയ തലസ്ഥാനത്തെ വൻകിട പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടത്തിയതും അദ്ദേഹം തിരുവനന്തപുരം കളക്ടറായിരിക്കുന്ന കാലത്ത് തന്നെയാണ്. ഐടി@സ്‌കൂൾ തലപ്പത്ത് അദ്ദേഹം ഉണ്ടായിരുന്ന കാലത്താണ് രാജ്യത്ത് ആദ്യമായി വിദ്യാഭ്യാസത്തിനായി ചാനൽ പ്രവർത്തനം ആരംഭിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP