Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റെയിൽപാതയോ ട്രാഫിക് ലൈറ്റുകളോ നാവിക വ്യോമസേനകളോ ഇല്ല; പ്ലാസ്റ്റിക്കിനും പുകവലിക്കും സമ്പൂർണ നിരോധനം; 60ശതമാനം വനമായിരിക്കണമെന്ന് ഭരണഘടനയിൽ; ഓഫീസുകളിലും സ്‌കൂളുകളിലും പരമ്പരാഗത വസ്ത്രം മാത്രം; ജിഡിപിക്ക് പകരം ജിഎൻഎച്ച്; സർവ്വരെയും സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും കുറ്റകൃത്യങ്ങളിൽ കുറവ്; ഭൂട്ടാൻ എന്ന അയൽരാജ്യത്ത് ഒരിക്കൽ എങ്കിലും സഞ്ചരിക്കേണ്ടത് എന്തുകൊണ്ട് ?

റെയിൽപാതയോ ട്രാഫിക് ലൈറ്റുകളോ നാവിക വ്യോമസേനകളോ ഇല്ല; പ്ലാസ്റ്റിക്കിനും പുകവലിക്കും സമ്പൂർണ നിരോധനം; 60ശതമാനം വനമായിരിക്കണമെന്ന് ഭരണഘടനയിൽ; ഓഫീസുകളിലും സ്‌കൂളുകളിലും പരമ്പരാഗത വസ്ത്രം മാത്രം; ജിഡിപിക്ക് പകരം ജിഎൻഎച്ച്; സർവ്വരെയും സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും കുറ്റകൃത്യങ്ങളിൽ കുറവ്; ഭൂട്ടാൻ എന്ന അയൽരാജ്യത്ത് ഒരിക്കൽ എങ്കിലും സഞ്ചരിക്കേണ്ടത് എന്തുകൊണ്ട് ?

മറുനാടൻ ഡെസ്‌ക്‌

സമുദ്ര നിരപ്പിൽ നിന്നും 7218 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാലയൻ രാജ്യം. ബുദ്ധമത വിശ്വാസികളും, മൊണാസ്ട്രികളും, രാജഭരണവും ഒക്കെയാണ് ഈ മലയോര രാജ്യത്തിന്റെ പ്രത്യേകത. ഭൂട്ടാൻ എന്നാൽ 'land of thunder dragons'- ഗർജ്ജിക്കുന്ന വ്യാളിയുടെ നാട്.ഭൂട്ടാന്റെ ഔദ്യോഗിക പതാകയിൽ കാണപ്പെടുന്ന ആഭരണങ്ങളുമായി നില്ക്കുന്ന വ്യാളി സമ്പത് സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഏഷ്യയിലെ സന്തുഷ്ട രാജ്യം എന്ന പട്ടം ഭൂട്ടാന്റെ സ്വന്തമാണ് ഏറെ കാലമായി.രാജഭരണം നിലവിലിരിക്കുന്ന അപൂർവം രാജ്യങ്ങളിൽ ഒന്നായ ഭൂട്ടാനെ ഏറ്റവും വലിയ സന്തോഷനാട് എന്നുതന്നെ വിളിക്കാം.

നീലാകാശത്തെ ചുംബിച്ച് നിൽക്കുന്ന മലനിരകളും താഴ്‌വാരങ്ങളും നിറഞ്ഞ ഭൂട്ടാൻ പ്രകൃതിരമണീയതയാൽ സമ്പന്നമാണ്. ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ അധിവസിക്കുന്ന ഇടമാണ് ഭൂട്ടാൻ. പ്രത്യേകതകൾ ഒരുപാടാണ് ഈ സ്വപ്ന നഗരത്തിന്. സന്തോഷത്തിന്റെ നഗരം എന്ന പെരുമയ്ക്ക് പിന്നിൽ ഇവിടുത്ത ജനങ്ങളുടെ സന്തോഷകരമായ ജീവിതവും സുന്ദരകാഴ്ചകളുമൊക്കെയാണ്. ഇന്ത്യക്കാരും നേപ്പാളികളും അധിവസിക്കുന്ന സ്ഥലമാണ് ഭൂട്ടാൻ. രാജാവു പറയുന്നത് തന്നെയാണ് ജനങ്ങൾക്കു വേദവാക്യം. പ്രജകളുടെ സന്തോഷത്തിനപ്പുറമൊന്നും അദ്ദേഹത്തിനുമില്ല. എല്ലാം കൊണ്ടും സംതൃപ്തിയിൽ ജീവിക്കുന്ന മനുഷ്യർ. ലോകരാജ്യങ്ങൾക്കിടയിൽ ഭൂട്ടാൻ അങ്ങനെ വേറിട്ടു നിൽക്കുന്നു.

ലോകം ദുഃഖമാണെന്ന് പറഞ്ഞ ബുദ്ധന്റെ നാട്ടുകാർ സന്തോഷത്തിന് പ്രാധാന്യം നൽകിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.ജനങ്ങൾക്ക് അധികാരം ഇവിടുത്തെ രാജാക്കന്മാർ പലതവണ വിട്ടു നൽകിയിട്ടുണ്ട്. രാജാവിലുള്ള വിശ്വാസവും സ്‌നേഹവും കൊണ്ട് ജനങ്ങൾ തങ്ങൾക്ക് ലഭിച്ച അവകാശം രാജാവിന് തന്നെ തിരികെ നൽകി. അതും പലവട്ടം. അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ രാജാവ് ഈ രാജ്യക്കാരുടെ കണ്ണിൽ ആരാണെന്ന്. 'ഡ്രൂക്പ' എന്ന പേരിലാണ് ഇവിടുത്തെ മനുഷ്യർ അറിയപ്പെടുന്നത്. കൃഷി തന്നെയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം.

ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാൻ അത്യാധികം നിഗൂഢതകൾ പേറുന്ന രാജ്യം കൂടിയാണ്. പർവ്വതത്തിന്റെ താഴ്‌വാരമായതിനാൽ മലകളും മരങ്ങളും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് ഭൂട്ടാൻ അലങ്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഇവിടെയെത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ട്രെക്കിങ്ങാണ്. 1729 ലെ ഭൂട്ടാൻ ലീഗൽ കോഡ് പ്രകാരം സർക്കാരിന്റെ ഏറ്റവും പ്രധാനലക്ഷ്യം ജനങ്ങളിൽ സന്തോഷം ഉറപ്പുവരുത്തുകയാണ്. ഇത് സാധ്യമാകുന്നില്ലെങ്കിൽ സർക്കാർ വീഴാൻ പോലും കാരണമാകും. വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാരിന്റെ പ്രധാന നയങ്ങളെല്ലാം ജനങ്ങളുടെ സന്തോഷത്തെ ആശ്രയിച്ചുള്ളതാണ്.

തീരുമാനങ്ങളും നിലപാടുകളും രാജ്യത്തെ വേറിട്ടു നിർത്തുന്നു

1.ജിഡിപിയില്ല, ജിഎൻഎച്ച് അഥവാ ഗ്രോസ് നാഷനൽ ഹാപ്പിനസ്

ലോകത്തിൽ ചിലപ്പോൾ ഭൂട്ടാനിൽ മാത്രമാകും സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനത്തിലല്ലാതെ മൊത്തം ദേശീയ സന്തോഷത്തിലൂടെ രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും കണക്കാക്കുന്നത്. 1971 ൽ തന്നെ ഭൂട്ടാൻ ജിഡിപിയെ രാജ്യത്തിനു പുറത്താക്കി നാടുമുഴുവൻ സന്തോഷം നിറയ്ക്കാൻ ആരംഭിച്ചു. ജനങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനും ഐക്യത്തിനും വേണ്ട പുതിയ ക്ഷേമപരിപാടികൾക്കു തുടക്കം കുറിച്ചു. പ്രകൃതിസംരക്ഷണത്തിനൊപ്പം ജനനന്മയും ഭൂട്ടാൻ വളർത്തിയെടുത്തു.

2.അതെ കാർബൺ നെഗറ്റീവ് രാജ്യം

കാർബൺ ഉന്മൂലനത്തിനായി ലോകം മുഴുവൻ പാടുപെടുന്ന ഈ കാലത്ത്, ഭൂട്ടാൻ യഥാർഥത്തിൽ കാർബണിനെ ആഗിരണം ചെയ്യുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഭൂട്ടാൻ പ്രതിവർഷം 15 ദശലക്ഷം ടൺ കാർബൺ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും 6 ദശലക്ഷം ടണ്ണിലധികം ആഗിരണം ചെയ്യുന്നു. അതെങ്ങനെയെന്നല്ലേ. ഭരണഘടന അനുശാസിക്കുന്നത് രാജ്യത്തിന്റെ വിസ്തൃതിയുടെ 60% വനമായിരിക്കണമെന്നാണ്. ലോകത്തിലെ ഏറ്റവും പച്ചപ്പുള്ള രാജ്യങ്ങളിലൊന്നായ ഭൂട്ടാന്റെ 71% നിലവിൽ വനമാണ്. ഈ വൃക്ഷസമ്പത്താണ് കാർബൺ ആഗിരണം ചെയ്യുന്നതും രാജ്യത്തെ കാർബൺ നെഗറ്റീവ് ആയി നിലനിർത്തുന്നതും.

3. പാരമ്പര്യം പേറുന്ന ഭൂട്ടാൻ

ഭൂട്ടാനിലെ എല്ലാ ഓഫീസുകളിലും പുരുഷന്മാർ 'ഖോ'യും സ്ത്രീകൾ 'കിറ' എന്നും പേരുള്ള പരമ്പരാഗത വേഷം ധരിച്ചിരിക്കണമെന്ന് നിർബന്ധമാണ്. ചിലർ ആ വേഷത്തിനൊപ്പം കൂടുതൽ രാജസ്‌നേഹം പ്രകടിപ്പിക്കാൻ രാജാവിന്റെ ഫോട്ടോയുള്ള ബാഡ്ജുകൂടി ധരിച്ചിരിക്കുന്നതു കാണാം. 'ഖോ' വേഷത്തിനകത്ത് മൊബൈൽ, പഴ്‌സ് തുടങ്ങിയ സാധനങ്ങൾ സൂക്ഷിക്കാൻ പറ്റിയ സഞ്ചി പോലുള്ള ഒരു ഭാഗം കൂടിയുണ്ട്.

5. റെയിൽപാളങ്ങളില്ല, ട്രാഫിക് ലൈറ്റുകളും

ഭൂട്ടാനിൽ ട്രാഫിക് ലൈറ്റുകൾ ഇല്ല. തിംഫുവിൽ ഒരു ട്രാഫിക് സിഗ്നൽ മാത്രമേ ഉള്ളൂ, അതും ട്രാഫിക് പൊലീസിനാൽ നിയന്ത്രിക്കപ്പെടുന്നു. മറ്റൊരു പ്രത്യേകതയാണ് ഇവിടെ റെയിൽ ഗതാഗതം ഇല്ലെന്നത്. ഭൂട്ടാനിൽ റെയിൽ ഗതാഗതത്തിനുള്ള സാധ്യതകൾ അന്വേഷിക്കുന്നതിനായി ഇന്ത്യ ഒരു പദ്ധതിയിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അതു പ്രാവർത്തികമായിട്ടില്ല. ഇന്ത്യയിൽ നിന്നു റോഡ് മാർഗം ഭൂട്ടാനിലേക്കു പ്രവേശിക്കാം. അതായത്, എറണാകുളത്തുനിന്നു കോട്ടയത്തേക്ക് എന്നപോലെ ഈസിയായി.

6. ഇല്ല വ്യോമ, നാവിക സേനകളും പ്ലാസ്റ്റിക്കും

അതെന്താ അങ്ങനെയെന്നാണോ, കടലില്ലാത്ത രാജ്യത്തിന് എന്തിനാണു നാവികസേന. ജലഅതിർത്തി ഇല്ലാത്ത രാജ്യമായതിനാൽ ഭൂട്ടാന് നാവികസേനയുടെ ആവശ്യമില്ല. മാത്രമല്ല ഭൂട്ടാനു വ്യോമസേനയും ഇല്ല. വ്യോമ സഹായം വേണ്ടിവന്നാൽ ഇന്ത്യൻ വ്യോമസേനയുടെ ഈസ്റ്റേൺ കമാൻഡിനെയാണ് അവർ ആശ്രയിക്കുന്നതും.രണ്ടു പതിറ്റാണ്ട് മുമ്പു തന്നെ പ്ലാസ്റ്റിക് ബാഗുകളെ ഗെറ്റ്ഔട്ട് അടിച്ച രാജ്യമാണ് ഭൂട്ടാൻ.1999 ൽ പ്ലാസ്റ്റിക്ക് നിരോധിച്ചു. ഈ വർഷം നിരോധനം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.

7 പുകവലി നിരോധനം

ഭൂട്ടാനിലെത്തി പുകവലിക്കാം എന്നുകരുതിയാൽ തടി ശരിക്കും കേടാകും. കാരണം പുകയില നിയന്ത്രണ നിയമം ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നുകൂടിയാണ് ഭൂട്ടാൻ. പൊതുവിടങ്ങളിൽ പുകയില വിൽക്കുന്നവരും ഉപയോഗിക്കുന്നവരും കർശന ശിക്ഷാനടപടികൾക്ക് വിധേയരാകും എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇത്തരം കിടുക്കൻ പരിഷ്‌കാരങ്ങൾക്ക് ഇടയിൽ ചില കോമഡിയും ഈ രാജ്യത്തുണ്ട്.

8. അവധിയെന്ന് പറഞ്ഞാൽ അവധി

കാരണം ഭൂട്ടാനിൽ ഞായറാഴ്ച പൂർണമായും അവധിയാണ്. പ്രസുകൾ പ്രവർത്തിക്കാത്തതിനാൽ പത്രം അച്ചടിക്കില്ലല്ലോ. രണ്ടു ദിവസത്തെ മുഴുവൻ വാർത്തയും തിങ്കളാഴ്ച ഒരുമിച്ചു വായിക്കാം. പുരോഗമനപരമായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഭരണസംവിധാനമാണ് ഭൂട്ടാനിലേത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സ്വവർഗരതിക്ക് അനുകൂലമായ ഉത്തരവിറക്കിയത്. സ്വവർഗരതി കുറ്റകൃത്യമാക്കുന്ന ശിക്ഷാ നിയമത്തിൽ മാറ്റം വരുത്തുകയും സ്വവർഗരതിയെ പ്രകൃതിവിരുദ്ധ ലൈംഗികതയായി കണക്കാക്കുന്ന നിയമത്തിലെ ചില ഭാഗങ്ങൾ നിരോധിക്കുകയും ചെയ്തു. പല രാജ്യങ്ങളും ഇന്നും സ്വവർഗാനുരാഗികൾക്ക് എതിരെ നിൽക്കുമ്പോൾ ഭൂട്ടാൻ ശക്തമായ നിലപാടുകളിലൂടെ വ്യത്യസ്തമാവുകയാണ്. സ്വവർഗരതി നിയമപരമാക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടക്കുന്നത്.

ഏതു പാതിരാത്രിയിലും ഒരു പേടിയും കൂടാതെ ഭൂട്ടാന്റെ തെരുവുകളിൽ നടക്കാം. നടുറോഡിൽ പോലും വിലപ്പെട്ട വസ്തുക്കൾ മറന്നുപോയാൽ പേടിക്കേണ്ട, അന്യന്റെ ഒന്നും ഭൂട്ടാൻകാർ ആഗ്രഹിക്കുന്നില്ല. അത്ര സുരക്ഷിതത്വമാണ് ഭൂട്ടാൻ നൽകുന്നത്.പുനകാ ഡിസോങ് വളരെ മനോഹരമായ ശിൽപചാരുതയാൽ അലങ്കരിക്കപ്പെട്ട ഇടമാണ്. മരങ്ങളാൽ ചുറ്റപ്പെട്ട ഇവിടം ഭൂട്ടാനിലെ പ്രധാന ആകർഷണ കേന്ദ്രമാണ്.

ബുമ്ദ്ര മൊണാസ്ട്രി വരെയുള്ള മൂന്നു ദിവസത്തെ ട്രെക്കിങ്ങാണ് ഭൂട്ടാനിലെ അതിശയിപ്പിക്കുന്ന മറ്റൊരു ആകർഷണം. നേരത്തെ ബുക്ക് ചെയ്യുന്നവർക്കൊപ്പം ഒരു ഗൈഡും പാചകക്കാരനും ഉണ്ടാകും. കൂടാതെ ലഗേജുകൾ കൊണ്ടു പോകാൻ ഒരു കുതിരയും. ഭൂട്ടാനിലെ താഴ്‌വരകളും മലകളുമൊക്കെ കടന്നുള്ള ആ യാത്ര മറക്കാനാകാത്ത അനുഭവം തന്നെയാണ്. യാത്രയിൽ ഇടയ്ക്കുള്ള താമസം ഗുഹകളിലും മറ്റുമാണ്. പ്രാർത്ഥനാനിരതമായ അനുഭവമാണ് ഈ യാത്രയിലും സഞ്ചാരികളെ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP