Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്‌കൃതത്തിൽ ശാസ്ത്രിയും ശിക്ഷാ ശാസ്ത്രിയും ആചാര്യയും വിജയിച്ചത് പ്രഥമ ശ്രേണിയിൽ; പിഎച്ച്ഡി ബിരുദം നേടിയത് വിഖ്യാതമായ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാനിൽ നിന്ന്; ഡോക്ടറേറ്റിന് പുറമേ നെറ്റും ജെആർഎഫും കരസ്ഥമാക്കിയ പ്രതിഭക്ക് പഠിപ്പിക്കാനായി ക്ലാസ് മുറിയിൽ കയറാൻ പറ്റാത്തത് ജന്മം കൊണ്ടത് ഒരു മുസ്ലിം സ്ത്രീയുടെ ഉദരത്തിലായതിനാൽ; ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃത അദ്ധ്യാപകനായെത്തിയ ഫിറോസ് ഖാൻ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന്

സംസ്‌കൃതത്തിൽ ശാസ്ത്രിയും ശിക്ഷാ ശാസ്ത്രിയും ആചാര്യയും വിജയിച്ചത് പ്രഥമ ശ്രേണിയിൽ; പിഎച്ച്ഡി ബിരുദം നേടിയത് വിഖ്യാതമായ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാനിൽ നിന്ന്; ഡോക്ടറേറ്റിന് പുറമേ നെറ്റും ജെആർഎഫും കരസ്ഥമാക്കിയ പ്രതിഭക്ക് പഠിപ്പിക്കാനായി ക്ലാസ് മുറിയിൽ കയറാൻ പറ്റാത്തത് ജന്മം കൊണ്ടത് ഒരു മുസ്ലിം സ്ത്രീയുടെ ഉദരത്തിലായതിനാൽ; ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃത അദ്ധ്യാപകനായെത്തിയ ഫിറോസ് ഖാൻ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

വാരണാസി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃത വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായ ഫിറോസ് ഖാൻ വാരണാസി വിട്ടു. സംസ്‌കൃത വിഭാഗത്തിൽ മുസ്ലീമിനെ അദ്ധ്യാപകനായി നിയമിച്ചതിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയതോടെയാണ് ഫിറോസ് ഖാൻ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം സ്വന്തം നാടായ ജയ്പൂരിലേക്ക് യാത്ര തിരിച്ചത്.

അതേസമയം, അദ്ധ്യാപകൻ ഉടൻ തിരിച്ചെത്തുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾ സമരം നിർത്തി, സ്ഥിതി ഗതികൾ സാധാരണ മട്ടിലാകുമ്പോൾ അദ്ധ്യാപകൻ തിരിച്ചെത്തുമെന്ന് അധികൃതർ അറിയിച്ചു.സംസ്‌കൃത ഡിപ്പാർട്ട്‌മെന്റിൽ സംസ്‌കൃത് വിദ്യാ ധർമ വിഗ്യാനിൽ സാഹിത്യ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെ നവംബർ ഏഴിനാണ് സമരം തുടങ്ങിയത്.

നിയമനത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ വിസിക്ക് കത്തെഴുതിയിരുന്നു. സർവകലാശാലയുടെ ഹൃദയമാണ് സംസ്‌കൃത അദ്ധ്യാപകരെന്ന് യൂണിവേഴ്‌സിറ്റി സ്ഥാപകൻ മദൻ മോഹൻ മാളവ്യ പറഞ്ഞിരുന്നതായി വിദ്യാർത്ഥികൾ കത്തിൽ സൂചിപ്പിച്ചു. സംസ്‌കൃത വിഭാഗത്തിൽ മുസ്ലിം വിഭാഗത്തിൽനിന്നുള്ള ആളെ അദ്ധ്യാപകനായി നിയമിച്ചതിൽ ഗൂഢാലോചനയുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

സംസ്‌കൃതത്തിൽ ശാസ്ത്രി( ബിരുദം), ശിക്ഷാ ശാസ്ത്രി ( ബി എഡ്), ആചാര്യ (ബിരുദാനന്തര ബിരുദം) എന്നിവ പ്രഥമശ്രേണിയിൽ വിജയിച്ചിട്ടുള്ള ഫിറോസ് ഖാൻ, രാജസ്ഥാനിലെ ജയ്‌പ്പൂരിൽ സ്ഥിതിചെയ്യുന്ന രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ എന്ന വിഖ്യാതമായ ഡീംഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2018-ലാണ് പിഎച്ച്ഡി ബിരുദം നേടുന്നത്. ഡോക്ടറേറ്റിന് പുറമേ സംസ്‌കൃതത്തിൽ നെറ്റും ജെആർഎഫും ഫിറോസ് ഖാൻ നേടിയിട്ടുണ്ട്.

രണ്ടാം ക്ലാസ് തൊട്ട് സംസ്‌കൃതം അഭ്യസിച്ചുവന്നയാളാണ് ഫിറോസ്. അതേപ്പറ്റി അന്നുതൊട്ടിന്നുവരെ, മുപ്പതുശതമാനത്തിലധികം പേരും മുസ്ലീങ്ങളുള്ള സ്വന്തം മൊഹല്ലയിൽ നിന്ന് പോലും ഒരെതിർപ്പും ഫിറോസിന് നേരിടേണ്ടി വന്നിട്ടില്ല. സംസ്‌കൃതസാഹിത്യം ഹൃദിസ്ഥമാക്കിയിട്ടുള്ളത്ര ഖുർആൻ പോലും താൻ പഠിച്ചുകാണില്ല എന്നും ഫിറോസ് പറയുന്നുണ്ട്. മുസ്ലീമായിരുന്നിട്ടും സംസ്‌കൃതസാഹിത്യത്തിൽ വെച്ചുപുലർത്തിയിരുന്ന ജ്ഞാനത്തിന്റെ പേരിൽ തന്നെ പല ഹിന്ദുപണ്ഡിതരും അഭിനന്ദിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർത്തെടുത്തു. ഫിറോസിന്റെ അച്ഛൻ റംസാൻ ഖാനും സംസ്‌കൃത ബിരുദധാരിയാണ്.

എന്നാൽ സമരത്തിലുള്ള വിദ്യാർത്ഥികൾ അദ്ധ്യാപകനെ മാറ്റണം എന്ന തങ്ങളുടെ ആവശ്യത്തിൽ ഉറച്ചു നില്കുന്നു. ആർഷഭാരത സംസ്‌കാരവുമായി വൈകാരികബന്ധമില്ലാത്ത ഒരാൾക്ക് അതെങ്ങനെ മനസ്സിലാക്കാനും, അഭ്യസിപ്പിക്കാനുമാകും എന്നാണ് അവരുടെ ചോദ്യം. കൃഷ്ണകുമാർ, ശശികാന്ത് മിശ്ര, ശുഭം തിവാരി, ചക്രപാണി ഓജ എന്നിവരാണ് സമരത്തിനിറങ്ങിയത്.

യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. രാകേഷ് ഭട്‌നഗറിന്റെ കാറിന് നേരെ വിദ്യാർത്ഥികൾ കല്ലെറിയാൻ ശ്രമിച്ചതിനെ തുടർന്നാണ് അദ്ധ്യാപകൻ സർവകലാശാല വിട്ടത്. അതേസമയം, അദ്ധ്യാപകനെ മാറ്റുന്നത് വരെ സമരം തുടരുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥികൾ പറഞ്ഞു. പൊളിറ്റിക്കൽ സയൻസ് വകുപ്പിൽ സ്ഥാപിച്ച സവർക്കറിന്റെ ചിത്രത്തിൽ കറുപ്പടിച്ചെന്നാരോപിച്ച് എബിവിപി വിദ്യാർത്ഥികളും രംഗത്തുവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP